നന്നായിട്ടൊന്നു പേടിക്കണമെങ്കിൽ ഏതെങ്കിലും കരിസ്മാറ്റിക് ധ്യാന പ്രഭാഷണം കേട്ടാൽ മതി. രണ്ട് ദിവസം മുമ്പ് ആരോ പങ്കുവെച്ച ഒരു പ്രഭാഷണം കേൾക്കാനിടയായി. ആ പ്രസംഗത്തിൽ പറയുന്നത് യേശുക്രിസ്തു ലോകരക്ഷകനാണന്ന് ഏറ്റു പറയാത്ത പുരോഹിതന്റെ ജീവിതം വെയ്സ്റ്റ് ആണെന്നാണ്. ഞാനതിൽ പെടുമോ എന്നതായി എന്റെ പേടി. രക്ഷ എന്താണെന്ന് എനിക്ക് കുറച്ചറിയാം. യേശു രക്ഷകനാണെന്നത് എന്റെ വിശ്വാസമാണ്. പക്ഷെ, യേശു ലോക രക്ഷകനാണെന്ന് പറയാൻ എനിക്കൊരു കുഴപ്പമുണ്ട്. അത് പറയാനായി ലോകം എന്താണെന്ന് ഞാൻ അറിഞ്ഞിരിക്കണം. പക്ഷെ, ലോകം എന്താണെന്ന് എനിക്കറിയത്തില്ല.മാർക്കൂസ് ഗബ്രിയേൽ എന്നൊരു ചെറുപക്കാരനായ ജർമ്മൻ ചിന്തകന്റെ “Why the World doesn’t Exist,” എന്നൊരു പുസ്തകം എനിക്ക് ലോകത്തെക്കുറിച്ചുള്ള പല ധാരണകളും തകിടം മറിച്ചു.

മാർക്കൂസിന്റ വാദം നമ്മുക്കാർക്കും ലോകത്തെക്കുറിച്ച് യാതൊരു അറിവുമില്ല എന്നതാണ്. നമ്മുക്കുള്ളത് ലോകത്തുള്ള sense of field മാത്രമാണ് അറിയാവുന്നത്. ലോകത്തിലാണ് എല്ലാം നിലനിൽക്കുന്നത് എന്നത് സത്യമാണ് പക്ഷെ ലോകം ലോകത്തിലില്ല എന്നൊരു പ്രശ്നത്തെ നമ്മൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഭൂമിയെ മൊത്തത്തിൽ നോക്കിക്കാണാൻ നമ്മുക്ക് ഒരു മേഘല പോലുമില്ല. ബഹിരാകാശത്ത് നിന്നു നോക്കിയാൽ പോലും നമ്മൾ കാണുന്നത് ഭൂമിയുടെ ഒരു ഭാഗം മാത്രമാണ്. അപ്പോൾ ലോകം എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് ഒരു ടോട്ടാലിറ്റിയാണങ്കിൽ ആ ലോകം നിലനിൽക്കുന്നില്ല എന്നാണ് മാർക്കൂസിന്റെ ന്യൂ റിയലിസം വാദിക്കുന്നത്. സർവ്വം എന്നത് എനിക്ക് ചിന്തിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്ന കാര്യമല്ല.


എന്നാലും ലോകം എന്താണെന്ന് മനസ്സിലാക്കാൻ നമ്മുക്ക് ശ്രമിക്കാം. വിറ്റ്ഗൻസ്റ്റൈൻക്കുറിച്ച് പറയുന്ന രണ്ടു കാര്യങ്ങൾ പ്രശസ്തമാണ്. I. The world is everything that’s the case. II. The world is the totality of facts and not of things. രണ്ടാമതു പറയുന്ന കാര്യം വളരെ പ്രസക്തമാണ്: ലോകം എന്നു വച്ചാൽ വസ്തുക്കളുടെ ആകെത്തുകയല്ല, പ്രത്യുത കാര്യങ്ങളുടെ ആകെത്തുകയാണ്. കാര്യങ്ങൾ എന്നു പറയുമ്പോൾ എല്ലാം അതിൽപ്പെടും, ഭൂമിയിലെ വസ്തുക്കളെക്കുറിച്ചുള്ള കാര്യങ്ങൾ, നമ്മുടെ ചിന്തകൾ, സ്വപ്നങ്ങൾ, കണക്കുകൂട്ടലുകൾ, കഥകൾ, ചിത്രങ്ങൾ, ഏഷണികൾ അങ്ങനെ എല്ലാം. ഈ അർത്ഥത്തിൽ ഭൂമി പ്രപഞ്ചത്തേക്കാൾ വലുതാണ്. ഒരു ശാസ്ത്ര സത്യവുമായി ബന്ധെടുത്തിയാൽ ഇക്കാര്യം മനസ്സിലാക്കാം. പ്രപഞ്ചത്ത് ഏകദേശം 200 ബില്യൺ ഗാലക്സികൾ ഉണ്ടെന്നാണ് പറയുന്നത് എന്നാൽ മനുഷ്യശരീരത്തിലുള്ള കോശങ്ങളുടെ എണ്ണം 1 ട്രില്യൺ ആണ്. എന്നു വച്ചാൽ 800 ബില്യൺ അധികം. അതുകൊണ്ട്, “The world is everything that’s the case.”


ഒരു വസ്തു ഒരു കാര്യം ആകുന്നത് ഒരു ഫീൽഡ് ഓഫ് സെൻസിൽ വരുമ്പോഴാണ്. ഭൂമിയിലെ എല്ലാ വസ്തുക്കും ഏതെങ്കിലും ഫീൽഡ് ഓഫ് സെൻസിൽ പെടുന്നുണ്ട്. മാർക്കൂസ് പറയുന്നു. “Not even nothingness can remain without there being the fact nothing exists.” ദൈവം പോലും ഒരു കാര്യമാണ്, ദൈവം അവൻ, അവൾ, അത് ആണെന്ന കാര്യം. മാർക്കുസിന്റെ ന്യൂ റിയലിസം അസ്തിത്വത്തെ നിർവചനം ചെയ്യുന്നത് അറിവ് തലത്തിൽ എന്തെങ്കിലും ദൃശ്യമാകുന്ന സാഹചര്യത്തെയാണ്. Existence = appearing in the field of sense. Speculative realism പറയും നമ്മുടെ അറിവിൽ പെടാത്തവയും ഉണ്ട് എന്നാൽ അതിനെ നമ്മുക്ക് ഊഹിക്കാനേ സാധിക്കുകയുള്ളു. 


ഒരു റഷ്യൻ നോവലിസ്റ്റിന്റെ കഥാപാത്രത്തിന്റെ പേര് പീറ്റർ എംപ്റ്റിനസ് എന്നാണ്. അവനൊരു കണ്ടുപിടിത്തം നടത്തുന്നു: “മോസ്ക്കോ റഷ്യയിലാണുള്ളത്, റഷ്യ രണ്ടു ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഭൂഖണ്ഡങ്ങൾ ഭൂമിയിലാണ്. ഭൂമി ആകാശ ഗംഗാ എന്നു വിളിക്കുന്ന ക്ഷീരപഥത്തിലാണ്. ക്ഷീരപഥം പ്രപഞ്ചത്തിലാണ്. പക്ഷെ, പ്രപഞ്ചം എന്തിലാണുള്ളത് ? പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് ശൂന്യതയിലാണ്.” നമ്മൾ ടോട്ടാലിറ്റി എന്നു വിളിക്കുന്നേ മേഘലകളുടെ മേഖല സ്ഥിതി ചെയ്യുന്നത് ശുന്യതയിലാണ്. ടോട്ടാലിറ്റി തന്നെ ശൂന്യതയാണ്. എന്താണോ ഫീൽഡ് ഓഫ് സെൻസിൽ പെടാതെ നിൽക്കുന്നത് അത് ശൂന്യതയാണെന്ന് മാർക്കൂസ് വാദിക്കുന്നു.


ക്രിസ്തു ലോക രക്ഷകനാണെന്ന് പറയുമ്പോൾ ഈ ലോകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ടൊട്ടാലിറ്റിയാണെങ്കിൽ അതെന്റെ ഫീൽഡ് ഓഫ് സെൻസല്ല. ഇപ്പോഴും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദി വർഗ്ഗക്കാരുണ്ട്. ദൈവം എന്നൊരു ആശയം അവർക്കുണ്ടോ എന്നു പോലും എനിക്കറിയത്തില്ല. പിന്നെ, ക്രിസ്തു ലോക രക്ഷകനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ ഞാൻ ലോകം എന്നു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് എന്റെ വിശ്വാസങ്ങൾ ഉൾക്കൊള്ളുന്നവരുടെ ഒരു ഫീൽഡ് ഓഫ് സെൻസ് മാത്രമാണ്. അങ്ങനെയെങ്കിൽ എന്റെ ലോകം മാത്രമല്ല ഉള്ളത് അനേകം ലോകങ്ങളുണ്ട്. റോമാക്കാർ ലോകം കീഴടക്കിയെന്നാണ് പറയുന്നത്. പക്ഷെ അവർ കീഴടക്കിയത് അവർക്കറിയാവുന്ന രാജ്യങ്ങളെ മാത്രമാണ്. ഇതിനെ അവർ ലോകം എന്നു വിശേഷിപ്പിച്ചു എന്നു മാത്രം. അവർക്ക് അറിയാത്ത ഒത്തിരി രാജ്യങ്ങളുണ്ടായിരിന്നു. ഇതുപോലെയാണ് പല കാര്യങ്ങളും.


അപ്പോൾ എന്താണ് ക്രിസതു മതത്തിന്റെ പ്രസക്തിയും ലക്ഷ്യവും ?ഫ്രെഡറിക് ഷ്ലയെർമാക്കർ പ്രധാനപ്പെട്ട ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞനാണ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രപഞ്ചം അനന്തമാണ്. പ്രപഞ്ചത്തോടുള്ള നമ്മുടെ ദിശാബോധവും അനന്തമാണ്. ഈ അനന്തതക്ക് ഒരൊറ്റ അവബോധമോ വിവരണമോ അല്ല ഉള്ളത്. നിർദിഷ്ട വിശ്വാസ സംവിധാനങ്ങൾ ആയതിനാൽ ഒരൊറ്റ യഥാർത്ഥ മതവമില്ല. പകരം, അനവധി ശരിയായ മതങ്ങളാണുള്ളത്. നമ്മുക്കുള്ള അനന്തയുടെ കാഴ്ചപ്പാടുകൾ പല കാര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഫ്രെഡറിക് ഷ്ലയെർമാക്കർ മതത്തിന്റ വിഷയത്തെ അവതരിപ്പിക്കുന്നു: “the universe and the relationship of humanity to it.” ഈ അർത്ഥത്തിൽ ദൈവത്തിൽ വിശ്വാസിക്കാത്ത മതത്തിനും പ്രസക്തിയുണ്ട്, ഉദാഹരണത്തിന് ബുദ്ധമതം. ഷ്ലയെർമാക്കർ ഇതിനെ സാധൂകരിച്ചു കൊണ്ട് പറയുന്നു, “God is not everything in religion, and the universe is more.” മതത്തിൽ ദൈവം ഉള്ളതിനേക്കാൾ പ്രപഞ്ചം ഉണ്ടെന്നാണ് ഇതിന്റെ സാരം. നമ്മുടെയിടയിൽ മതങ്ങൾ ദൈവത്തെ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഇതൊരു ഭീകരമായ അവസ്ഥയാണ്. ഈ മതങ്ങൾ വിശ്വാസികെളെ ഭീകരന്മാരാക്കി കൊണ്ടിരിക്കുന്നു. ശരിയായ മതത്തിൽ ദൈവത്തെ കൂടുതൽ പ്രപഞ്ചമാണുള്ളത്. ഏക ദൈവത്തിൽ വിശ്വസിക്കുന്ന മതങ്ങളായ യഹൂദ, ക്രൈസ്തവ, ഇസ്ളാം മതങ്ങൾക്കുളള അതേ സാധ്യതകൾ ബുദ്ധമതത്തിനും ഹിന്ദു മതത്തിനുമുണ്ട്. 

ഷ്ലയെർമാക്കർ അങ്ങനെ മതത്തിന് അപാരമായ തുറവി കൊടുക്കാൻ ശ്രമിക്കുന്നു. “Infinite in all respects, infinity of matter and of form, of being, of vision, and of knowledge about it.” ഇങ്ങനെയുള്ള മതത്തിന്റെ പ്രധാന സ്വഭാവം സഹാനുഭൂതിയായിരിക്കും. പലരും അവരുടെ മതത്തെ ശരിയാക്കുന്നത് മറ്റു മതങ്ങളെ തെറ്റാക്കിക്കൊണ്ടാണ്. ഇതൊരു അപകടം പിടിച്ച ശരിയാക്കലാണ്.


ഇതിൽ നിന്നും വ്യത്യസ്തമാണ് ശാസ്ത്രത്തിന്റെ അന്വേഷണം. ശാസ്ത്രം വിശ്വസിക്കാത്തതിൽ മതം വിശ്വസിക്കുന്നു. മതം വിശ്വസിക്കാത്തതിൽ ശാസ്ത്രവും വിശ്വസിക്കുന്നു. ഈ വ്യത്യാസത്തെ അദ്ദേഹം ഇങ്ങനെ അവതരിക്കുന്നു, ” naturalism is the intuition of the universe in its elementary multiplicities, without the idea of personal consciousness and will of individual elements.” 


മാർക്കുസ് ഈ വെളിച്ചത്തിൽ പറയുന്നു, ദൈവം എന്നത് നമ്മുടെ സങ്കൽപ്പങ്ങൾക്കും അതീതമായ ഒരു അപാരതയാണ്. അഗാധമായ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഈ അഗാധതതക്ക് ഒരേയൊരു കാഴ്ചപ്പാടോ മതമോ ഇല്ല. അപ്പോൾ മാർക്കൂസിനെ സംബന്ധിച്ച്, religion arises out of the need to return to ourselves from a greater distance.” അകലെ നിന്നും ഒരാൾ തന്നിലേക്ക് സഞ്ചരിക്കാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് മതം. ഈ മാർഗ്ഗം നമ്മൾ സ്ഥീകരിക്കുന്നത് നമ്മളെതന്നെ നഷ്ടപ്പെട്ടു പോകാതിരിക്കാനാണ്.


എങ്ങനെയാണ് പ്രധാനമായും നമ്മുക്ക് നമ്മളെ നഷ്ടമാകുന്നത്? The Sickness Unto Death എന്ന പുസ്തകത്തിൽ കീർക്കേഗാർഡ് മൂന്ന് തരത്തിൽ ആത്മാവിന്റെ രോഗത്തെ നിർണ്ണയിക്കുന്നു. ഇതിന് പൊതുവായിട്ട് അദ്ദേഹം കൊടുക്കുന്ന പേര് നിരാശ എന്നാണ്. ആത്മാവ് എന്നതുകൊണ്ട് കീർക്കേഗാർഡ് ഉദ്ദേശിക്കുന്നത്, ഒരാൾ അയാളെത്തന്നെ മറ്റൊരു വ്യക്തിയായി കണ്ട് അയാളോട് ബന്ധപ്പെടുന്ന അവസ്ഥയെയാണ്, “spirit relates itself to itself.”  നമ്മൾ നമ്മുക്ക് തന്നെ അപരിചിതരായിരിക്കെ നമ്മൾ നമ്മളോടു തന്നെ ബന്ധം സ്ഥാപിക്കേണ്ടത് ആവശ്യമായി വരുന്നു. നമ്മൾ നമ്മളെത്തന്നെ അവഗണിച്ച് ജീവിക്കുമ്പോൾ ആത്മാവ് നിരാശ എന്ന രോഗത്താൽ ആതുരമാകുന്നു. ഇവിടെയാണ് കീർക്കേഗാർഡ് ദൈവത്തിന്റ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്നത്. കീർക്കേഗാർഡ് ഇങ്ങനെയൊരു വിശദീകരണമാണ് ദൈവത്തിന് നൽകുന്നത്. “God as the fact that everything is possible.” 


എന്നുവച്ചാൽ, എപ്പോഴാണോ നമ്മൾ നമ്മളിൽ നിന്നും ദൂരേയ്ക്ക് പോയിട്ട് തിരിച്ചു വരാൻ ശ്രമിക്കുന്നത്, എപ്പോഴാണോ നമ്മളോടും മറ്റുള്ളവരോടും വ്യത്യസ്തമായ സമീപനം സാധ്യമാണെന്ന് തിരിച്ചറിയുന്നത് അപ്പോൾ നമ്മൾ ദൈവത്തെ കണ്ടുമുട്ടുന്നു. നമ്മുടെ കാൽക്കൽ നിന്നും മണ്ണു ചോർന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ദൈവത്തെ കണ്ടുമുട്ടുക പഴയ വിശ്വാസത്തിലും ആചാരങ്ങളിലും കടിച്ചു തൂങ്ങി കിടക്കുമ്പോഴല്ല. പുതിയതായ രീതിയിൽ മനുഷ്യനെയും പ്രപഞ്ചത്തെയും വിശ്വാസങ്ങളെയും പരിചയപ്പെടാൻ ശ്രമിക്കുമ്പോഴാണ്. കാരണം, “God is the fact that everything is possible.”


പാപം എന്നു വച്ചാൽ ഈ പിടിച്ചു തൂങ്ങി കിടപ്പലാണ്. തന്നിൽ നിന്നും ദൂരേയ്ക്ക് പോയിട്ട് തിരിച്ചു വന്ന് ആത്മാവിനെ പരിപോഷിപ്പിക്കുന്നതിനു പകരം, ഒരാൾ തന്നിലേക്ക് ചുരുങ്ങി ആത്മാവിനെ നശിപ്പിക്കുന്നതിനെയാണ് കീർക്കേഗാർഡ് പാപം എന്നു വിളിക്കുന്നത്. മനുഷ്യൻ അവന്റെ സ്വത്വം അന്വേഷിച്ചു കൊണ്ടുള്ള യാത്രയിലാണ് തന്നെ തന്നെ കണ്ടെത്തുന്നത് എന്ന് ഹൈഡഗറും തിരിച്ചറിയുന്നുണ്ട്. ഇവിടെ മതം നമ്മുക്ക് നൽകുന്ന നമ്മുടെ അതിർത്തിയെക്കുറിച്ചുള്ള തിരിച്ചറിവാണ്. നമ്മുടെ ജീവിതത്തിന് അർത്ഥം നൽകാൻ കെൽപുള്ള ഒരു ഉപരി വസ്തു എന്ന നിലയിൽ ദൈവം ഇല്ലെന്നുള്ളത് നല്ല മതത്തിെന്റെ അനുമാനമാണ്.

ദൈവത്തെക്കാളുപരി ക്രിസ്തു നമ്മുക്ക് പരിചയെടുത്തി തന്നത് ഈ പ്രപഞ്ചത്തെയാണ്. ഒരു യാത്രയിലേക്കാണ് അവനും വിളിക്കുന്നത്, പലരുടെയും യാത്ര പലവഴികളിലൂടെയാണ്. ഓരോരുത്തരും വഹിക്കുന്ന അനന്തതയെ സാധ്യമാക്കുന്നവനാണ് ദൈവം എന്നവനും പഠിപ്പിക്കുന്നു. ഇവിടെ കഥകൾ കാര്യങ്ങളാണ്. ഇവിടെ സ്നേഹം വിശ്വാസത്തെ പുതിയതാക്കുന്നു.

Leave a comment