പന്ത്രണ്ടാമത്തെ ഒട്ടകം

ബെൽജിയം തത്വചിന്തകരായ ഇസബെല്ലെ സ്റ്റെൻജറും വിൻജിയാന സെസ്പററ്റും ചേർന്നെഴുതിയ “The Women Who Make Fuss” എന്ന പുസ്തകത്തിൽ നിന്നും കിട്ടിയ ഒരു കഥയാണിത്: മരുഭൂമിയിൽ കൂടാരമടിച്ച് ജീവിക്കുന്ന ഒരു അറബി മരണമടയുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ പതിനൊന്ന് ഒട്ടകങ്ങളെ മൂന്നു മക്കൾക്കായി എഴുതി വച്ചു. ഇതനുസരിച്ച് മൂത്ത മകനു പകുതി കിട്ടണം, രണ്ടാമത്തവന് കാൽ ഭാഗം കിട്ടണം, മൂന്നാമത്തവന് ആറിലൊന്ന് കിട്ടണം. പിതാവിന്റെ മരണശേഷം മക്കൾ ഒട്ടകങ്ങളെ വീതിക്കാൻ ശ്രമിച്ചപ്പോൾ ആകെ പ്രശ്നമായി. പിതാവ് ആഗ്രഹിച്ചതു പോലെ നടക്കണമെങ്കിൽ അവർ ഒരു ഒട്ടകത്തെ കൊന്നു വീതിക്കേണ്ടി വരും. അവരുടെയിടയിൽ ഒരു വഴക്ക് ഉണ്ടാകുമെന്നായി. അവസാനം സമാധാനത്തിന് ഒരു അവസരം കൊടുക്കാനായി ആ നാട്ടിലെ ജ്ഞാനിയായ ഒരു വൃദ്ധനെക്കണ്ട് അവർ പ്രശ്നം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു. “എന്റെ മുമ്പിൽ നിങ്ങളെ സഹായിക്കാൻ ഒരു വഴിയേയുള്ളു, മെലിഞ്ഞതും പ്രായമേറിയതുമായ ഒരു ഒട്ടകം എനിക്കുണ്ട് അതു ഞാൻ നിങ്ങൾക്കു നൽകാം.” ഈ പന്ത്രണ്ടാമത്തെ ഒട്ടകത്തെക്കൊണ്ടു വന്ന് അവർ വീതിച്ചപ്പോൾ അവരുടെ പിതാവിന്റെ ആഗ്രഹം നിറവേറി, ഒന്നാമത്തവന് ആറ് ഒട്ടകത്തെ ലദിച്ചു, രണ്ടാമത്തവന് മൂന്നെണ്ണത്തെ ലഭിച്ചു. അവസാനത്തവന് രണ്ടും ലഭിച്ചു. അവരെ സഹായിച്ച ജ്ഞാനിയായ മനുഷ്യന്റ ഒട്ടകം ബാക്കിയായി, അവർ പോയി ഒട്ടകത്തെ തിരിച്ചു കൊടുത്ത് വലിയൊരു വിഷമസന്ധി നിന്നും രക്ഷപ്പെടുത്തിയതിനു നന്ദി പറഞ്ഞു.
ഇസബെല്ല ഈ കഥ ഉപയോഗിച്ച് പറയുന്നത് സ്ത്രീകൾ ഇന്ന് എന്തെങ്കിലും നേടിയെടുത്തിട്ടുങ്കിൽ അതവർ പന്ത്രണ്ടാമത്തെ ഒരു ഒട്ടകത്തെ കണ്ടെത്തിയതുകൊണ്ടാണ്, അല്ലാതെ ഒരു ഒട്ടകത്തെ കീറി മുറിച്ചതുകൊണ്ടല്ല എന്നാണ്. പന്ത്രണ്ടാമത്തെ ഒരു ഒട്ടകത്തെ അന്വേഷിക്കാത്തതാണ് നമ്മുടെ പ്രശ്നമെങ്കിലോ? സമാധാനത്തിന് ഒരു അവസരം കൊടുത്തുകൊണ്ട് എന്തുകൊണ്ടാണ് നമ്മുക്ക് ഒരു ജ്ഞാനിയെ അന്യേഷിച്ച് പോകാൻ സാധിക്കാത്തത്?
ജിജോ കുര്യനാണ് ഈ ലക്കത്തെ ജീവധാര എഡിറ്റ് ചെയ്യുന്നത്. ചിന്താപരവും സൃഷ്ടിപരവുമായ സാധ്യതകൾ ആരാഞ്ഞുകൊണ്ട് “വിമതതയുടെ സൃഷ്ടി” എന്ന ആശയത്തെ ആസ്പദമാക്കിയുള്ള ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നോട് ആവശ്യപ്പെട്ടത് പാഷണ്ഡതകളെക്കുറിച്ച് എഴുതാനാണ്. ഹെറ്റിക് എന്നൊരു അലങ്കാരം പലരും പലപ്പോഴായി ചാർത്തി തന്നതുകൊണ്ടും മനുഷ്യന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ചിന്തിക്കുക എന്നാണെന്നു വിശ്വസിക്കുന്നതുകൊണ്ടും എന്നാൽ ചിന്ത എന്നത് ഹെററ്റിക് ആണെന്നു മനസ്സിലാക്കുന്നതുകൊണ്ടും ഈ വിഷയത്തെക്കുറിച്ചെഴുതാൻ എനിക്ക് പ്രയാസമില്ലായിരിന്നു.
ചിന്തിക്കുന്നവന് പാർട്ടി മെമ്പറാകാൻ സാധിക്കത്തില്ല എന്നൊരു പറച്ചിലുണ്ട്. കുറച്ച് കഴിയുമ്പോൾ അവൻ പാർട്ടിക്കുമെതിരെ കലഹമുയർത്തും. സഭയിൽ നിലനിൽക്കുന്ന പല തിന്മകൾക്കുമെതിരെ ഞാൻ കലഹിച്ചിട്ടുണ്ട്. പക്ഷെ ആ കലഹത്തിൽ ഒരിക്കലും വെറുപ്പില്ലായിരിന്നു. സഭയെ സ്നേഹമില്ലാതെ കലഹിക്കുന്ന ദിവസം ഞാൻ സഭയുടെ ഭാഗമായിരിക്കുകയില്ല. സഭാ കേന്ദ്രീകൃതമായി ജീവിച്ചിരിന്ന ഒരു കുടുംബത്തിൽ നിന്നും പതിനഞ്ചാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയിൽ ചേർന്ന ഒരു ആളാണ് ഞാൻ. ഇന്ന് ഞാൻ എന്തൊക്കെ ആയിരിക്കുന്നുവോ അതെല്ലാം എനിക്ക് കപ്പൂച്ചിൻ സഭ തന്നതാണ്. സഭ ഒരിക്കലും ശുദ്ധവായു ഇല്ലാത്ത അടച്ചിട്ട അടിമക്കച്ചവട വ്യാപാര കേന്ദ്രമല്ല. സഭക്കെതിരെ ചിന്തിക്കാൻ പോലും എന്നെ പഠിപ്പിച്ചത് സഭ തന്നെയാണ്. വായിക്കാനും ചിന്തിക്കാനുമുള്ള പ്രോത്സാഹനം എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിന്നു. ബോബി അച്ചൻ തുറന്നിട്ട വിശാല ആകാശം സ്വന്തമാക്കാനുള്ള അഭിവാഞ്ജജ ഉണ്ടായിരിന്നു. കുപ്പിക്കുള്ളിൽ അടച്ചിട്ട ഭൂതത്തെ സ്വതന്ത്രമാക്കുന്നതു പോലെയാണ് വായന കൊണ്ട് ഞാൻ എന്നെത്തന്നെ സ്വാതന്ത്രമാക്കാൻ ശ്രമിച്ചത്. പക്ഷെ ഒരു മനുഷ്യനെന്ന നിലയിൽ എനിക്കനുവദിക്കപ്പെട്ടിട്ടുള്ളത് എത്രമാത്രം സ്വാതന്ത്യമാണ്? എന്തുമാത്രം ഞാൻ പറക്കാൻ ശ്രമിച്ചാലും ശരീരം എന്നെ താഴേക്ക് വലിച്ചുകൊണ്ടിരിക്കുന്നു. “I am ashamed to have a body” എന്ന് പ്ളോട്ടൈനസ്. ഗുരുത്വത്തകർഷണത്തെ അതിജീവിച്ച് ബഹിരാകാശത്ത് പോകുന്ന ഗഗനചാരികളുടെ കാര്യമോ? അവർക്കൊരു നിമിഷം പോലും അവരുടെ സ്പേസ് സ്യുട്ട് ഊരി വെച്ചിട്ട് ജീവിക്കാനാകില്ല.
ഹെററ്റിക് എന്നു വിളിച്ചാൽ അതൊരു ക്രെഡിറ്റായിട്ട് എടുക്കും. പക്ഷെ, ഞാനൊരു വിപ്ലവകാരിയാണോ? ഏതുതരം വിപ്ലവത്തിൽ ആണ് ഞാൻ വിശ്വസിക്കുന്നത്? കത്തോലിക്കാ സഭ എന്ന ഏറ്റവും പഴയതും നിയതവുമായ ഒരു സ്ഥാപനത്തിൽ ജീവിച്ചുകൊണ്ട് എന്ത് വിപ്ലവമാണ് എനിക്ക് നിവ്യത്തിക്കാൻ സാധിക്കുന്നത്?
കത്തോലിക്കാ സഭയിൽ തന്നെ ഒരു ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൽ പെട്ട ഒരാളാണ് ഞാൻ. അത് എൻറെ ഒരു ഭാഗ്യമാണ്. ഫ്രാൻസിസ് നയിച്ച വിപ്ലവത്തിൻറെ ഭാഗമാകാൻ ശ്രമിച്ചാൽ അതെന്തായിരിക്കും?
ഇറ്റാലിയൻ ചിന്തകരായ മൈക്കൽ ഹാർറ്റും അൻറ്റോണിയോ നെഗ്രിയും ചേർന്നെഴുതിയ പുസ്തകത്തിന്റെ പേരാണ് “The Empire”. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. ഈ പുസ്തകത്തിലൂടെ അവർ അന്വേഷിക്കുന്നത് സാമ്രാജ്യത്വ പരമാധികാര ശക്തിയുടെ അടിത്തറ എങ്ങനെ ഇളക്കാം എന്നാണ്. സാമ്രാജ്യത്വ ശക്തിയെ നശിപ്പിക്കാൻ സാധിക്കുമെങ്കിൽ അതിനുള്ള മാർഗ്ഗങ്ങൾ, നിരാകരണം ഉപേക്ഷിക്കൽ എന്നിവയാണ്. സാമ്രാജ്യത്വ ശൃംഖലകളെ നോമാഡിസം കൊണ്ട് നിർവീര്യമാക്കാൻ സാധിക്കും എന്നാണ് ഇവർ പറയുന്നത്. അസാധാരണ ശക്തിയായ ക്യാപിറ്റലിസത്തെ സാധാരണ മാർഗങ്ങളായ ഉപേക്ഷിക്കലും പുറപ്പാടും കൊണ്ട് നമ്മൾ എതിർക്കുന്നു, “whereas in the disciplinary era sabotage what’s the fundamental notion of resistance, in the era of Imperial control it may be desertion.” പുറപ്പാട് പലായനം എന്നീ വാക്കുകൾ കൊണ്ട് അവർ ഉദ്ദേശിക്കുന്നത് സ്ഥലം വിട്ടു പോകാൻ എന്നതല്ല പകരം,”class struggle in the bio political context takes the form of exodus but the exodus does not necessarily mean going elsewhere. We must pursue a line of flight while staying right here.”
ആരാണ് പരമാധികാരത്തെ നിർവീര്യമാക്കുന്ന പുതിയ കമ്യൂണിസത്തിന് ഉദാഹരണം? ഹാർറ്റിന്റെയും നെഗ്രിയുടെയും ഉത്തരം വിശുദ്ധ ഫ്രാൻസിസ് എന്നാണ്. അടിച്ചേൽപ്പിക്കപ്പെടുന്ന എല്ലാ ദാരിദ്ര്യവും എതിർത്തുകൊണ്ട് ഫ്രാൻസിസ് സ്വയമൊരു ദരിദ്രനായി ജീവിച്ചു. പീഡകൾ അനുഭവിക്കുന്ന മനുഷ്യരോട് ഫ്രാൻസിസ് താതാത്മ്യം പ്രാപിച്ചത് ഏറ്റവും വിപ്ലവകരമായ രീതിയിലായിരുന്നു. ഭക്ഷണത്തിന് യാചിച്ചുകൊണ്ട് അദ്ദേഹത്തിൻറെ മുമ്പിൽ നിന്ന വൃദ്ധയായ സ്ത്രീക്ക് ഫ്രാൻസിസ് ബൈബിൾ നൽകിയിട്ട് പറയുന്നു, ഇത് വിറ്റ് എന്തെങ്കിലും വാങ്ങി കഴിക്കുക. അന്നത്തെ കാലത്ത് ബൈബിൾ വിൽക്കുക എന്നത് ഒട്ടും ചിന്തനീയം അല്ലായിരുന്നു.
മാക്സ് ഷെല്ലർ സംസാരിക്കുന്നത് ഫ്രാൻസീസിന്റെ ഹൃദയത്തിൻറെ ഹെറസിയെക്കുറിച്ചാണ്. പാരമ്പര്യ ക്രിസ്തുമതം വിശ്വസിച്ചിരുന്ന മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വിഭജനത്തെ ഫ്രാൻസിസ് അതിജീവിച്ചു. കൂദാശകളെ ദേവാലയങ്ങളിൽ നിന്നും മോചിപ്പിച്ചുകൊണ്ട് പ്രകൃതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫ്രാൻസിസിനെ സംബന്ധിച്ച് പ്രകൃതിതന്നെ ഏറ്റവും വലിയ കൂദാശയായിരുന്നു.
“Obedience is the greatest rebellion,” എന്നാണ് സിമോൺ വെയിൽ പറയുന്നത്. ഇതു പൂർണമായും ജീവിച്ച ഒരാൾ ഫ്രാൻസിസ് ആയിരുന്നു. എതിർക്കുക എന്ന ധാർമിക അ നിലപാടിലെ ഫ്രാൻസിസ് അനുഷ്ഠിച്ചത് അനുസരണത്തിലൂടെയായിരുന്നു. സുവിശേഷം ജീവിക്കാൻ തന്നെയും തൻറെ സമൂഹത്തെയും അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഫ്രാൻസിസ് എന്ന ദരിദ്രൻ പ്രതാപിയായ പോപ്പിന്റെ മുമ്പിൽ നിന്നപ്പോൾ പോപ്പിനു തോന്നിയത് പുച്ഛമായിരിക്കും. പോയി പന്നികളുടെ സുവിശേഷം പ്രസംഗിക്കുക എന്നാണ് പോപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഫ്രാൻസിസ് നേരെ പോയി പന്നിക്കുട്ടികൾ ചെന്ന് പ്രസംഗിക്കാൻ തുടങ്ങി. അതായിരുന്നു ഫ്രാൻസിസ് ഏറ്റവും വലിയ കലഹം, പിന്നീട് ഈ മനുഷ്യൻറെ മുമ്പിൽ പോപ്പ് ഭവ്യതയോടെ നിന്നിട്ടുണ്ട്.
സിസ്റ്റർ ലൂസി ഒരു ഫ്രാൻസിസ്കൻ സഭാംഗമാണ്. സിസ്റ്റർ ലൂസി ഒരു മാറ്റത്തിന് വിപ്ലവത്തിലൂടെ ശ്രമിക്കുകയാണ്. സിസ്റ്റർ ഏറ്റവുമധികം പോരാടുന്നത് ഇന്ന് സഭയിൽ നിലനിൽക്കുന്ന പൗരോഹിത്യ ദുഷ്പ്രഭുത്വം എന്ന തിന്മയോടാണ്. പക്ഷേ, സഭയെ വെറുത്തു കൊണ്ട് ആരും സഭയെ നവീകരിച്ചട്ടില്ല. സിസ്റ്റർ ലൂസിയോടുള്ള ചോദ്യം സിസ്റ്റർ സഭയെ സ്നേഹിക്കുന്നുണ്ടോ എന്നതാണ്, സഭയെ സ്നേഹിക്കുന്നില്ല എങ്കിൽ സഭയുടെ ശത്രുക്കളോട് ചേർന്നുകൊണ്ട് പ്രവർത്തിക്കുന്നതിൽ തെറ്റില്ല. എന്നാൽ സ്നേഹിക്കുന്നുണ്ടെങ്കിൽ എവിടെയോവച്ച് സിസ്റ്റർ ഒരു ജാഗ്രത കാണിക്കാതെ പോയതുകൊണ്ട് ചെന്നുപെട്ടത് പലപ്പോഴും ശത്രുപക്ഷത്താണ്. എനിക്കിതുവരെ സിസ്റ്റർ ലൂസിയുടെ സംസാരത്തിൽ ഹെറസിയുടെ നന്മകളോ വിപ്ലവത്തിൻറെ ആകുലതകളോ കാണാൻ സാധിച്ചില്ല. തന്നെ നശിപ്പിക്കാൻ ശ്രമിച്ച ഒരു സംവിധാനത്തെ അതേ ശക്തിയോടെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു യുദ്ധവീര്യമാണ് കാണാൻ സാധിച്ചത്. സഭാനേതൃത്വം ഇതിനോട് പ്രതികരിച്ചത് ആകട്ടെ പലപ്പോഴും ഒരു യുദ്ധം വീര്യത്തോടെയാണ്. നോബിളച്ചന്റെ പ്രതികരണം പാളിപ്പോയത് ഇവിടെയാണ്.
സിസ്റ്റർ ലൂസിയുടെ പ്രശ്നത്തിൽ ഇടപെട്ടു കൊണ്ട് ഒരു ബിഷപ്പ് ഒരുപറ്റം സിസ്റ്റേഴ്സിനോട് പറഞ്ഞത് സഭാ നിയമം അനുസരിക്കാൻ പറ്റുന്നില്ലെങ്കിൽ വീട്ടിൽ പോകണം എന്നാണ്. ഇത് ശരിയാണെങ്കിൽ എത്രയോ ബിഷപ്പുമാർ രാജിവെച്ച് പോകണമായിരുന്നു. ധാർഷ്ട്യത്തിന്റെ ഭാഷ മാത്രം സംസാരിക്കുന്ന ഇത്തരം ബിഷപ്പുമാരിൽ നിന്ന് സഭയ്ക്ക് എന്തെങ്കിലും നന്മ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്.
സിസ്റ്റർ ലൂസി ഒരു ഇരയാണോ? സിസ്റ്റർ ലൂസി അനുഭവിച്ച കാര്യങ്ങൾ ശരിയാണെങ്കിൽ തീർച്ചയായും അവർ ഒരു ഇരയാണ്. പക്ഷേ, തന്നെ ഇരയാക്കിവരോട് പോരാടുമ്പോൾ സിസ്റ്റർ സ്വയം ഇരകളെ സൃഷ്ടിക്കുന്നുണ്ടോ? “You become what you hate most,” എന്നത് ഫ്രോയിഡിന്റെ ഒരു വിജ്ഞാനമാണ്. ഏകാധിപതികളെ കൊന്നിട്ട് സ്വയം ഏകാധിപതികളായി മാറുന്നവരുടെ ചരിത്രം ഈ വിജ്ഞാനത്തിന് പിൻബലമാണ്. ഒരിക്കൽ ഇരകളായിരുന്നവർ പിന്നീട് ഇരകളെ സൃഷ്ടിക്കാറുണ്ട് എന്നാണ് പറയുന്നത്.
സിസ്റ്റർ ലൂസി അംഗമായിട്ടുള്ള എഫ്സിസി കോൺഗ്രിഗേഷനിലെ ചില സിസ്റ്റേഴ്സിനെ ഞാൻ ധ്യാനിപ്പിച്ചിട്ടുണ്ട്. ധ്യാനം കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് പോയത് ഈ സിസ്റ്റേഴ്സിന്റെ വാഹനത്തിലായിരുന്നു. നല്ലൊരു യാത്രയായി ഇപ്പോഴും അത് മനസ്സിലുണ്ട്. അന്ന് ആ സഹോദരിമാർ വാഹനത്തിലിരിന്ന് പാടിയ പാട്ടുകൾ ഭക്തിഗാനങ്ങൾ അല്ലായിരുന്നു. രസകരമായ നാടൻപാട്ടുകളായിരുന്നു. അവരുടെ കൂടെ യാത്ര ചെയ്തപ്പോൾ സിസ്റ്റേഴ്സ് അനുഭവിക്കുന്ന സന്തോഷവും ആത്മീയ സ്വാതന്ത്ര്യവും ആകർഷിച്ചത് എന്നെ മാത്രമല്ല ആ വാഹനം ഓടിച്ചിരുന്ന മുസ്ലിം സഹോദരനെ കൂടിയായിരുന്നു
പ്രായമായ സിസ്റ്റേഴ്സ് പരിചരിക്കുന്ന അവരുടെ ഒരു കോൺവെൻറ്റും ഞങ്ങൾ സന്ദർശിച്ചു. കിടപ്പു രോഗികളായ സിസ്റ്റേഴ്സിനെ കുറച്ച് കൊച്ചു സിസ്റ്റേഴ്സ് പരിചരിക്കുന്നത് ഏറ്റവും കരുണയോടുകൂടിയായിരുന്നു. ഇന്ന് മാതാപിതാക്കളെ മക്കൾ പോലും ഇങ്ങനെ പരിചരിക്കുന്നതു ദുർലഭമാണ്. എഫ്സിസി കോൺഗ്രിഗേഷനെ കുറിച്ച് പലരും അറിയുന്നത് അത് സിസ്റ്റർ ലൂസിയെ പീഡിപ്പിക്കുന്ന എന്ന ഒരു കോൺഗ്രിഗേഷൻ ആയിട്ടാണ്. പക്ഷേ, ആ കോൺഗ്രിഗേഷൻ വേറെ നല്ലൊരു മുഖം ഉണ്ട് അത് ആർക്കും അറിയില്ല എന്ന് മാത്രം. അവരെ അറിയാവുന്നതു കൊണ്ടാണെന്ന് തോന്നുന്നു പലപ്പോഴും സിസ്റ്റർ ലൂസിയുടെ സംസാരം കേൾക്കുമ്പോൾ ഇര ആരാണ് എന്ന് ഞാൻ സംശയിച്ചു പോകുന്നത്. ശരിയാണ് കോൺവെൻറ്കളിൽ വ്യക്തിഹത്യകൾ ചിലരങ്കിലും അനുഭവിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ എവിടെയാണ് വ്യക്തിഹത്യകൾ ഇല്ലാത്തത്? എനിക്ക് തോന്നുന്നു ഏറ്റവും വ്യക്തികൾ നടക്കുന്നത് കുടുംബങ്ങളിലാണെന്നാണ്. ചിലപ്പോൾ ഭർത്താവിന്റെ അല്ലങ്കിൽ മക്കളുടെയോ മരുമക്കളുടെ മാനസികവും ശാരീരികവുമായ പീഡനകളനുഭവിച്ച് ജീവിക്കുന്നു എത്രയോ സ്ത്രീകളുടെ കഥകളാണ് ഓരോ ദിവസവും കേൾക്കുന്നത്. “Families I hate you,” ആന്ദ്ര ഗീദേ തൻറെ ഡയറിയിൽ എഴുതുന്നത് എന്തുകൊണ്ടാണെന്ന് അറിയത്തില്ല. കോൺവെൻറ്കളിൽ പീഡനം അനുഭവിക്കുന്ന സിസ്റ്റേഴ്സ് നോട് വീട്ടിലേക്ക് പോയി രക്ഷപ്പെടുക എന്നെങ്കിലും പറയാൻ സാധിക്കും , പക്ഷേ കുടുംബങ്ങളിൽ പീഡനം അനുഭവിക്കുന്ന സ്ത്രീകളോട് എവിടെ പോകാനാണ് പറയാനാവുക?
എന്താണ് വിപ്ലവം? തിന്മയെ സമൂലം തുടച്ചുനീക്കുന്നതാണോ വിപ്ലവം? അങ്ങനെയാണെങ്കിൽ ക്രിസ്തു ഒരു വിപ്ലവകാരി ആയിരുന്നില്ല. വിളകളോടൊപ്പം വളരുന്ന കളകൾ പറിച്ചു നീക്കട്ടെ എന്ന് ചോദിക്കുന്ന ജോലിക്കാരോട് ക്രിസ്തുവിൻറെ കഥയിലെ തോട്ടക്കാരൻ പറയുന്നത് വേണ്ട എന്നാണ്. കളകളോടൊപ്പം വിളകളെയും അവർ പറിച്ചു കളഞ്ഞേക്കാം എന്ന് അദ്ദേഹം ഭയപ്പെടുന്നു. തിന്മകളുടെ സാന്നിദ്ധ്യത്തേക്കാൾ അദ്ദേഹം ആശങ്കാകുലനാകുന്നത് നഷ്ടപ്പെട്ടു പോയേക്കാവുന്ന ഒരു നന്മയേയാണ്. രാഷ്ട്രമീമാംസയുടെ ന്യായവാദങ്ങളും ദൈവത്തിൻറെ ആശങ്കകളും പലപ്പോഴും പൊരുത്തപ്പെടുന്നില്ല.
അപ്പോൾ തിന്മയെ നിലനിൽക്കാൻ അനുവദിക്കാമോ? തിന്മക്കെതിരെ പോരാടുന്നത് വ്യർഥമാണോ? സമൂഹത്തിൽ എങ്ങനെയാണ് പരിവർത്തനങ്ങൾ നടത്താൻ സാധിക്കുക?
ദെല്യുസ് വിപ്ലവത്തിന് ഒരു പുതിയ മാനം നൽകാൻ ശ്രമിച്ച ചിന്തകനാണ്. ഒരു സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അത് പഴയതിനെ വേരോടെ പിഴുതെറിഞ്ഞുകൊണ്ടല്ല. തിന്മയെ എതിർത്തവർ പലപ്പോഴും പകരം സ്ഥാപിച്ചത് മറ്റൊരു തിന്മയെ ആയിരുന്നു എന്നത് ചരിത്ര സത്യമാണ്. പഴയതിനെ മാറ്റാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിലേക്ക് പതുക്കെപ്പതുക്കെ പുതിയതിനെ സന്നിവേശിപ്പിക്കുക എന്നതാണ്. പഴയയതിലേക്ക് നിരന്തരമായി പുതിയതിന് ചേർത്തു കൊണ്ടിരിക്കുക എന്ന ധാർമികതയാണ് ദെല്യുസ് അനുകൂലിക്കുന്നത്.
എസ്റ്റാബ്ലിഷ്ഡ് സെൻറിമെൻസിനെ തത്വചിന്ത അത് ഒരിക്കലും ബഹുമാനിക്കുന്നില്ല. എന്നാൽ അതിനെ തകർത്തെറിയുന്നുമില്ല. പകരം അതിനു വിരുദ്ധമായ ചിന്തയുടെ നവ ഭാവങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പാരമ്പര്യങ്ങളെ ഇല്ലാതാക്കുന്നതിനേക്കാൾ നല്ലത് അതിന് സംസ്കാരസമ്പന്നമാക്കുകയാണ് എന്ന് തത്വചിന്ത വിശ്വസിക്കുന്നു. ജ്യാമിതികൾ (geometers) പോലും ചെയ്യുന്നതെന്താണ്? ലെയ്ബിനിസ് വാദിക്കുന്നു, ജ്യാമിതികൾ പൗരാണിക സത്യങ്ങളെ മറിച്ചിടുന്നതിനു പകരം അവയെ കൂടുതൽ വിശദീകരിക്കുകയും പുതിയ സത്യങ്ങളെ നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. എന്നുവെച്ചാൽ, പഴയ ചിന്തയിലുള്ള നന്മയെയും തിന്മയെയും വേർതിരിക്കുന്നതിനോടൊപ്പം, ഒരു ആൽക്കമിസ്റ്റിനെ പോലെ അതിൽനിന്നും പുതിയ ലോഹത്തെ കണ്ടെത്തുകയും ചെയ്യുന്നു.
പതിനൊന്ന് ഒട്ടകങ്ങളെ കൊണ്ട് കൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വരുമ്പോൾ പന്ത്രണ്ടാമത്തെ ഒരു ഒട്ടകത്തെ സങ്കൽപിക്കുക എന്നുള്ളതാണ് പരമപ്രധാനം. പ്രശ്നം പരിഹരിക്കാൻ കഴിവുള്ള ബിഷപ്പുമാർ കേരളത്തിൽ ഇല്ലാതെ വരുന്നത് ഒരു പ്രശ്നമാണ്. ഏറ്റവും തലപ്പത്തിരിക്കുന്ന പിതാക്കന്മാർ സംസാരിക്കുന്നത് കേൾക്കുമ്പോൾ വിശുദ്ധ അഗസ്റ്റിനെ പോലുള്ള ധീഷണ ശക്തിയുള്ള മനുഷ്യർ അലങ്കരിച്ച പദവിയാണല്ലോ ഇവരും സ്വീകരിച്ചത് എന്നോർത്ത് അത്ഭുതപ്പെടാനെ സാധിക്കുന്നുള്ളു. എവിടെവച്ചാണ് ജ്ഞാനത്തിന്റെ ആത്മാവിനെ ഇവർക്ക് നഷ്ടമായത്.? എന്തുകൊണ്ടാണ് ആഭ്യന്തര ഭിന്നതകൾക്കും രാഷ്ട്രീയ പിടല പണക്കങ്ങൾക്കും ഇവർ വ്യക്തിത്വത്തെ അടിയറവ് വെച്ചത്?
ഇസെബല്ലേ പറയുന്നത്, സമാധാനത്തിന് ഒരു ഒരു അവസരം കൊടുക്കുക മാത്രമല്ല നമ്മൾ ചെയ്യേണ്ടത്, നമ്മൾ സൃഷ്ടിപരമായ ചിന്തകൾ നടത്തേണ്ടിയിരിക്കുന്നു. അതാണ് സഹോദരന്മാർ സമീപിച്ചപ്പോൾ ജ്ഞാനിയായ വൃദ്ധൻ ചെയ്തത്. ” അദ്ദേഹം അവരുടെ പ്രശ്നത്തെ ഒരു പുതിയ വിശാലതയിലേക്ക് നിമഞ്ജിപ്പിച്ചു, ഗണിത ശാസ്ത്രജ്ഞൻമാർ പറയുന്നതുപോലെ, ഒരു അനുബന്ധ മാനം നൽകി. അജ്ഞാതമായതുമായി പൊരുത്തപ്പെടുന്ന ഒന്ന്. സ്വത്ത് എങ്ങനെ വിഭജിക്കാം എന്നതാണ് ചോദ്യം, പക്ഷേ പക്ഷേ അത് വീതിക്കാനുള്ള താക്കോൽ എവിടെയാണ് അവരുടെ പിതാവ് സൂക്ഷിച്ചിരുന്നത്? പ്രശ്നം രൂപപ്പെട്ടിരിക്കുന്ന രീതിയെ അംഗീകരിക്കാതെ അതിന് ഒരു പുതിയ മാനം നൽകാനുള്ള ധൈര്യമാണ് അവർക്കുണ്ടാകേണ്ടിയിരിന്നത്.”
ഒരു ചോദ്യവും ഏകപക്ഷീയമല്ല എന്നു മനസ്സിലാക്കുമ്പോൾ മാത്രമേ അത് സാധ്യമാക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഓരോ പ്രശ്നവും ഒരു പുതിയ സാധ്യതയിലേക്കുള്ള വാതിൽ തുറക്കുകയാണ് എന്ന് തിരിച്ചറിയുമ്പോൾ നമ്മൾ പ്രതിരോധങ്ങളെ അവസാനിപ്പിച്ച് ചിന്തിക്കാൻ തുടങ്ങും. വെർജീനിയ വൂൾഫ് പറഞ്ഞതുപോലെ, ” Think, we must.”

പാരമ്പര്യം

പാരമ്പര്യം! എത്ര കനമുള്ള വാക്കാണിത്! എത്ര മനുഷ്യരാണ് ഈ വാക്കിന്റെ പേരിൽ ഊറ്റം കൊള്ളുന്നത്. യഹൂദരാണ് പാരമ്പര്യം എന്ന വാക്ക് കണ്ടു പിടിച്ചതെന്നു തോന്നും, അത്രക്ക് അവർ അഭിരമിക്കുന്ന വാക്കാണിത്. കേരളത്തിൽ ക്രിസ്ത്യാനികളുടെ ഇടയിൽ ഒത്തിരി പാരമ്പര്യങ്ങളുണ്ട്. സിറിയൻ കത്തോലിക്കരുടെ പാരമ്പര്യം, റോമൻ കത്തോലിക്കരുടെ പാരമ്പര്യം, മലങ്കര കത്തോലിക്കരുടെ പാരമ്പര്യം. പ്രൊട്ടസ്റ്റൻറ്റ് വിഭാഗക്കാർക്ക് പ്രത്യേകിച്ച് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തതു കൊണ്ട് അവർക്കെതിരെയുള്ള കത്തോലിക്കരുടെ പ്രധാന ആയുധം പാരമ്പര്യ കഥകളാണ്. പക്ഷെ, എന്താണ് പാരമ്പര്യം എന്ന് ഇവരാരെങ്കിലും നിർവചിച്ച് ഞാൻ കേട്ടിട്ടില്ല. മാത്രമല്ല, ഇവരുടെ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് പാരമ്പര്യത്തിന് സാത്വികത ഒട്ടും ആവശ്യമില്ലന്നാണ്.
ക്രിസ്തുവിന്റെ പാരമ്പര്യം എന്തായിരിന്നു? തീർച്ചയായും യഹൂദ പാരമ്പര്യം. പക്ഷെ, ഈ പാരമ്പര്യത്തിനെതിരായിട്ടാണ് അവൻ മറുതലിച്ചത്. മനുഷ്യത്വമില്ലാത്ത നിയമസംഹിതകൾ കൊണ്ട് കെട്ടിപ്പൊക്കിയ എല്ലാ കൊട്ടാരങ്ങളും ദേവാലയങ്ങളും തകർന്നു വീഴുമെന്ന് അവൻ പ്രവചിച്ചത്. ഞങ്ങൾക്ക് പിതാവായ അബ്രഹാമുണ്ട് എന്ന് നെഗളിച്ച പാരമ്പര്യവാദികളോട് ക്രിസ്തു പറഞ്ഞത് ഈ കല്ലുകളിൽ നിന്ന് അബ്രഹാത്തിന്റെ സന്തതികളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയുമെന്നാണ്. പാരമ്പര്യത്തിന്റെ അഹങ്കാരങ്ങളെ ഇത്ര ശക്തമായിട്ട് ആരാണ് വെട്ടി കടലിലെറിഞ്ഞിട്ടുള്ളത്. ഏറ്റവും നിർജീവമായ കല്ലുകളിൽ നിന്നു പോലും അബ്രഹാത്തിന്റെ പുത്രന്മാരെ ദൈവം സൃഷ്ടിക്കുമെന്ന് ക്രിസ്തു പറഞ്ഞപ്പോൾ എന്താണതിന്റെ അർത്ഥം? നിങ്ങളുടെ പാരമ്പര്യം കല്ലുകളേക്കാൾ നിർജീവമാണെന്നല്ലേ? അവന്റെ കഥകളിൽ എന്താണ് സംഭവിക്കുന്നത്? പാരമ്പര്യത്തിന്റെ മിഥ്യകളിൽ അഹമ്മതിക്കുന്നവരെ നീചകഥാപാത്രങ്ങളാക്കുകയും മിശ്ര പാരമ്പര്യത്തിന്റെ അയിത്തം ഉള്ളതിനാൽ മാറ്റി നിർത്തപ്പെട്ടവരെ നന്മ നിറഞ്ഞ കഥാപാത്രങ്ങളാക്കുകയും ചെയ്തു.
മനുഷ്യകുലത്തിന് മുഴുവൻ അവകാശപ്പെടാനുള്ള പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമാണ് മൈക്കൾ സേരസ്സ് എന്ന ചിന്തകൻ സംസാരിക്കുന്നത്. വളഞ്ഞും പുളഞ്ഞും തെളിഞ്ഞും ഇരുണ്ടും കലർന്നും ഒഴുകുന്ന മനുഷ്യന്റെ ബൃഹത്തായ ചരിത്രം ആയിരമോ രണ്ടായിരമോ പഴക്കമുള്ള പാരമ്പര്യങ്ങളെ പുനർനിർണ്ണയം നടത്താൻ പ്രേരിപ്പിക്കുന്നു. മൈക്കൾ സേരസ്സ് മനുഷ്യ കുലത്തെ “the incandescent” എന്നാണ് വിശേഷിപ്പിക്കുന്നത്, ഏറ്റവും ധവളാഭമായി ജ്വലിക്കുന്നത് എന്നർത്ഥത്തിൽ. എന്നാലും നമ്മുടെ ആദിമ പ്രചോദനവും ചോതനയും മൃഗ കുലത്തിന്റെതാണ്. ഒരു പക്ഷെ നമ്മൾ ‘Animal+’ എന്ന പ്രകാരത്തിന് മാത്രമേ അർഹരാകുന്നുള്ളു. മനുഷ്യൻ നടത്തിയ ദേശാന്തരഗമനങ്ങളായിരിക്കും മനുഷ്യനെ വ്യത്യസ്തനാക്കി തീർത്തത്. മൃഗങ്ങൾ അവരുടെ വ്യക്തമായ അതിർത്തിക്കുള്ളിൽ നിലനിൽക്കുകയും അവരുടെ ദേശാടനങ്ങൾ പോലും വ്യക്തവും സുനിശ്ചിതരുമായ വഴികളിലുടെ ആയപ്പോൾ, മനുഷ്യൻ നിരന്തരമായി വഴികൾ വിട്ടുമാറി പ്രയാണം ചെയ്തു കൊണ്ടിരിന്നു.
മനുഷ്യൻ വലിയ മികവു കാണിച്ചത് വിട്ടുപേക്ഷിക്കുന്നതിലാണെന്ന് സേരസ്സ് ചിന്തിക്കുന്നു, “ജന്തുലോകത്തെ നമ്മൾ ഉപേക്ഷിച്ചിട്ട് അധികം കാലമായിട്ടില്ല, ആഫ്രിക്ക കുറച്ച് കാലം മുമ്പ് ഉപേക്ഷിച്ചു, ഗുഹകൾ അതിനു ശേഷം നമ്മൾ ഉപേക്ഷിച്ചു, പൗരാണികതയെ തൊട്ടടുത്ത കാലത്താണ് നമ്മൾ കൈവിട്ടത്, കരയുപേക്ഷിച്ച് നമ്മൾ കടലിലേക്ക് യാത്രകൾ നടത്തി, വേട്ടയാടലുപേക്ഷിച്ച് കൃഷിയിലേക്ക് പ്രവേശിച്ചത് ഇന്നലെയാണ്, പതുക്കെ പതുക്കെ നമ്മൾ പരിണാമത്തെയും ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു.” അതിർത്തികൾ ഉപേക്ഷിച്ച് പലായനം ചെയ്യുന്ന മനുഷ്യൻ അവസാനം അഭിമുഖീകരിക്കുന്നത് കുഴിമാടം എന്ന ഏറ്റവും അവസാനത്തെ അതിർത്തിയെയാണ്. സേരസ്സ് ഒന്നു കൂടെ വ്യക്തമാക്കുന്നു, “Our species leaves. There you have its destiny without a definition, its end without finality, its project without a goal, its voyage, its wandering, the essence of its hominessence.”
കുടുംബ പരിസരങ്ങൾ പോലും വിട്ടുപേക്ഷിക്കാനുള്ള പ്രവണതയുള്ള മനുഷ്യനെ നമ്മൾ ചില നിശ്ചിത കുടുംബ, വർഗ്ഗ, രാജ്യ, മത പാരമ്പര്യങ്ങളിൽ പെടുത്തി നിർവചിക്കാൻ ശ്രമിക്കുന്നത് വംശീയ വാദങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. മകൻ വീടുവിട്ടു പോയ കുടുംബത്തെയാണ് നമ്മൾ തിരുക്കുടുബം എന്നു വിളിക്കുന്നത് എന്ന സത്യം പലർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. വിശാലമായ ലോകത്തിലേക്ക് നമ്മളെ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത പാരമ്പര്യങ്ങൾ മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ്.
ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം അംഗം എന്ന ചുരുക്കത്തിൽ മനുഷ്യനെ നിർവചിച്ചു കൊണ്ടാണ് പാരമ്പര്യം മനുഷ്യനെ നിശ്ചലനാക്കുന്നത്. ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് സേരസ്സ് നൽകുന്ന ഉത്തരം പാരമ്പര്യ വാദത്തിനു വിരുദ്ധമാണ്, “the animal who refuse to know who it is because its whole wealth (fortune) consists in not knowing it.” നിങ്ങൾ ഏതു വിഭാഗത്തിന്റെയും അംഗമായാലും ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും, അല്ലങ്കിൽ മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ബോധപൂർവ്വം അത് മറന്ന് മറ്റു ചില നന്മകൾ ജീവിക്കുക, “നിങ്ങളുടെ നാഗരികത, ഭാഷ, രാജ്യം, സ്ഥലം, ലിംഗഭേദം, മതം, പാരമ്പര്യം ചുരുക്കത്തിൽ നിങ്ങളുടെ വേലിക്കെട്ടുകളുടെ സങ്കുചിതത്തെ മറന്ന് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ജീവിക്കുക.”
പാരമ്പര്യം ഒരിക്കലും ഒരു ലക്ഷ്യമല്ല, മാർഗ്ഗം മാത്രമാണ്, അതൊരു പര്യാപ്തതയുമല്ല. പാരമ്പര്യം ഒരു ലക്ഷ്യമായ എത്തിക്കുമ്പോൾ അതിനെ അന്തോണി പോൾ സ്മിത്ത് വിളിക്കുന്നത് ‘waponized apophaticism’ എന്നാണ്. പാരമ്പര്യം ആയുധവത്ക്കരിക്കപ്പെടാതിരിക്കാൻ പാരമ്പര്യത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാക്കിയിരിക്കണം. എന്താണ് പാരമ്പര്യം എന്നു ചോദിക്കുന്നതിനേക്കാൾ ഉചിതം എന്താണ് പാരമ്പര്യം ചെയ്യുന്നത് എന്നു ചോദിക്കുകയായിരിക്കും. അന്തോണി പോൾ സ്മിത്ത് പറയുന്നത്, ” പാരമ്പര്യം സൃഷ്ടിപരമായ ഒരു ഉൽപ്പന്നമാണ്. അന്തർലീനമായ യാതൊരു ലക്ഷ്യവും അതിനില്ല.എന്നാൽ, സൃഷ്ടിപരമായ ചില ലക്ഷ്യങ്ങൾക്കു വേണ്ടി അതുപയോഗിക്കാം. അതിൽത്തന്നെ ലക്ഷ്യമായി തീരുമ്പോൾ പാരമ്പര്യം അർദ്ധ-അതിന്ദ്രിയ രൂപമായി ഏത് സൃഷ്ടികളെ അതാശ്രയിച്ചുവോ അവരെത്തന്നെ അത് ഉപദ്രവിക്കാൻ തുടങ്ങുന്നു.”
പാരമ്പര്യങ്ങളുടെയും മാമൂലുകളുടെ കനത്ത ചങ്ങലയിൽ പൂട്ടിയിട്ട് എത്ര മനുഷ്യജന്മങ്ങളെയാണ് തമസ്ക്കരിച്ചു കളഞ്ഞത്. എത്ര സംസ്ക്കാരങ്ങളാണ് അടിതെറ്റി വീണത്. പ്രശ്നം ഇതായിരിന്നു, പാരമ്പര്യത്തെ ഒരു മാർഗ്ഗമായി കാണുന്നതിനു പകരം ലക്ഷ്യമായി കണ്ടു.
പ്രമാണിത്തമുള്ള പാരമ്പര്യങ്ങൾ ചെറിയ പാരമ്പര്യങ്ങളെ വേട്ടയാടുന്നതും പരിഹസിക്കുന്നതും മാറ്റി നിർത്തുന്നതുമായ സംഭവങ്ങൾ സുലഭമാണ്. അതിൽത്തന്നെ അന്തർലീന ലക്ഷ്യമുള്ള പാരമ്പര്യങ്ങലാണ് ഹിംസക്കു വേണ്ടി ആയുധധാരികളാകുന്നത്. എല്ലാം തികഞ്ഞ ഒരു പാരമ്പര്യവുമില്ല എന്ന തിരിച്ചറിവ് ഹിംസയെ ന്യുനികരിക്കാൻ അത്യാവശ്യമാണ്. ഈ തിരിച്ചറിവിൽ നിന്നും ഭാവി കാലത്തെ ഉൾക്കൊള്ളാത്ത പാരമ്പര്യങ്ങളെ നിരാകരിക്കുകയും ഭാവിയുടെ കാഴ്ചപ്പാടുകളുള്ള പാരമ്പര്യത്തെ സ്വീകരിക്കണം. അപ്പോൾ മാത്രം പാരമ്പര്യം എന്നത് ശരിയായ സമയത്തുള്ള ശരിയായ വാക്കാണ് എന്ന സത്യം ഗ്രഹൃമാകും

ഒരാൾ

ഒരാൾ ആരാണ്? ബൈബിൾ തുറക്കുമ്പോൾ ഈ ഒരാൾ നാലു സുവിശേഷമാണെന്നു പറയുന്നു. ഒരാൾ നാലു വീക്ഷണകോണിൽ നിന്നും നോക്കുമ്പോൾ തെളിഞ്ഞു വരുന്ന ഒരു കാഴ്ചപ്പാടാണ്. ഇയാളെക്കുറിച്ച് സംസാരിക്കാൻ ഒരൊറ്റ പുസ്തകം പോരായിരിന്നു എന്ന അയാളുടെ ബഹുലത കുഴപ്പിക്കുന്നതാണ്. നാലിനു മാത്രമല്ല, അഞ്ചാമത്തതിനോ ആറാമത്തതിനോ അയാൾ തയ്യാറാണ്.
അയാളെക്കുറിച്ച് ഒരാൾ എഴുതുന്ന സുവിശേഷം തുടങ്ങുന്നത് വലിയൊരു വംശാവലിയിൽ അയാളെ ഉൾപ്പെടുത്തിക്കൊണ്ടാണ്. അയാൾ ദാവീദിന്റെ വംശാവലിയിലുള്ള ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ചു എന്നു പറഞ്ഞു കൊണ്ടാണ്. രണ്ടാമതായി കാണുന്ന സുവിശേഷമാണ് വാസ്തവത്തിൽ ആദ്യം എഴുതപ്പെട്ടത്. അയാൾ തിടുക്കത്തിലാണ് എഴുതുന്നത്. മറവിയെ പേടിക്കുന്ന അയാൾ മറന്നു പോകുന്നത് തുടക്കം തന്നെയാണ്. എന്നിട്ടയാൾ അവസാനം പറയേണ്ട കാര്യം ആദ്യം പറയുന്നു, ഇവനാണ് ദൈവം പുത്രനായ മിശിഹാ. സസ്പെൻസിന്റ തന്ത്രങ്ങൾ വിട്ടു കളയുന്നു. കഥയുടെ അവസാനം പറയേണ്ടത് ആദ്യം തന്നെ പറയുന്നു. മുന്നാമത്തെ ആളാണ് അയാൾ എങ്ങനെ ജന്മമെടുത്തു, അയാൾ ജനിച്ചപ്പോൾ എന്തൊക്കെ സംഭവിച്ചു എന്നു പറയുന്നത്. ചിന്തയുടെ ആരംഭം ഗ്രീക്കിൽ നിന്നാണെങ്കിൽ യഥാർത്ഥത്തിലുള്ള ജ്ഞാനം ഇയാളാണെന്നു പറഞ്ഞു കൊണ്ട് നിഗൂഢമായ ഭാഷയിൽ നാലാമത്തെ ആൾ ഇയാളുടെ കഥ തുടങ്ങുന്നു.
ഇയാളെക്കുറിച്ച് എവിടെ വച്ചു വേണമെങ്കിലും കഥ തുടങ്ങാം: ആരംഭത്തിൽ നിന്നോ മധ്യത്തിൽ നിന്നോ, അവസാന ഭാഗത്തു നിന്നോ എന്നുമില്ലാത്ത ഒരിടത്തു നിന്നോ കഥ തുടങ്ങാം. അയാളെന്ന ഈ ഒരാൾ സൂക്ഷിച്ചു വക്കുന്ന ബഹുസ്വരത ആയിരമാണ് , പതിനായിരമാണ്.
അയാൾ ഒരാളുടെ നിർവികാരതങ്ങളെ പേടിക്കുന്നതുകൊണ്ടായിരിക്കും പറഞ്ഞത്,” ഒന്നോ രണ്ടോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോൾ അവരുടെ മധ്യേ ഞാനുണ്ടാകും. ഏകാധിപതികളാണ് ബഹുസ്വരതയെ, ബഹുലതയെ പേടിക്കുന്നത്. അയാൾ പന്ത്രണ്ടു സുഹൃത്തുക്കളുടെ തോളിൽ കൈയിട്ടു കൊണ്ടാണ് നൃത്തം ചെയ്തത്. ഏകാധിപതികളെല്ലാം ഇവരുടെ കൂട്ടായ്മയെ ഭയന്നു. കൂട്ടം അപകടമാണങ്കിൽ കൂട്ടായ്മ മോചനമാണ്.
ഇയാൾ കത്തോലിക്കനാണെന്ന് ചിലർ അവകാശപ്പെടുന്നു, പ്രൊട്ടസ്റ്റൻറ്റ് ആണെന്ന് വേറെ ചിലർ, കമ്യുണിസ്റ്റാണെന്ന് ചിലർ, ഒരു ഗുരുവാണെന്ന് ചിലർ. അയാൾ പറയുന്നു: രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ….
മൂന്നു പേരിൽ കൂടുതൽ പേരെ അവൻ പ്രതീക്ഷിക്കാത്തതു പോലെ…

എപ്പോഴോ എഴുതിയ ഒരു പാട്ട് പിന്നിൽ നിന്നു വന്നു പിടികൂടുന്നു,

ഒരാൾ ഒരു കടൽ

പ്രണയം ഒരു സൂര്യൻ

മഴയായ് പെയ്യാൽ വെമ്പൽ കൊള്ളും കാർമേഘം പോല….