ക്രിസ്തുവിന്റെ അത്ഭുതങ്ങൾ

ക്രിസ്തുവിന്റെ അത്ഭുതങ്ങളുടെ പിന്നിലെ രഹസ്യം ശൂന്യമായ കരങ്ങളായിരിന്നു. ശൂന്യമായ കരം ഉയർത്തിയിട്ടാണ് അവൻ അപ്പം വർദ്ധിപ്പിച്ചത്, ശൂന്യമായ കരം കൊണ്ടാണ് അവൻ തളർവാതരോഗിയെ പിടിച്ചുയർത്തിയത്. കരങ്ങൾ ശൂന്യമായിരിനെങ്കിലും അവന്റെ ഹൃദയം നിറഞ്ഞതായിരിന്നു, സ്നേഹം കൊണ്ട്. അതുകൊണ്ടാണ് അവന് അവരോട് അനുകമ്പ തോന്നി എന്ന് അത്ഭുതങ്ങൾക്ക് മുമ്പ് സുവിശേഷകൻ പ്രസ്താവിക്കുന്നത്. അപ്പോൾ അത്ഭുതം എന്നത് നിങ്ങൾക്ക് മറ്റൊരാളോട് തോന്നുന്ന അനുകമ്പയാണ്. അത്ഭുതങ്ങൾക്ക് ശൂന്യമായ കരം ആവശ്യമാണ്. നിങ്ങളുടെ കൈയിൽ ഒരു ആയിരം രൂപയുണ്ടെങ്കിൽ അതിൽ നൂറോ ഇരുന്നുറോ മറ്റൊരാൾക്ക് കൊടുത്താൽ അതിനെ വിസ്മയം എന്നു വിളിക്കാനാകില്ല. പക്ഷെ, കൈയിലുള്ള ആയിരവും നിങ്ങൾ മറ്റൊരാൾക്ക് കൊടുത്താൽ അതൊരു വിസ്മയാണ്. ഇത്തരം ഒരു വിസ്മയത്തിന്റെ മുമ്പിലാണ് ക്രിസ്തു നമ്രശിരസ്ക്കനാക്കുന്നത്, വിധവയുടെ കാണിക്കയുടെ മുമ്പിൽ.


ക്രിസ്തു സമ്പത്തിനെ എതിർക്കാൻ കാരണം, അത് നിങ്ങളുടെ കൈകൾ നിറക്കുക വഴി ഹൗദയത്തെ ശുന്യമാക്കാൻ സാധ്യതയുള്ളതു കൊണ്ടാണ്. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് ഫ്രാൻസീസ് ദാരിദ്ര്യത്തെ പ്രണയിക്കുന്നത് കാരണം, God alone is enough, rest can be abandoned. പത്രോസ് ഒരു ക്ഷേത്രത്തിന്റെ നടകളിറങ്ങി വരുമ്പോൾ ഒരു തളർവാതരോഗി എന്തെങ്കിലും തരണമേ എന്ന് യാചിച്ചു, അപ്പോൾ പത്രോസ് പറഞ്ഞു, ” എന്റെ കൈയിൽ സ്വർണ്ണമോ വെളളിയോ ഇല്ല, എന്നാൽ കർത്താവായ ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ പറയുന്നു എഴുന്നേറ്റ് നടക്കുക.” അവൻ നടന്നു എന്നാണ് പറയുന്നത്. പക്ഷെ, വെളളിയും സ്വർണ്ണവും കൈയിലുള്ള പത്രോസിന് തളർവാതരോഗിയോടു എഴുനേറ്റ് നടക്കാൻ പറയാൻ സാധിക്കുമോ? ഇല്ല. പകരം സ്വർണ്ണവും വെളളിയും കൊടുക്കണം. അതുകൊണ്ട് സഭ ഇന്ന് ചെയ്യുന്നത് അത്ഭുതമല്ല, ഫിലൻത്രോപ്പിയാണ്.


ക്രിസ്തു ചെയ്തത് വാസ്തവത്തിൽ അത്ഭുതങ്ങളായിരിന്നോ? ക്രിസ്തു ചെയ്തത് അത്ഭുതങ്ങളല്ല, restitutions ആയിരിന്നു. ഒരു തരം മടക്കിക്കൊടുക്കലോ പൂർവ്വസ്ഥിതിയിലാക്കലോ ആയിരിന്നു അത്. ഒരു മനുഷ്യനെ ചിന്തിക്കാൻ പറഞ്ഞാൽ നമ്മൾ ചിന്തിക്കുന്നത് നടക്കാനും കാണാനും ഒക്കെ കഴിവുള്ള ഒരു മനുഷ്യനെയായിരിക്കും. അപ്പോൾ കാണുക, കേൾക്കുക, ആഹാരം ഉണ്ടായിരിക്കുക ഇതൊക്കെ മനുഷ്യന്റെ അവകാശമാണ്. ചിലർക്ക് ഈ അവകാശം നഷ്ടപ്പെട്ടിരിക്കുന്നതായി ക്രിസ്തു കണ്ടു, അതുകൊണ്ടവൻ അവരെ പൂർവ്വസ്ഥിതിയിലാക്കി, അല്ലങ്കിൽ അവർക്ക് അവകാശപ്പെട്ടത് തിരികെ ലഭിക്കാൻ ഇടയാക്കി എന്നേയുള്ളു.


ഇതാണ് അത്ഭുതമെങ്കിൽ ഇത് ഏറ്റവും സഭയിൽ ചെയ്യുന്നത് സിസ്റ്റേഴ്സ് ആണ്. മുംബെയിലെ ചേരികളിൽ വേശ്യവൃത്തിയിലുളള സ്ത്രീകളെ പരിരക്ഷിക്കുന്നതിനും അവരുടെ കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകി രക്ഷിക്കുന്നതിനും വേണ്ടി ജീവിക്കുന്ന എത്രയോ സിസ്റ്റേഴ്സാണുള്ളത്. അവർ ഒരുപറ്റം മനുഷ്യരുടെ നഷ്ടപ്പെട്ടു പോയ അന്തസ്സ് തിരികെ നൽകാൻ ശ്രമിക്കുന്നു. വനം സംരക്ഷിക്കാൻ, ആദിവാസികളെ ചൂഷണത്തിൽ നിന്നും രക്ഷിക്കാൻ, വെള്ളവും വെളിച്ചുമില്ലാത്ത ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ വിദ്യാഭ്യാസത്തിലൂടെ ഒരു ഭാവിയെ സൃഷ്ടിക്കാൻ സിസ്റ്റേഴ്സ് ശ്രമിക്കുമ്പോൾ അവരും ചെയ്യുന്നത് മടക്കിക്കൊടുക്കലാണ്.  1999 – ലെ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ചത് കെനിയയിലെ ഫ്രാൻസിസ്ക്കൻ സന്ന്യാസ സഹോദരനായ പീറ്റർ തബിക്കിക്കാണ്. ഒരു മില്യൺ US ഡോളറാണ് സമ്മാന തുക. തന്റെ ശമ്പളം മുഴുവൻ തബിക്കി ചെലവാക്കുന്ന് കെനിയയിലെ പാവപ്പെട്ട കുട്ടികള പഠിപ്പിക്കുന്നതിനാണ്. പുസ്തകം പോലും മേടിക്കാൻ പണമില്ലാത്ത കുട്ടികളെ തബിക്കി പഠിപ്പിച്ച് മിടുക്കന്മാരാക്കുന്നു. പഠിത്തം ഉപേക്ഷിച്ചു പോയ കുട്ടികളെ കണ്ടെത്തി തബിക്കി അവർക്ക് പുതിയ സ്വപ്നങ്ങൾ നൽകുന്നു. ഇവിടെ നമ്മുടെ ധ്യാന ഗുരുക്കന്മാർ പുസ്തക വിരോധവും ശാസ്ത്ര വിരോധവും പ്രസംഗിക്കുമ്പോൾ തബിക്കി തന്റെ കുട്ടികൾക്ക് നൽകുന്ന മുദ്രാവാക്യം, ” science is the way to go” എന്നാണ്. ആറു കിലോമീറ്ററോളം നടന്നെത്തുന്ന കുട്ടികളെ തബിക്കി കണക്കും ശാസ്ത്രവും പഠിപ്പിച്ച് പുതിയൊരു ലോകത്തിലേക്ക് തുറന്നു വിടുന്നു.  ഇവിടെ മടക്കിക്കൊടുക്കൽ നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു ഫ്രാൻസിസ്കൻ സന്ന്യാസിയുണ്ട്, ജിജോ കുര്യൻ. ഇത്രയും നാളുകൊണ്ട് സമ്പാദിച്ച വ്യക്തി മാഹാത്മൃ ത്തിന്റെ ബലത്തിൽ പല മനുഷ്യരിൽ നിന്നും ശേഖരിച്ച പണം കൊണ്ട് അമ്പതോളം വീടുകളാണ് വച്ചു കൊടുത്തത്. പാർട്ടി നോക്കാതെയും മതം നോക്കാതെയും കേരളത്തിൽ നടക്കുന്ന ചുരുക്കം ചില സംഭവങ്ങളിലൊന്ന്. ഒരു വെയ്റ്റിംഗ് ഷെഡ് പണിയാൻ എഴുലക്ഷം രൂപ എംഎൽഎ, എംപി ഫണ്ടിൽ നിന്നും ചെലവാക്കുന്നിടത്താണ് ഒന്നര ലക്ഷം രൂപക്ക് നല്ലൊരു വീട് പണിയുന്നത് എന്നോർക്കുമ്പോൾ അതിനെ അത്ഭുതം എന്നു തന്നെ വിശേഷിപ്പിക്കണം. ഭൂമിക്ക് യാതൊരു ഭാരവും ഏൽപ്പിക്കാത്ത മനോഹരമായ വീടുകൾ താമസക്കാർക്ക് നൽകുന്ന അഭിമാനം ചെറുതല്ല.  നാടുകാണിയിൽ നടക്കാനിറങ്ങിയപ്പോൾ ഒരു വുദ്ധയായ സ്ത്രി പുല്ലുവെട്ടുന്നത് കണ്ടു. എല്ലും തോലുമായി കൂനിപ്പോയ ആ സ്ത്രീ ദുഃഖത്തിന്റെ പര്യായമാണെന്ന് എനിക്ക് തോന്നി. അവർക്ക് തുണയായിരിന്നത് സഹോദരിയുടെ മകൻ ഹൗദയാഘാതം വന്നു മരിച്ചു. മകൾക്ക് മാനസീക രോഗമാണ്. ഇവർക്കാണെങ്കിൽ തലയിലൊരു ഞരമ്പിന് രോഗമാണ്. കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ. വിഷമം പറഞ്ഞു കൊണ്ടിരിന്ന ആ അമ്മയുടെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വന്നു, അവർ പറഞ്ഞു, “അരി മേടിക്കാനുള്ള രൂപ കോൺവെൻറ്റിലെ സിസ്റ്റേഴ്സ് തരും. മരുന്നിനു ഒത്തിരി രൂപയാണ്. അത് ജിജോ അച്ചൻ തരും.” മടക്കിക്കൊടുക്കുന്ന ക്രിസ്തുവിന്റെ അത്ഭുതം ജിജോയും ചെയ്യുന്നു.  സരീഷ് അച്ചനും മൂന്ന് വീട് വച്ചു കൊടുത്തു, താനാണ് ഇത് കൊടുക്കുന്നതെന്ന് വീടു കിട്ടിയവർ അറിയാത്ത വിധത്തിൽ. ബാബു അച്ചൻ വ്യക്ക ഒരു സഹോദരിക്ക് കൊടുത്തുകൊണ്ട് സ്വയം ഒരു മടക്കിക്കൊടുക്കലാകാൻ ശ്രമിച്ചു. ബോബി അച്ചൻ ക്രിസ്തുവിന്റെ വാക്കുകൾക്ക് ഒരു പുതിയ ലാവണ്യം പകർന്നുകൊണ്ട് , ഏറ്റവും മനുഷ്യത്വമുള്ള വിധത്തിൽ ക്രിസ്തുവിനെ വാഖ്യാനിച്ചു കൊണ്ട് എങ്ങനെ ഒരു സുവിശേഷകൻ ആകണമെന്ന് കാണിച്ചു തന്നു. ക്രിസ്തു ആരംഭിച്ച മടക്കിക്കൊടുക്കൽ ഇനിയും ഇവിടെ സംഭവിക്കണം. ക്രിസ്തുവിനെ പോലെ മടക്കിക്കൊടുക്കാൻ ശ്രമിക്കുന്ന ഒത്തിരി മനുഷ്യർ നമ്മുക്കു ചുറ്റുമുണ്ട്. എനിക്കറിയാവുന്ന കുറച്ച് പേരുടെ കാര്യം ഞാനെഴുതി എന്നേയുള്ളു.


പലരും പലർക്കും ഉപകാരം ചെയ്യുന്നത് അവരെ നീയന്ത്രണത്തിൽ സൂക്ഷിക്കാനാണ്. ക്രിസ്തു നന്മ ചെയ്തിട്ട് പറയുന്നത് ഇതാരോടും പറയരുതെന്നാണ്. ഒരു ഉടമ്പടി പത്രത്തിലും ഒപ്പിടീക്കുന്നില്ല, ഒരു സാക്ഷ്യത്തിനും പ്രേരിപ്പിക്കുന്നില്ല, പകരം സാക്ഷ്യങ്ങളെ വിലക്കുകയാണ് ചെയ്യുന്നത്. ഒരുവൻ അത്ഭുതം ലഭിച്ചു കഴിയുമ്പോൾ യേശുവിനെ പിഞ്ചെല്ലാൻ ശ്രമിച്ചു. ക്രിസ്തു അതും വിലക്കി. അവനിൽ മോചിതനായിരിക്കാൻ അവനെ സഹായിച്ചു. ഉപയോഗം എന്ന വാക്കിലാണ് സൗഹൃദം പോലും ഇന്ന് നിർവചിക്കപ്പെടുന്നത്, a friend in need is a friend indeed എന്നൊക്കെ പറയുമ്പോൾ നമ്മൾ അർത്ഥമാക്കുന്നത് ഇതാണ്. പക്ഷെ ഏറ്റവും നല്ല സൗഹൃദത്തെ ദരിദ നിർവചിക്കുന്നത് unusable friendship എന്നാണ്. യാതൊരു ഉപയോഗമില്ലാഞ്ഞിട്ടും നമ്മൾ കൂടെ കരുതുന്ന ആളാണ് ഏറ്റവും നല്ല സുഹ്യത്ത്. എനിക്ക് എന്തെങ്കിലും ചെയ്തു തരാനുള്ള ബാധ്യതയിൽ നിന്നും ഞാൻ എന്റെ സുഹ്യത്തിനെ മോചിപ്പിക്കുമ്പോൾ ഞാനവന് ഏറ്റവും നല്ല സുഹ്യത്തായി മാറുകയാണ്. ക്രിസ്തു ഇപ്രകാരം താൻ എന്തെങ്കിലും നന്മ ചെയ്ത വരെ അവന്റെ നിയന്ത്രണത്തിൽ നിന്നും സാക്ഷ്യം പറയാനുള്ള ബാധ്യതയിൽ നിന്നെല്ലാം മോചിപ്പിച്ചു കൊണ്ട് അവരുടെ നല്ല സുഹ്യത്താകാൻ പരിശ്രമിക്കുന്നു.


പക്ഷെ, ക്രിസ്തു ഒരിക്കലും ഒരു രോഗശാന്തിക്കാരൻ എന്നറിയപ്പെടാൻ ഇഷ്ടപ്പെട്ടില്ല. അത്ഭുതങ്ങൾ ഒരിക്കലും മനുഷ്യന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരമല്ലെന്ന് ക്രിസ്തുവിനറിയാമായിരിന്നു. യാതൊരു അത്ഭുതത്തിന്റെയും കാരുണ്യമില്ലാതെ മരണത്തിന്റെ നെരിപ്പോടിൽ കത്തി ചാമ്പലാകാൻ വിധിക്കപ്പെട്ടവരാണ് ഭൂരിഭാഗം മനുഷ്യരെന്നത് ക്രിസ്തുവിന്റെയും അറിവായിരിന്നു. അവരിലൊരുവനായി എണ്ണപ്പെടാൻ അവനു വേണ്ടി ഒരു അത്ഭുതവും ചെയ്തില്ല. പിശാച് മരുഭുമിയിൽ വച്ച് അവനെ വീഴ്ത്താൻശ്രമിച്ചത് അവനു വേണ്ടി തന്നെ എന്തെങ്കിലും അത്ഭുതം ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടായിരിന്നു.


അത്ഭുതങ്ങൾ ജെറുസലേം വരെയുള്ളു. ജെറുസലേമിൽ എത്തിക്കഴിയുമ്പോൾ അത്ഭുതങ്ങൾ പ്രവ്യത്തിക്കാനുള്ള കഴിവിനോട് അവൻ വിട പറയുന്നു. ജെറുസലേം ഏറ്റുമുട്ടലിന്റെ ലോകമാണ്, തിന്മയോട്, ദൈവത്തിന്റെ പേരിൽ പാപപ്പെട്ടവരുടെ ജീവിതം ദുഷ്ക്കരമാക്കുന്ന മതത്തോട്, അധികാരികളോട്, സ്ത്രീയുടെ പാപം കണ്ടു പിടിക്കാൻ നടക്കുന്ന പുരുഷ മേധാവിത്വത്തോട്, എന്തും വ്യാപാരമാക്കി മാറ്റുന്നവരോട്, അതൃന്തികമായി മരണത്തോട്. മരണം തിരിച്ച് ആക്രമിക്കുമ്പോൾ അവനതിരെ പോരാടുന്നത് ഒന്നും ഉരിയാടാതെയാണ്. നിഷ്ക്കളങ്കനും ദുർബലനുമായി നിന്നുകൊണ്ട് അവൻ മരണത്തിന്റെ പ്രഹരങ്ങളെ ഏറ്റുവാങ്ങുന്നു. നിഷ്ക്കങ്കത എന്നുവച്ചാൽ അറിയില്ലായ്മയല്ല. സിമോൺ വെയിൽ എന്താണ് നിഷ്ക്കളങ്കത എന്നു വിചാരിക്കുന്നു, “innocence is to wear the weight of the whole universe without counter weight.”


സിമോൺ വെയിൽ ക്രിസ്തുവിന്റെ ജീവിതത്തെ രണ്ടായി വേർതിരിക്കുന്നു. ജെറുസലമിൽ എത്തുന്നതുവരെയുള്ള ജീവിതവും ജെറുസലേമിൽ എത്തിക്കഴിഞ്ഞതിനു ശേഷമുള്ള ജീവിതവും. ആദ്യത്തേതിനെ അവർ നാച്വറൽ എന്നു വിളിക്കുന്നു. രണ്ടാമത്തേതിനെ സൂപ്പർ നാച്വറൽ എന്നു വിശേഷിപ്പിക്കുന്നു. അത്ഭുതങ്ങൾ പ്രവ്യത്തിക്കുന്ന ക്രിസ്തു നാച്വറലാണ്. അത്ഭുതങ്ങളെല്ലാം ഉപേക്ഷിച്ച്, നിശബ്ദനായി, നിസ്സഹായനായി, ദുർബലനായി മരണത്തിന്റെ പ്രചണ്ഡമരുത്തിൽ പെട്ടു നിൽക്കുന്ന ക്രിസ്തു സൂപ്പർ നാച്വറലാണ്. ഇതിന്റെ ബലത്തിൽ സിമോൺ വെയിൽ മറ്റൊരു കാര്യം കൂടി പറയുന്നു, “Yahweh, Allah are all natural God’s, Jesus alone is supernatural God.”


പക്ഷെ, ക്രിസ്തുമതത്തിന് ക്രിസ്തുവിനൊപ്പം ജെറുസലേമിൽ പ്രവേശിക്കാൻ സാധിച്ചിട്ടുണ്ടോ? രോഗശാന്തിയുടെയും അത്ഭുതങ്ങളുടെയും പേരിൽ ജനക്കുട്ടത്തെ സൃഷ്ടിക്കുകയാണ് ക്രിസ്തുമതമെങ്കിൽ അത് തികച്ചും നാച്വറലാണ്. കുറേ പുരോഹിതരും വിശ്വാസികളും മതത്തെ ഇവിടെ കെട്ടിയിടുന്നു. ജെറുസലേമിൽ പ്രവേശിക്കുന്ന ക്രിസ്തുമതത്തിന് അത്ഭുതങ്ങളെ ആവശ്യമുണ്ടാകില്ല. അതവിടെ നിഷ്കളങ്കയായി, നിസ്സഹയായി, ദുർബലയായി നിന്നുകൊണ്ട് മരണത്തിന്റെ തിന്മകളെ തോൽപ്പിച്ചു കൊണ്ടിരിക്കും.

അത്ഭുതങ്ങളെക്കുറിച്ച് മറ്റൊരന്വേഷണം

Jacalyn Duffin കാനഡയിലെ പ്രശസ്തയായ മെഡിക്കൽ ഹിസ്റ്റോറിയനും ഹെമറ്റോളജിസ്റ്റുമാണ്. ഡുഫിൻ ന്യൂയോർക്ക് ടൈംസിൽ, “Pondering Miracles, Medical and religious” എന്ന പേരിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഒരു നിരീശ്വരവാദിയായ ഡുഫിനെയാണ് കത്തോലിക്കാസഭ കാനഡയിലെ ആദ്യത്തെ വിശുദ്ധയായ Marie Marguerite d’Youville യുടെ നാമകരണത്തോടനുബന്ധിച്ചുള്ള അവസാനത്തെ അത്ഭുതത്തിനെ കുറിച്ചുള്ള വത്തിക്കാൻ കോടതിയുടെ വിസ്താരത്തിന് ക്ഷണിച്ചത്. മരിയയോടു പ്രാർത്ഥിച്ച് കാൻസർ രോഗത്തിൽ നിന്നും സുഖംപ്രാപിച്ച ഒരു സ്ത്രീയുടെ കേസായിരിന്നു അത്. രോഗിയെ പരിശോധന റിപ്പോർട്ടിൽ നിന്നും ഡുഫിക്ക് മനസ്സിലായി രോഗിക്ക് അക്യുട്ട് മിലോജനസ് ല്യൂകീമിയ ആണെന്ന്. രോഗിയുടെ ബോൺ മാരോയിൽ നിന്നും രോഗത്തിന്റെ ചരിത്രവും ഡുഫിൻ മനസ്സിലാക്കി: ചികിത്സ, രോഗം ഭേദമാകുന്നു, രോഗം വീണ്ടും വരുന്നു, ചികിത്സ, രോഗം ഭേദമാകുന്നു, രോഗം ഭേദമാകുന്നു, രോഗം ഭേദമാകുന്നു.

വത്തിക്കാൻ ട്രിബ്യൂണൽ ഡുഫിനോട് ആവശ്യപ്പെട്ടത് ഈ രോഗിയുടെ അവസ്ഥക്ക് ശാസ്ത്രീയമായ ഒരു വിശദീകരണം നൽകാനാണ്. ഡുഫിന് ഒരു വിശദീകരണം നൽകാനായില്ല. വെറെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ഡുഫിൻ പറഞ്ഞു രോഗി ഇത്രയും കാലം ജീവിച്ചിരിക്കുന്നതു തന്നെ അസാധാരണ കാര്യമാണ്. എന്നാലും എപ്പോൾ വേണമെങ്കിലും രോഗം വീണ്ടും വരാമെന്ന് താൻ പൂർണ്ണമായും കരുതുന്നുണ്ടെന്നും അങ്ങനെയാണങ്കിൽ വത്തിക്കാൻ നാമകരണ നടപടികൾ തിരിച്ചാക്കുമോന്ന് ഡുഫിൻ തിരിച്ചു ചോദിച്ചു. പുരോഹിതർ ഡുഫിന്റെ സംശയങ്ങൾ കുറിച്ചു വച്ചു. നാമകരണ നടപടികളമായു മുന്നോട്ടു പോയി d’youville യെ 1990 ഡിസംബർ 6 ന് വിശുദ്ധയായി പ്രഖ്യാപിച്ചു.

ഒരു ഹെർമറ്റോളജിസ്റ്റ് എന്ന നിലയിൽ ഡുഫിനുണ്ടായ ഈ അനുഭവം അവരുടെ വൈദ്യ ചരിത്ര അന്വേഷിക എന്ന മേഖലയെ പ്രചോദിപ്പിച്ചു. വത്തിക്കാന്റെ നാമകരണ നടപടികളുടെ ഓഫീസിലെ അർകൈവ്സ് പരിശോധിക്കാൻ അവർക്ക് അവസരം കിട്ടി. 1588 നും 1999 ഇടയ്ക്കുള്ള 1400 മിറക്കിൾ ഇൻവസ്റ്റിഗേഷനാണ് അവർ പരിശോധിച്ചത്. മിക്കതും ഏതെങ്കിലും രോഗത്തിൽ നിന്നോ മുറിവിൽ നിന്നോ ഉള്ള ഭേദമായതിന്റെ രേഖകളായിരിന്നു. ഡോക്ടർമാരുടെ സാക്ഷ്യത്തിൽ പലതിലും അമ്പരപ്പാണുള്ളത്.

ഇതിൽ നിന്നും അവർ മനസ്സിലാക്കിയ കാര്യങ്ങൾ ഇതാണ്, ഒരു രോഗി പ്രാർത്ഥനയിലൂടെ സുഖംപ്രാപിച്ചാൽ അതൊരു നല്ല കാര്യമാണ് അല്ലാതെ അത്ഭുതമല്ല. നല്ല പരിചരണം കിട്ടിയിട്ടും മരണ കിടക്കയിലായിരിക്കുന്ന ഒരു രോഗി സുഖം പ്രാപിച്ചാൽ അത് അത്ഭുതമായി സഭ കണക്കാക്കുന്നു. ആധൂനിക ചികിഝാ സമ്പ്രദായങ്ങളും മത വിശ്വാസവും തമ്മിൽ യാതൊരു പൊരുത്തക്കേടും സഭ കാണുന്നില്ല.

മാതൃകാപരമായ ജീവിതത്തെ ഉദാഹരണപ്പെടുത്തുന്ന ഒരു പൗരാണിക സമ്പ്രദായം മോഡേൺ സയൻസിനും അപേക്ഷിക വിജ്ഞാനത്തിനും ലോകപരമായ അഭിപ്രായങ്ങൾക്കും കീഴ്പെട്ടിരിക്കുന്നത് ഡുഫിനെ ആശ്ചര്യപ്പെടുത്തുന്നു. പക്ഷാവലംബിയല്ലാത്ത ഡോക്ടർമാരുടെയും ചേരിയില്ലാത്ത മൂന്നാം കക്ഷികളുടെയും അഭിപ്രായങ്ങൾ ഒരാളെ വിശുദ്ധനാക്കാൻ ആവശ്യമാണ്. സഭയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു വിപരീദ സന്ദേഹവും സയൻസിലുള്ള ഊന്നലും പ്രതീക്ഷിച്ചില്ലെന്നും ഡുഫിൻ പറയുന്നു.

മെഡിസിനെ മതവുമായി ചേർത്ത് മനസ്സിലാക്കിക്കൊണ്ട് ഡുഫിൻ പറയുന്നു, “both are elaborate, evolving systems of belief. Medicine is rooted in natural explanations and causes, even in the absence of definite evidence. Religion is defined by the supernatural and the possibility of transcendence. Both address our plight as mortals who suffer.” മെഡിസിൻ നമ്മുടെ മരണത്തെ താമസിപ്പിക്കാൻ ശ്രമിക്കുമ്പോൾ, മതം അതുമായി എങ്ങനെ അനുരജ്ഞനപ്പെടണമെന്ന് പഠിപ്പിക്കുന്നു.

മത വിശ്വാസങ്ങളുള്ള രോഗികളുടെ വിശ്വാസത്തെ കൂടുതൽ സഹാനുഭൂതിയോടെ കാണണമെന്നും, ഒരു ഡോക്ടറിന് വസ്തുതകൾ സത്യമായിരിക്കുന്നതു പോലെയാണ് ഒരു വിശ്വാസിക്ക് അവന്റെ വിശ്വാസങ്ങൾ സത്യമായിരിക്കുന്നതെന്നും അവർ മനസ്സിലാക്കുന്നു. 40 വർഷങ്ങൾ കഴിഞ്ഞിട്ടും വീണ്ടും രോഗം വന്ന് മരിക്കുമെന്ന് ഡുഫിൻ കരുതിയ സ്ത്രീ ജീവിച്ചിരിപ്പുണ്ടെന്നും അതിനെ എങ്ങനെ വിശദീകരിക്കണമെന്ന് അറിയത്തില്ലെന്നും ഡുഫിൻ പറയുന്നു. ആ സ്ത്രീ വിശ്വസിക്കുന്നത് ഇതൊരു അത്ഭുതമാണെന്നാണ്. ഡുഫിൻ ലേഖനം  അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, “why should my inability to offer an explanation trump her belief? However they are interpreted, miracles exist, because that’s how they are lived in our world.”

അത്ഭുതങ്ങളെ ഒരിക്കലും ഞാൻ നിരാകരിക്കുകയില്ല. അതെവിടെ വേണമെങ്കിലും സംഭവിക്കാം, ശബരിമലയിൽ, മക്കയിൽ, ധ്യാന കേന്ദ്രങ്ങളിൽ. എന്തുകൊണ്ട് അത് സംഭവിക്കുന്നു എന്നു ചോദിച്ചാൽ അതിനു വേണ്ടി നിലവിളിച്ച് അപേഷിക്കുന്ന ആരോ ഉണ്ട് എന്നതു തന്നെയാണ് ഉത്തരം. എനിക്ക് ഒരു അത്ഭുതത്തിന്റെ ആവശ്യമില്ലായിരിക്കും. പക്ഷെ, ഒരു അത്ഭുതത്തിന്റെ കരുണയ്ക്കായി യാചിക്കുന്ന ഒത്തിരി മനുഷ്യർ ലോകത്തുണ്ട്: ക്യാൻസർ ബാധിച്ച ഒരു കുഞ്ഞിന്റെ അമ്മ, കുടു:ബത്തിന്റെ അത്താണിയായ പിതാവിന്റെ രോഗം മാറാൻ പ്രാർത്ഥിക്കുന്ന മക്കൾ, കൗമാരത്തിന്റെ വിസ്മയങ്ങളിലേക്ക് കടന്നപ്പോൾ അപകടത്തിൽ പെട്ട് വെൻറ്റിലേറ്ററിൽ കിടക്കുന്ന ചെറുപ്പക്കാർ, ഇവരൊക്കെ അത്ഭുതത്തിനായി ദാഹിക്കുന്നുണ്ട്. അത്ഭുതങ്ങളെ നിരാകരിച്ചു കൊണ്ട് ഇവരുടെ ആവശ്യത്തെ അപമാനിക്കാൻ ഞാൻ തയ്യാറല്ല.

ഏതു തരം രോഗശാന്തികളാണ് ധ്യാന കേന്ദ്രങ്ങളിൽ നടക്കുന്നത്? പ്രധാനമായും സൈക്കോ സോമാറ്റിക് രോഗങ്ങൾ ഭേദമായതിന്റെ കഥകളാണ് അവിടെയുള്ളത്. എന്നുവച്ചാൽ മനസ്സുമായി ബന്ധപ്പെട്ട് കിടക്കുന്ന രോഗങ്ങൾ. ക്യാൻസർ ഒരു സൈക്കോ സൊമാറ്റിക് രോഗമാണ്. മനസ്സിനെ ദേദമാക്കുമ്പോൾ ചില ശരീരത്തിന്റെ രോഗങ്ങൾ ഭേദമാകും. നല്ലൊരു കുമ്പസാരം നടത്തിയപ്പോൾ ചില രോഗങ്ങൾ ഭേദമായി എന്നു പറയുന്നത് അതുകൊണ്ടാണ്. ഒരു സ്ത്രീ ഇരുപത് വർഷമായി വയറുവേദന അനുഭവിക്കുകയായിരിന്നു. പല ഡോക്ടർമാരെ കണ്ട് പല മരുന്നു കഴിച്ചിട്ടും രോഗം മാറിയില്ല. അവസാനം ക്യപാസനത്തിൽ പോയി പ്രാർത്ഥിച്ചപ്പോൾ രോഗം മാറി. അവർ പറഞ്ഞത് പൂർണ്ണമായും സത്യമാണ്. ഞാനിതിൽ നിന്നും മനസ്സിലാക്കുന്നത് ഈ വയറുവേദനയുടെ ഉറവിടം ശാരീരികമായിരിന്നില്ല എന്നതാണ്. ഇത് മനസ്സുമായി ബന്ധപ്പെട്ടതായിരിന്നു. അപ്പോൾ സൈക്കോളജി പോരേ എന്നു ചോദിക്കും. പ്രാർത്ഥനക്ക് ഒരു മനുഷ്യനിൽ മാറ്റം വരുത്താനാകും. പ്രാർത്ഥന ദൈവമല്ല കേൾക്കേണ്ടത്, പ്രാർത്ഥിക്കുന്നവൻ തന്നെയാണ്. അലോപതി ചെയ്യുന്നത് രോഗത്തെ ചെറുത്തു ഇല്ലാതാക്കാനുള്ള കെമിക്കൽ ശരീരത്തിൽ നിക്ഷേപിക്കുക എന്നതാണ്. ഇവിടെ മനസ്സിന് വലിയ പ്രാധാന്യമില്ല. ആയൂർവേദം ചെയ്യുന്നത് രോഗത്തെ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ ശക്തിയെ ഉത്തേജിപ്പിക്കുക എന്നതാണ്. അതുകൊണ്ട് ആയൂർവേദത്തിൽ മനസ്സിന്റെ സ്വസ്ഥതക്ക് പ്രാധാന്യമുണ്ട്. പ്രാർത്ഥനയും ഒരാളിന്റെ മനസ്സിനെ രോഗത്തിനെ പ്രതിരോധിക്കാൻ ശക്തിപ്പെടുത്തുന്നു. അലോപ്പതിയിൽ രോഗം ഭേദമാകാനുള്ള ചാൻസ് 90% ആണങ്കിൽ, ആയൂർവേദത്തിൽ ഒരു പക്ഷെ 80% ആയിരിക്കും. ഞാനിവിടെ വ്യത്യാസം കുറിക്കുന്നത് കെമിക്കലിന് പെട്ടെന്ന് പ്രവൃത്തിക്കാനുളള കഴിവുള്ളതുകൊണ്ടാണ്. എന്നാൽ ധ്യാന കേന്ദ്രത്തിൽ ഇത് 50% ആയിരിക്കും. പക്ഷെ, മനസ്സിന്റെ ശക്തിയെ പ്രാർത്ഥനയിലൂടെ ബലപ്പെടുത്തിയാൽ അലോപ്പതിക്ക് സുഖപ്പെടുത്താനാവാത്ത രോഗം പ്രാർത്ഥനയിൽ സുഖപ്പെട്ടു എന്നു വരാം. പ്രാർത്ഥനക്ക് മനസ്സിലൂടെ ശരിരത്തെ സുഖപ്പെടുത്താൻ കഴിയും. ഇതാണ് അത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

എന്നാൽ, പൂർണ്ണമായും ശാരീരികമായ ഒരു രോഗം ഭേദമായതിന്റെ കഥ ഒരു ധ്യാന കേന്ദ്രവും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. ഇത്തരം രോഗങ്ങളിൽ ചിലതിന് അലോപ്പതിയിലും മരുന്നില്ല എന്നതാണ് തമാശ. ഉദാഹരണം എയ്ഡ്സാണ്. ഒരു എയഡ്സ് രോഗിയെ ഭേദമാക്കാൻ പ്രാർത്ഥനക്ക് സാധിക്കില്ല കാരണം അതിന് പ്രവൃത്തിക്കാൻ പറ്റുന്ന മാർഗ്ഗമായ മനസ്സുമായി രോഗത്തിന് ബന്ധമില്ല എന്നതാണ്. ജന്മനാ തളർവാതനും അന്ധനും ആയവരെ സുഖപ്പെടുത്തിയതായി ബൈബിളിൽ പറയുന്നുണ്ട് പക്ഷെ, ധ്യാന കേന്ദ്രങ്ങളിൽ പറയുന്നില്ല.കാരണം അത് പൂർണ്ണമായും ശരീരവുമായി ബന്ധപ്പെട്ടതാണ്. പക്ഷെ, ഇടയ്ക്ക് വച്ച് തളർന്ന , അല്ലങ്കിൽ അന്ധത ബാധിച്ച ഒരാളെ സുഖപ്പെടുത്താൻ സാധിച്ചേക്കും, കാരണം അതിന് മനസ്സുമായി എന്തെങ്കിലും ബന്ധം കാണും. ചിത്തഭ്രമവും ധ്യാന കേന്ദ്രങ്ങളിൽ പോയി പ്രാർത്ഥിച്ചിട്ട് മാറിയതായി കേട്ടില്ല, കാരണം നൂറു ശതമാനവും മാനസീകമായ ഒരു രോഗമാണ്, മനസ്സിന് പ്രവൃത്തിക്കാൻ മനസ്റ്റ് തന്നെ അവിടെയില്ല. അത് ചിന്നഭിന്നമായി പോയിരിക്കുന്നു. മെഡിസിനിൽ പോലും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കോവിഡ് രോഗം ഒരു ശാരീരിക രോഗമാണ്. അതിനെ പ്രാർത്ഥിച്ച് സുഖപ്പെടുത്തുക സാധ്യമല്ല. ഇത് ബാധിക്കുന്ന എല്ലാവരും മരിക്കുന്നുമില്ല. അപ്പോൾ ആർക്കെങ്കിലും ഭേദമായതിനെ പ്രാർത്ഥനയുടെ അത്ഭുതമെന്ന് വിളിക്കാനാകില്ല. ഇത് ഭേദമാക്കാൻ രോഗശാന്തിക്കാർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന് പരിഹസിക്കുന്നതിലും അർത്ഥമില്ല.

ധ്യാന കേന്ദ്രങ്ങളിൽ നടക്കുന്നു എന്ന് പറയുന്ന എല്ലാ അത്ഭുതങ്ങളിലും ഞാൻ വിശ്വസിക്കുന്നുണ്ട്. പക്ഷെ, ചെറിയ മാനസീക പ്രശ്നമുള്ളവരെ ധ്യാനത്തിൽ പങ്കെടുപ്പിക്കുന്നത് അപകടകരമാണ്. അവിടുത്തെ ബഹളത്തിലും സ്തുതികളിലും പെട്ട് അവരുടെ മാനസീക രോഗം കൂടാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതുപോലെ, ഒരു പതിനഞ്ച് ക്യാൻസർ രോഗികൾ അവിടെ വന്ന് പ്രാർത്ഥിച്ചാൽ അവരെല്ലാം സുഖപ്പെടണമെന്നില്ല. ഒരു അഞ്ചു പേർ സുഖപ്പെട്ടു എന്ന് കരുതുക. ഈ അഞ്ച് പേരുടെ കാര്യങ്ങൾ ധ്യാന കേന്ദ്രങ്ങൾ ഭയങ്കരമായിട്ട് പ്രൊജക്ട് ചെയ്യും. പത്ത് പേരുടെ കാര്യം അവർ മിണ്ടത്തില്ല. പക്ഷെ, ഈ പത്ത് പേരുടെ കാര്യമാണ് ആദ്യം പറയേണ്ടത് കാരണം, ദൈവം മരുന്നിൽ വിശ്വസിക്കുന്നുണ്ടെന്ന് ഇവരോട് പറയാനുള്ള ധാർമ്മീക ഉത്തരവാദിത്വം മനുഷ്യരെന്ന നിലയിൽ ഇവർക്കുണ്ട്. ധ്യാനം കൂടിയതോടെ മരുന്ന് ഉപയോഗിക്കുന്നത് നിർത്തി മരണത്തിലേക്ക് സ്വയം തള്ളിയിടുന്നവരുണ്ട്. ചില ധ്യാന ഗുരുക്കന്മാർ ഇതിനു പ്രേരിപ്പിക്കുന്നുമുണ്ട്. അത് ദൈവ നിഷേധവും മനുഷ്യനിഷേവുമാണ്. പ്രാർത്ഥനയിലും മരുന്നിലും വിശ്വസിക്കണം. ചിലപ്പോൾ രണ്ടും ഒരു പോലെ പ്രവൃത്തിക്കും. പ്രാർത്ഥനയിൽ സാധിക്കാത്തത് മരുന്നു കൊണ്ട് സാധിക്കാനാകും, മരുന്നു കൊണ്ട് സാധിക്കാത്തത് പ്രാർത്ഥനയിലും സാധിക്കും. എങ്കിലും, മതത്തിന്റെ പ്രധാന കർമ്മം ഒരാളുടെ രോഗവുമായി, നഷ്ടവുമായി, മരണവുമായി രമ്യതപ്പെടാൻ സഹായിക്കുക എന്നുള്ളതാണ്.

ഡുഫിന്റെ ലേഖനത്തിന്റെ ലിങ്ക്: https://www.nytimes.com/2016/09/06/opinion/pondering-miracles-medical-and-religious.html

അത്ഭുതങ്ങളെക്കുറിച്ച് ചില കണ്ടെത്തലുകൾ

അത്ഭുതങ്ങളെക്കുറിച്ച് എന്റെതായ രീതിയിൽ ഒരു അന്വേഷണത്തിന് മുതിരുകയാണ്. അതിന്റെ ആദ്യ ഭാഗമാണിത്. ഈ ഭാഗത്ത് ആശ്രയിക്കുന്നത് ഒരു സിനിമയെയാണ്. ഹോളിവുഡിലെ മുൻ നിര സംവിധായകന്മാരിൽ ഒരാളായ Quentin Tarentino യുടെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ്, Pulp Fiction. കാൻ ഫെസ്റ്റിവലിൽ palme d’Or സമ്മാനം നേടിയ ഈ സിനിമയെ ഒരു പോസ്റ്റ് മോഡേൺ സിനിമ എന്നാണ് വിശേഷിപ്പിക്കുന്നത്. പല അധ്യായങ്ങളിലായി അവതരിപ്പിക്കുന്ന സിനിമയുടെ സഞ്ചാരം ക്രമാനുഗതമല്ല. പകപോക്കലാണ് സിനിമയുടെ കഥാതന്തു.


മാർസിയൂസ് വാലസ് എന്ന സംഘ തലവന്റെ വളരെ വിലപിടിച്ച വസ്തുവുള്ള പെട്ടി അദ്ദേഹത്തിന്റെ ബിസിനസ്റ്റ് പങ്കാളികളായി കുറച്ച് ചെറുപ്പക്കാർ അനധികൃതമായി പിടിച്ചു വച്ചിരിക്കുന്നു. ഇത് തിരിച്ചെടുക്കാനായി മാർസിയൂസ് വിടുന്ന രണ്ട് വാടക കൊലയാളികളാണ് ജൂലസ് വിൻ ഫീൽഡും (സാമുവൽ ജാക്സൺ) വിൻസൻറ്റ് വേഗയും (ജോൺ ട്രവോൾട്ട). ഇവർ ചെറുപ്പക്കാരെ കണ്ടെത്തുന്നു, പെട്ടി കൈവശപ്പെടുത്തുന്നു. പതിവു പോലെ അതിലെ പ്രധാനിയെ കൊല്ലുന്നതിനു മുമ്പ് ജൂലസ് മന:പാഠമാക്കി വച്ചിരിക്കുന്ന ബൈബിൾ ഭാഗം ഉച്ചരിക്കുന്നു. എസെക്കിയേൽ 25:17 ആണ് ജൂലസ് കുറച്ച് വ്യത്യാസങ്ങൾ വരുത്തി ഉദ്ധരിക്കുന്നത്, “The path of the righteous man is beset on all sides by the inequalities of the selfish and tyranny of evil men. Blessed is he who, in the name of charity and good will, shepherds the weak through the valley of darkness, for he is truly his brother’s keeper and the finder of lost children.”


ജൂലസും വിൽസൻറ്റും പെട്ടിയുമായി പോകാനൊരുങ്ങുമ്പോൾ അടുത്ത മുറിയിൽ ഒളിച്ചിരിന്ന ചെറുപ്പക്കാരിലൊരുവൻ വന്നിട്ട് അവരുടെ നേരെ തുരുതുരാ നിറയൊഴിക്കുന്നു. പേടിച്ചു വിറച്ച് വന്നിട്ടാണ് അവൻ നിറയൊഴിക്കുന്നത്. വളരെ അടുത്തു നിന്ന് വെടി വെച്ചിട്ടും ഒരു തിര പോലും ജൂലസിനെയോ വിൻസറ്റിനെയോ സ്പർശിക്കുന്നില്ല. അവന്റെ തോക്കിലെ തിര തീരുന്നു അവർ രണ്ടു പേരും അവനെ വെടിവച്ചു ചെയ്യുന്നു. വിൻസൽറ്റിനു ഒരു ഭാവമാറ്റവും ഇല്ല. പക്ഷെ, അത്ഭുതപ്പെടുന്ന ജൂലസ് ഉണ്ടകൾ തറച്ച ഭിത്തി പരിശോധിച്ചു കൊണ്ട് പറയുന്നു, “This is divine intervention! Do you know what is divine intervention? സീരിയസായി, എന്നാൽ കളിയാക്കിക്കൊണ്ട് വിൻസന്റ്റ് പറയുന്നു, “yes, God came down from heaven and stopped the bullets.” ജൂലസിന് ഇനി ഒന്നും തമാശയല്ല, ജൂലസ് പറയുന്നു, “that’s right, exactly, that’s it, God came from heaven and stopped bullets.” വിൻസ്റ്റിന് ഈ തമാശ മതിയാകുന്നു, നമ്മുക്കിനി പോകാം എന്നു പറയുന്നു. പക്ഷെ, ഇത് അത്ഭുമാണെന്ന് വിൻസന്റ്റ് സമ്മതിക്കാതെ ജൂലസ് അനങ്ങില്ല. വിൻസൻറ്റ് വഴങ്ങുന്നു, “Yes, this shit happens.” അപ്പോൾ ജൂലസ് എന്തുകൊണ്ടാണ് ഇത് ഒരു അത്ഭുതമാണെന്ന് വ്യക്തമാക്കുന്നു, ” this shit doesn’t happen!”


പെട്ടിയുമായിട്ട് പോകുന്ന ഇവർ ഒരു റെസ്റ്റോറൻഡിൽ കയറുന്നു. വിൻസന്റ്റ് ബാത് റൂമിൽ പോയ സമയത്ത് അമേച്യർ ആയ രണ്ടു പേർ അവിടെയുള്ളവരെ തോക്ക് ചൂണ്ടി കൊളളയടിക്കാൻ ശ്രമിക്കുന്നു. അതിലൊരുവനെ ജൂലസ് തന്ത്രപൂർവ്വം കീഴടക്കുന്നു. ജൂലസ് അവനെ തോക്കിൻ മുമ്പിൽ നിർത്തിയിട്ട് പഴയതു പോലെ എസെക്കിയേൽ 25:17 ഉദ്ധരിക്കുന്നു. പക്ഷെ, ഇപ്രാവശ്യം കാഞ്ചി വലിക്കുന്നില്ല, കാരണം ഇപ്പോൾ അവന് യഥാർത്ഥത്തിൽ എന്താണ് താൻ പറയുന്ന വാക്കുകളുടെ അർത്ഥം എന്ന് മനസ്റ്റിലാകുന്നു, “I have been saying that shit for years. And if you ever heard it, it meant your a**. I really questioned what it meant. I thought just it was just a cold blooded thing to say to a m*%#@, for you popped a cap in his a**. But I saw some shit this morning made me think twice. Now I’m thinking, it could mean you’re the evil man. And I’m the righteous man. And the Mr. 45 here, he is the shepherd protecting my rightous a** in the valley of darkness. Or this could be you are the righteous man and I’m the shepherd and it’s the world that’s selfish and evil. I’d like that. But that shit ain’t the truth. The truth is you’re the weak. And I’m the tyranny of evil men. But I’m trying. I’m trying real hard to be a shepherd.” ജൂലസ് തോക്ക് താഴ്ത്തുന്നു. തന്റെ പേഴ്സിലെ പണമെല്ലാം എടുത്തിട്ട് പോകാൻ അവനോട് പറയുന്നു. അവനും കുട്ടുകാരിയും തോളിൽ കൈയിട്ട് പുറത്തേക്ക് പോകുന്നു. റെസ്റ്റോറൻറ്റിൽ ഉണ്ടായിരിന്നവരുടെ ശ്വാസം നേരെ വീഴുന്നു. ജൂലസും വിൻസൻറ്റും പെട്ടിയുമായി പുറത്തേക്ക് പോകുന്നു. ജൂലസിന് പിന്നെ എന്തു പറ്റി എന്നറിയില്ല. പിന്നെ അവൻ വാടക കൊലയാളി ആകത്തില്ല. എല്ലാ ക്രൂരതയും കൊലയും അവസാനിപ്പിച്ച് അവൻ ആരുടെയോ ഇടയനാകാൻ യാത്ര തിരിക്കുന്നു. വിൻസൻറ്റ് വീണ്ടും വാലസിന്റെ വാടക കൊലയാളിയായിട്ടുള്ള ജോലി തുടരുന്നു. ഇടയ്ക്കുവച്ച്, ബ്രുസ് വില്ലിസ് അവതരിപ്പിക്കുന്ന ബുച്ചർ വിൻസൻറ്റിനെ വെടിവച്ച് കൊല്ലുന്നു.


വെടി കൊള്ളാതെ രക്ഷപ്പെട്ടതിന് ആരു നൽകുന്ന വിശദീകരണമാണ് ശരി. വിൻസൻറ്റ് നൽകുന്ന “it happens” എന്ന വിശദീകരണമാണ് യുക്തിഭദ്രം. കാരണം നമ്മുക്ക് പ്രത്യേകിച്ച് ഒരു അർത്ഥവും നൽകാനാകാത്ത ഒത്തിരി സംഭവങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അതിനെയൊന്നും അത്ഭുതം എന്നു വിളിക്കേണ്ട ആവശ്യമില്ല. വെടിവയ്ക്കാൻ വന്നവൻ പേടിച്ചു വിറച്ച് പ്രത്യേകിച്ച് ഉന്നം നോക്കാതെ വെടിവയ്ക്കുകയാണ്. ഇതിനു മുമ്പ് ഒരിക്കലും അവൻ തോക്കുപയോഗിച്ചിട്ടില്ല എന്നു തോന്നും അവൻ വെടിവയ്ക്കുന്നതു കണ്ടാൽ. പക്ഷെ, അടുത്തു നിന്നാണ് വെടിവച്ചത് അപ്പോൾ അതിൽ ഏതെങ്കിലും ഒന്ന് കൊള്ളാനുള്ള എല്ലാ സാധ്യതയും ഉണ്ടുതാനും. ഭിത്തിയിൽ ഉണ്ട കൊണ്ട പാടുകൾ കണ്ട് ജൂലസ് മനസ്സിലാക്കുന്നത് അതാണ്. എന്നാൽ, ദൈവം ആകാശത്തു നിന്നു വന്നു ബുള്ളറ്റുകൾ തടഞ്ഞു എന്ന് ജൂലസ് കൊടുക്കുന്ന വ്യാഖ്യാനം ശരിയാണോ? ഒട്ടുമല്ല, യുക്തിഭദ്രമല്ലാത്ത ഒരു തെറ്റായ വ്യാഖ്യാനമാണത്.


പക്ഷെ, ഈ തെറ്റായ വ്യാഖ്യാനം കൊണ്ടുണ്ടായതാണ് ശരിക്കുള്ള അത്ഭുതം, ജൂലസിന്റെ ജീവിതത്തെ ഇത് മാറ്റിമറിച്ചു. ഇനി ആരെയും അവന് കൊല്ലാനാവാത്ത വിധത്തിൽ. അവൻ അർത്ഥമറിയാതെ പറഞ്ഞു കൊണ്ടിരിന്ന എസെക്കിയേൽ 25:17 അവനിപ്പോൾ മനസ്സിലായി. അവനാണ് യഥാർത്ഥത്തിൽ tyranny of evil എന്ന് തിരിച്ചറിഞ്ഞു ഇനി അവന്റെ ലക്ഷ്യവും ശ്രമവും അശരണരെ ഇരുളിന്റെ താഴ് വരയിലൂടെ നടത്തിക്കൊണ്ടുപോകുന്ന ഇടയനാകാനും, സഹോദന്റെ സൂക്ഷിപ്പുകാരനും നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തുന്നവനും ആകാനായിരിക്കും. ശരിയായ വ്യാഖ്യാനമുള്ള വിൻസൻറ്റിനാകട്ടെ മാറാനുള്ള ഒരു ബാധ്യതയുമില്ല. അവൻ പഴയ വഴിയിലൂടെ തന്നെ നടക്കുന്നു.


അത്ഭുതം എന്നത് ഈ പ്രപഞ്ചത്തിലും നമ്മുടെ ജീവിതത്തിലും സംഭവിക്കുന്ന പല ആകസ്മീക സംഭവങ്ങൾക്കും നമ്മൾ കൊടുക്കുന്ന തെറ്റായ വ്യാഖ്യാനമാണ്. പക്ഷെ, ഈ തെറ്റായ വ്യാഖ്യാനങ്ങൾക്ക് മനുഷ്യന്റെ ജീവിതത്തെ മാറ്റിമറിക്കാനാകും, നന്മയുള്ളതും സുന്ദരവുമാക്കാൻ സാധിക്കുമ്പോൾ അത് യഥാർത്ഥ അത്ഭുതമായി മാറുന്നു. ഭൂമിയെ നിലനിർത്തുന്നത് ഇതിലെ സംഭവങ്ങൾക്ക് മനുഷ്യൻ നൽകുന്ന ശരിയായ വ്യാഖ്യാനമല്ല. പകരം, തെറ്റായ വ്യാഖ്യാനങ്ങളാണ്. അവ ചില നന്മകളെയും സൗന്ദര്യത്തെയും ഏറ്റവും പുതിയതായി സൃഷ്ടിക്കുന്നു.

മതവും ലോകവും

ദൈവത്തെ ഭൂമിയിൽ അന്തർയാമിയാക്കുന്ന ചിന്തയെ കൂടുതൽ മുന്നോട്ടു കൊണ്ടു പോയാൽ എന്താണ് സംഭവിക്കുന്നത് എന്നുള്ള അന്വേഷണമാണിത്. നമ്മുടെ സമകാലികനായ ബ്രൂണോ ലാതോറിന്റെ ചിന്തയെയാണ് ഇവിടെ അഭിമുഖീകരിക്കുന്നത്. ബ്രൂണോ ലാതോർ, object oriented ചിന്തകനാണ്. സാധാരണ ഗതിയിൽ നമ്മൾ ചിന്തിക്കുന്നത് സബ്ജക്റ്റ് ഓബ്ജക്റ്റ് എന്ന വ്യത്യാസം അനുവർത്തിച്ചു കൊണ്ടാണ്. വസ്തു കേന്ദ്രീകൃത ചിന്തകർ സബ്ജക്റ്റിനെ എടുത്തു മാറ്റി കളയുന്നു. സബ്ജക്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നുംതന്നെയില്ല, പകരം നിലനിൽക്കുന്ന എല്ലാം വസ്തുക്കൾ മാത്രമാണ്. ജീവനുള്ളതും ജീവനില്ലാത്തതും, വാസ്തവും അവാസ്തവും ആയ എല്ലാ വസ്തുക്കളും ഒരൊറ്റ വരിയിൽ നിൽക്കുന്നു. ഇനി വസ്തുക്കൾ അവയെ ചിന്തിക്കുന്ന കർത്താവിന്റെ കീഴിലല്ല. എല്ലാ വസ്തുക്കൾക്കും ഇനി അവരുടെ കിരീടം ചൂടിയ ദേവതമാരുണ്ടെന്നു സാരം. ഇത് സൃഷ്ടിക്കുന്നത് ഒരു പരന്ന സത്താമീമാംസയാണ്. ഈ പ്ലാറ്റ് ഓൻറ്റോളജിയിൽ ഒന്നിനും മേൽക്കോയ്മയില്ല, ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തിനും.


വസ്തു കേന്ദ്രീകൃത ചിന്ത പ്രതിലോമമാണ്, വിപ്ലവാത്മകമാണ്. കർത്താവ് എപ്പോഴും നിശ്ചയിച്ചിരിന്ന പരിധിയിൽ നിന്നും വസ്തുക്കൾ കുതറി മാറി അതിന്റെ അവകാശപ്പെട്ട വ്യക്തിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ബൈബിളും ഖുറാനും പറയുന്നതിനനുസരിച്ച് ഭൂമിയുടെ പ്രായം ഏകദേശം 15,000 വർഷമാണ്. വി.ഗ്രന്ഥങ്ങൾ ഇവിടെ കർത്താവാണ്, എന്നിട്ട് ഭൂമി എന്ന വസ്തുവിന്റെ പ്രായം അത് സ്വന്തമായി നിശ്ചയിക്കുന്നു. പക്ഷെ, ഭൂമിയിലുള്ള പാറകൾ ഇതിനെതിരെ വിളിച്ചു പറയും, “നോക്കു, നാന്നൂറ് കോടി വർഷങ്ങളായിട്ട് ഞങ്ങളിവിടെ ഉണ്ട്. (ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ പാറയുടെ പഴക്കം, 4, 28 ബില്യൺ ആണ്) അങ്ങനെ, വസ്തു കേന്ദ്രീകൃത ചിന്ത എല്ലാറ്റിന്റെയും അപ്രമാദിത്വത്തെ എടുത്തു കളയുന്നു. അപ്രമാദിത്വം മാത്രമേ നഷ്ടമാകുന്നുള്ളു. ഒന്നിന്റെയും അർത്ഥത്തെയും മൂല്യത്തെയും നിരാകരിക്കുന്നില്ല.


ബ്രൂണോ ലാതോറിന്റെ, Rejoicing or the Torments of Religion എന്ന പുസ്തകമാണ് ഈ ലേഖനത്തിന്റെ ആധാരം. പുസ്തകത്തിന് പരാവർത്തനം നൽകുക മാത്രമാണ് എന്റെ ലക്ഷ്യം. ബ്രൂണോ ലാതോർ മതത്തെ ഓർത്ത് ഈ പുസ്തകത്തിൽ ഒരേ സമയം ആഹ്ളാദിക്കുകയും വിലപിക്കുകയും ചെയ്യുന്നു. എന്താണ് മതത്തെക്കുറിച്ചുള്ള പ്രധാമായ ആശയ കുഴപ്പങ്ങൾ? മതമെന്നത് വിശ്വാസ (Belief)ത്തെ കുറിച്ച് അല്ലങ്കിൽ പിന്നെ എന്തിനെക്കുറിച്ചാണ്? മതം എന്നത് സത്യത്തെക്കുറിച്ച് അല്ലങ്കിലോ? മതം ദൈവത്തെക്കുറിച്ചും അല്ലങ്കിലോ ? മതം അകലങ്ങളെയും സ്വർഗ്ഗത്തെയും സംബന്ധിക്കുന്നത് അല്ലങ്കിലോ? മതം പുനരാരംഭത്തെ കുറിച്ചും വീണ്ടെടുക്കലിനെ കുറിച്ചും ആണങ്കിലോ? അഗാധമായ ഒരു പ്രണയ ബന്ധത്തെ സംബന്ധിക്കുന്നതാണ് മതമെങ്കിലോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പുസ്തകത്തിൽ നടത്തുന്നത്.


ബ്രൂണോ ലാതോറിന്റെ പ്രധാന സ്വാധീനം മറ്റൊരു പ്രഞ്ച് ചിന്തകനായ മൈക്കൾ സേരസ്സാണ്. ഇവർ രണ്ടു പേരും മതത്തെ അതിന്റെ ഉത്ഭവ വാക്കുകളിലൂടെ നിരൂപിക്കാൻ ശ്രമിക്കുന്നു. Religion എന്ന വാക്കിന്റെ ഉത്ഭവം Relegare, religare, reliegens എന്നിവയിൽ നിന്നാണ്. ഈ വാക്കുകളുടെ അർത്ഥം വീണ്ടും വായിക്കുക, ഒരുമിപ്പിക്കുക, സംരക്ഷിക്കുക എന്നിവയാണ്. ഇങ്ങനെ വച്ചു നോക്കുമ്പോൾ റിലീജിയൻ എന്ന വാക്കിന് വിശ്വാസത്തേക്കാൾ അഗാധമായ ബന്ധമുള്ളത് കരുതലിനോടാണ്. ലൗകീകവും ചരിത്രപരവും ഭൗതീക പരമായ രൂപാന്തരങ്ങളിലൂടെ കടന്നുവന്ന വാക്കാണ് മതം എന്നത്. അതുകൊണ്ട് ലാതോർ പറയുന്നു, മതം വസ്തുക്കളെ കുറിച്ച് സംസാരിക്കുകയല്ല ചെയ്യുന്നത്, വസ്തുക്കളിൽ നിന്നും സംസാരിക്കുകയാണ്.


ഭക്തനായ കത്തോലിക്കനും സാമൂഹ്യ ശാസ്ത്രജ്ഞനും ചിന്തകനും ഒക്കെയായ ലതോറിന് ദൈവത്തിന്റെ അസ്തിത്വത്തിന് ശാസ്ത്ര ജീവിത രീതിയുമായി യാതൊരു ബന്ധവുമില്ല. ലാതോറിന്റെ ദൈവം ശുദ്ധ അന്തർയാമിയാണ്, “A God, who doesn’t exist outside the processions and rituals that God present.” ഫ്രഞ്ചുകാരനായ ലാതോർ , മതം ഇന്ന് ഒന്നും അർത്ഥമാക്കതിനെയോർത്ത് വിലപിക്കുന്നു. പ്രസംഗ പീഠങ്ങളിൽ നിന്നും കേൾക്കുന്നതും മതത്തെ വെറുത്തുപേക്ഷിച്ചു പോയവരുടെ കളിയാക്കലും ഒരു പോലെ ലാതോറിനെ ലജ്ജിപ്പിക്കുന്നു. ലാതോർ അത്ഭുതപ്പെടുന്നു, “what monstrous metamorphosis makes what one had so much meaning became absolutely meaningless like blast of words freezing on the lips of convicts in the Siberian cold!”


ലാതോറിനെ സംബന്ധിച്ച് എല്ലാം എങ്ങനെ ആരംഭിച്ചു എന്നതല്ല പ്രശ്നം, അതിനു ശേഷം എന്തു സംഭവിച്ചു എന്നതാണ്. ഇവിടെ നമ്മൾ ചിന്തിക്കുന്നത് വാക്കുകളുടെ മാറ്റത്തെക്കുറിച്ചാണ്. വാക്കുകളുടെ അർത്ഥം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ് കാരണം വാക്കുകളെ കണ്ടുപിടിച്ചതും അർത്ഥം നൽകിയതും മനുഷ്യരാണ്. അതുകൊണ്ടു തന്നെ അതിന് മാറ്റങ്ങൾ വരുന്നുണ്ട്. ഉദാഹരണത്തിന് നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് ആറ്റം എന്നത്. BC 400-കളിൽ ജീവിച്ചിരിന്ന ഡിമോക്രീറ്റസാണ് ഈ വാക്കിന്റെ ഉപജ്ഞാതാവ്. പ്രപഞ്ചത്തിലെ ഏറ്റവും സൂക്ഷ്മവും വിഘടിപ്പിക്കാൻ സാധിക്കാത്തതുമായ ആറ്റങ്ങൾ കൊണ്ടാണ് എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഡിമോക്രീറ്റിസിന്റെ ചിന്താ ശാസ്ത്രം. ആധുനിക ശാസ്ത്രം ഇത് അംഗീകരിക്കുന്നു. പക്ഷെ, ആറ്റം എന്നത് ഇന്ന് വിഘടിപ്പിക്കാവുന്നതാണ്. അങ്ങനെയാണങ്കിൽ ആറ്റത്തിന് ഡിമോക്രിറ്റസ് ഉദ്ദേശിച്ച അർത്ഥം ഇന്നില്ല.(ഉദാഹരണം ലാതോറിൻ്റെത് അല്ല)


മതത്തിലും, നമ്മൾ ഒരിക്കൽ അർത്ഥങ്ങൾ പങ്കുവയ്ക്കാൻ ഉപയോഗിച്ച പല വാക്കുകൾക്കും ഇന്ന് പ്രസ്തുത അർത്ഥങ്ങളില്ല. ഗ്രീക്ക് ഭാഷയിൽ നിന്നും നമ്മൾ കടമെടുത്ത പല വാക്കുകളുടെയും അർത്ഥം മാറിപ്പോയി. അപ്പോൾ, അർത്ഥത്തെ സംരക്ഷിക്കാനായി പുതിയ വാക്കുകൾ നമ്മൾ കണ്ടെത്തണമായിരിന്നു. പകരം നമ്മൾ ചെയ്തത് അർത്ഥങ്ങളെ ബലി കൊടുത്തു കൊണ്ട് വാക്കുകളെ സംരക്ഷിക്കുക എന്നതായിരിന്നു. ഇതിന് ലാതോർ നൽകുന്ന ഉദാഹരണം ദൈവം എന്ന വാക്കാണ്. God എന്ന വാക്കിനെ ഇന്ന് വിവർത്തനം ചെയ്യേണ്ടത്, an indisputable frame work of ordinary existence,” എന്നാണെന്ന് ലാതോർ പറയുന്നു. ശാസ്ത്രീയവും, കലാപരവുമായ അസാധാരണ ജീവിതത്തിന്റെതല്ല, പകരം ഏറ്റവും സാധാരണമായ ജീവിതരീതിയുടെ ഒഴിവാക്കാനാവാത്ത നഖചിത്രമാണ് ദൈവം. ഒരിക്കൽ ദൈവം എന്ന വാക്കിൽ തട്ടി ആരും വീണിരിന്നില്ല. അപ്രാപ്യനായ, അധികാരിയായ, ഏകാധിപതിയായ, സ്വർഗ്ഗസ്ഥനായ ദൈവം എന്ന വാക്കിൽ തട്ടി അനേകം മനുഷ്യർ വീഴുന്നുണ്ട്. എന്നിട്ടും ദൈവം എന്ന വാക്കിന് പുതിയ അർത്ഥം നൽകാനോ വിവർത്തനം നൽകാനോ നമ്മൾ ശ്രമിക്കുന്നില്ല. ക്രിസ്തു പറയുന്നു, “ആരാണോ അവരുടെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അവർക്കത് നഷ്ടമാകും.” ഇങ്ങനെ സംരഷിക്കാൻ ശ്രമിച്ചപ്പോഴാണ് ദൈവത്തെയും നമ്മുക്ക് നഷ്ടമായത്.


കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്താണ് നമ്മുക്കിപ്പോൾ ആഗ്രഹിക്കാൻ സാധിക്കുക? ലാതോർ തന്റെ ആഗ്രഹം പറയുന്നു, “what I really need is something new, I need the Psalter no one has set to verse, collection of songs no one has compiled, of holy pictures no one has coloured in.” ലാതോറിനും ആഗ്രഹത്തിന് സമാനമായ ആഗ്രഹങ്ങൾ ഉള്ളതുകൊണ്ടാണ് ഞാൻ ലാതോറിനെ വായിക്കുന്നത്. ഈ ആഗ്രഹം ഇല്ലാത്തവർക്ക് ലാതോറിനെ കുറിച്ചുള്ള എന്റെ എഴുത്ത് ഒരു പരിഗണന ആകരുത്.


യൂറോപ്പിന്റെ പശ്ചാത്തലത്തിൽ ജീവിക്കുന്ന ലാതോർ ചോദിക്കുന്നു, എന്തുകൊണ്ടാണ് നമ്മുടെ ദേവാലയങ്ങൾ ശൂന്യമായി പോയത് ? ഒരു വശത്ത് ജനങ്ങളെ സ്വീകരിക്കാൻ നമ്മൾ പള്ളികൾ പണിതു, മറുവശത്ത് നമ്മൾ അവരെ തള്ളി പുറത്താക്കി. ഇതു തന്നെയല്ലേ നമ്മുടെയും അവസ്ഥ? പള്ളികളുണ്ടാക്കി ജനങ്ങളെ കയറ്റിയിട്ട് നമ്മളവരെ തള്ളി പുറത്താക്കുന്നു. നമ്മുടെ പള്ളി പ്രസംഗങ്ങളുടെ കാര്യം എടുത്തു നോക്കുക, ” church has failed terribly to hold people together, to keep the meaning of the words, look at the horrible situation of sermons! They multiply words which don’t have any meaning. We, listeners wish to run run as fast our legs carry.” പള്ളി പ്രസംഗക്കക്കുറിച്ച് ലാതോർ എന്ന ആല്മായന്റെ പരിദേവനമാണിത്. ഇത് സത്യമാണ്. അച്ചന്മാരുടെ പ്രസംഗം കാരണം താമസിച്ചു പള്ളിയിൽ വരുന്ന മനുഷ്യർ നമ്മുടെ ഇടയിൽ തന്നെ ഒത്തിരിയുണ്ട്. നന്നായി പ്രസംഗിക്കാൻ അറിയുന്ന വൈദികർ പ്രസംഗം ചുരുക്കി പറയുമ്പോൾ, പ്രസംഗിക്കാൻ അറിയാത്തവർ എവിടെ നിർത്തണമെന്നറിയാതെ നീട്ടിക്കൊണ്ടുപോകുന്നു !


എന്താണ് മതാത്മക സംഭാഷണങ്ങൾ? ഇതിനെ ലാതോർ സാമ്യപ്പെടുത്തുന്നത് കമിതാക്കളുടെ പ്രണയസല്ലാപത്തോടാണ്. പ്രണയ സംഭാഷണത്തിൽ സൂചനകളോ, അടയാളങ്ങളോ ഇല്ല. പകരം, മറ്റെന്തോ സൃഷ്ടിക്കപ്പെടുന്നു. ഇതുപോലെ മതാത്മക സംഭാഷണങ്ങളിൽ യാതൊരു വിധ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നില്ല, പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ അനാവരണം ചെയ്യുന്നില്ല. പകരം അത് കേൾക്കുന്നവരിൽ മാറ്റം വരുത്തുന്നു. മാലാഖമാരെക്കുറിച്ച് സേരസ്സ് പറയുന്നതു പോലെ, മാലാഖമാർ സന്ദേശങ്ങളൊന്നും കൈമാറുന്നില്ല. അവർ അഭിസംബോധന ചെയ്യുന്നവരിൽ മാറ്റം സൃഷ്ടിക്കുന്നു. പുതിയൊരു സന്ദേശം കൈമാറുന്നതിനു പകരം പുതിയൊരു വാഹകനെ അവർ സൃഷ്ടിക്കുന്നു. “Angels, transforming the interlocutor establish a communication, ‘you are wanted in the phone!'”


മതം, വാസ്തവത്തിൽ മറ്റൊരു ലോകത്തെ അന്യേഷിക്കുന്നവരെ നിരാശപ്പെടുത്തും. സയൻസ് നമ്മുടെ പ്രാർത്ഥന കേൾക്കുമായിരിക്കും. മതം ഒരു പ്രാർത്ഥനയും കേൾക്കുന്നില്ല. ഇവിടെ ഒരു ചോദ്യവും പരിഹരിക്കപ്പെടുന്നില്ല, ഒരു മിസ്റ്ററിയും അനാവരണം ചെയ്യപ്പെടുന്നില്ല. പകരം, ഈ വസ്തുത മാത്രം നൽകപ്പെടും, “അവൻ ഉയിർക്കപ്പെട്ടിരിക്കുന്നു. അവൻ ഇവിടെയില്ല. നോക്കു, അവനെ സംസ്ക്കരിച്ചിരിന്ന സ്ഥലം.” ഉത്ഥാനം അസ്തിത്വത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങളൊന്നും നൽകുന്നില്ല. ഈ വിശ്വാസം ശാസ്ത്രത്തെ എല്ലാ ശക്തിയോടും ആത്മാവോടും അംഗീകരിക്കുന്നു എന്നിട്ട് അതിന് മാത്രം ചെയ്യാൻ സാധിക്കുന്നതിനെ അന്വേഷിക്കുന്നു. അത് അകലത്തായിരിന്നതിനെ അരികിലേക്ക് വിളിച്ചു വരുത്തുക എന്നതാണ്.മിസ്റ്ററി, വിശ്വാസം, നിഗൂഡത ഇതെല്ലാം ഒരു അതിന്ദ്രീയ ലോകത്തിന്റെതായിരിക്കുമ്പോൾ തികച്ചും വ്യക്തതയില്ലാത്ത കാര്യങ്ങളാണ്. എന്നാൽ ലോകത്തിന്റെതായിരിക്കുമ്പോൾ അവ വ്യക്തമാകുന്നു. അപ്പോൾ നമ്മുക്ക് മനസ്സിലാകുന്നു, “mysterious doesn’t refer to what is hidden, obscure, or coded, but to what is risky, clever and well done.”


ലാതോർ പെന്തക്കോസ്തയെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും അദ്ദേഹത്തിന്റെ ആശയം കൂടുതൽ സ്പഷ്ടമാകും. പെന്തക്കോസ്താ ദിവസം ഒരു പറ്റം മനുഷ്യർക്ക് അവരുടെ വംശിയത നഷ്ടപ്പെടുത്താതെ നല്ല വാർത്തകൾ കേൾക്കാൻ സാധിച്ചു. അതിന് ഒരേ ഒരു കാരണം മാത്രമേ ആവശ്യമുണ്ടായിരിന്നുള്ളു, മാനസാന്തരം. അതു സംഭവിച്ചാൽ അവർക്കെല്ലാം അവരുടെ ഭാഷയിൽ സന്ദേശം കേൾക്കാൻ സാധിച്ചു. ഒരൊറ്റ ജനതയായി മാറാൻ അവർക്ക് അവരുടെ വംശീയതയെ, ഭാഷയെ പരിത്യജിക്കേണ്ടി വന്നില്ല. പെന്തക്കോസ്തക്ക് സമാനമായ ഒരു ആഘാതം എങ്ങനെയാണ് ഇന്ന് സൃഷ്ടിക്കാനാകുക? എങ്ങനെയാണ് മതത്തെ രക്ഷപ്പെടുത്താൻ സാധിക്കുക? ലാതോർ പറയുന്നത്, ഏറ്റവും സാധാരണമായ പ്രണയ സംഭാഷണത്തിന്റെ നന്മയിലേക്ക് നമ്മൾ തിരിച്ചു പോകണം. കമിതാക്കളായവർ ഒരായിരം തവണയെങ്കിലും തുടർച്ചയായ് പറയുന്ന വാചകമാണ്, ” ഞാൻ നിന്നെ സ്നേഹിക്കുന്നു.” എന്നാലും ഇവർ പരസ്പരം ചോദിക്കും, “നിനക്കെന്നെ ഇഷ്ടമാണോ?” കുറച്ച് നിമിഷം മുമ്പ് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ കാമുകനോട് കാമുകി ചോദിക്കും “നിനക്കെന്നെ ഇഷ്ടമാണോ? ” പെന്തക്കോസ്താ സൃഷ്ടിച്ചതും പ്രണയത്തിന്റെ ഒരു “ഇപ്പോൾ” ആണ്. അത് അവിടെ നിന്നും സഞ്ചരിച്ച് ഭൂതകാലത്തെ ബലപ്പെടുത്തി, ഭാവിയുടെ വാതിലുകൾ തുറക്കുന്നു. ഈ അനുഭവം അവരെ ഒന്നാക്കി മാറ്റുന്നു , “the stranger with their strange customs, actually turned to be our brother, in spite of the diversity.”


ഇന്നിത് സംഭവിക്കുന്നില്ലങ്കിൽ അതിനർത്ഥം നമ്മൾ എല്ലാ കഥകൾക്കും പിന്നിൽ യാതൊരു മാറ്റുമില്ലാത്ത, എല്ലാ കാലത്തും ഒരുപോലെയിരിക്കുന്ന ഒരു സത്തയെ സ്ഥാപിച്ചു എന്നുള്ളതാണ്. ശാശ്വതനായ വിശ്വ ദൈവം, പരമാർത്ഥനായ ദൈവം, പ്രമാണിക ദൈവം ഇതെല്ലാം കപടശാസ്ത്രപരമായി നിർമ്മിക്കപ്പെട്ട വാക്കുകളാണെന്ന് പറയാൻ ലാതോർ ധൈര്യം കാണിക്കുന്നു. ദൈവം ഒരു സത്തയല്ല പകരം ശതുവിനെപ്പോലും സുഹൃത്താക്കി മാറ്റുന്ന സേനഹമാണ്, “perhaps he is as fragile as love, because one wrong can put love in to crisis.” എങ്ങനെയാണ് ഈ സ്നേഹം അപകടത്തിലാകുന്നത്? ഇത് ഭൂതകാലത്തിൽ നിന്നും വർത്തമാനത്തിലേക്ക് ചലിക്കാൻ തുടങ്ങുമ്പോഴാണ്. ഇതിനെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിലേക്ക് ഒഴുകാൻ ഇതിനെ അനുവദിക്കുക എന്നുളളതാണ്.


ലാതോർ വീണ്ടും ചോദിക്കുന്നു, പെന്തക്കോസ്താ ദിനങ്ങൾ അസ്തമിച്ചു പോയ ഈ കാലഘട്ടത്തിൽ നമ്മുക്ക് എങ്ങനെയാണ് വീണ്ടും വിശ്വാസികളാകാൻ സാധിക്കുക? ഉത്തരം നമ്മൾ വീണ്ടും ഐഹീകർ ആകണമെന്നതാണ്. “If revelation there is, it will come from below, in the very things our intellect seeks to explain and not from above, shedding a false light on it.” ഭൂതകാലമാണ് ആകാശത്തിനു മുകളിൽ വസിക്കുന്നത്. വർത്തമാനം ഭൂമിയുടേതാണ്. അതുകൊണ്ട് പുനരാരംഭങ്ങൾ ഇവിടെ തുടർച്ചയായി സംഭവിക്കണം. ഇത് തന്നെയാണ് പെന്തക്കോസ്തയുടെ അർത്ഥവും. ലോകത്തിന്റെ ന്യൂനതക്കും കാര്യക്ഷമതക്കും വിലങ്ങുതടിയാകുന്ന പ്രധാന കാരണം ഘനീഭവിച്ച പാരമ്പര്യങ്ങളും അവയുടെ സദാചാര ഭാരവുമാണ്. ഇത്തരം പാരമ്പര്യങ്ങൾ മറന്നു പോകുന്ന ഒരു പ്രധാന കാര്യം മതാത്ഭക ഭാവങ്ങളെ സൃഷ്ടിക്കുന്ന യന്ത്ര സംവിധാനം ലോകത്തിന്റെ പാരമ്പര്യത്തിൽ പെട്ടതാണ് എന്ന സത്യമാണ്. ഒരിക്കൽ സത്യമായിരിന്ന കാര്യങ്ങൾ കാലത്തിന്റെ ഒഴുക്കിൽ കുറച്ചു കഴിയുമ്പോൾ കളളമായി മാറും. ന്നതുകൊണ്ട്, “to make a transfer from one time to another, the words have had to be made to undergo minor but violet twisting. This twisting is not adaptation, defamation, adjustment, modernization but total transformation, since, instead of referring to distant past, it forces us to refer to the present.” വർത്തമാന കാലത്തെ സാധ്യമാക്കുന്ന വിധത്തിൽ പാരമ്പര്യങ്ങളെ നവീകരിക്കാൻ നാം തയ്യാറാകണം. മുഴുവൻ വേദ വ്യാഖ്യാനങ്ങളെയും , I love you എന്ന പദത്തിന് തുല്യമാക്കി തീർക്കണം. പഴകി ദ്രവിച്ച വാക്കുകളിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന സംക്ഷോഭങ്ങൾ പകർന്നുകൊണ്ട് അവയെ വീണ്ടും അർത്ഥമുള്ളതാക്കണം. സത്യത്തിന് വർത്തമാനകാലത്തെ മാത്രമേ അറിയൂ, നമ്മളതിനെ ഭൂതകാലത്തിലേക്ക് തള്ളിനീക്കുമ്പോൾ അത് കള്ളമായി മാറും. ചരിത്രം പോലും സത്യമായി മാറുന്നത് അത് വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്.


മത സംഭാഷണങ്ങൾ, ദാന്തെ പറയുന്ന പറുദീസയിലെ എപ്പോഴും ചെറുതായിക്കൊണ്ടിരിക്കുന്ന തുണിയെ പോലെയാണ്. തുണിയുടെ യഥാർത്ഥ നീളം സൂക്ഷിക്കാനായി എപ്പോഴും പുതിയ കഷണങ്ങൾ അതിൽ ചേർത്തു കൊണ്ടിരിക്കണം. വിപൂലീകരണങ്ങൾ ഇല്ലാതെ മത വിവരണങ്ങൾ സാധ്യമല്ല. പഴയ വാക്കുകളെ തിരിച്ചും മറിച്ചും ഇടണം. എല്ലാ മതഗ്രന്ഥങ്ങളും മരണത്തെ തോൽപ്പിക്കുന്നത് അവയുടെ താളവും ചലനവും വിന്യാസവും കൊണ്ടാണ്, “the enemies of these texts are neither lies nor embellishments but banality of sentimentality.” ശാസ്ത്രം നഗ്ന സത്യങ്ങളെ അന്വേഷിക്കുന്നു. മതം തിരഞ്ഞെടുക്കുന്നത് വെൽവെറ്റ് തുണിയിൽ പൊതിഞ്ഞ ഊഷ്മളമായ സത്യങ്ങളെയാണ്. തത്വചിന്തയെക്കുറിച്ച് സംസാരിക്കുമ്പോൾ ദെല്യുസിനുള്ളത് സമാനമായ ഒരു ദർശനമാണ്, “philosophy doesn’t consist in knowing and it is not inspired by truth. Rather, it is categories like interesting, remarkable, or importance that determines success or failure.”


ലാതോർ അപ്പസ്തോല പ്രമാണങ്ങളിലേക്ക് ശ്രദ്ധയെ ക്ഷണിക്കുന്നു. എന്താണ് ഇന്നിവ അർത്ഥമാക്കുന്നത്? നമ്മുക്കിവയെ ഒന്നുകൂടെ ലളിതമാക്കാൻ സാധിക്കുമോ? വിശ്വാസ പ്രമാണങ്ങളെ യുക്തി പിശാചുക്കൾ വാദിച്ചിരിക്കുന്നു, ” in giving the impression of talking more logically, they stripped from a mystery of cleverness to a mystery of absurdity.” ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതിന്റെ അർത്ഥം എന്താണ്? ഇത് വ്യക്തമാക്കുന്നതിനായി മറ്റൊരു അവ്യക്തമായ കാര്യത്തെ നമ്മൾ കൊണ്ടുവരുന്നു, ശൂന്യമായ കല്ലറ. ഉത്ഥാനം ഒരു അത്ഭുതമല്ല, ഒരു ശാസ്ത്ര സംഭവുമല്ല. ഇങ്ങനെയാണങ്കിൽ ഉത്ഥാനം എന്താണെന്ന് നമ്മളൊരിക്കലും മനസ്സിലാക്കില്ല.


കന്യകാമാതാവ് എന്ന പ്രയോഗം ഒരു നീണ്ട കാലത്ത് ആർക്കും മനസ്സിലാക്കാനാത്ത ഒരു പ്രയോഗമായിരിന്നു. അതുകൊണ്ട് ഡോഗ്മ കൊണ്ടൊരു പടയൊരുക്കം തന്നെ നമ്മൾ നടത്തി. പാപമറിയാതെ ജനിച്ച മറിയം, ദൈവത്തിന്റെ രക്ഷാകര പദ്ധതി നടപ്പിലാക്കാൻ അനാദി മുതലേ ഹവ്വയുടെ മക്കൾക്കുള്ള പാപം ലേശാതെ സംരക്ഷിക്കപ്പെട്ടിരിന്നു, തിരഞ്ഞെടുക്കപ്പെട്ടിരിന്നു എന്ന വ്യാഖ്യാനങ്ങളുള്ള ഡോഗ്മകളെ സൃഷ്ടിച്ചു. ദൈവം ഒരു പാവം സ്ത്രീയിൽ നിന്നും ജനിച്ചു എന്ന ലോജിക്കിന് മനസ്സിലാക്കാനാകാത്ത സത്യത്തെ മറച്ചുവയ്ക്കാൻ വേണ്ടി മാത്രമാണിതെന്ന് ലാതോർ പറയുന്നു, “it is not irrationality that makes it untruthful but excess rationality.”


എന്തൊക്കെ സംഭവിച്ചാലും കത്തോലിക്കാ സഭയോടു ചേർന്നു നിൽക്കുന്ന ലാതോർ ലക്ഷ്യമിടുന്നത് ഒരു നവീകരണമാണ്. Felicity condition ലാതോറിന്റെ ഒരു പ്രധാന ആശയമാണ്. ഒരു കാര്യത്തിന്റെ മികവ് തിരിച്ചറിയാൻ ലാതോർ ഉപയോഗിക്കുന്ന അളവുകോലാണ് ഇത്. ബൈബിളിന്റെ ഫെലിസിറ്റി കണ്ടീഷൻ ചിന്തിച്ചിട്ട് ലാതോർ പറയുന്നു, “when the scriptures are judged immutable and holy, Felicity conditions of their utterances are detached from them forever.” സുവിശേഷങ്ങളെ സത്യമാക്കുന്നത് അവയിലെ സാഹിത്യമോ, ദൃഷ്ടാന്തങ്ങളോ യുക്താന്യസൃതമായ ഫലങ്ങളോ അല്ല. പകരം സത്യം തെളിഞ്ഞു വരുന്നത് അവയുടെ പരുപരുത്ത ഭാഗത്തിലൂടെയും തുന്നലുകളിലൂടെയുമാണ്. ” അവൻ മരിച്ചു, എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്നു എന്നതിന്റെ അർത്ഥം അന്വേഷിക്കേണ്ടത് ഇന്നത്തെ എന്റെ ജീവിതത്തിലാണ്. ഇന്നത്തെ വിശേഷമാക്കുന്നതിന് നമ്മളിതിന്റെ വിശ്വസ്ത ആവിഷ്ക്കർത്താക്കൾ ആകണം. വിശ്വസ്തരായ ആവിഷ്ക്കർത്താക്കൾ മനസ്സിലാക്കേണ്ട കാര്യം മതത്തിന്റെ കഥകൾ ശ്രമിക്കുന്നത് അകലങ്ങളെ അരികിലാക്കുക എന്നതാണ്. ജെറുസലേമിൽ നിന്നും റോമാ സാമ്രാജ്യത്തിൽ നിന്നും നോട്ടത്തെ പിൻവലിച്ച് പുസ്തകത്തിലേക്ക് നോക്കാം. ഒരു ലംബമാനത്തിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും, എല്ലാ രക്ഷാകര കഥകളും നമ്മളോട് പറയുന്നത് എങ്ങനെ പുതിയ രക്ഷാകര കഥകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ്. ഉത്ഥാനത്തിന്റെ നമ്മുക്കൊരു ഇൻഫർമേഷനും തരുന്നില്ല, പകരം ഒരു മുന്നറിയിപ്പ് തരുന്നു, ഇന്ന് തുടങ്ങി വരാനിരിക്കുന്ന കാലം വരെ ഇത് നിങ്ങൾ ആവർത്തിക്കണം എന്നതാണ് ആ മുന്നറിയിപ്പ്. അപ്പോൾ, “we may finally take our turn reviving the rhythm of whole sets of legends, by reviving what they have always strived hard to get us to say properly and represent properly. Once revived the text begins to purify, resurrect, and redress its interlocutors again, the old and the new, the humble and elaborate become equally truth. Having become present once more, it will form the same people confirmed in its vocation of Pentecost.” ഈ ജനത കാലത്തിലും സ്ഥലത്തിലും വർധിച്ചു കൊണ്ടിരിക്കും. കാരണം സുവിശേഷങ്ങളുടെ യഥാർത്ഥ ലക്ഷ്യം അസന്നിഹിതരായവരെ സന്നിഹിതരാക്കുക മരിച്ചു പോയവരെ ഉയിർപ്പിക്കുക എന്നതാണ്.


ലാതോർ തുടർച്ചയായി അഭിമുഖീകരിക്കുന്ന പ്രശ്നം ഇവയെക്കുറിച്ച് വീണ്ടും എങ്ങനെയാണ് സംസാരിക്കുക എന്നതാണ്. വ്യക്തിപരമായ സ്നേഹത്തിന്റെ നനുത്ത തിരികൊണ്ട് മതത്തിന്റെ അഗ്നിയെ സ്ഫുലിംഗമാക്കാൻ സാധിക്കുമോ എന്നുള്ളതാണ്. സ്വതന്ത്ര്യമായ ഒരു യാഥാർത്ഥ്യം നൽകാതെ, യേശു എന്ന വാക്ക് ഭാഷാന്തരങ്ങൾ ചെയ്യുമ്പോൾ അതിൽ യാതൊരു അർത്ഥവുമില്ല. ക്രിസ്തു തന്നെ പറയുന്നു, “ഞാൻ ആയിരിക്കുന്നവനും, ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമാണ്. ” എന്നുവച്ചാൽ, the one who rises is one more, permanently present, not unutterable through distancing, but through proximity, too close, too intense to be looked in the face.”


ലാതോറിനെതിരെയുള്ള പ്രധാന കുറ്റാരോപണം റിലേറ്റിവിസമാണ്. ലാതോർ ഇതിനെ അംഗീകരിച്ചു കൊണ്ട് പറയുന്നു, മറ്റൊരു കാലഘട്ടത്തിൽ മറ്റൊരു സ്ഥലത്ത് ദൈവം എന്ന് വിളിക്കപ്പെട്ടിരിന്ന വാക്കിനെ മറ്റൊരു ഭാഷയിൽ, “the thing that begets neighbor,” എന്ന് പറയാം.


വർത്തമാന കാലത്തെ ഇത്രയേറെ കേന്ദ്രീകരിക്കുന്നതു കൊണ്ട് ഒരു നിത്യജീവിതത്തിൽ വിശ്വസിക്കാൻ ലാതോർ ശ്രമിക്കുന്നില്ല. തങ്ങളുടെ പ്രീയപ്പെട്ടവരുടെ ശവകൂടീരത്തിൽ കണ്ണീർ പൊഴിക്കുന്ന പലർക്കും നിത്യജീവൻ ഒരു അർത്ഥവും നൽകുന്നില്ല. പക്ഷെ, നിർണ്ണായകമായ സ്നേഹത്താൽ സുനിശ്ചിതമായ സമയം ഒരിക്കലും കടന്നുപോകുന്നില്ല. നമ്മുടെ ചെറു ജീവിതത്തിൽ നിത്യജീവനേക്കാൾ നമ്മൾ കാംക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഈ നിമിഷങ്ങളെയാണ്. അപ്പോൾ നമ്മുടെ ശ്രദ്ധയും പരിചരണവും നമ്മുടെ തൊട്ടു മുമ്പിലുള്ളതിലേക്ക് തിരിക്കാനാകും. സമയത്ത് പ്രവർത്തിക്കാൻ കഴിയാതെ പോയതിനെയോർത്ത് വിഷമിക്കുന്ന സ്നേഹത്തെ കരുതാൻ നമ്മുക്ക് അപ്പോൾ തയ്യാറെടുപ്പുകൾ ഉണ്ടാകും.
എന്താണ് അപ്പോൾ രക്ഷ എന്നത്? ലാതോർ പറയുന്നു, അകലങ്ങളിലും മുകളിലും ആയിരിന്നത് അടുത്തായി, അസാന്നിദ്ധ്യമായിരിന്നത് സാന്നിദ്ധ്യമായി. ഇത് മനസ്സിലായി കഴിയുമ്പോൾ മതത്തിലേക്കുള്ള തിരിച്ചു പോക്ക് ഒരിക്കലും പഴയ ജനക്കൂട്ടത്തിലേക്കും, ഭരണത്തിലേക്കും, റെക്കോർഡുകളിലേക്കും, സാമ്പത്തീക വ്യവഹാരങ്ങളിലേക്കും നീയമത്തിലേക്കും ഏകാധിപത്യത്തിലേക്കും ആകില്ല. ഇതിനു വേണ്ടി പുരോഹിതർ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ തിരിച്ചു പാടിക്കണം. അപ്പോൾ അവർക്ക് ലോകത്തെക്കുറിച്ച് സംസാരിക്കാൻ സാധിക്കും.


മതം അപ്പോൾ അയൽക്കാരനെ സംഭാവന ചെയ്യാൻ തുടങ്ങും, കാലം സമാഗതമാകും, ചരിത്രം ഒരിക്കലും വിഫലമാകുകയില്ല, മരണം ജയഭേരി മുഴക്കത്തുമില്ല. ഇവിടെ വിശുദ്ധരുമായുള്ള സംസർഗ്ഗം സംഭവിക്കും. വിശുദ്ധരുമായുള്ള സംസർഗ്ഗത്തെ ലാതോർ ഇങ്ങനെ വിവക്ഷിക്കുന്നു, “the buried truths of words revived in the mouth of the living.” നിത്യജീവിതത്തിൽ ലാതോർ വിശ്വസിക്കുന്നില്ലങ്കിലും ഒരു വെർച്വൽ ലോകത്തിൽ ലാതോർ വിശ്വസികുന്നു. ഇവിടെ ലാതോറിന്റെ ചിന്തയിൽ ദെല്യുസിന്റെ സ്വാധീനം പ്രകടമാണ്. ജനങ്ങളും വെർച്വൽ കാതോലിക ഉയിർക്കപ്പെടണമെന്ന് ലാതോർ കാംക്ഷിക്കുന്നു. എന്നാൽ അതിന്ദ്രിയ സ്വർഗ്ഗലോകം എന്നൊന്നില്ല. കാരണം, അവൻ ഇവിടെയാണ്, “ഇതാ, അവനെ കിടത്തിയിരിക്കുന്ന സ്ഥലം നോക്കൂ,” നമ്മുടെ പിന്നിലല്ല സാർവ്വത്രീക ഉള്ളത് നമ്മുടെ മുമ്പിലാണ്. അപ്പോൾ കത്തോലികത എന്നത് ലോകത്തിന്റെ അതിർത്തി വരെ സുവിശേഷം എത്തിക്കുക എന്നതല്ല, ഒരു വെർച്വൽ സമൂഹത്തിന്റെ വരവിനെ അന്വേഷിക്കുക എന്നതാണ്, “who will make up, at the moment of revival, those who feel they have been brought closer together, saved, resurrected and redeemed.”


അക്കാദമി രംഗത്ത് ഏറ്റവും അധികം ചർച്ച ചെരുപ്പെടുന്ന സാമുഹ, നരവംശ ശാസ്ത്രജ്ഞനാണ് ബ്രൂണോ ലാതോർ. കഴിഞ്ഞ കാലത്ത് ഉണ്ടായ ഗവേഷണ പ്രബംന്ധങ്ങളിൽ ഏറ്റവും അധികം പരാമർശിക്കപ്പെട്ടത് ബ്രൂണോ ലാതോർ. ഗ്രഹാം ഹെർമാൻ ബ്രൂണോ ലാതോറിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേര്, The Prince of Network എന്നാണ്. ശാസ്ത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ലാതോർ നടത്തിയ പഠനങ്ങൾ പ്രശസ്തങ്ങളാണ്. ലാതോർ എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. ലാതോറിനെക്കുറിച്ച് കൂടുതൽ എഴുതാമെന്ന് പ്രതീക്ഷിക്കുന്നു.

ആരാണ് മരിക്കുന്നതും ഉയിർക്കുന്നതും?


ഭക്തനായ ഒരു ബാലനായിരിന്നു നീഷേ. അവന്റെ ചുറ്റുപാടുകളെല്ലാം ഭക്തിമയമായിരിന്നു. നീഷേയുടെ അപ്പൻ പാസ്റ്ററായിരിന്നു. ഒരു അമ്മാവൻ ബിഷപ്പായിരിന്നു. അപ്പൻ ജീവിച്ചത് ദൈവത്തിന് സാക്ഷ്യം നൽകാൻ മാത്രമായിരിന്നു. പത്ത് പതിന്നാല് വയസ്സായപ്പോൾ തന്നെ അതിബുദ്ധിമാനായിരിന്ന നീഷേ ബൈബിളിൽ പലതും മന:പാംമാക്കി. പലരും കരുതി നീഷേ പ്രശസ്തനായൊരു ബിഷപ്പാകുമെന്ന്. പക്ഷെ അപ്പന്റെ മരണം നീഷേയുടെ ജീവിതത്തെ തിരിച്ചെഴുതി. ദൈവത്തിനു വേണ്ടി മാത്രം ജീവിച്ച അപ്പന്റെ അവസാന നാളുകൾ ദാരുണമായിരിന്നു. ക്യാൻസർ ബാധിതനായി നീണ്ട നാൾ സഹനത്തിൻ്റെ കയ്പ് നീർ കുടിച്ചിറക്കി അപ്പൻ മരിച്ചപ്പോൾ നീഷേയുടെ ദൈവ വിശ്വാസം ചിന്നഭിന്നമായി. ദൈവത്തിനെതിരെ നീഷേ ഹൃദയം കഠിനമാക്കി.
കുഞ്ഞ് നീഷേക്ക് സ്നാനം നൽകിക്കൊണ്ട് അപ്പൻ സംസാരിച്ചത് നന്മയെയും തിന്മയെയും കുറിച്ചായിരിന്നു. വളർന്നു വലുതായപ്പോൾ ഈ കുട്ടിയുടെ മുമ്പിൽ നന്മയും തിന്മയും ഉണ്ടാകും. ഇതിൽ ഏത് തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവന്റെ ഭാവി. പക്ഷെ, ക്രിസ്തുവിന്റെ ആത്മാവ് ഇവനെ നന്മ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കും. ഇതായിരിന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. പക്ഷെ, മകൻ വളർന്നു വലുതായപ്പോൾ നന്മയെയും തിന്മയെയും ഒരു പോലെ തിരസ്ക്കരിച്ചു. നന്മയും തിന്മയും എന്ന വേർതിരിവ് തന്നെ അസംബന്ധമാണെന്ന് തിരിച്ചറിവിലേക്ക് കടന്നു. യഥാർത്ഥ ജീവിതം നന്മക്കും തിന്മയ്ക്കും മുകളിലുമാണെന്ന് അവൻ എഴുതുന്ന പുസ്തകം ഉണ്ട്. അതിൻ്റെ പേര്, ‘Beyond Good and Evil’ എന്നാണ്. മകന്റെ ഈ പുസ്തകം വായിക്കാൻ അപ്പൻ ജീവിച്ചിരിന്നില്ല.
അവിടം കൊണ്ട് തീർന്നില്ല. വെറുക്കുന്നവരുടെ മേൽ ശാപവും, സ്നേഹിക്കുന്നവരുടെ മേൽ അനുഗ്രഹവും വർഷിച്ചു കൊണ്ട് വിധികളുടെ ഉഗ്രശാസനകളുമായി മനുഷ്യ ജന്മങ്ങളെ വിറങ്ങലിപ്പിച്ച് ഭരിക്കുന്ന ദൈവത്തെ അവന്റെ ഏകാധിപത്യ സിംഹാസനത്തിൽ നിന്നും താഴെയിറക്കാൻ നീഷേ ഇറങ്ങിത്തിരിച്ചു. ഭ്രാന്തിനെ സ്വയം ഏറ്റടുത്ത സരാതുഷ്ട്ര എന്ന കഥാപാത്രത്തെ കൊണ്ട് ഉച്ചത്തിൽ വിളിച്ചു പറയിപ്പിച്ചു, “God is dead.” കേൾവിക്കാരുടെ മേൽ സരാതുഷ്ട്രയുടെ വാക്കുകൾ ഒരു അശനിപാതം പോലെ പതിച്ചു. നീഷേയെ വായിക്കുക എന്നതു തന്നെ തലയിൽ ആണികൾ അടിച്ചു കയറ്റുന്ന അനുഭവത്തിലൂടെ കടന്നുപോകുക എന്നതാണ്.
ദൈവം മരിച്ചു എന്ന നീഷേയുടെ പുതിയ വിശേഷം എന്താണ് അർത്ഥമാക്കുന്നത് ? ദൈവം മരിച്ചു എന്നു പറയുമ്പോൾ, ദൈവം ഒരിക്കൽ ഉണ്ടായിരിന്നു എന്നത് അർത്ഥമാക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എങ്ങനെയാണ് ദൈവം മരിച്ചത് ? ആരാണ് ദൈവത്തെ കൊന്നത്? ദൊസ്തോവ്സ്കിയുടെ ഇവാൻ പറയുന്നതുപോലെ, ദൈവമില്ലാതായാൽ എന്തും അനുവദനീയമാണോ? അതോ ദെല്യുസ് പറയുന്നതു പോലെ, ദൈവമില്ലങ്കിൽ ഒന്നും അനുവദനീയമല്ല എന്നതാണോ ശരി?
പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. ചിലർ death of God തിയോളജിക്ക് രൂപം നൽകി. ഹ്യുമനിസവും മാർക്സിസവും ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ടിച്ചു. ആ മനുഷ്യൻ ദൈവത്തേക്കാൾ ഭീകരനായി. സ്റ്റാലിൻ ഒറ്റക്ക് അനേകം ലക്ഷം നിഷ്ക്കളങ്ക മനുഷ്യരെ കാലപുരിക്കയച്ചു. ഹിറ്റ്ലർ സ്വയം രക്ഷകനായി മാറി, ആറു കോടി യഹൂദരെ കശാപ്പു ചെയ്തു. മനുഷ്യൻ പുഴുക്കളെ പോലെ ചത്തു കുന്നുകൂടിയ രണ്ടു ലോക മഹായുദ്ധങ്ങളും മനുഷ്യൻ ദൈവമല്ല എന്നതിന്റെ തെളിവായിരിന്നു. ഇതിന് പുതിയ തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു.
ദൈവം മരിച്ചു എന്ന് നീഷേ പറയുമ്പോൾ അത് എന്താണ് അർത്ഥമാക്കുന്നത് എന്ന് തിരിച്ചറിയുന്നത് ദെല്യുസ് ആണ്. ഇതിന് ദെല്യുസിനെ സഹായിക്കുന്നത് മധ്യകാലഘട്ടത്തിലെ ഏറ്റവും വ്യത്യസ്ത ചിന്തകനും ഫ്രാൻസിസ്ക്കൻ സന്യാസ പുരോഹിതനുമായിരിന്ന ഡൺ സ്കോട്ടസാണ്. മനുഷ്യനെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ആശയങ്ങൾ കൊണ്ടു തന്നെ ദൈവത്തെയും വിശദീകരിക്കാം എന്നും സത്താപരമായി ദൈവും മനുഷ്യനും തമ്മിൽ വ്യത്യാസമില്ല എന്നും പറയുന്ന ഡൺ സ്കോട്ടസിന്റെ univocity തീയറിയിൽ ആകൃഷ്ടരായവരാണ് നീഷേയും സ്പിനോസയും ദെല്യുസും. ഇതനുസരിച്ച്, ദൈവം ഒന്നേയുള്ളു എന്നാൽ സൃഷ്ടികളെല്ലാം ദൈവത്തിന്റെ ബാഹുല്യമായ വിവിധ ഭാവങ്ങളാണ്. അപ്പോൾ മനുഷ്യന്റെയും പ്രകൃതിജാലങ്ങളുടെയും ജീവിതവും മരണവും ദൈവത്തിന്റെയും ജീവിതവും മരണവുമാണ്.
ഈ ചിന്തയുടെ പ്രധാന പ്രതിഫലനം എന്നത് അതുവരെ പ്രപഞ്ചത്തിന് അതീന്ദ്രിയനായി, അതിരനായി നിന്നിരിന്ന ദൈവത്തെ പ്രപഞ്ചത്തിൽ അന്തർലീനനാക്കി എന്നുള്ളതാണ്. അതിരനായി നിലനിൽക്കുന്ന ദൈവം പ്രപഞ്ചത്തിനും സൃഷ്ടികൾക്ക് വിലങ്ങുതടിയായി നിന്നുകൊണ്ട് അതിന്റെ പുതിയ ഭാവങ്ങളെ ചെറുക്കും. അങ്ങനെയൊരു ദൈവം ഉണ്ടങ്കിൽ ആ ദൈവം മരിച്ചിരിക്കുന്നു. കുറ്റാരോപണങ്ങളുടെ ദണ്ഡനവിധികളുമായി നിൽക്കുന്ന ദൈവം കൊല്ലപ്പെട്ടു എന്ന് നീഷേയുടെ ദൈവം മരിച്ചു എന്ന പ്രവചനത്തിൽ നിന്നും പോൾ റിക്കറും മനസ്സിലാക്കുന്നു. ദൈവം മരിച്ചു എന്ന് നീഷേ പറയുന്നത് ഒരു അനുമാനപരമായ പ്രസ്താവനയല്ല, പകരം അതൊരു നാടകാത്മകമായ പ്രസ്താവനയാണന്ന് ദെല്യുസ് തിരിച്ചറിയുന്നു. ഒരു നാടകാത്മക പ്രസ്താവന എന്ന നിലയിൽ ദൈവം ഉണ്ടയോ ഇല്ലയോ എന്ന വാസ്തവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഭൂമിയിൽ അന്തർലീനനായിരിക്കുന്ന ദൈവത്തെ അന്വേഷിക്കാനും ദൈവത്തെക്കുറിച്ച് അനുമാനപരമായ എന്തെങ്കിലും അറിവ് മനുഷ്യന് സാധിക്കുമോ എന്ന് അന്വേഷിക്കാനും ഇത് പ്രേരിപ്പിക്കുന്നുണ്ട്.
ഇമ്മാനുവേൽ കാൻറ്റ് അറിവിനെ അനലറ്റിക്ക് എന്നും സിന്തറ്റിക് എന്നും വേർതിരിച്ചു. അനലിറ്റിക് ആയ പ്രസ്താവനകളിൽ പുതിയതായി യാതൊരു അറിവുമില്ല. മനുഷ്യൻ ജീവനുള്ള ഒരു ജീവിയാണ് എന്നതൊരു അനലറ്റിക് പ്രസ്താവനയാണ്. അനലറ്റിക് പ്രസ്താവനകൾക്ക് അനുഭവുമായി എന്തെങ്കിലും ബന്ധം ഉണ്ടാകണമെന്നില്ല. അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന സിന്തറ്റിക് പ്രസ്താവനകൾ പുതിയൊരു അറിവാണ് പ്രദാനം ചെയ്യുന്നത്. വെള്ളം നൂറ് ഡിഗ്രി സെൽഷ്യസിൽ തിളക്കുന്നു എന്നത് സിന്തറ്റിക് പ്രസ്താവനയാണ്. ദൈവത്തെക്കുറിച്ച് സിന്തറ്റിക് അറിവ് സാധ്യമാണോ? സിന്തറ്റിക് അറിവുകൾ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്ന മാനദണ്ഡം അനുഭവമായതിനാൽ ദൈവം ഭൂമിയുടെ ഭാഗമായാൽ മാത്രമേ സിന്തറ്റിക് ആയിട്ട് ദൈവത്തെക്കുറിച്ച് സംസാരിക്കാൻ സാധിക്കുകയുള്ളു. ദൈവം ഭൂമിയുടെ ഭാഗമായാൽ സമയ ക്രമത്തിൽ നിന്നും അവന് മാറി നിൽക്കാനാകില്ല. സമയ ക്രമത്തിൽ ച്യുതികളുണ്ട്. ദൈവത്തിനിവിടെ അച്യുതൻ ആകാനാകില്ല. മരണത്തിന് ദൈവം വിധേയമാകേണ്ടിവരും.
ഡൺ സ്കോട്ടസിന്റെ univocity തീയറി ചെയ്യുന്നത് ദൈവത്തെ ഭൂമിയിൽ അന്തർലീനമാക്കിക്കൊണ്ട് ദൈവത്തെക്കുറിച്ചുള്ള അറിവുകൾ തിരയുക എന്നതാണ്. ഏകവും പരമവുമായ ദൈവം നിരവധി സാധ്യതകളുടെ ഒരു സൂക്ഷിപ്പാണ്. ഏകവും പരമവുമായ ദൈവം ഭൂമിയിൽ അന്തർലീനനായപ്പോൾ അതിന്റെ സാധ്യതകളും ആകസ്മികതകളും അവനിൽ കുടിയേറി. ഇവിടെ ഏക ദൈവം തന്നെ ഒരു ബഹുസ്വരതയാണ്, നിരവധിയായ ഭാവങ്ങളാണ്. ഈ ദൈവത്തെ അന്വേഷിക്കുന്നതിൽ നിരീശ്വരവാദത്തിനും സാധ്യതയുണ്ട്. ഭൂമിയുടെ നന്മകളിൽ വിശ്വസിക്കാൻ സഹായിക്കുമ്പോൾ നിരീശ്വരവാദം പോലും ദൈവത്തെ കണ്ടെത്താൻ ഇടയാക്കിയേക്കാം. ബഹുസ്വരമായ്, നിരവധിയായ് മാറി ജനന, സഹന, മരണ, ഉത്ഥാന ആകസ്മികതകളിലൂടെ നടന്നു വരുന്ന ദൈവത്തെ അഭിമുഖീകരിക്കുന്നത് ശരിയായ ഈശ്വര വിശ്വാസമായി മാറുന്നു. ജനനവും മരണവുമാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ആകസ്മീകതകൾ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരൻ കഴുത്തിൽ കയറുമായി നിൽക്കുമ്പോഴും മരണം ആകസ്മീകതയാണ്. ഈ ആകസ്മീകതകളിലൂടെ കടന്നു പോയില്ലങ്കിൽ ദൈവം ഭൂമിയുടെ ഭാഗമാണെന്ന് പറയാനാകില്ല.
ക്രിസ്തുവിൻ്റെ ജനന മരണ ഉത്ഥാനത്തിനെ ആകസ്മീകമായിട്ടുതന്നെ കരുതണം. പിടിക്കപ്പെടുവെന്നു തോന്നിയപ്പോൾ പലപ്പോഴും ഓടി രക്ഷപ്പെട്ടതും, സഹനത്തെയും മരണത്തെക്കും പേടിച്ച് വിവശനായി ഗെത്സെമനിയിൽ രക്തം വിയർക്കുന്നതും, കുരിശിൽ കിടന്ന് കരയുന്നതും ആകസ്മീകതകളിൽ പെട്ടു പോയതിൻ്റെ തെളിവുകളാണ്. ഈ ആകസ്മീകതകൾ ഇല്ലങ്കിൽ അവന് മനുഷ്യത്വം അവകാശപ്പെടാനാവില്ല. ഇതിലൂടെ ക്രിസ്തു ദൈവത്തിൻ്റെ ബഹുസ്വരതകളെ പ്രകാശിച്ച് നിൽക്കുന്നു.അപ്പോൾ, ക്രിസ്തുവിന്റെ മരണം അനേകം മരണങ്ങളുടെ കഥയാണ്. അപമാനിക്കപ്പെടുന്ന, മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീകളുടെ മരണം നഗ്നനായി കിടക്കുന്ന ക്രൂശിതനിലുണ്ട്. ” Each of my wound is a violation,” സാർത്രിന്റെ നാടകത്തിലെ മാനഭംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടി പറയുന്നു. ഒറ്റയവരും ഉടയവരുമില്ലാതെ ഏകാന്തതയിൽ കിടന്നു മരിക്കുന്ന വൃദ്ധരുടെ മരണമായിരിന്നു അവന്റെത്. ഡിസക്ഷൻ ടേബിളിലെ തവളകളുടെയും മരണമായിരിന്നു അവന്റെത്.
അപ്പോൾ, അവന്റെ ഉത്ഥാനവും അനേകരുടെ ഉത്ഥാനത്തിന്റെ കഥയാണ്. ക്രിസ്തുവിന്റെ ഉത്ഥാനം അവനിലേക്ക് ചുരുക്കുന്നതും അവനു വേണ്ടി മാത്രം ജയഘോഷം മുഴക്കുന്നതും അപകടമാണ്. ഒരു പക്ഷെ, എല്ലാവരും ഉയർക്കാൻ അനുവദിച്ചു കൊണ്ട് അവനിപ്പോഴും കുരിശിൽ മരണപ്പെട്ടു കിടക്കുന്നുണ്ടാകും.അവൻ്റെ ഉത്ഥാനം ഒരിക്കലും അവനിലേക്ക് ചുരുങ്ങാതിരിക്കാൻ അവൻ ഇതിനും തയ്യാറാകും.
ഉത്ഥിതനെ കൂടുതൽ ദൈവമാക്കുന്നതും അപകടമാണ്. ഉത്ഥാനം അവന് കൂടുതൽ മനുഷ്യനാകാനുളള അവസരമാണ് നൽകിയത്. ഒരു ഉഗ്രമായ മരണത്തിന്റെ ക്ഷീണവും, കഷ്ടതയും, മുറിവുകളും ഉത്ഥിതനെ വിടാതെ നിൽപ്പുണ്ട്. അതവനെ മനുഷ്യരിൽ ഏറ്റവും അപരിചിതനാക്കി മാറ്റി, തോട്ടക്കാരനാക്കി മാറ്റി. ഒരു വറുത്ത മീൻ സ്വാദോടെ രുചിക്കുന്ന തികച്ചും ഭൗതീക നാക്കി മാറ്റി. ഉത്ഥാനം കൂടുതൽ ദൈവീകതയിലേക്കുള്ള വഴിയല്ല, കൂടുതൽ മനുഷ്യത്വത്തിലേക്കും കൂടുതൽ ഭൗതീകതയിലേക്കും അത് പുതിയ വഴികൾ തുറക്കുന്നു. ആ ക്രിസ്തുവിൽ ഇപ്പോൾ എല്ലാ മനുഷ്യരും, എല്ലാ വസ്തുക്കളും അവരുടെ ജനനത്തിൻ്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ആകസ്മീകതകൾ നിറഞ്ഞ കഥകൾ പറയാനായി വരുന്നു. 

നഷ്ടം

ജീവിത നിഷേധം ക്രിസ്തുവിൽ ചാർത്താനാകാവുന്ന ഗുരുതരമായ ആരോപണമാണ്. നീഷേയാണ് ഈ ആരോപണം ആദ്യമായി ഉയർത്തിയത്. ക്രിസ്തുവിന് പകരമായി നീഷേ സ്ഥാപിക്കാൻ ശ്രമിച്ചത് ജീവിതത്തെ കൂടുതൽ നങ്കൂരമിടുന്ന, ഉന്മത്തനായി നൃത്തം ചവിട്ടുന്ന ഗ്രീക്ക് ദേവനായ ഡയോനിഷ്യസിനായിരിന്നു. ” നൃത്തം ചവിട്ടാനറിയാത്ത ദൈവങ്ങളെ ഞാൻ വിശ്വസിക്കില്ല” എന്നത് നീഷേയുടെ ഒരു വിശ്വാസ പ്രമാണമാണ്. ക്രിസ്തു നൃത്തം ചെയ്തതിന് യാതൊരു തെളിവുമില്ല.

പക്ഷെ, ജീവിതം എന്നത് നിഷേധിക്കപ്പെടുമ്പോൾ മാത്രമാണ് സത്യമാകുന്നതെങ്കിലോ ? നിഷേധ പ്രാപ്തിയാണ് മനുഷ്യനെ പൂർണ്ണനാക്കുന്നത് എന്ന് സാർത്ര് പോലും തിരിച്ചറിയുന്നുണ്ട്. മരണമാണ് ജീവിതത്തെ കൂടുതൽ സ്പഷ്ടവും സാകല്യവും ആക്കുന്നത് എന്നത് ജീവിതത്തിന്റെ തന്നെ ഏറ്റവും വലിയ വിരോധാഭാസമാണ്.

ക്രിസ്തു നഷ്ടങ്ങളുടെ ദൈവമാണ്. അവൻ ഏറ്റവും അധികം ഉപയോഗിക്കുന്ന വാക്ക് നഷ്ടം എന്നതാണ്. നഷ്ടപ്പെട്ട പുത്രൻ, നഷ്ടപ്പെട്ട കുഞ്ഞാട്, നഷ്ടപ്പെട്ട നാണയം, നഷ്ടപ്പെട്ടു പോയ ജീവൻ, അങ്ങനെ നഷ്ടങ്ങളുടെ ഒരു കണക്കു പുസ്തകവുമായിട്ടാണ് അവൻ നടന്നിരിന്നത്. നേട്ടങ്ങളൊന്നും അവൻ കുറിച്ചു വച്ചില്ല, നഷ്ടങ്ങളെല്ലാം പേരു സഹിതം കുറിച്ചു വച്ചു. അവൻ മനസ്സിലാക്കിയ ഒരു കാര്യം നഷ്ടമെല്ലാം അതിൽത്തന്നെ സുന്ദരമാണ് എന്നതാണ്. യഥാർത്ഥമായ ഒരു സ്നേഹത്തിലേക്ക് നിങ്ങൾക്ക് ഉയർത്തെഴുന്നേൽക്കണമെങ്കിൽ നിങ്ങൾ ആദ്യം നഷ്ടപ്പെട്ടവനായിരിക്കണം എന്നതാണ് ധൂർത്തപുത്രന്റെ കഥയിലൂടെ അവൻ പറയുന്നത്. ധൂർത്തപുത്രന്റെ കഥയിലെ മൂത്ത മകന്റെ പ്രശ്നം അവൻ നഷ്ടപ്പെട്ടു പോകാനും അങ്ങനെ സ്നേഹം എന്താണെന്ന് തിരിച്ചറിയാനും തയ്യാറായില്ല എന്നുള്ളതാണ്. അവനൊരിക്കലും ധൂർത്തപുത്രനാകാൻ കഴിഞ്ഞില്ല. അകലങ്ങളിലേക്ക് പോയി തന്റെ നഷ്ടത്തെയോർത്ത് വാവിട്ടു കരയുമ്പോൾ ഒരാൾ തിരിച്ചറിയുന്നതാണ് സ്നേഹം.

ക്രിസ്തുവിന്റെ സാമ്പത്തീക ശാസ്ത്രവും നഷ്ടങ്ങളുടെ ഗുണന പട്ടികയിൽ പാകപ്പെടുത്തിയതായിരിന്നു. അവൻ തുടർച്ചയായി പറയുന്നത് ഉപേക്ഷിക്കുക എന്നതാണ്. കാരണം, നിങ്ങളുടെ കൈവശമുള്ളത് നിങ്ങളുടെ സ്വന്തമല്ല, നിങ്ങൾ എന്ത് ഉപേക്ഷിച്ചുവോ അത് നിങ്ങളുടെ സ്വന്തമാണ്. ഒരിക്കലും നഷ്ടപ്പെടുത്താൻ ഭയക്കരുത്, നഷ്ടങ്ങളാണ് നിങ്ങളെ സ്വരുകൂട്ടുന്നത്, നഷ്ടങ്ങൾ മാത്രമാണ് നിങ്ങളെ സ്വന്തമാക്കുന്നത്.

അപ്പോൾ ദൈവമോ? അതേ, ദൈവത്തെ പോലും നഷ്ടപ്പെടാൻ നിങ്ങൾ അനുവദിക്കണം. ദൈവം പോലും നഷ്ടമായ ഒരു കിരാത രാത്രിയിലൂടെ കടന്നുപോകുന്നില്ലങ്കിൽ നഷ്ടത്തിന്റെ ഏറ്റവും ഉഗ്രമായ വേദന നിങ്ങൾ അനുഭവിച്ചിട്ടില്ല. ക്രിസ്തു ഈ നഷ്ടത്തിലൂടെയും കടന്നു പോയി. ദൈവത്തെ സ്വന്തമാക്കാൻ എല്ലാം ഉപേക്ഷിക്കാൻ പറഞ്ഞവൻ കുരിശിൽ കിടന്നുകൊണ്ട് തിരിച്ചറിഞ്ഞത് ദൈവം പോലും നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലാണെന്ന്, ദൈവം പോലും ഉപേക്ഷയുടെ പാഠങ്ങൾ ശീലിക്കുകയാണെന്ന്, ഏറ്റവും പ്രീയപ്പെട്ടതിനെ അവൻ പോലും ഉപക്ഷിക്കുന്നുണ്ടെന്ന്. ഇത് മനസ്സിലാക്കിയിട്ടും അവന് കരയാതിരിക്കാൻ നിവൃത്തിയില്ലായിരിന്നു,”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപക്ഷിച്ചു.”

ചെസ്റ്റർട്ടൻ ഇതിൽ നിന്നും പുതിയൊരു ദൈവ ദർശനം ഉണ്ടാക്കും, ക്രിസ്തുമതത്തിലാണ് ദൈവം ദൈവത്തെ ഉപേക്ഷിച്ചത്. ക്രിസ്തുമതത്തിലാണ് ദൈവം ദൈവത്തിന്റെ പ്രാർത്ഥന കേൾക്കാതെ പോയത്. സിമോൺ വെയിൽ കൂടുതൽ വിപ്ലവകാരിയായി മാറും. ഒരു പുതിയ നിരീശ്വര വാദത്തെ അവൾ സൃഷ്ടിക്കും. അതാകട്ടെ ഏറ്റവും തീക്ഷണമായ ദൈവ വിശ്വാസത്തിലേക്കുള്ള ചവിട്ടുപടികളായി മാറുന്നു. നമ്മുടെ കാലഘട്ടം അർഹിക്കുന്ന ഏറ്റവും വലിയ വിശുദ്ധ സിമോൺ വെയിലാണ് എന്ന് ആർബർട്ട് കാമ്യുവിന്റെ സാക്ഷ്യമാണ്.

സിമോൺ വെയിൽ എഴുതുന്നു, “Of two men, who have no experience of God, he who denies God is perhaps nearer to Him.” ദൈവാനുഭവമില്ലാത്ത രണ്ടു പേരിൽ ദൈവമില്ല എന്നു പറയുന്നവനായിരിക്കും ദൈവത്തിന് അടുത്തായിരിക്കുന്നത്. ദൈവാനുഭവം ഇല്ലാതിരിന്നിട്ടും ദൈവമുണ്ടെന്ന് പറയുന്നവൻ കളവാണ് പറയുന്നത്. അവന്റെ കളളം ദൈവത്തെ അപ്രതൃക്ഷമാക്കുകയാണ് ചെയ്യുന്നത്. ഇതാണ് ബ്രൂണോ ലാതോറും പറയുന്നത്, “He is a being who is sensitive to what one speaks about him: a being who appears and disappears according to the way he is spoken of, proclaimed, or uttered.”

സിമോൺ വെയിൽ വീണ്ടും എഴുതുന്നു, “religion in so far as it’s a source of consolation is the hindrance to the true faith: in this sense atheism is a purification.” തത്വചിന്ത എഴുതി പേടിപ്പിക്കാതെ ദൈവ വചനം പ്രസംഗിച്ച് ആശ്വസിപ്പിക്കാൻ ചിലർ ആവശ്യപ്പെടുമ്പോൾ അതിന് സാധിക്കാത്തതിന്റെ കാരണം സിമോണിന്റെ ഈ മുന്നറിയിപ്പാണ്. ആശ്വാസങ്ങളുടെ മതത്തേക്കാൾ നല്ലത്, ആശ്വാസങ്ങളെ ഹനിക്കുന്ന നിരീശ്വര വാദമാണ്. കാരണം സത്യം ആശ്വാസമല്ല. എല്ലാ ആശ്വാസങ്ങളും മനുഷ്യനെ സത്യത്തിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. ക്രിസ്തു തിരഞ്ഞെടുത്തത് എല്ലാ ആശ്വാസങ്ങളും തകർന്ന് തരിപ്പണമാകുന്ന കുരിശിന്റെ വഴിയാണ്. ” ഞാൻ വലത്തേക്ക് തിരിഞ്ഞു നോക്കി, എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല.” നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെയാണ് നമ്മൾ വലത്തുഭാഗത്ത് സൂക്ഷിക്കുന്നത്. ക്രിസ്തു നോക്കിയമ്പോൾ ശൂന്യമായ വലതു ഭാഗം. ആശ്വാസങ്ങൾ നഷ്ടമായപ്പോഴാണ് ക്രിസ്തു സൂപ്പർ നാച്വറൽ ആയത്, സത്യമായത്.

കുടുംബം മുഴുവനും ഭീകരമായി പീഡിപ്പിക്കപ്പെടുകയും അയാൾ തന്നെ കോൺസെൻട്രേഷൻ ക്യാമ്പിൽ കിടന്ന് നരകയാതന അനുഭവിക്കുകയും, ഇങ്ങനെയുള്ള ഒരാളും. തന്റെ വംശം മുഴുവൻ തുടച്ചു നീക്കപ്പെട്ടതിനു ശേഷം അവശേഷിക്കുന്ന ഒരാളും. ഇവർ ഒരിക്കൽ ദൈവത്തിന്റെ കരുണയിൽ വിശ്വസിച്ചിരിന്നങ്കിൽ, ഈ സംഭവങ്ങൾക്കു ശേഷം ഒന്നുകിൽ പിന്നീടൊരിക്കലും ഇതിൽ വിശ്വസിക്കില്ല. അല്ലങ്കിൽ ദൈവത്തിന്റെ കരുണയെക്കുറിച്ച് തികച്ചും വിഭിന്നമായ ഒരു ദർശനം ഉണ്ടാകും. സിമോൺ വെയിലാണ് ഇങ്ങനെ എഴുതുന്നത്. ദൈവത്തിന്റെ കരുണ നിങ്ങളെ ജീവിതത്തിന്റെ പ്രശ്നങ്ങളിൽ നിന്നും മാറ്റി നിർത്തുകയല്ല ചെയ്യുന്നത്. പകരം അവയുടെ മധ്യേ നിർത്തി നിങ്ങളെ ശക്തരാക്കുകയാണ് ചെയ്യുന്നതെന്ന് പോൾ റിക്കറും എഴുതുന്നു.

പിശുക്കന്റെ സമ്പത്തു പോലെ ദൈവം കുന്നു കൂടുമ്പോൾ നിങ്ങൾ തുടർച്ചയായി പറയണം, ദൈവമില്ല, ദൈവമില്ല! സിമോൺ വെയിലിന്റെതാണ് ഈ ശാസനവും. പിശുക്കന്റെ സമ്പാദ്യം പോലെ ദരിദ്രമായി, ഉപയോഗശൂന്യമായി, ബീഭത്സമായി എന്താണുള്ളത്? ഇങ്ങനെ ഉപയോഗശൂന്യമായി ദൈവം കുന്നു കൂടുമ്പോൾ ഇതിൽ നിന്നും അവനെ രക്ഷിക്കാൻ അവൻ ഇല്ല എന്നു തന്നെ പറയണം.

ദൈവമിങ്ങനെ പിശുക്കന്റെ സമ്പത്തു പോലെ എല്ലായിടത്തും, ദേവാലയങ്ങളിലും, അമ്പലങ്ങളിലും, മോസ്ക്കുകളിലും കുന്നു കൂടിയപ്പോൾ ഒരു കൊറോണ കാലം ദൈവമില്ല എന്നു പറഞ്ഞു കൊണ്ട് വന്നു. ആരാധകരുടെ ശരണം വിളികളിലും, സ്തുതികളിലും, ബാങ്ക് വിളികളിലും ശ്വാസം മുട്ടിപ്പോയ ദൈവം ഇപ്പോൾ അടച്ചിട്ട പള്ളികളിലും അമ്പലങ്ങളിലും സ്വസ്ഥനായി നടക്കുന്നുണ്ടാകും. ദൈവം നീണ്ട ഒരു വിശ്രമത്തിന് തയ്യാറടുക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങളുടെ പട്ടിക വായിച്ച് അവൻ ശ്വാസം മുട്ടി പോയിട്ടുണ്ട്.

കുർബാന ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ സിരാ കേന്ദ്രമായ ഒരു കുദാശയാണ്. കത്തോലിക്കർ പല റീത്തുകളായി തിരിഞ്ഞ് പലപ്പോഴും തമ്മിലടിക്കുന്നതും അയിത്തം കൽപ്പിക്കുന്നതും ഈ കുദാശയുടെ പേരിലാണെന്നത് വിരോധാഭാവമാണ്. “എന്റെ ഓർമ്മയ്ക്കായ് ഇതു ചെയ്യുക” എന്നാണ് ക്രിസ്തു അന്ത്യഅത്താഴ വേളയിൽ പറഞ്ഞത്. അസാന്നിദ്ധ്യത്തിലൂടെ സൃഷ്ടിക്കുന്ന സാധ്യതയാണ് ഓർമ്മ എന്നത് തിരയുന്നത്. ഒരാളുടെ അസാന്നിദ്ധ്യത്തിലാണ് ഓർമ്മ ഉള്ളത്, ഈ ഓർമ്മയാകട്ടെ അയാളെ സന്നിഹിതനാക്കുന്നു. ഇതൊന്നും മനസ്സിലാക്കാതെ കുർബാന എങ്ങോട്ട് തിരിഞ്ഞ് ചൊല്ലണം, ഏത് ഭാഷയിൽ ചൊല്ലണം, ഏത് വേഷത്തിൽ ചൊല്ലണം എന്നതാണ് ഇവിടുത്തെ പ്രശ്നം. അവൻ സന്നിഹിതനാകുന്ന ശൂന്യത ഉണ്ടോ, പങ്കുവെയ്പുണ്ടോ, സ്നേഹമുണ്ടോ എന്നതൊരു വിഷയമേ അല്ല. സിറിയൻ കുർബാന മാത്രമാണ് ശരിയെന്നും ലാറ്റിൻ കുർബാന കുർബാനയേ അല്ല എന്നും സിറിയൻ ക്രിസ്ത്യാനികൾ ഞായറാഴ്ച ലാറ്റിൻ കുർബാന കൂടിയാൽ അവർക്ക് കുർബാന കടം ഉണ്ടെന്നൊക്കെ പറയുന്ന പുരോഹിത വിദ്യാന്മാർ ഇവിടെയുണ്ട്. പാവം പോപ്പ്, സിറിയൻ കുർബാന ചൊല്ലാനറിയാത്തതുകൊണ്ട് പുളളിക്ക് എന്തു മാത്രം കുർബാന കടം ഉണ്ട് ! പാവം ക്രിസ്തു തന്ത്രശാലികളായ ഉത്തരം പുരോഹിതന്മാരുടെ കൈയിലെ കളിപ്പാട്ടമായതിനെ ഓർത്ത് സ്വയം വിലപിക്കുന്നു. ക്രിസ്തുവിന്റെ ഈ വിലാപം കേൾക്കാനെങ്കിലും കൂർബാന ഇല്ലാത്ത, കുദാശകൾ ഇല്ലാത്ത ഒരു ഇരുണ്ട കാലം ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കുന്നത് നല്ലതാണ്

ഇപ്പോൾ സിറിയൻ കുർബാനയുമില്ല, മലങ്കര കുർബാനയുമില്ല, ലാറ്റിൻ കുർബാനയുമില്ല. വിശുദ്ധ വാരം തന്നെ പള്ളികൾ അടഞ്ഞുകിടക്കുന്നു. എവിടെ പോയി ഈ കൂർബാന കടം എല്ലാം? ക്രിസ്തുവിന്റെ ഓർമ്മയെ അവഹേളിക്കുന്ന വിധത്തിൽ എന്തിന് കുർബാനയുടെ ആഘോഷങ്ങളിലും, വസ്ത്രധാരണത്തിലും, റീത്തിലും അഭിരമിച്ചു പോയി? ഓൺലൈയിൽ കുർബാനയിൽ ഇതെല്ലാം ഒരിക്കൽ ഒതുക്കുമെന്ന് നമ്മളന്ന് കരുതിയില്ല. ഓൺലെയിൻ കുർബാന ചൊല്ലാൻ ഒരു പുരോഹിതൻ തന്നെ ധാരാളം. ഓൺലെയിൻ കുർബാന ലാറ്റിൻ റീത്തിൽ ആയാൽ അത് കുർബാന കടം ആകുമോ ?

ഇതിനിടയിൽ പ്രഗത്ഭനായൊരു കരിസ്മാറ്റിക് ധ്യാനഗുരു വിളിച്ചു പറയുന്നതു കേട്ടു, ഇവിടെ അവസാനത്തെ പുരോഹിതനും മരിച്ചു വീഴുന്നതുവരെ ഇവിടെ വി.കുർബാന ഉണ്ടായിരിക്കും.! ഇതെന്താ, പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചോ? അതോ കൊറോണാ വയറസ്, പുരോഹിതന്മാരെ മാത്രം പിടിച്ചു തിന്നാൻ വന്ന കണ്ണും മൂക്കുമുള്ള ഭീകര ജീവിയാണോ ? എക്സാജിറേഷനു ഒരു പരിധി വേണ്ടേ ? പുരോഹിതൻ ഇല്ലങ്കിൽ കുർബാന ഇല്ലേ? കുർബാനയുടെ ചരിത്രത്തിൽ പുരോഹിതന്മാർ ഇല്ലാത്ത ഏടുണ്ട്. പിന്നെ, ലോകാവസാനം വരെ പുരോഹിതന്മാരും കുർബാനയും ഉണ്ടാകുമോ ? ഇവർക്കു കാണും ഉറപ്പ്. ക്രിസ്തുവിന് യാതൊരു ഉറപ്പുമില്ലായിരിന്നു. പുരോഹിതന്മാർ പോയിട്ട്, വിശ്വാസികൾ തന്നെ ഉണ്ടാകുമോ എന്നതായിരിന്നു അവന്റെ സംശയം, ” ഞാൻ വീണ്ടും വരുമ്പോൾ ഇവിടെ വിശ്വാസികൾ ഉണ്ടാകുമോ ? പ്രഖ്യാപനം തിരിച്ചാക്കണം: അവസാനത്തെ വിശ്വാസി ഉള്ളിടത്തോളം കാലം ഇവിടെ കുർബാന ഉണ്ടായിരിക്കും. കുർബാന എന്നത് ക്രിസ്തുവിന്റെ ഓർമ്മയാണങ്കിൽ, ആ ഓർമ്മ വഹിക്കുന്ന ഓരോ വിശ്വാസിയും കുർബാനയാണ്.

നല്ല ഇടയൻ?

നല്ലിടയൻ എന്ന ബൈബിളിലെ ആശയത്തിന് ഒരു പിശകായ വ്യാഖ്യാനം നൽകുകയാണ് ലക്ഷ്യം. പിശകു വ്യാഖ്യാനം (misinterpretation) എന്താണന്ന് ഇതിനു മുമ്പ് എഴുതിയ വരുംകാലം എന്ന ലേഖനത്തിലുണ്ട്.


വനിതയുടെ ഈസ്റ്റർ വിശേഷമായി ഫീച്ചർ ചെയ്തിരിക്കുന്നത് എന്റെ സുഹൃത്തായ ജിജോ കുര്യനെയാണ്. സെമിനാരി പഠന കാലത്ത് ഒരു introvert ആയിരിന്ന ജിജോ പിന്നെ എങ്ങനെയോ extrovert ആയന്നോ, അല്ലങ്കിൽ അന്തർമുഖ പരിധികൾ ഭേദിച്ചന്നോ തോന്നിയിട്ടുണ്ട്. ജിജോ ളോഹയിട്ടു കൊണ്ടാണ് വനിതയുടെ താളുകളിൽ നിൽക്കുന്നത്. ളോഹയോട് ഇഷ്ടക്കേടില്ലങ്കിലും കഴിവതും സിവിൽ ഡ്രസ്സിൽ നിൽക്കാനാണ് ജിജോക്ക് താത്പര്യം. മിക്കവാറും കാവി മുണ്ടും ഷർട്ടുമിട്ടു കൊണ്ടു നടക്കുന്ന ജിജോയെ വനിതയിലെ സഹോദരി ളോഹയിടാൻ പ്രേരിപ്പിച്ചു കാണും.

ഇൻറ്റർവ്യൂകാരുടെ പ്രശ്നമിതാണ്, അവർ പ്രേക്ഷകർ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് മാറാൻ നമ്മളെ പ്രേരിപ്പിക്കും.ശാലോം ചാനലിനോടുള്ള പ്രതിഷേധവും ഇതുകൊണ്ടാണ്. അവർ കോൺവൻറ്റുകളിൽ കടന്നുചെന്ന് കന്യാസ്ത്രികളുടെ പ്രാർത്ഥനകളെ ഷൂട്ട് ചെയ്ത് ചാനലിൽ കാണിച്ചു. ക്യാമറയുടെ മുമ്പിലുള്ള പ്രാർത്ഥനക്ക് സംഭവിക്കുന്ന അഭിനയത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് ആർക്കും മനസ്സിലാകുന്നുമില്ല.ഇതു മനസ്സിലാക്കിയ ഒരാളാണ് മദർ തെരെസ. മദറിനെ പ്രശസ്തയാക്കിയതിൽ ഒരു പ്രധാന പങ്കുവഹിച്ചത് BBC മദറിനെക്കുറിച്ച് കാണിച്ച ഡോക്യുമെൻറ്ററിയാണ്. ഈ ഡോക്യുമെൻറ്ററി ചെയ്യാൻ BBC യെ സഹായിച്ചത് മാൽക്കം മുഗറിഡ്ജ് ആയിരിന്നു. ഒരു സന്ദേഹവാദിയായിരിന്നു മാൽക്കം. അദ്ദേഹം മദറിന്റെ പ്രാർത്ഥന ഷൂട്ട് ചെയ്യാൻ അനുവാദം ചോദിച്ചു. പ്രാർത്ഥിക്കാനായി ചാപ്പലിൽ വന്ന മദർ കാണുന്നത് അവിടെ നിറഞ്ഞു നിൽക്കുന്ന ഫ്ലഡ് ലൈറ്റിന്റെ പ്രകാശമാണ്. ഷൂട്ട് ചെയ്യാനായി ഇത്തരം പ്രകാശം അത്യാവശ്യമായിരിന്നു. പക്ഷെ, ആ പ്രകാശത്തിൽ പ്രാർത്ഥിക്കാൻ മദർ തയ്യാറായില്ല. മദറിന് പ്രാർത്ഥിക്കാൻ ആവശ്യമായത് സക്രാരിയുടെ മുമ്പിൽ കത്തുന്ന ഒരു ചെറിയ പ്രകാശമായിരിന്നു. ഡോക്യുമെൻറ്ററിക്കാർക്ക് മദർ ഒന്നു പ്രാർത്ഥന അഭിനയിച്ചു കൊടുത്താൽ മതിയായിരിന്നു. മദർ അങ്ങനെ ഒരു അഭിനയത്തിന് തയ്യാറായില്ല. അവസാനം ഫ്ലഡ് ലൈറ്റ് കൂടാതെയാണ് മദറിന്റെ പ്രാർത്ഥന ഷൂട്ട് ചെയ്തത്. പ്രാർത്ഥന അഭിനയിക്കാൻ തയ്യാറല്ല എന്ന് ശാലോം ചാനലുകാരോട് പറയുന്ന സിസ്റ്റേഴ്സിനെ ആവശ്യമാണ്. 

വാചിക പ്രാർത്ഥനകൾ ദൈവത്തെ പ്രീതിപ്പെടുത്താൻ വേണ്ടിയായിരിക്കും. പക്ഷെ, നിശബ്ദതയിലുള്ള ധ്യാനം ആന്തരീക ജീവിതത്തെ രൂപപ്പെടുത്താൻ വേണ്ടിയുള്ളതാണ്. പക്ഷെ, അത് ഷൂട്ട് ചെയ്ത് ചാലനലിൽ കാണിക്കാൻ സാധിക്കില്ല.


ജിജോയിലേക്ക് തിരിച്ചു വരാം. ജിജോ ഒരു നല്ല ഫ്രാൻസിസ്കനാണ്. ചുറ്റുമുള്ള ജീവജാലങ്ങളെ പരിരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു കപ്പുചിൻ. അലഞ്ഞ് തിരിയുന്ന പട്ടികൾ പോലും അവനെ കണ്ടാൽ ഓടി വന്ന് സൗഹൃദം പങ്കുവയ്ക്കും. ഷാജിയും ഞാനും ഈ വിസ്മയത്തിന് ഒരിക്കൽ ദൃക്സാക്ഷികളായി. പക്ഷെ, ജിജോയുടെ പുച്ച സ്നേഹം എനിക്കിഷ്ടമല്ല. അവന്റെ അന്തപ്പനും സരിതയും പക്ഷികളുടെ ഘാതകരാണ്. പക്ഷികളെ ഏറ്റവും കൂടുതൽ കൊന്നൊടുക്കുന്നത് മനുഷ്യർ വളർത്തുന്ന പൂച്ചകളാണ്.

ജിജോ ഒരു കുഞ്ഞാടിനെ കൈയിൽ പിടിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോയും വനിതയിലുണ്ട്. ഇത്തരം റൊമാന്റിക് ഫോട്ടോകളിൽ നിന്നും ഉടനെയൊന്നും നമ്മൾ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ബാക്ക് ഗ്രൗൻഡിൽ ബുദ്ധന്റ പ്രതിമയുള്ള ഫോട്ടോക്ക് ഒരു പ്രതൃക ചാരുത ഉണ്ടെങ്കിലും. കുഞ്ഞായ എന്തിനോടും നമ്മുക്ക് ഒരു പ്രത്യേക വാത്സല്യമുണ്ട്. കാരണം, നമ്മുക്ക് അതിനെ എടുക്കാം, ലാളിക്കാം. പക്ഷെ, വളരുന്തോറും അകലം സൃഷ്ടിക്കപ്പെടുന്നു. “The trees we planted in our childhood has grown too heavy for us to sustain,” എന്നെഴുതിക്കൊണ്ട് റിൽക്കേ ഈ സത്യത്തിനൊരു കാവ്യഭാഷ നൽകാൻ ശ്രമിക്കുന്നു. അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിൽ വന്ന ജോൺ എബ്രഹാം അടൂരിന്റെ മകളോട് ചോദിച്ചത്രേ, “നീ എന്തിനാണ് ഇങ്ങനെ വളർന്നു പോയത്?” ജോൺ എബ്രഹാമിന് ഓമനിപ്പിക്കാൻ കഴിയാത്ത വിധത്തിൽ അവൾ വളർന്നു കഴിഞ്ഞു. ജിജോയുടെ കൈയിലിരിക്കുന്ന കുഞ്ഞാടും വളരും, പ്രസവിക്കുകയും പാൽ തരുകയും ചെയ്യും. പിന്നെ അതിനെ കൊണ്ട് എന്തു ചെയ്യും.? ഒരിക്കൽ കൈയിലെടുത്ത് ഓമനിച്ച ഈ ആടിനെ കശാപ്പുകാരന് വിറ്റ് രൂപ എണ്ണിമേടിക്കും.


ക്രിസ്തുവിനെ ചിത്രീകരിക്കുന്നതും ഒരു ആടിനെ തോളിലേറ്റി നിൽക്കുന്നതായിട്ടാണ്. ഞാനൊരു നല്ലിടയനാണെന്നാണ് ക്രിസ്തു പറയുന്നതും. നൂറാടുകളിൽ ഒരെണ്ണം നഷ്ടമായാൽ ബാക്കിയുള്ളതിനെയെല്ലാം ഉപേക്ഷിച്ച്, നഷ്ടപ്പെട്ട ആടിനെ തേടി പോകുന്ന ഇടയന്റെ കഥയും ക്രിസ്തു പറയുന്നുണ്ട്. ക്രിസ്തുവിന്റെ കഥ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഗൂഡമായ അപൂർവ്വതകളെ മനസ്സിലാക്കിയില്ലങ്കിൽ കഥകൾ ഒന്നാം തരം മണ്ടത്തരങ്ങളായിട്ടേ തോന്നൂ. ക്രിസ്തു കഥയുടെ തുടക്കത്തിൽ ഇങ്ങനെ ഒരു obvious fact എന്നു തോന്നിപ്പിക്കുന്ന ഒരു കാര്യം ചോദിച്ചു കൊണ്ടാണ് തുടങ്ങുന്നത് : “നിങ്ങളിൽ ആരാണ് നൂറാടുകൾ ഉണ്ടായിരിക്കെ ഒരെണ്ണം നഷ്ടമായാൽ തൊണ്ണൂറ്റിഒൻപതിനെയും ഉപേക്ഷിച്ചിട്ട് ഒന്നിനെ തേടി പോകാത്തത് ?” ക്രിസ്തുവിന്റെ കേൾവിക്കാരെ ഇത് അത്ഭുതപ്പെടുത്തി കാണും. കാരണം ക്രിസ്തു obvious fact ആയിട്ട് അവതരിപ്പിക്കുന്നത് അവരെ സംബന്ധിച്ച് അങ്ങനെയല്ല എന്നതു തന്നെ. ക്രിസ്തു എന്ന കഥാകാരന്റെ ക്രാഫ്റ്റ് അവർക്ക് പിടി കിട്ടുന്നില്ല. കാരണം, അവർ ഒരാടിനെ നഷ്ടമായാൽ ഒരിക്കലും ബാക്കിയുളളതിനെ ഉപേക്ഷിച്ചിട്ട് പോകത്തില്ല. മിക്കവാറും അവർ മറ്റൊരു ആട്ടിടയനെ ഏൽപ്പിക്കും. അല്ലങ്കിൽ മറ്റൊരു ആട്ടിടയന്റെ ആടുകളുടെ അടുത്ത് വിട്ടിട്ടായിരിക്കും നഷ്ടപ്പെട്ട ആടിനെ തേടി പോകുക.

ഇപ്പോൾ ക്രിസ്തുവിന്റെ ഈ കഥ വായിക്കുന്ന ഒരു ആട്ടിടയൻ ക്രിസ്തു പറയുന്ന  ഇടയനാകാൻ ശ്രമിച്ച് അവന്റെ ആടുകളെ എല്ലാം ഉപേക്ഷിച്ച് നഷ്ടപ്പെട്ട ഒന്നിനെ തേടി പോയാൽ എന്തായിരിക്കും അവസ്ഥ? തിരിച്ചു വരുമ്പോൾ അവന്റെ മറ്റാടുകളെ കണ്ടില്ലങ്കിലോ? മോഷ്ടിക്കപ്പെടുകയോ, വന്യജീവികൾ ചിതറിച്ചു കളയുകയോ ചെയ്താലോ? ഏത് തരം ഇടയനായിട്ടായിരിക്കും അയാൾ അറിയപ്പെടുക?

കൂടെയുള്ള ആടുകളെ ഓർത്തല്ല, നഷ്ടെപെട്ടതിന ഓർത്താണ് ഇടയന്റെ ആശങ്ക എന്നും നഷ്ടമായത് ഒരിക്കലും എന്നേക്കുമായി നഷ്ടമാകില്ല എന്നും ഒരു നാൾ അത് വീണ്ടെടുക്കപ്പെടും എന്ന സത്യം കൈമാറുക മാത്രമാണ് ക്രിസ്തുവിന്റെ കഥയുടെ ലക്ഷ്യം.

“ഞാൻ നല്ലിടയനാണ്. നല്ല ഇടയൻ ആടുകൾക്കു വേണ്ടി ജീവൻ ബലികഴിക്കുന്നു”  എന്നും ക്രിസ്തു പറയുന്നു. ആടുകൾക്കു വേണ്ടി ജീവൻ ബലികഴിക്കുന്ന ഒരു ഇടയനും ഇല്ല. അഥവാ ഒരിടയൻ അങ്ങനെ ചെയ്താലും പ്രയോജനമില്ല.കാരണം ആടുകൾ നഷ്ടമാകുക തന്നെ ചെയ്യും. ആടുകളെ മേയ്ക്കുന്ന കാര്യത്തിൽ ഇടയന്മാർ വിദഗ്ധരാണ്. ആടുകൾക്ക് രോഗം വന്നാൽ, ആടുകളെ നഷ്ടമായാൽ, ആടുകളെ ആക്രമിക്കാൻ വന്യജീവികൾ വന്നാൽ എന്തു ചെയ്യണം എന്ന് അവർക്ക് നന്നായിട്ടറിയാം.ഇടയന്മാർ ആടുകളെ സ്നേഹിക്കുന്നവരാണ്, കുഞ്ഞാടുകളേ തോളിലേറ്റി നടക്കുന്നവരാണ്. പക്ഷെ, അവർ ആടുകളെ സ്നേഹിക്കുന്നുണ്ടങ്കിൽ അത് ആടുകൾക്കു വേണ്ടിയല്ല, അവർക്കു വേണ്ടിയാണ്. ആടുകളിൽ നിന്നും കിട്ടുന്ന കമ്പിളിക്കു വേണ്ടിയാണ്. ആടുകളെ ഇടയൻ എന്നെന്നേക്കുമായി പരിരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുമോ? ഇല്ല. ഒരു ദിവസം അവൻ ആടുകളെ കശാപ്പുകാരനു വിറ്റ് പണം എണ്ണി മേടിക്കും.അങ്ങനെ വച്ചു നോക്കുമ്പോൾ, നല്ല ഇടയൻ എന്നൊരാളില്ല.ക്രിസ്തു നല്ല ഇടയനാണെന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് ആടുകളെയല്ല, മനുഷ്യരെയാണ് എന്നതു സത്യം തന്നെ.

എന്നാൽ ഇന്ന് ക്രിസ്തു നമ്മുടെ മുമ്പിൽ നിൽക്കുന്നത് ആരായിട്ടാണ് ? നല്ല ഇടയനായിട്ടോ?ഒരു പക്ഷെ, ഇന്നവൻ കുഞ്ഞാടു മാത്രമായിരിക്കും, തുടർച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, എന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, എന്നും കശാപ്പുകാർക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പാവം കുഞ്ഞാട് .ഇതാ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിെന്റെ കുഞ്ഞാട് എന്ന യോഹന്നാന്റെ സാക്ഷ്യം കൂടുതൽ സ്പഷ്ടമാകുന്നു.

ദൈവം, വൈറസ്, തത്വചിന്ത

ഇന്ന് ലോകത്തിൽ എല്ലാവർക്കും പരിചിതമായ കാര്യം വൈറസാണ്. വെെറസ് എന്താണെന്ന് ഡോക്ടർമാരും ശാസ്ത്രഞ്ജന്മാരും വിശദീകരിച്ചു കഴിഞ്ഞു. വെെറസുമായി ബന്ധപ്പെടുത്തി ചില താത്വിക വിചാരം നടത്തുകയാണ് ഈ ലേഖനത്തിെന്റെ ലക്ഷ്യം.

ഒരു പക്ഷെ, മാർട്ടിൻ ഹൈഡഗറിന്റെ disturbance of reference എന്ന ആശയത്തിന്റ ഏറ്റവും നല്ല ഉദാഹരണമായിരിക്കും വെെറസ്. Disturbance of reference പറയുന്നത് നമ്മുടെ ബോധതലത്തിന് നമ്മൾ ഇടപെടുന്ന വസ്തുക്കളും കാര്യങ്ങളുമായി ചെറിയൊരു ശതമാനം ബന്ധം മാത്രമാണുള്ളത് എന്നാണ്. ഒരേ സമയം നമ്മൾ ഒരു പ്രതലം നടക്കാൻ ഉപയോഗിക്കുന്നുണ്ട്, ഓക്സിജൻ ശ്വസിക്കാൻ ഉപയോഗിക്കുന്നു, ആന്തരിക അവയവങ്ങൾ അവയുടെ പ്രവർത്തനത്തിലൂടെ ജീവനെ സംരക്ഷിക്കുന്നു. ഇതൊക്കെ നമ്മിൽ സംഭവിക്കുമ്പോഴും ഇതിനെക്കുറിച്ചൊന്നും നമ്മൾ ബോധവാന്മാരല്ല. പക്ഷെ, തെന്നിവീഴുമ്പോൾ നമ്മൾ വഴിയെ ശ്രദ്ധിക്കാൻ തുടങ്ങുന്നു. ശ്വാസം മുട്ടുമ്പോൾ ഓക്സിജെനെക്കുറിച്ച് ബോധമാന്മാരാകുന്നു. ആന്തരീക അവയവങ്ങളിൽ ഒന്നിന്റെ പ്രവർത്തനം നിലച്ചാൽ അതു മാത്രമായിരിക്കും നമ്മുടെ വ്യഗ്രത. പെട്ടെന്ന്, ഇതൊരു disturbanc of reference ആയി എന്ന് ഹൈഡഗർ പറയുന്നു.വൈറസ് ഒരു distubance of reference ആണ്. ജീവന്റെ ആരംഭം മുതൽക്കേ വൈറസുണ്ട്, പക്ഷിമൃഗാദികളിൽ യാതൊരു കുഴപ്പവുംകൂടാതെ വിഹരിച്ചിരിന്നു. നമ്മൾ അതിനെക്കുറിച്ച് അത്ര ചിന്തിച്ചിട്ടില്ല. പെട്ടെന്ന് അതിലൊന്ന് മനുഷ്യശരീരത്തിൽ കടക്കുകയും, പകരുകയും അവരെ കൊല്ലാൻ തുടങ്ങുകയും, രാഷ്ട്രീയ, സാമ്പത്തീക , സാമൂഹ്യ ജീവിതത്തെ പിടിച്ചു കുലുക്കുകയും ചെയ്തപ്പോൾ ഇതു മാത്രമാണ് നമ്മുടെ ചിന്തയിലും സംസാരത്തിലും ഉത്കണ്ഠയിലുമുള്ളത്. അങ്ങനെ നോക്കുമ്പോൾ വൈറസ് ഭീകരമായൊരു disturbance of refernce ആണ്.  പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും നമ്മുടെ disturbance of reference ആകാൻ ശക്തിയുണ്ട്.


വൈറസിനെക്കുറിച്ച് പല നിർവചനങ്ങളും വായിച്ചുവങ്കിലും, ബയോളജിക്കലും എന്നാൽ തത്വചിന്താപരവുമായ ഒരു നിർവചനം ലഭിച്ചത് ക്ലെയർ കോൾ ബ്രുക്ക് രചിച്ച,  Deleuze and the meaning of life എന്ന പുസ്തകത്തിൽ നിന്നാണ്. 2010-ൽ ഇറങ്ങിയ ഈ പുസ്തകത്തിൽ കോൾ ബ്രൂക്ക് വൈറസ് എന്താണെന്ന് പറയുന്നു, “A viruse is nothing other than the intoduction of the mutation into living beings, and has no life of its own. A virus is therefore so alive – so lacking in boundaries and limits – that it doesn’t counted as living being; it is nothing other than an event that occurs to the living.”ചിന്തയെ പല രീതിയിലും പ്രകോപിക്കുന്ന ഒരു ദർശനമാണ് വയറസിനെക്കുറിച്ച് കോൾ ബ്രുക്കിനുള്ളത്:  സ്വന്തമായി ജീവനും ജീവ വ്യവസ്ഥിതിയും ഇല്ലാതിരിന്നിട്ടു പോലും മറ്റു ജീവികളിൽ മ്യൂട്ടേഷൻ വരുത്താൻ മാത്രം വൈറസ് ശക്തമാണ്. യാതൊരു വിധ പരിമിതിയോ സീമകളോ ഇല്ലാത്ത വിധത്തിൽ സജീവമായിരിന്നിട്ടും വൈറസ് ഒരു ജീവവസ്തുവല്ല. ഇത് ജീവനുള്ളതിന് സംഭവിക്കുന്ന സംഭവം അല്ലാതെ മറ്റൊന്നുമല്ല. നമ്മൾ പൊതുവേ മനസ്സിലാക്കുന്ന ജീവൻ , ജീവജാലം, സജീവത തുടങ്ങിയ കാര്യങ്ങൾ വയറസിന്റ കാര്യത്തിൽ കൈ വിട്ടു പോകുകയാണ്. വൈറസിനെ പോലെ ജീവജാലങ്ങളിൽ ഒന്നായി കണക്കാക്കെടാതിരിന്നിട്ടും യാതൊരു വിധ പരിധിയും അതിർത്തിയും ഇല്ലാത്ത വിധത്തിൽ സജീവമായിരിക്കുന്ന മറ്റെന്തെങ്കിലും ഉണ്ടോ? സാർത്രിന്റെ ഉത്തരം ദൈവം എന്നാണ്! സാർത്ര് ചോദിക്കുന്നു,”എന്തായിരിക്കുന്നുവോ അതായിരിക്കുന്ന ഒരു അസ്തിത്വം ദൈവം മാത്രമല്ലേ? അങ്ങനെ അവൻ എല്ലാ സകാരതയും ലോകത്തിന്റെ അടിസ്ഥാനവുമാണ്. എന്നാൽ ദൈവം എന്തല്ലാതിരിക്കുന്നുവോ അതല്ല താനും. ഈ അർത്ഥത്തിൽ ദൈവം ആത്മബോധവും അവന്റ തന്നെ അടിസ്ഥാനവുമാണ്.”വൈറസ് ഒരു RNA ആണെങ്കിൽ അതിന്റെ മുഴുവൻ പരിശ്രമവും അതായിരിക്കാനാണ്, അതിനു വേണ്ടി മറ്റു ജീവികളുടെ ശരീരം ആവശ്യമാണ്. ദൈവവും അവനെന്തായിരിക്കുന്നുവോ അതായിരിക്കാൻ മാത്രം ശ്രമിക്കുന്നു. അവൻ എന്തല്ലാതിരിക്കുന്നുവോ അതായിരിക്കാൻ ദൈവം ഒരിക്കലും ശ്രമിക്കുന്നില്ല. മനുഷ്യൻ മാത്രമാണ് അവനല്ലാത്തത് ആയിരിക്കാൻ പരിശ്രമിക്കുന്നത്, അതാണവന്റ സഹനത്തിന്റെ കാരണമെന്ന് സാർത്ര് അനുമാനിക്കുന്നു. ഒരിക്കലും രക്ഷയില്ലാത്ത ഈ വിധിയുടെ ഭാരമാണ് മനുഷ്യൻ നിരന്തരം ചുമക്കുന്നത്. വൈറസിന്റെ അസ്തിത്വം മറ്റു ജീവജാലങ്ങളിൽ സംഭവിക്കുക എന്നതു മാത്രമാണെങ്കിൽ ദൈവത്തിെന്റെ അസ്തിത്വവും അതു മാത്രമാണ്, പ്രപഞ്ചത്തിൽ സംഭവിച്ചു കൊണ്ടിരിക്കുക എന്നത്! അല്ലാത്തപ്പോൾ ദൈവം നിർജീവമാണോ? ഇതിനുള്ള ഉത്തരം നമ്മുക്ക് ലഭിക്കുന്നത് ബ്രൂണോ ലാതോറിന്റെ ചിന്തയിൽ നിന്നായിരിക്കും.


സാമൂഹ്യ, നരവംശ ശാസ്ത്രഞ്ജനും തത്വചിന്തകനുമായ ബ്രൂണോ ലാതോറിന്റെ റിലേഷണലിസത്തിനും വയറസിനെ ഉദാഹരണമായിട്ടെടുക്കാം. റിലേഷണലിസത്തെ ഇങ്ങനെ നിർവചിക്കാം: “Relationalism is a view that a thing is solely defined by its effects and alliances, rather than by some lonely inner kernel of essence.” തത്വചിന്ത ജന്മെടുക്കുന്നത് Substanc എന്താണെന്ന് അന്വേഷിച്ചു കൊണ്ടാണ്. എല്ലാ വസ്തുകളുടെയും ഏറ്റവും പ്രധാന കാരണമായത് സത്തയാണ് എന്നതാണ് ആദ്യകാല ചിന്തയുടെ ഉത്തരം. ആധുനിക ചിന്തയിൽ സത്തയെ രണ്ടു വ്യത്യസ്തമായ രീതിയിലാണ് പ്രധാനമായും നിർവചിക്കുന്നത്. ലെയ്ബിനിസു വഴി ദെക്കാർത്തു വരെ, ദൈവത്തിന്റെ ഇടപെടലിനു മാത്രം വിധേയമായി സ്വതന്ത്രമായി വർത്തിക്കുന്ന സത്തയെയാണ് നിരൂപിക്കുന്നത്. സ്പിനോസയിൽ ദൈവവും സത്തയും ഒന്നാണ്. നിരീക്ഷക മനസിന്റെ ശീലങ്ങളാൽ ഏകപക്ഷീയമായി ബന്ധിക്കപ്പെട്ടു നിൽക്കുന്ന ഒരു കൂട്ടം ഗുണങ്ങൾ മാത്രമാണ് എംപരിസിസ്റ്റുകളെ സംബന്ധിച്ച് സത്ത എന്നത്.ആദ്യത്തെ പക്ഷക്കാരെ കീഴ്പ്പെടുത്തുന്നത് ദൈവവും സത്തയുടെയും സ്വേച്ഛാധിപത്യവുമാണങ്കിൽ, രണ്ടാമത്ത പക്ഷക്കാരെ കീഴ്പെടുത്തുന്നത് മനസിന്റെയും അതിന്റെ ഗുണങ്ങളുടെയും ആധിപത്യമാണ്.
ഇത് രണ്ടിൽ നിന്നും രക്ഷപ്പെട്ടുകൊണ്ട് ലാതോർ പറയുന്നത് വസ്തുക്കളെ വസ്തുക്കളാക്കുന്ന യാതൊരു വിധ സത്തയും ഇല്ല, പകരം അവരെ വസ്തുക്കളാക്കുന്നത് അവർ സൃഷ്ടിക്കുന്ന ബന്ധങ്ങളും സഖ്യതകളുമാണ് എന്നാണ്. ലാതോറിന്റെ ഈ തീയറിയുടെ മികച്ച ഉദാഹരണമാണ് വെെറസ്. വെെറസിനു സ്വന്തമായി യാതൊരു അസ്തിത്യവുമില്ല. പകരം അത് സൃഷ്ടിച്ചടുക്കുന്ന ബന്ധങ്ങൾ മാത്രമാണ് ഇതിന്റെ അസ്തിത്വം. ഒരിക്കൽ വാസ്തവമല്ലാതിരിന്ന കോവിഡ് വെെറസ് ഇന്ന് ഏറ്റവും വലിയ വാസ്തവമായത് അത് പുതിയതായി സൃഷ്ടിച്ചെടുത്ത ബന്ധങ്ങളിലൂടെയാണ്, ബന്ധങ്ങൾ ഇല്ലാതിരിന്നപ്പോൾ അവ തികച്ചും നിർജീവമായിരിന്നു.ഇപ്പോൾ വാസ്തവമായ വെെറസിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ലാതോർ പറയും, “Reality is resistance.”


ദൈവം വാസ്തവമാണോ ?ഈ ചോദ്യത്തിന്റെ ഉത്തരം ലഭിക്കാൻ ലാതോറിന്റെ Actant എന്ന ആശയം മനസ്സിലാക്കണം. ലാതോറിനെ സംബന്ധിച്ച് subsatnce, eseesnce എന്നിവയില്ല പകരം actants ആണുള്ളത്. അതിന്റെ ശക്തി ചെലുത്താൻ വേണ്ടി എപ്പോഴും സ്വയം ക്രമീകരിക്കുക എന്നതാണ് actants ചെയ്യുന്നത്. എങ്ങനെയാണ് actants മുന്നേറുന്നത്, നിലനിൽക്കുന്നത് എന്നു ചോദിച്ചാൽ ഉത്തരം: പുതിയ ബന്ധങ്ങളും സഖ്യങ്ങളും സ്ഥാപിച്ചു കൊണ്ടാണ് എന്നാണ്.വാസ്തവും അവാസ്തവുമായ actants തമ്മിൽ വ്യത്യാസമില്ല. അപ്പോൾ ദൈവത്തിന് ഒരു വെെറസിനേക്കാൾ വാസ്തവികത അവകാശപ്പെടാൻ ആകില്ല. ഹർമാൻ, ലാതോറിന്റെ ദൈവത്തെക്കുറിച്ച് പറയുന്നത് ദൈവം മറ്റ് ആക്ടൻസിനേക്കാളും വ്യത്യസ്തയുള്ള ഒരു നിലനിൽക്കുന്ന സത്തയല്ല എന്നാണ്. ഒരു actant- ന് കൂടുതൽ വാസ്തവമാകാൻ കഴിയും, “the more connected an actant is, the more real; the less connected, the less real.” ഇപ്പോൾ വെെറസാണ് എല്ലാത്തിനേക്കാളും വാസ്തവം, എന്തിനേറെ ദൈവത്തെക്കാളും. എങ്ങനെയാണ് ദൈവത്തേ കൂടുതൽ വാസ്തവമാക്കാൻ കഴിയുക? ലാതോർ പറയുന്നു, “”He is a being who is sensitive to what one speaks about him: a being who appears and disappears according to the way he is spoken of, proclaimed, or uttered.”ദൈവെത്തെ കുറിച്ചുള്ള നിങ്ങളുടെ സംസാരത്തെ സൂക്ഷിക്കുക, ഒരു പക്ഷെ നിങ്ങൾ അവനെ കൂടുതൽ അവാസ്തവമാക്കുകയായിരിക്കും.

റിയലും നോൺ റിയലുമായ actants അവരുടേതായ രീതിയിൽ നമ്മളെ രൂപപ്പെടുത്താനും വ്യാഖ്യാനിക്കാനും ശ്രമിക്കുന്നുണ്ട് , നമ്മൾ അവയെ രൂപെടുത്തുന്നതുപോലെ, “whether I am a storm, a rat, a rock, a child, a worker, a gene, a slave, the unconscious, or a virus, they whisper to me, they suggest, they impose an interpretation of what I am, and what I can.”ഇന്ന് ഏററവും അധികം ചർച്ച ചെയ്യപ്പെടുന്ന ലാതോറിന്റെ ചിന്ത വരുംകാലങ്ങളിൽ കൂടുതൽ പ്രസക്തമാകും.