ഭൗതീകതയും ആത്മീയതയും

ദൈവം ഭൗതീകനാണ്, പിശാച് ആത്മീയനും. ആദിയിൽ ദൈവം എല്ലാം സൃഷ്ടിച്ചിട്ട് എല്ലാം നല്ലതാണെന്ന് കണ്ടു. പിന്നെ എവിടെ നിന്നാണ് തിന്മ വന്നത്? അത് മനുഷ്യന്റെ മനസ്സിലാണ് ഉത്ഭവിച്ചത്. അത് അപ്പോൾ ഒരു ഭൗതിക വസ്തുവല്ല, ആത്മീയ വസ്തുവാണ്. തോമസ് അക്വിനാസിനെക്കുറിച്ചുള്ള പുസ്തകത്തിൽ ജി.കെ ചെസ്റ്റർട്ടൻ പറയുന്നത്, ഭൗതീകത തിന്മയാണെന്നും ആധ്യാത്മികത നന്മയാണെന്നുമുള്ള പ്ലേറ്റോണിക് വിശ്വാസത്തെ മറിച്ചിട്ടത് ക്രിസ്തുമതമാണെന്നാണ്.ചെസ്റ്റർട്ടൻ എഴുതുന്നു,

“മോശം വസ്തുക്കൾ ഇല്ല. വസ്തുക്കളുടെ മോശം ഉപയോഗം മാത്രമാണുള്ളത്. മോശം വസ്തുക്കൾ ഒന്നും തന്നെയില്ല. പകരം, മോശം ചിന്തയാണുള്ളത്; പിന്നെ മോശം ഉദ്ദേശ്യങ്ങൾ…. എന്നാൽ നല്ല വസ്തുക്കളെക്കുറിച്ച് മോശം ഉദ്ദേശ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ലോകത്തെയും ശരീരത്തെയും പോലെ, ഇതിനെ ദുരുദ്ദേശ്യം കൊണ്ട് ദുരർത്ഥം നൽകിയതിനെയാണ് പിശാച് എന്നു വിളിക്കേണ്ടത്. പക്ഷെ, പിശാചിന് വസ്തുക്കളെ മോശമാക്കാനുള്ള കഴിവില്ല, അത് ആദിയിലെപ്പോലെ തന്നെ വർത്തിക്കുന്നു. സ്വർഗ്ഗത്തിന്റെ പ്രവൃത്തി ഭൗതീകം മാത്രമാണ്, ഭൗതീക ലോകത്തെ സൃഷ്ടിക്കുക എന്നത്. നരകത്തിന്റെ ജോലി മൊത്തത്തിൽ ആത്മീയമാണ്.”  


തിന്മയുമായി ബന്ധപ്പെട്ട പ്രധാന ചോദ്യം ദൈവത്തിന് തിന്മ എന്താണെന്ന് അറിയാമോ എന്നുള്ളതാണ്.ദൈവത്തിന് തിന്മ എന്താണെന്ന് അറിയാമെങ്കിൽ അത് ദൈവത്തിൽ നിന്നാണ് പുറപ്പെട്ടത്. അപ്പോൾ തിന്മയുടെ ഉത്ഭവം ദൈവമായിത്തീരുന്നു. എന്തെക്കോ ദൈവത്തിൽ നിന്നും ഉത്ഭവിച്ചോ അതിനെ മാത്രമേ ദൈവത്തിന് അറിവുള്ളു. ദൈവത്തിന്റെ ജ്ഞാന പരിധി അവൻ തന്നെയാണ്. ദൈവം ഉള്ളവനാണെങ്കിൽ, പിശാച് ഇല്ലാത്തവനാണ്. ഇല്ലാതിരിന്നിട്ടും ഉള്ളവനാണ് എന്ന് ബോധ്യപ്പെടുത്തിയതിലാണ് അവന്റെ വിജയമിരിക്കുന്നത്. ക്രിസ്തുവിനെ സംബന്ധിച്ച് പിശാച് നുണയനാകുന്നത് അതുകൊണ്ടാണ്. തിന്മക്ക് അപ്പോൾ ഉള്ളത് മായികമായ, ആത്മീയമായ ഒരു അസ്തിത്വമാണ്. ഭൗതീകമാകുന്നതിൽ പരാജയപ്പെട്ടതാണ് തിന്മ.


ദൈവം ഭൗതീകനാണ്. എന്നാൽ ഭൗതീക വാദിയല്ല. ആത്മീയനും ഭൗതീക വാദിയും ശ്രമിക്കുന്നത് വസ്തുക്കളുടെ പിന്നിലുള്ള അർത്ഥം കണ്ടെത്താനാണ്. അതുകൊണ്ടാണ് പല ആത്മീയ വ്യാഖ്യാനങ്ങളും കള്ള വ്യാഖ്യാനങ്ങളും, പല ആത്മീയ മനുഷ്യരും കള്ളനാണയങ്ങളുമായിത്തീരുന്നത്. ആത്മീയവാദിയും ഭൗതീക വാദിയും വസ്തുക്കളുടെ ഉപരിതലത്തിൽ വിശ്വസിക്കുന്നില്ല, പകരം അർത്ഥം അന്വേഷിച്ച് അവയുടെ ഉള്ളിലേക്ക് കടക്കുന്നു, എന്നിട്ടവയെ വികൃതമാക്കുന്നു. ശാസ്ത്രം പോലും ഈ കുഴപ്പത്തിൽ ചെന്നു ചാടാറുണ്ട്. ജോർജ് സ്ക്രൂട്ടന്റെ അഭിപ്രായത്തിൽ, ശാസ്ത്രം പലപ്പോഴും ഭൂമിയുടെ രഹസ്യം അന്വേഷിച്ച് തുരന്ന് അതിന്റെ ഉള്ളിലേക്ക് പോകുന്നു, എന്നിട്ട് മനുഷ്യൻ ജീവിക്കുന്നത് ഭൂമിയുടെ അന്തർഭാഗത്തല്ല, ഉപരിതലത്തിലാണെന്ന് മറന്നു പോകുന്നു. മനുഷ്യന്റെ കടമ ഭൂമിയുടെ ഉപരിതലത്തെ സംരക്ഷിക്കുക എന്നുള്ളതാണ്. കാരണം, അവിടെയാണ് ജീവൻ നിലനിൽക്കുന്നത്.


കലർപ്പുള്ളതിനെ അശുദ്ധം എന്നും, കലർപ്പില്ലാത്തതിനെ വിശുദ്ധം എന്നും വിളിക്കുന്നതിൽ കുഴപ്പമുണ്ട്. ഭൗതിക വസ്തുക്കളെല്ലാം തന്നെ പല മൂലകങ്ങളുടെ കലർപ്പുകൾ കൊണ്ടുണ്ടായതാണ്. മൂലകങ്ങൾ കലരാതെ, ശുദ്ധാവസ്ഥയിൽ നിലനിന്നിരിന്നങ്കിൽ നക്ഷത്രങ്ങളും, പൂക്കളും പുഴകളും കൊണ്ട് വർണാതീതമായ ഈ പ്രപഞ്ചം ഉണ്ടാകുമായിരിന്നില്ല. കറുപ്പും കലർപ്പും ഭംഗിയാണ്. എവിടെ വച്ച് മൂലകങ്ങൾക്ക് കൂടിക്കലരാൻ പാകത്തിനുള്ള ചൂട് സൃഷ്ടിക്കപ്പെട്ടോ അവിടെ വച്ച് പ്രപഞ്ചം ആരംഭിക്കാൻ തുടങ്ങി. കലർപ്പുകളെ അശുദ്ധമായി കരുതുന്ന ആത്മീയ വാദിക്കൾക്കും ശുദ്ധ രക്ത മത വാദികൾക്കും സൃഷ്ടി എന്താണെന്ന് മനസ്സിലാകുന്നില്ല. സൃഷ്ടി അശുദ്ധതയിയിൽ നിന്നാണ് ഉയിർ കൊള്ളുന്നത്. മാഡം ക്യുറി അവരുടെ കൈകളെ അശുദ്ധമാക്കുന്നതിനെ ഭയപ്പെട്ടില്ല. അവർ റേഡിയോ ആക്ടീവ് ഐസോടോപ്പുകളുമായി നിരന്തരമായി നടത്തിയ പരീക്ഷണം ജീവിതത്തെ തന്നെ മലിനീകരണത്തിന് വിധേയമാക്കിക്കൊണ്ടായിരിന്നു. ഈ പരീക്ഷണങ്ങളാണ് അർബുദത്തിനുള്ള ചികിത്സയിലേക്ക് വഴിതെളിച്ചത്. മലിനീകരണവുമായുള്ള ഈ അപകട ജീവിതം കാരണം മാഡം ക്യുറി കാൻസർ ബാധിച്ച് മരിച്ചെങ്കിലും, അവരുടെ ജീവിതം സന്തോഷകരമായ ആഭിനിവേശങ്ങൾ നിറഞ്ഞതായിരിന്നു.


പസോളിനി അദ്ദേഹത്തിന്റെ മാലാഖമാരെ അഭിസംബോധന ചെയ്യുന്നത്, “എന്റെ അശുദ്ധരായ മാലാഖമാരെ” എന്നാണ്. ശുദ്ധാശുദ്ധതയുടെ അസംബന്ധകളെ മറികടക്കാനുള്ള ശ്രമം. ശുദ്ധതയുടെ ആത്മീയ പ്രഭാഷകർ ചെന്നുചാടുന്ന അപകടങ്ങളെ മനസ്സിലാക്കിക്കൊണ്ട് ബ്രൂണോ ലാതോർ എഴുതി, “Purity can be the virtol of the soul.” ശുദ്ധത പലപ്പോഴും ആത്മാവിന് കയ്പിക്കുന്നു.

ശൂന്യമായ ഒരു സ്ഥലം പ്രപഞ്ചത്തിലില്ല. ശൂന്യത നമ്മുടെ തോന്നലാണ്. ശൂന്യത പോലും ഒരു സൃഷ്ടിയാണ്. വെർച്വൽ പാർട്ടിക്കിൾസ് കൊണ്ടാണ് ശൂന്യത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വെർച്വൽ വസ്തുക്കൾക്ക് യഥാർത്ഥ വസ്തുക്കളേക്കാൾ സൃഷ്ടിപരത ഉണ്ട്.ആത്മാവ് ഒരു ആത്മീയ വസ്തുവല്ല, ഭൗതീകതയാണ്. ദെല്യുസ് പറയുന്നത്, ജീവിതത്തിൽ വെർച്വൽ മാത്രമാണുള്ളതെന്നാണ്. വെർച്വൽ ശൂന്യത ഇല്ലങ്കിൽ പ്രപഞ്ചത്തിൽ ഒന്നിനും ഉടലെടുക്കാൻ സാധിക്കില്ല.ദൈവം ശൂന്യതയിൽ നിന്നും എല്ലാം സൃഷ്ടിച്ചു എന്നാണ് ബൈബിൾ പറയുന്നത്. ശൂന്യത എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം നമ്മുടേതാണ്. ഒരു പക്ഷെ, ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടി ശൂന്യത തന്നെയായിരിക്കണം. വെർച്വൽ മാത്രമാണ് പിന്നീട് സൃഷ്ടിയായി മാറുന്നത്, എല്ലാ വെർച്വലും സൃഷ്ടിയായി മാറുന്നില്ലങ്കിലും. നമ്മുടെ പ്രധാനപ്പെട്ട തെറ്റ് തികച്ചും ഭൗതീക വസ്തുവായ ആത്മാവിനെ ഒരു ആത്മീയ ലോകത്ത് നിക്ഷേപിച്ചു എന്നുള്ളതാണ്.


പക്ഷെ, വെർച്വൽ വാസ്തവമായ ആത്മാവിന് ഒരു കുഴപ്പമുണ്ട്. എപ്പോഴാണോ അതുണ്ട് എന്ന് വിശ്വസിച്ച് നമ്മൾ ജീവിക്കുന്നത് അപ്പോൾ മാത്രമാണ് നമ്മളെ സംബന്ധിച്ച് അതുള്ളത്, അല്ലാത്തപ്പോൾ അത് അന്യമായിപ്പോകും. ആത്മാവിന് സാന്നിദ്ധ്യം നൽകുന്ന വിശ്വാസികൾ ഉണ്ടായിരിക്കണം.അതുപോലെ തന്നെ ആത്മാവ് ആരുടെയും സ്വഭാവത്തിൽ മാറ്റം വരുത്തുന്നില്ല, അവരുടെ സ്വഭാവത്തിൽ പ്രവൃത്തിക്കുക മാത്രമാണ് ചെയ്യുന്നത്. പിശാച് ക്രിസ്തുവിനോട് ആവശ്യപ്പെട്ടത് കല്ലുകളെ അപ്പമാക്കി മാറ്റാനാണ്. അങ്ങനെ വസ്തുക്കളുടെ സ്വഭാവത്തെ മാറ്റുന്ന മജീഷ്യനാകാനുള്ള പ്രലോഭനത്തെ അവൻ നിരാകരിച്ചു. പിന്നീട് അവൻ അപ്പം വർദ്ധിപ്പിക്കുന്നുണ്ട്, വർദ്ധിച്ചതെല്ലാം അപ്പക്കഷണങ്ങൾ തന്നെയാണ്.
ക്രിസ്തുവിൽ ദൈവം തികച്ചും ഭൗതീകനാണ്; അവൻ നടക്കുന്നു, ഉറങ്ങുന്നു, സ്വപ്നം കാണുന്നു, രോഷാകുലനാകുന്നു, ചിരിക്കുന്നു, പ്രാർത്ഥിക്കുന്നു, സംശയിക്കുന്നു, തിന്നുന്നു, വിസർജ്ജിക്കുന്നു. (മനുഷ്യനു അവന്റെ ഭൗതീകത ഏറ്റവും ബോധ്യപ്പെടുന്നത് ടോയ്ലറ്റിലാണ്)എന്തു സംഭവിച്ചാലും അവൻ അവന്റെ ആത്മാവിന്റെ പിടിവിടാതെ നിൽക്കുന്നു, ഒരിക്കൽ പോലും ആത്മീയ ആശ്വാസങ്ങളിൽ അഭയം തേടാതെ. ക്രിസ്തു പഴയനിയമ ദൈവത്തിൻറെ അതിഭൗതീക ലോകത്തെയും അവന്റെ ഉപയോഗശൂന്യമായ സർവ്വ ശക്തിക്കുമെതിരെ നിരന്തരം കലഹിച്ചു കൊണ്ടിരിന്നു. അവന്റെ നിരാശപ്പെടുത്തുന്ന ദുഃസൂചനകളെ ചോദ്യം ചെയ്തു, മനുഷ്യത്വമില്ലാത്ത നീയമങ്ങളെ റദ്ദു ചെയ്തു. ഭൗതീകനാകാനുള്ള കഴിവില്ലായ്മയെ തുറന്നു കാട്ടി. ക്രിസ്തു, അവന്റെ മുറിവേറ്റ, തോൽക്കുന്ന, നിസ്സഹായമായ, ക്ഷയിക്കുന്ന ശരീരത്തിൽ ദൈവത്തെ ഏറ്റടുത്തു കൊണ്ട് എല്ലാവിധ അതിന്ദ്രീയതയിൽ നിന്നും അവനെ മോചിപ്പിച്ചു.


ജോബിന്റെ മുമ്പിൽ വച്ച് യഹോവ അങ്കലാപ്പോടെ തിരിച്ചറിയുന്ന കാര്യം സഹിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ജോബ് ധാർമ്മിക നിലയിൽ തന്നേക്കാൾ ഉന്നതിയിലാെന്നാണ്. മനുഷ്യൻ സഹിക്കുകയും ദൈവം സഹനം എന്താണെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന് മനുഷ്യനേക്കാൾ ധാർമ്മീകമായ ഉന്നതി അവകാശപ്പെടാനാവില്ല. ഇനി അവനു മനുഷ്യനാകാതിരിക്കാൻ നിവൃത്തിയില്ല, സഹനത്തിന്റെ ഏറ്റവും കിരാതമായ രാത്രികളിലൂടെ അലഞ്ഞുതിരിയുക തന്നെ വേണം. ക്രിസ്തുവിൽ ദൈവം സഹനത്തിലൂടെ, കുരിശു മരന്നത്തിലൂടെ തന്റെ ധാർമ്മീകമായ ഉന്നതി അവകാശമാക്കുന്നു.


ദൈവം സ്വയം ശൂന്യനാക്കി എന്നു പറയുമ്പോൾ, എന്താണ് അവൻ ശൂന്യമാക്കിയത്? ദൈവീകത ആണോ? ഇല്ല. അതിഭൗതീകളെ ഉപേക്ഷിച്ചു കൊണ്ട് തന്റെ ദൈവികതയെ മാനുഷീകതയിലേക്ക് വിളക്കിച്ചേർക്കുകയാണ് അവൻ ചെയ്യുന്നത്. ഇവിടെ ഭൗതീകത സമ്യദ്ധമാകുന്നു, ശരീരം സുരഭിലമാകുന്നു.ഇനി മുതൽ ലോകത്തിൽ നിന്നും മുറിച്ചു നീക്കപ്പെട്ട ആത്മീയതയും അതിഭൗതികതയും അകം ശൂന്യമായ തോടുകളാണ്. ലാതോറിന്റെ ഭാഷയിൽ പറഞ്ഞാൽ: Essence is now existence. അഥവാ, അതിഭൗതികത എന്നൊന്നുണ്ടെങ്കിൽ അത് ഭൗതികതയുടെ ഉള്ളിലുള്ള ചാലകമാണ്. മനുഷ്യനായ ക്രിസ്തു ഇതിന് സാക്ഷ്യമാണ്.


മറ്റെന്താണ് മനുഷ്യനായ ക്രിസ്തു നമ്മളോട് പറയുന്നത് ? ഭൗതീകതയുടെ സമ്യദ്ധിയും ജീവതത്തിന്റെ മോഹങ്ങളും ദൈവീകം ആണെന്നാണ്. ജീവന്റെ സമൃദ്ധിക്ക് ക്രിസ്തു നൽകുന്ന പേരാണ് ദൈവീകത. അതിഭൗതിക ആത്മീയത ജീവിത നിഷേധമാണ്, ജീവന്റെ ചാലുകളെ അത് വൃത്തികേടാക്കുന്നു, ന്യായവിധികളാൽ ഭർത്സിക്കുന്നു. ദെല്യുസ് പറയുന്നതു പോലെ, “transcendence substitutes knowledge for thought.”ദൈവീകതയും മാനുഷികതയും കലർന്ന് ഒന്നായിത്തീരുന്നതാണ് യഥാർത്ഥ ശുദ്ധത. കലരാതിരിക്കുന്നതെല്ലാം അശുഭമാണ്, ജീവനില്ലാത്തതാണ്.കലർച്ചകളുടെ ക്രിസ്തു, ഉജ്ജ്വലമായ ചിരികളാൽ കത്തുന്ന ഒരു ശരീരമായി നിൽക്കുന്നു.