മതത്തിന്റെആവിർഭാവം

ലോകത്തിലെ ആദ്യത്തെ മതം ക്രിസ്തു മതമാണെന്നു പറഞ്ഞാൽ അതെത്ര പേരെ ആശ്ചര്യപ്പടുത്തുമെന്നറിയത്തില്ല. ആശ്ചര്യപ്പെടുന്നവരുടെ ചോദ്യമിതായിരിക്കും: അപ്പോൾ ഹിന്ദു മതമോ? ബുദ്ധമതമോ? യഹൂദമതമോ? 

ഹിന്ദു മതം ഈ അടുത്ത കാലത്ത് ആവിർഭവിച്ച ഒരു കാര്യമാണ്. അതിനു മുമ്പ് ഇവിടെയുണ്ടായിരിന്നത് ഹിന്ദു സംസ്ക്കാരമായിരിന്നു. എല്ലാ വിശ്വാസസംഹിതകളും ഒരു പരിധി കഴിഞ്ഞാൽ സംസ്ക്കാരമായി പരിണമിക്കേണ്ടതിന്റെ ആവശ്യകതയുടെ ഏറ്റവും വലിയ തെളിവാണ് ഹിന്ദു സംസ്ക്കാരം. ഹിന്ദു സംസ്ക്കാരത്തിന്റെ നന്മയിൽ നിന്നും ഹിന്ദു മതത്തിന്റെ ഭീകരതയിലേക്കുള്ള വീഴ്ചയാണ് നാമിപ്പോൾ ഭാരതത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്.

 ദൈവ വിശ്വാസം എന്നത് മതത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാണെങ്കിൽ ബുദ്ധമതം ഒരു മതമല്ല പ്രത്യുത ഒരു ജീവിത സംഹിതയാണെന്നു പറയേണ്ടി വരും. ബുദ്ധൻ പ്രധാനമായും തിരസ്ക്കരിക്കുന്നത് അന്നത്തെ കാലത്തു നിലനിന്നിരിന്ന ദൈവ സങ്കൽപങ്ങളെ തന്നെയായിരിന്നു, ” കാമ ക്രോധാതി മോഹങ്ങളിൽ പെടുന്ന ഒരു ദേവന്മാരെയും നിങ്ങൾ വിശ്വസിക്കരുത്” എന്നാണ് ബുദ്ധൻ പറയുന്നത്. 

യഹൂദമതം എന്നൊരു മതവും ഉണ്ടായിരിന്നില്ല, പകരം അതൊരു പാരമ്പര്യം മാത്രമായിരിന്നു. പാരമ്പര്യവും രാഷ്ട്രമീമാംസയും ഒക്കെ കൂടിക്കലർന്ന ഒരു ഹൈബ്രിഡ് വിശ്വാസ സംഹിതയായിരിന്നു യഹൂദരുടേത്. വളരെ ഗോത്രവർഗ്ഗ സ്വഭാവമുള്ള യഹൂദ പാരമ്പര്യത്തിന് ആഗോള സ്വഭാവം ഒന്നും തന്നെ ഉണ്ടായിരിന്നില്ല. അന്നുണ്ടായിരിന്ന മറ്റു സംസ്ക്കാരങ്ങളെല്ലാം പൂർവ്വികരെ ആരാധിച്ചിരിന്ന, പ്രത്യേകമായ ഏതെങ്കിലും ദർശനത്തിലൂന്നാത്ത വിശ്വാസരീതികളായിരിന്നു. റിച്ചാർഡ് കിംഗ് എഴുതുന്നു, “ക്രിസ്തുമതത്തിനു മുമ്പ് മതമെന്നു വച്ചാൽ യഥാർത്ഥത്തിൽ പാരമ്പര്യത്തിന്റെ പര്യായമായിരിന്നു. ഇത് പ്രതിനിധീകരിച്ചത് അവരുടെ പൂർവ്വപിതാക്കന്മാരുടെ ഉപദേശങ്ങളും അനുശാസനങ്ങളുമായിരിന്നു. അതാകട്ടെ ഏതെങ്കിലും വിധത്തിലുള്ള ചോദ്യപ്പെടലിനു വിധേയമായിരിന്നില്ല.”

ക്രിസ്തുമതത്തെ തനതായ വ്യക്തിത്വ സ്വഭാവമുള്ള മതമായി രൂപാന്തരം പ്രാപിക്കാൻ സഹായിച്ച ഘടകങ്ങൾ നിരവധിയാണ്. പാരമ്പര്യത്തിലോ പൂർവ്വികരുടെ പഠനങ്ങളിലോ ചുരുങ്ങിപ്പോകാത്ത ഒരു ദൈവശാസ്ത്രം ക്രിസ്തുമതത്തിന് ഉണ്ടായി എന്നതായിരിന്നു ഏറ്റവും പ്രധാന ഘടകം. ഇതിന്റെ പ്രധാന സംഭാവന ലഭിക്കുന്നത് പോളിൽ നിന്നാണ്. പോൾ ഇല്ലായിരിന്നങ്കിൽ ക്രിസ്തു മതം ഒരു ലോക മതം ആകാതെ യഹൂദമതത്തിന്റെ ഒരു ഭാഗമായി നില നിൽക്കുമായിരുന്നു. ഈ അർത്ഥത്തിൽ പോൾ ക്രിസ്തുമതത്തിന്റെ ശരിയായ ആർക്കിടെക്റ്റ് ആണെന്നു പറയേണ്ടി വരും. പോൾ ക്രിസ്തുമതത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന ഇതിന്റെ സാർവ്വത്രികതയാണ്. യഹൂദർക്ക് ഏറ്റവും പ്രധാനമായിരിന്ന തിരഞ്ഞെടുപ്പും പരിച്ഛേദനവും ഒഴിവാക്കുക വഴി ക്രിസ്തുമതത്തിന് ലോകമതമായി മാറാൻ സാധിച്ചു എന്നു ഫ്രോയിഡ് അഭിപ്രായപ്പെടുന്നുണ്ട്. ഇത് രണ്ടിനുമെതിരെ നിലപാടെടുക്കുന്നത് പോളാണ്.

ക്രിസ്തുമതത്തെ ഒരു മതമായി മാറാൻ സഹായിച്ച മറ്റൊരു ഘടകം കാലകാലങ്ങളിലുണ്ടായ പാഷണ്ഡതകളായിരിന്നു. പാഷണ്ഡത വെളിവാക്കുന്നത്ത് മതത്തിന്റെ ദൈവശാസ്ത്രപരമായ പോരായ്മകളാണ്. പാഷണ്ഡത ദൈവശാസ്ത്രപരമായ തെറ്റുകളെ വെളിവാക്കുമ്പോൾ ദൈവശാസ്ത്രം ഒരു സ്വയം പരിവർത്തനത്തിന് വിധേയമാകേണ്ടി വരുന്നു. രസകരമായ കാര്യം, പാഷണ്ഡതകളെ അതിജീവിക്കാനായി ക്രിസ്തുമതം പലപ്പോഴും അതിന്റെ ദൈവശാസ്ത്രത്തെ പുനർനിർവചനം നടത്തിയത് പാഷണ്ഡതകളുടെ പല കാര്യങ്ങളെയും ഉൾക്കൊണ്ടു കൊണ്ടായിരിന്നു. 

ഒരു ഉദാഹരണം യോഹന്നാന്റ സുവിശേഷം തന്നെയാണ്. AD 99-110 കാലയളവിൽ രചിക്കപ്പെട്ട സുവിശേഷമാണ് യോഹന്നാന്റെത്. ഈ കാലയളവിൽ സഭയെ പ്രധാനമായും പ്രഹരിച്ചുകൊണ്ടിരിന്ന ശീശ്മയായിരിന്നു ജ്ഞാനവാദം (Gnosticism) ഇതിനെ പ്രതികൂലിക്കുക യോഹന്നാന്റെ ഒരു ലക്ഷ്യമാണ്. അതുകൊണ്ടാണ് മറ്റൊരു സുവിശേഷവും തുടങ്ങാത്ത രീതിയിൽ ദർശനപരമെന്നോ നിഗൂഡപരമെന്നോ  വിശേഷിപ്പിക്കാവുന്ന രീതിയിൽ യോഹന്നാൻ സുവിശേഷം തുടങ്ങുന്നത്: “ആദിയിൽ വചനമുണ്ടായിരിന്നു, വചനം മാംസമായിരിന്നു.” 

 ഇതിൽ വിവർത്തനത്തിന്റെ ചില പ്രശ്നങ്ങളുണ്ട്, ഗ്രീക്കിൽ logos എന്ന വാക്കിനെയാണ് മലയാളത്തിൽ വചനമായി വിവർത്തനം ചെയ്തിരിക്കുന്നത്. Logos എന്ന വാക്കിന്റെ ചരിത്രം പരിശോധിച്ചാൽ നമ്മൾ ചെന്നു നിൽക്കുന്നത് ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരിന്ന ഹിരാക്ലീറ്റസ് എന്ന ഗ്രീക്ക് ചിന്തകന്റെ മുമ്പിലായിരിക്കും. ഹിരാക്ലീറ്റസാണ് ഈ വാക്ക് തത്വചിന്തയിൽ ആദ്യമായി ഉപയോഗിക്കുന്നത്. അദ്ദേഹം Logos എന്ന വാക്കുമ്പോൾ അതർത്ഥമാക്കുന്നത് അറിവും ക്രമവുമാണ്. യോഹന്നാൻ അറിവ് അഥവാ ജ്ഞാനം എന്ന അർത്ഥത്തിലാണ് Logos എന്ന വാക്ക് ഉപയോഗിക്കുന്നത് എന്ന അനുമാനമുണ്ട്. പിന്നീട് Logos ന് ചിന്ത, ശാസ്ത്രം, വാക്ക്, സംവാദം, വിശദീകരണം എന്ന ഒത്തിരി അർത്ഥങ്ങൾ ലഭിക്കുന്നുണ്ട്. വി. ജെറോം AD 4-ൽ ഗ്രീക്ക് ബൈബിളിനെ ലാറ്റിനിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഗ്രീക്ക് Logos നു തത്തുല്യമായ ലാറ്റിൻ വാക്ക് കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെയാണ് വി.ജെറോം, In principio erat Verbum എന്നു വിവർത്തനം ചെയ്യുന്നത്. നമ്മുടെ ആദിയിൽ വചനമുണ്ടായിരിന്നു എന്ന വിവർത്തനം ലാറ്റിൻ വിവർത്തനത്തിൽ നിന്നുമാണ് വരുന്നത്.

റുഡോൾഫ് ബൂൾ മാൻ, ആപ്രിൻ ഡിൻകോട്ട് തുടങ്ങിയ ദൈവശാസ്ത്രന്മാരുടെ വാദം, യോഹന്നാന്റെ സുവിശേഷത്തിൽ ജ്ഞാനവാദം വളരെ സമ്പന്നമായി നിലകൊള്ളുന്നു എന്നതാണ്. ജ്ഞാനവാദം പറയുന്നത് രക്ഷ കൈവരുന്നത് ഒരു രഹസ്യ ജ്ഞാനത്തിലൂടെ മാത്രമാണെന്നും ക്രിസ്തു രക്ഷകനല്ല, ജ്ഞാനം വെളിപ്പെടുത്താൻ വന്ന ഒരു ഗുരുവാണെന്നുമാണ്. യോഹന്നാന്റെ സുവിശേഷം ഇതിനു ബദലായി ക്രിസ്തുവാണ് ദൈവത്തിന്റെ വെളിവാക്കപ്പെട്ട ജ്ഞാനവും രക്ഷയും എന്നു വാദിക്കുമ്പോൾ അതെന്തുമാത്രം ബദലാകുന്നു എന്നൊരു ചോദ്യമുണ്ട്. യോഹന്നാന്റെ സുവിശേഷം ക്രിസ്തു കേന്ദ്രീകൃതമായ, ക്രിസ്തു രക്ഷകനായ ജ്ഞാനമാണെന്നു പറയുന്ന പുതിയൊരു ജ്ഞാനവാദം അവതരിപ്പിക്കുകയാണെന്നു വാദിക്കുന്ന ദൈവശാസ്ത്രജ്ഞൻമാരുണ്ട്, ” Ἐν ἀρχῇ ἦν ὁ Λόγος, καὶ ὁ Λόγος ἦν πρὸς τὸν Θεόν,” 

എന്ന തുടക്കം ഇതിനെ ശരിവക്കുന്നുമുണ്ട്.

അങ്ങനെ, ദൈവശാസ്ത്രത്തെ ചോദ്യം ചെയ്തു കൊണ്ട് പാഷണ്ഡത വരുന്നു, ശീശ്മകൾ ഉയർത്തുന്ന ചോദ്യങ്ങളെ എതിർത്തുകൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ദൈവശാസ്ത്രം നവരൂപം പ്രാപിക്കുന്നു.

ഇവിടെ ഒരു സിന്തസീസ് രൂപം പ്രാപിക്കുന്നുണ്ടെങ്കിൽ അത് തീസിസിനു വിലങ്ങനെ നിൽക്കുന്ന ആൻറ്റി തീസിസുമായി ചേരുന്നതുകൊണ്ടാണെന്നു വാദിക്കുന്ന ഹേഗലിനേക്കാളും ശരി, Real ഒരിക്കലും പൂർവ്വാപര (consistency) ബന്ധത്തെ അനുവദിക്കുന്നില്ലെന്നും എപ്പോഴെക്കെ ഒരു നീണ്ട ബന്ധം രൂപപ്പെട്ട് റിയലിനെ തെറ്റിദ്ധരിപ്പിക്കുന്നുവോ അപ്പോഴെല്ലാം അവിടെ ഒരു അസ്ഥിര ബന്ധത്തെ പ്രവേശിപ്പിച്ച് റിയലിനെ മോചിപ്പിക്കണം എന്നു പറയുന്ന ലാരുവല്ല ആയിരിക്കും ശരി. സത്യങ്ങളും പ്രമാണങ്ങളും വല്ലാതെ ഘനീഭവിച്ച് തിന്മയുടെ പുഴുക്കളെ സൃഷ്ടിക്കുമ്പോൾ ആ പുഴുക്കളെ കൊല്ലാൻ ചില ആസിഡുകൾ ഒഴിക്കേണ്ടത് ആവശ്യമായി വരുന്നു. ഹെറസി ഇത്തരം ആസിഡാണ്.

ഹെറസി

സോക്രട്ടീസ് കൊല്ലപ്പെടുന്നത് അദ്ദേഹം അന്നത്തെ ഗ്രീക്ക് സംസ്ക്കാരത്തിന്റെ ഹെററ്റിക് ആയതു കൊണ്ടായിരിന്നു. ക്രിസ്തു യഹൂദമതത്തിന്റെ ഹെററ്റിക് ആയപ്പോൾ അവനും കൊല്ലപ്പെട്ടു. ബ്രൂണോയും ജുവാൻ ഓഫ് ആർക്കും ക്രിസ്തുമതത്തിന്റെ ഹെററ്റിക്കുകളായി വധശിക്ഷക്ക് വിധേയരായി. രണ്ടു വിധത്തിലുള്ള ഹെറസികളാണ് ജുവാൻ ഓഫ് ആർക്കിൽ ആരോപിക്കപ്പെടുന്നത്: (1) ഒരു പെൺകുട്ടിയായിരിക്കെ അവൾ ആൺകുട്ടികളുടെ വസ്ത്രം ധരിച്ചു (violation of gender differences)

(2) ഒരു സ്ത്രീയായിരിക്കെ ദൈവം അവളോട് സംസാരിച്ചു എന്നവകാശപ്പെട്ടു (ദൈവം ഒരിക്കലും ഒരു സ്ത്രീയോടു സംസാരിക്കത്തില്ല, അവളുടെ അവകാശം ദൈവത്തെ അപമാനിക്കുന്നു.)

പിന്നീട്, സഭ ജുവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അന്നു ഹെറസിയായി മുദ്രകുത്തപ്പെട്ടത് സത്യവിശ്വാസമാണെന്നുള്ള കുമ്പസാരമായിട്ടാണ് മാറുന്നത്.

യഹൂദമതത്തിന്റെ ഹെറ്റിക് ആയിരിന്ന ക്രിസ്തു യഹൂദനായിത്തന്നെ നിലനിന്നോ അതോ ഒരു ക്രിസ്ത്യാനി ആയി മാറിയോ? ക്രിസ്തുവിനെ ക്രിസ്ത്യാനി എന്നു വിളിച്ചാൽ അതൊരു പൗനരുക്ത്യം എന്നൊരു വ്യാകരണ പിശകാണ്. അങ്ങനെയാണങ്കിൽ ക്രിസ്തുവിനെ ഒരു non-Jew എന്നു വിശേഷിപ്പിക്കാനേ സാധിക്കുകയുള്ളു. ഈ നോണിനെ ഒരിക്കലും നോട്ട് എന്ന് തെറ്റിദ്ധരിക്കരുത്.

ക്രിസ്തുവിനെ വധിക്കാനുള്ള ഒരു കാരണമായി പറയുന്നത് യഹൂദർ പാലിച്ചുകൊണ്ടിരിന്ന, ഒരു യഹൂദനന്ന നിലയിൽ ക്രിസ്തു പാലിക്കേണ്ട സാബത്തു നീയമം അവൻ ലംഘിച്ചു എന്നതാണ്. പക്ഷെ, ക്രിസ്തു അവകാശപ്പെടുന്നത് എല്ലാ നിയമങ്ങളും പൂർത്തിയാക്കാൻ വന്ന യഥാർത്ഥ യഹൂദൻ അവനാണെന്നാണ്, മോശയുടെ നീയമം പാലിക്കുന്നവനാണ് ഒരു യഹൂദൻ. ഇവിടെ ഒരു ലോജിക്കിന് നമ്മൾ മുതിരേണ്ടി വരുന്നു: 

യഹൂദർ പറയുന്നു: He is not a New

ക്രിസ്തു പറയുന്നു: I’m the real Jew

രണ്ടുപേരുടെയും അവകാശം പരിശോധിച്ചും അംഗീകരിച്ചും നമ്മൾ പറയുന്നു: This Non-Jew is the real Jew.

“നോൺ” എന്ന വിരുദ്ധ വിശേഷണത്തിലൂടെ ഹെററ്റിക് എങ്ങനെ സത്യത്തിന് അർഹനായിത്തീരുന്നു എന്നു മനസ്സിലാക്കാൻ ലാരുവല്ല എന്നു ഫ്രഞ്ചു ചിന്തകനെയാണ് ആശ്രയിക്കുന്നത്. 

ലാരുവല്ല ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ചിന്തയുടെ തിന്മയാണ് sufficiency. ഒരു ദർശനത്തിനും ദൈവശാസ്ത്രത്തിനും ശാസ്ത്രത്തിനും അവകാശപ്പെടാനാവാത്ത കാര്യമാണ് പര്യാപ്തത എന്നത്. Real ഒരു തരത്തിലുമുള്ള പര്യാപ്തതകളെ അനുവദിക്കുന്നില്ല എന്നതാണതിനു കാരണം. എന്താണ് റിയൽ എന്നത് ? റിയൽ ഒരിക്കലും നമ്മൾ ചിന്തിക്കുന്നതല്ല, നമ്മുക്കൊരിക്കലും അതിനെ ലക്ഷ്യമിട്ട് അവകാശപ്പെടുത്താൻ സാധിക്കത്തില്ല. ചിന്ത ആസ്പദമാക്കുന്നതുമല്ല റിയൽ, പകരം ഏതിൻ പ്രകാരം ചിന്തിക്കുന്നുവോ അതാണ് റിയൽ (one thinks according to Real)

ചിന്തയുടെയും, ജീവിതത്തിന്റെയും എല്ലാത്തിന്റെയും പൂർവ്വതയുടെ പേരാണ് റിയൽ. എല്ലാവിധ കൺസിസ്റ്റൻസികളെയും വിലക്കുന്ന റിയലിനെ one എന്നുകൂടി ലാരുവല്ല വിശേഷിപ്പിക്കുന്നുണ്ട്.

ലാരുവല്ല തന്റെ ചിന്തയെ നോൺ ഫിലോസഫി എന്നു വിശേഷിപ്പിക്കാനുള്ള കാരണമിതാണ്: എപ്പോഴാണ് തത്വചിന്ത എല്ലാ പ്രമാണിത്തങ്ങളെയും സ്വശക്ത്യഭിമാനങ്ങളെയും പൂർവ്വാപര ബന്ധങ്ങളെയും ഉപേക്ഷിക്കുന്നുണ്ടോ അപ്പോൾ ഫിലോസഫി നോൺ ഫിലോസഫിയായി മാറുന്നു. ഇങ്ങനെ ലാരുവല്ല “നോൺ” ആയിട്ടുള്ള ക്രിസ്തുമതത്തിന്റെയും മാർക്സിസത്തിന്റെയും കലകളുടെയും സാധ്യതകൾ അന്വേഷിക്കുന്നു.

പൂർവ്വാപര ബന്ധങ്ങളെ ഇല്ലാതാക്കാനുള്ള ഏറ്റവും വലിയ ഉപാധി ഹെറസിയാണെന്നു ലാരുവല്ല നിരീക്ഷിക്കുന്നു, “it is the heresy, that is the essence of thought’s non-consistency.” ഹെറസി ചിന്തയിൽ സംഭവിക്കുന്ന ഒന്നല്ല, ചിന്ത തന്നെ ഹെററ്റിക്കലാണ്. ഹെറസിയിലൂടെ സാധിക്കുന്ന മറ്റൊരു കാര്യം ചിന്നക്ക് Vision-in-one നഷ്ടമാകുന്നില്ല എന്നുള്ളതാണ്.. Vision-in-one ഇല്ലാത്ത സംഭാഷണങ്ങൾ മിക്കവാറും പുരോഹിത പ്രഭാഷണങ്ങളാണ്. വ്യത്യസ്തമായതെന്തിനെയും നരകാഗ്നിക്കു വിധിക്കുന്നതിന്റ പിന്നിൽ തകർക്കപ്പെട്ടതും വിരൂപവുമായ കാഴ്ചപ്പാടുകളാണുള്ളത്. ജോൺ രച്ച്മാൻ സമാനമായ ഒരു ദർശനമാണ് നൽകുന്നത്, the whole is not given, and things are always starting up again in the middle, falling together in another, looser way … one thus has nothing of the sense of a well-planned itinerary; on the contrary, one is taken on a sort of conceptual trip for which there pre-exists no map.”

ആരാണ് സത്യം തിരിച്ചറിയുന്നത് എന്നതിനുള്ള ഉത്തരവും ഹെററ്റിക്ക് എന്നാണ്. പീഡിപ്പിക്കുന്നവർ അനുഭവിക്കുന്നത് സത്യത്തിന്റെ തിരിച്ചറിവുകൾ ഇല്ലാത്ത ഇരുട്ടാണെങ്കിൽ പീഡിതർ ഒരു സമൂല സത്യത്തിന്റെ വിരുന്നിലേക്ക് ക്ഷണിക്കപ്പെടുന്നു. ലാരുവല്ല പറയുന്നു, “future Christianity is life’s birth in the spirit of heresy against all of its conservative revivals and restorations.” ഹെറസി ക്രിസ്തു അനുഭവിച്ച പീഡകളെ വെറും ഓർമ്മയിൽ നിലനിർത്താതെ ഒരു സമൂലഭൂതകാലത്തിൽ ജീവസ്സുള്ള അനുഭവമാക്കിക്കൊണ്ട് ചരിത്രത്തെ നീതിനിഷ്ഠമാക്കുന്നു. ഹെറസി മനുഷ്യനെ ഇരയായിട്ട് നിർവചിക്കുക മാത്രമല്ല ചെയ്യുന്നത്, അന്വേഷണത്തിന്റെയും അനുശാസനത്തിന്റെയും യഥാർത്ഥ ഉള്ളടക്കമായി ഇരകളെ തിരുമാനിക്കുകയും ചെയ്യുന്നു. എന്നു വച്ച് ഹെറസി പീഡനയുടെയും മരണത്തിന്റെയും ഒരു തീയറിയാണെന്ന് ധരിക്കുകയും അരുത്. അതൊരു നവജന്മത്തിന്റെ തീയറിയാണ്, മനുഷ്യ ജന്മം തന്നെ പീഡനകളുടെ അടയാളപ്പെടുത്തലുകൾ പേറുന്നതാണ്. 

ലാരുവല്ല വീണ്ടും വരുന്ന ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ അതൊരിക്കലും ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ക്രിസ്തുവല്ല, തികച്ചും ഭൗമികനായ ക്രിസ്തുവാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള യുഗാന്ത ശാസ്ത്രത്തിനും ഹെറസി അനുപേക്ഷണീയമാണ്. ക്രിസ്തുവിന്റെ വരവിനായി ഭൂതകാലത്തിന്റെയും വർത്തമാന കാലത്തിന്റെയും ഭാവികാലത്തിന്റെയും സത്ത നിരൂപിച്ചെടുക്കുന്നത് ഹെറസിയായിരിക്കും, “Christ comes thus for the world as the identity of a future-in-person who has never been divided by history.”

ക്രിസ്തുവിൽ രക്ഷിക്കപ്പെട്ടവരുടേതാണ് ഇന്നത്തെ സഭയെങ്കിൽ അതൊരു പര്യാപ്തതയാണ്, നവീന ഫരിസേയതയാണ്. അപ്പോൾ ഭാവി ക്രിസ്തുവരുന്നത് രക്ഷിക്കപ്പെടാത്തവർക്കു വേണ്ടിയായിരിക്കും, ഹെററ്റിക്കുകൾക്കു വേണ്ടിയായിരിക്കും. ഹെററ്റിക്കുകളുടെ പീഡിപ്പിക്കപ്പെട്ട വിശ്വാസം ക്രിസ്തുവിന്റെ രണ്ടാം വരവിനു പാതയൊരുക്കും. “നോൺ” ക്രിസ്തുമതത്തിന്റെ വിശ്വാസത്തിന് അറിവ് അത്യാവശ്യമാണ് അതു പക്ഷെ, പഠിക്കാത്ത നേടുന്ന അറിവാണെന്നു മാത്രം. ഈ ഭാവിക്രിസ്തുമതം അതിന്റെ ആരംഭം കുറിക്കുന്നത് സമൂഹത്തിന്റെ ഓരങ്ങളിലായിരിക്കും, “the heretic really the only thinker who happens not in the world but in the background.” യാതൊരു ചിന്തയുമില്ലാത്ത, സഭയോടുള്ള വെറുപ്പ് മാത്രം കൈമുതലാക്കി കലഹിക്കുന്നവർ ശ്രമിക്കുന്നത് ഒരു നവീകരണമല്ല, അവരെ ഹെററ്റിക്കുകളായി കരുതരുത്. ഒരാൾ ഹെററ്റിക്കായിരിന്നോ എന്നു നിശ്ചയിക്കുന്നതു തന്നെ ഭാവികാലത്തിലെ determination in the last instance ആയിരിക്കുന്നതു കൊണ്ട് സോഷ്യൽ മീഡിയകളിലും പത്രത്തിന്റെ ആദ്യ പേജിലും നിറഞ്ഞു നിൽക്കുന്നവർ ഏതെങ്കിലും ഹെററ്റിക്ക് നന്മകൾ ഉള്ളവരായിരിക്കണമെന്നില്ല, ഒരു പക്ഷെ കഥയില്ലാത്ത, കാഴ്ചപ്പാടില്ലാത്ത ചില ബഹളങ്ങളായിരിക്കും. കാർലോ ഗിൻസ്ബർഗ് വളരെ വ്യത്യസ്തമായ ഒരു കാര്യം പറഞ്ഞു,” സ്വന്തം രാജ്യത്തെ ഓർത്ത് ലജ്ജിക്കുക എന്നത് അതിനോട് സ്നേഹമില്ലാഞ്ഞിട്ടല്ല, ഒരു പക്ഷെ, സ്വന്തം രാജ്യത്തോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമായിരിക്കും.” ഒരു ഹെററ്റിക്കിനും ഉള്ളത് സ്വന്തം മതത്തെ ഓർത്തുള്ള ഈ ലജ്ജയാണ്, അല്ലാതെ വെറുപ്പല്ല.

ലാരുവല്ലയെപ്പോലുള്ളവർ വിഭാവനം ചെയ്യുന്ന ഭാവി ക്രിസ്തുമതത്തിന് ഇന്നത്തെ ആധിപത്യ ക്രിസ്തുമതത്തിന് പാരലായിട്ട് ജീവിക്കാനും ചിന്തിക്കാനും ഇവിടെ വിശ്വാസികൾ ഉണ്ടായിരിക്കേണ്ടത് അത്യവശ്യമായിരിക്കുന്നു. ആധിപത്യ പ്രവണതകൾ വച്ചു പുലർത്തുന്ന മതത്തിന്റെ വായ്ത്താരികളെ ചെറുക്കുന്ന നോൺ ക്രിസ്തുമതത്തിന്റെ നിശബ്ദത കൂടുതൽ കനവും അർത്ഥവും നിറഞ്ഞതായി മാറണം. സഭകളും അവയുടെ വിവിധ വിഭാഗങ്ങളും അവരുടെ ചരിത്രത്തിൽ ദീർഘമായ അടിച്ചമർത്തലുകളും, മാനസീകവും ലൈംഗീകവും സാമ്പത്തികവുമായ ചൂഷണങ്ങളും ഹൃദയശൂന്യതയുടെയും വിഡ്ഡിത്തത്തിന്റെയും മാരക ക്രൂരതയുടെയും വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുകയും പരസ്പരം എതിർക്കാതെ മുന്നോട്ടു പോകുകയും ചെയ്യുമ്പോൾ “നോൺ” ക്രിസ്തുമതം അതിനെതിരെ നിത്യമായി കലഹിച്ചു കൊണ്ടിരിക്കും. കലഹമില്ലാത്ത വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാതിരിക്കും. മതം ഒരു വർഗ്ഗ വിഭാഗമായിരിക്കുന്നിടത്തോളം കാലം അതിന്റെ ലക്ഷ്യം ആധിപത്യവും ചൂഷണവുമായിരിക്കും. ലാരുവല്ല, ഭാവി ക്രിസ്തു എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത് ക്രിസ്തുമതത്തെ ഇത്തരം ഭീകരതകളിൽ നിന്നും മോചിപ്പിക്കുക എന്നുള്ളതാണ്. ഇതിന്റെ കൂദാശകൾ ആശ്വാസത്തിന്റെ പ്രകരണങ്ങളായി നില നിൽക്കാതെ കൃപയുടെ അവയവങ്ങളായി മാറണം. ഇതിലൂടെ പ്രവഹിക്കുന്ന കൃപക്ക് നൽകപ്പെടുന്നതിൽ ഒരിക്കലും അറുതി ഉണ്ടാവുകയില്ല.

ഈ മതം പ്രാവർത്തീകമാക്കാൻ ശ്രമിക്കുന്നത് ഒരു ഉട്ടോപിയയാണ്. ഹെറസികളായിരിക്കും ഈ ഉട്ടോപിയയുടെ ഗവേഷണം നടത്തുക. ഉട്ടോപിയ ഒരു സങ്കൽപമോ ഉന്മാദമോ സാമുഹ്യ വ്യവസ്ഥിതി യോ അല്ല. അതൊരു ദാരിദ്ര്യമാണ്. ഡോഗ്മ മതത്തിന്റെ കൗശലമായി മാറുമ്പോൾ ഹെറസി മനുഷ്യന്റെ നിഷ്ക്കളങ്കതയായി ഭാവിയെ സ്വീകരിക്കാൻ തയ്യാറടുപ്പുകൾ നടത്തുന്നു. മതം വിജയിക്കുന്നത് ഹെറസികളെ പരാജയപ്പെടുത്തിക്കൊണ്ടാണെങ്കിൽ പരാജയപ്പെടുക എന്നത് ഹെറസിയുടെ നൈതീകമായ ലക്ഷ്യമാണ്. ഹെററ്റിക് ക്രിസ്തുവിനെ നിരന്തരമായി ലോകം പീഡിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നത് വെളിവാക്കുന്നത് നേരത്തെ തന്നെ പരാജയപ്പെട്ട മരണത്തെയും ലോകത്തിലേക്ക് ചുരുക്കാനാവാത്ത പുതിയ ജീവിതത്തിന്റെ ആവിർഭാവത്തെയുമാണ്. പരാജിതൻ മാത്രമാണ് ചരിത്രത്തെ പരിവർത്തനം ചെയ്യുകയും വിജയത്തെ അതിന്റെ തൻപോരിമയിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നുള്ളു. അതു കൊണ്ട് വരാനിരിക്കുന്ന ക്രിസ്തു വരുന്നത് ആരെയും രക്ഷിക്കാനല്ല എല്ലാവരെയും ക്രിസ്തുവാക്കാതായിരിക്കും. മുൻവിധികളുടെയും സങ്കുചിതത്തിന്റെയും മതിൽക്കെട്ടുകൾ പൊളിച്ചുനീക്കാനായിരിക്കും.

ബഹുസ്വരത

ഒരിക്കൽ സഭ തിരസ്ക്കരിച്ച ആജ്ഞേയതവാദത്തെ (agnosticism) പുതിയതായി കണ്ടെത്തുകയാണ് പ്രമുഖ ഫ്രഞ്ച് സാമുഹൃശാസ്ത്രഞ്ജനും കത്തോലിക്കാ വിശ്വാസിയുമായ ബ്രൂണോ ലാതർ. ബ്രൂണോ ലാതർ ആജ്ഞേയതായ വാദത്തിന് നൽകുന്ന നിർവചനം ഇതാണ്,  “agnosticism as the refusal to use belief as an analytical category and to explore instead the plurality of modes of existence as an alternative to violence.” മറ്റു വിശ്വാസങ്ങളോടും സംസ്ക്കാരങ്ങളോടുമുളള വല്ലാത്ത ഹിംസയിൽ അടിമപ്പെടുന്നതിൽ നിന്നും രക്ഷപ്പെടാൻ ജീവിതത്തിന്റെ ബഹുസ്വരതയെ അംഗീകരിക്കുക അത്യാവശ്യമായി തീരുന്നു. ലാതർ Belief ഉം Failh ഉം തമ്മിലുള്ള വ്യത്യാസത്തെ അന്വേഷിക്കുന്നു. മതങ്ങളെ തിന്നു നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ക്യാൻസറാണ് Belief. ഈ ലോകത്തിന്റെ നന്മകളെയും വ്യത്യസ്തകളെയും പൂർണ്ണമായും അവഗണിച്ച്, അഭൗമമായ ഒരു ലോകത്തിൽ മാത്രം വിശ്വസിക്കുന്നതാണ് ബിലീഫ്. Belief ന് ഉള്ളത് വിവരശേഖരങ്ങളാണ്. ഇല്ലാത്തത് മനുഷ്യനെ പരിവർത്തനം ചെയ്യാനുള്ള കഴിവാണ്. ലാതർ പറയുന്നു, “belief is not, and cannot be, the sincere and authentic way in which you are acted by the being activating you. Belief is always a mistake whether it is imputed from outside or accepted as inside as the only definition of the situation.”

ഒരൊറ്റ നിർവചനത്തിന്റെ ഭീകരതയിൽ മനുഷ്യരെ തളച്ചിടുന്നതിനു പകരം ബഹുസ്വരതയുടെ നന്മകളെ പോഷിപ്പിക്കുന്നതാകണം മതം. കാരണം ജീവിതം തന്നെ ബഹുസ്വരതയാണ്, പ്രപഞ്ചം ബഹുസ്വരതയാണ്. പ്രാചീന മിത്തുകളിലൂടെയും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തകളിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്താൻ ശ്രമിക്കുന്ന ദൈവം വൈരുദ്ധ്യങ്ങൾ നിറഞ്ഞ ബഹുസ്വരതയാണ്. പുഴ ഒഴുകുന്നത് അതിന്റ

വരമ്പുകളെയും തീരങ്ങളെയും വിശാലമാക്കിക്കൊണ്ടാണ്, കടലിൽ പതിക്കുന്നതിനു മുമ്പ് ഒരു പുഴയ്ക്ക് കടന്നു പോകേണ്ട വ്യത്യസ്തമായ പുളിനങ്ങളുണ്ട്, ചിലപ്പോഴെങ്കിലും കരകവിഞ്ഞൊഴുകി ഭൂമിയെ ലവണാവ്യതമാക്കേണ്ടതുണ്ട്. “നിങ്ങൾക്കൊരിക്കലും രണ്ടു പ്രാവശ്യം ഒരു പുഴയിലേക്ക് ചാടാനാകില്ല എന്നു ഹിരാക്ലീറ്റസ് പറയുന്നതാണ് സത്യം. രണ്ടാം പ്രാവശ്യം നിങ്ങൾ ചാടിയിട്ടുണ്ടെങ്കിൽ അത് ഒരു പുതിയെ പുഴയിലേക്കാണ്. ഒഴുകുന്നതുകൊണ്ടാണ് പുഴ ശുദ്ധമായിരിക്കുന്നത്, സന്ധ്യയിൽ ആകാശത്തെ നക്ഷത്രങ്ങളെയും നിലാവിനെയും പ്രതിബിംബിപ്പിക്കുന്നത്. മതത്തിന് സത്യത്തെ പ്രതിബിംബിപ്പിക്കണമെങ്കിൽ അതൊഴുകുന്ന പുഴയായിരിക്കണം, രണ്ടാം പ്രാവശ്യം ചാടാനാകാത്ത വിധത്തിൽ പുതിയതായിരിക്കണം, പുതിയ ഉറവകളെ ഉൾക്കൊള്ളുന്നതായിരിക്കണം. 

പകരം, ജീർണ്ണിച്ച, ഒഴുക്കുകൾ നഷ്ടപ്പെട്ട, ഉറവകൾ വരണ്ടുപോയ ഒരു ജലാശയത്തിന് ഒന്നിനും പ്രതിബിംബിക്കാനില്ല. ബഹുസ്വരതകളെ സിന്ധു ബന്ധിച്ച് തടഞ്ഞുവച്ച മതങ്ങൾ ഇന്നനെ ജീർണതക് വിധേയമാകുന്നു. എന്നിട്ടും മനുഷ്യർ ഈ ജീർണതയിലേക്ക് വീണ്ടും വീണ്ടും ചാടിക്കൊണ്ടിരിക്കുന്നു.

നവോമി ഷിഹാബ് നൈയി എത്ര മനോഹരമായി ഈ സത്യം മനസ്സിലാക്കിയിരിക്കുന്നു:

“Some start out 

with a big story 

that shrinks. 

Some stories accumulate power 

like a sky gathering clouds, 

quietly, quietly, 

till the story rains around you.”

Leave a comment