പക്ഷികളും ഞാനും

1

ഞാൻ പക്ഷികളെ സ്നേഹിക്കുന്നു,

അവരുടെ വിചാരരഹിതമായ മൗനത്തെ.

പക്ഷികളെപ്പോലെ,

പറക്കുമ്പോൾ ഭൂമിയെ ഓർക്കാനും

നടക്കുമ്പോൾ ആകാശത്ത ഓർക്കാനും

എനിക്കാവുന്നില്ല.

പേടികളെ ഒരു മരച്ചില്ലയിൽ മറന്നുവെയ്ക്കാൻ

പ്രണയങ്ങളെ തുവലുകളാക്കി പറത്തിവിടാൻ

ഞാൻ പരാജയപ്പെടുന്നു.

പക്ഷികളെപ്പോലെ,

ഒരു തീരത്ത്

അലക്ഷ്യമായി

ആരുടെയും ശ്രദ്ധയിൽപ്പെടാതെ

തികച്ചും നിരാലംബനായി

മരിച്ചു കിടക്കാൻ

ഞാനാഗ്രഹിക്കുന്നു.

2

ദേശാടന പക്ഷികളെ പിൻതുടർന്നാണ് എന്റെ വഴികളെല്ലാം തെറ്റിയത്

മുറ്റത്തെ മൈനയെ തിരിഞ്ഞുനോക്കിയതുകൊണ്ടാണ് എനിക്ക് പേരുണ്ടായത്

കാക്കകളെ വെറുത്തതുകൊണ്ടാണ് ഞാൻ വിരൂപനായത്

കുരുവികളോട് കൂട്ടുകൂടിയതോടു കൂടി ഞാൻ ഏകാകിയുമായ്

എങ്കിലും,

ദൂരേക്കു പറക്കുമ്പോഴാണ് അടുത്തുള്ളവ

നമ്മുടേതാകുന്നതെന്ന് അവരെന്നെ പഠിപ്പിച്ചു

നമ്മുടേതല്ലാത്തതു കൊണ്ടാണ് ആകാശം

നമ്മളെ നിരസിക്കാത്തതെന്നു പറഞ്ഞു

പക്ഷെ,

മഴയെ, മഴയെ മാത്രം പേടിക്കുക

മഴയിൽ പെയ്തിറങ്ങുന്ന തൂവലുകളെല്ലാം

ചിറകുകളെ തിരയുന്ന മരണമാണ്

Advertisements

ഒരു പ്രസംഗ നിരൂപണം

ഫാദർ ഡാനിയേൽ പൂവണ്ണത്തിലിനെ മറ്റു ധ്യാന ഗുരുക്കന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്ന അനേകം കാര്യങ്ങളുണ്ട്. അച്ചന് ആകർഷകമായ വ്യക്തിത്യമുണ്ട്. ശ്രവണ സുഖമുള്ള ശബ്ദം അച്ഛനുണ്ട്. അനർഗളവും സുന്ദരവുമായ ഒരു ഭാഷ അച്ഛൻ കരഗതമാക്കിയിട്ടുണ്ട്. പ്രഭാഷണങ്ങൾക്ക് കാര്യപ്രസക്തി നൽകാനുള്ള ശ്രമവുമുണ്ട് . എന്റെ ഇടവകയിൽ അച്ഛൻ നടത്തിയ ധ്യാനം വളരെ വിജയമായിരിന്നു. അച്ഛന്റെ ധ്യാനത്തെ അനുഗമിക്കുകയും അതിനെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്ന ഒത്തിരി വിശ്വാസികളുമുണ്ട്. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത അച്ഛന്റെ ഒരു പ്രസംഗം കേൾക്കാനിടയായി. ആത്മാർത്ഥത തുളുമ്പുന്ന, അനിതസാധാരണമായ ഒരു ആമുഖം നൽകിയിരിക്കുന്നതു കൊണ്ടാണ് ഞാനതു കേൾക്കാൻ തുനിഞ്ഞത്. അച്ഛൻ ആമുഖത്തിൽ പറയുന്നത് ഇനി പറയാൻ പോകുന്ന ദർശനം എല്ലാവരും സാകൂതം ശ്രദ്ധിച്ചു മനസ്സിലാക്കേണ്ട ഒന്നാണെന്നാണ് . ഈ ദർശനം പങ്കുവയ്ക്കാനാണ്‌ അച്ഛൻ ജനിച്ചത്. ഇതിനു വേണ്ടിയാണ് അച്ഛൻ മരിക്കാതിരിക്കുന്നത് . ദൈവം അച്ഛനു നൽകിയ ഒരു വെളിപാട് ആണിത്.

അച്ഛനുകിട്ടിയ ഈ ദർശനം വിശുദ്ധ കുർബാനയെ കുറിച്ചുള്ളതാണ്. വിശുദ്ധ കുർബാനയുടെ യാഥാർത്ഥൃതയുടെയും ശക്തിയുടെയും പിന്നിലുള്ള ദൈവശാസ്ത്രത്തെ അവതരിപ്പിക്കാനായി അച്ഛൻ പുതിയ നീയമത്തിലുള്ള രണ്ടു അത്ഭുതങ്ങളെ ഉപയോഗിക്കുന്നു. ആദ്യത്തേത് ക്രിസ്തു അപ്പം വർദ്ധിപ്പിക്കുന്നതാണ്. ഈ അത്ഭുതത്തിൽ നിന്നും അച്ഛൻ മനസ്സിലാക്കുന്ന കാര്യം നമ്മൾ ക്രിസ്തുവിന് എന്തു കൊടുത്താലും അവനതിനു മാറ്റം വരുത്തും, അവനതിനെ ഇരട്ടിയാക്കും എന്നതാണ്.

രണ്ടാമത്തേത്, ക്രിസ്തു കടലിനു മീതേ നടന്ന അത്ഭുതമാണ്. ഇതെങ്ങനെ ക്രിസ്തുവിനു സാധിച്ചു എന്നു കാണിക്കാൻ അച്ഛൻ മറ്റൊരു കാര്യത്തെ അവതരിപ്പിക്കുന്നു; കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു വഞ്ചി, കടലിൽ താഴ്ന്നു പോകാൻ മാത്രം ഭാരം വഞ്ചിക്കുണ്ടെങ്കിലും അതിന്റെ പ്രത്യേക ആകൃതിനിമിത്തം വെള്ളത്തിൽ താഴ്ന്നു പോകാതെ പൊങ്ങിക്കിടക്കുന്നു. സുവിശേഷത്തിൽ യാതൊരുവിധത്തിലുള്ള പരാമർശമില്ലെങ്കിലും അച്ഛൻ പറയുന്നത് ക്രിസ്തു വെള്ളത്തിനു മീതേ നടക്കാനുള്ള ഏതോ ഒരു ആകൃതി കൈക്കൊണ്ടു എന്നാണ്, അല്ലാതെ വെള്ളത്തിനു യാതൊരുവിധ മാറ്റവും സംഭവിച്ചില്ല. ഇങ്ങനെ, അപ്പം വർദ്ധിപ്പിക്കാൻ കഴിവുള്ള, കാലിനു മീതേ നടക്കാൻ കഴിയുന്ന ക്രിസ്തുവിനു തീർച്ചയായും വിശുദ്ധ കുർബാനയിൽ വാഴ്ത്തപ്പെടുന്ന അപ്പത്തിനെയും വീഞ്ഞിനെയും സ്വന്തം ശരീരരക്തങ്ങളാക്കി പകർത്താൻ സാധിക്കും എന്നാണ് ഡാനിയേൽ അച്ഛന്റെ പ്രധാനമായ വാദം. അച്ഛന്റെ ഈ വാദത്തിൽ പ്രത്യേകിച്ച് കഴമ്പൊന്നുമില്ലെങ്കിലും ചില കുഴപ്പങ്ങളുണ്ട്.

ഒരു കാര്യത്തിന്റെ സത്യം മറ്റൊരു കാര്യത്തിന്റെ സത്യത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ആദ്യത്തെ കുഴപ്പം. വിശുദ്ധ കുർബാനയുടെ സത്യം ക്രിസ്തു കടലിനു മീതേ നടന്നതിനെയും അപ്പം ഇരട്ടിയാക്കിയതിനെയും ആശ്രയിച്ചിരിക്കുന്നു. അപ്പോൾ, വിശുദ്ധ കുർബാനയുടേത് ഒരു വിധേയ സത്യമാണ്. വിധേയ സത്യം ഒരു ചിന്നഭിന്ന സത്യമാണ്. ഇതിന്റെ സത്യം അതാശ്രയിച്ചിരിക്കുന്ന കാര്യങ്ങൾ സത്യമായിരിക്കുന്നിടത്തോളം കാലമേയുള്ളു. ഇതിലൊന്ന് സത്യമല്ലാതായാൽ ഇതിന്റെ സത്യം ചിന്നഭിന്നമായിപ്പോകും . ഫിലോസഫി ഈ അബദ്ധ ചിന്തയെ വിളിക്കുന്നത്, corelationism എന്നാണ്. Corelationism പറയുന്നത് ഇതാണ്: ’X’ is not right without the giveness of ‘Y‘. ഡാനിയേൽ അച്ഛൻ പെട്ടുപോയത് ഇത്തരം ഒരു കോറിലേഷണിസത്തിലാണ്. പരസ്പരബദ്ധിത ചിന്തയിലൂന്നിയ അച്ഛന്റെ വാദം വിശുദ്ധ കുർബാനയുടെ മഹത്വം ഉയർത്തുകയല്ല, താഴ്ത്തുകയാണ് ചെയ്യുന്നത്. അച്ഛൻ അതാഗ്രഹിക്കുന്നില്ലെങ്കിലും.

അത്ഭുതങ്ങൾ കാണിച്ച് ഒരു അത്ഭുതമായി ക്രിസ്തു മാറി എന്ന് സമർത്ഥിക്കുന്നതിലും മനുഷ്യത്വപരമായ ചില ശരിക്കേടുകളുണ്ട്. ലോകത്തെ ഭൂരിഭാഗം മനുഷ്യരും ജീവിച്ചത്, ജീവിക്കുന്നത് അത്ഭുതങ്ങളെല്ലാം നിഷേധിക്കപ്പെട്ട്, ദാരിദ്രൃത്താലും രോഗങ്ങളാലും ഹിംസിക്കപ്പെട്ടുകൊണ്ടാണ്. അതു കൊണ്ടു തന്നെ ക്രിസ്തു സ്വീകരിച്ചത് അത്ഭുങ്ങൾക്ക് അനുകുലമായ നിലപാടല്ല, പ്രതികുലമായ നിലപാടായിരിന്നു. മരുഭൂമിയിൽ ചെകുത്താൻ ക്രിസ്തുവിനോടാവശൃപ്പെട്ടതും, കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ പടയാളികൾ ആവശ്യപ്പെട്ടതും ഒരു അത്ഭുതമായി മാറാനായിരിന്നു. യാതൊരു അത്ഭുതങ്ങളുടെയും കനിവ് ലഭിക്കാതെ വിശപ്പിന്റെ മരുഭൂമിയിൽ അലയുന്ന, മരണത്തിന്റെ പ്രചണ്ഡതയേറ്റ് കുരിശിൽ കിടന്നു പിടയുന്ന മനുഷൃരോടൊപ്പം എണ്ണപ്പെടാനായി അവൻ അത്ഭുതങ്ങളുടെ മായികതകളെ നിഷേധിച്ചുകൊണ്ട് നിസ്സഹായതയുടെ കുരിശിൽ പിടഞ്ഞുമരിച്ചു. ഈ ക്രിസ്തുവിനെ മറക്കുന്നതു കൊണ്ടാണ് അത്ഭുതങ്ങളുടെ കെട്ടുകാഴ്ചയിൽ സഭയെ വീഴ്ത്തി പിശാച് പലപ്പോഴും വിജയിക്കുന്നത്.

സുവിശേഷത്തിൽ അത്ഭുതങ്ങളുള്ളത് നമ്മളെ വിശ്വസിയാക്കനല്ല, അവിശ്വാസിയാക്കാനാണ് എന്ന നിരീക്ഷണം നടത്തിയത് ബ്ലെയ്സ് പാസ്ക്കലാണ്. അത്ഭുതങ്ങളിൽ അഭിരമിക്കുന്നവർക്ക് ക്രിസ്തുവിന്റെ മനസ്സ് അന്യമായി നിൽക്കും. ക്രിസ്തു ഒരു ആത്മീയ മനുഷ്യനല്ലായിരിന്നു. തികച്ചും ഭൗതീകനായ മനുഷൃനായിരിന്നു. ഒരു ഭൗതീകനായ മനുഷ്യനു ചെയ്യാനാവുന്ന കാര്യങ്ങളെ ക്രിസ്തു ചെയ്തിട്ടുള്ളു. ആത്മീയമായി വിശദീകരിച്ച് സുവിശേഷത്തെ തേജോവധം ചെയ്തില്ലാതാക്കുകയാണ് പല സുവിശേഷ പ്രഘോഷകരും. സാധാരണക്കാരനായ ക്രിസ്തുവിനെ ഭയക്കുകയും അസാധാരണക്കാരനായ ക്രിസ്തുവിനെ തൽസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്യുന്നു. അസാധാരണത എത്ര പെട്ടെന്നാണ് മടുപ്പിക്കുന്നതെന്ന് അവർ മറന്നു പോകുന്നു. വർഷത്തിലൊരിക്കൽ മാത്രം കാണാവുന്ന ഒരു കാര്യമാണ് സർക്കസ്. വർഷത്തിൽ രണ്ടാമതൊന്നു കാണാൻ പറ്റാത്ത വിധത്തിൽ അതിലൊരു മടുപ്പുണ്ട്. പക്ഷെ, സാധാരണ ഒരിക്കലും മനുഷ്യനെ മടുപ്പിക്കില്ല, അതിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞാൽ. ജീവിതത്തിന്റെ ഭംഗി അതിന്റെ വെറും സാധാരണതയാണ്. ഈ ഭംഗിയെയാണ് ക്രിസ്തു ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയിൽ ആഗ്രഹിക്കുന്നതും വാഴ്ത്തുന്നതും: അന്നന്നു വേണ്ടുന്ന അപ്പം അന്നന്നു കിട്ടുന്ന സാധാരണത, അന്നന്നുള്ള മുറിവുകൾ അന്നന്നു ക്ഷമിച്ച് ഉണക്കുന്ന വെറും സാധാരണത. വാസ്തവത്തിൽ ക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ചോ? ഇല്ല, എന്നു തന്നെയാണ് ഉത്തരം. ക്രിസ്തു മടക്കിക്കൊടുക്കൽ മാത്രമാണ് ചെയ്തത്. ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ ഇല്ലാതായപ്പോൾ അതു പൂർവ്വ സ്ഥിതിയിലാക്കുകയാണ് ക്രിസ്തു ചെയ്തത്. മനുഷ്യൻ നടക്കേണ്ടവനാണ്, അതു കൊണ്ട് തളർവാത രോഗിയോട് അവൻ നടക്കാൻ പറഞ്ഞു. മനുഷ്യൻ കാണേണ്ടവനാണ്, അതുകൊണ്ടവൻ അന്ധനോടു കാണാൻ പറഞ്ഞു. മനുഷ്യനു അപ്പമുണ്ടായിരിക്കണം, അതു കൊണ്ടവൻ അപ്പത്തിനോടിരട്ടിയായി മനുഷ്യരെ ഊട്ടാൻ പറഞ്ഞു. അപ്പം വർദ്ധിപ്പിക്കപ്പെട്ടതിൽ തെളിയുന്നത് ക്രിസ്തുവിന്റെ കഴിവല്ല, ഇരട്ടിയാകാനുള്ള അപ്പത്തിന്റെ കഴിവാണ്. ക്രിസ്തുവിനറിയാമായിരിന്നു, നമ്മുടെ കൈയിലുള്ള അപ്പത്തിനെല്ലാം ഇരട്ടിയാകാനുള്ള കഴിവുണ്ട്, നമ്മൾ അവ മുറിച്ച് പങ്കുവയ്ക്കുക മാത്രമേ ചെയ്യേണ്ടതുള്ളു. പിന്നെ, കടലിനു മീതെ ക്രിസ്തു നടന്ന സംഭവം, ഇതു വിശദീകരിക്കാൻ ക്വാണ്ടം മെക്കാനിക്സ് തന്നെ വേണ്ടിവരും. അത്ഭുതങ്ങളിൽ അഭിരമിക്കാനുള്ള മനുഷ്യന്റെ പ്രവണത വളരെ പ്രാചീനമാണ്.അത്ഭുതത്തിന്റെ ഒരു പ്രശ്നം അതിന് മറ്റൊരത്ഭുതം ചെയ്യാനാവില്ല എന്നതാണ്. വിരുദ്ധ കുർബാന ഒത്തിരി അത്ഭുതങ്ങൾ ചെയ്യുന്നുണ്ടങ്കിലും വിശുദ്ധ കുർബാന ഒരു അത്ഭുതമല്ല. വിശ്വസിക്കാൻ പ്രയാസമായ കാര്യത്തെ അത്ഭുതം എന്നു വിളിക്കാനുള്ള നമ്മുടെ സഹജമായ പ്രവണത ഉപയോഗിച്ചാണ് വിശുദ്ധ കുർബാനയെ ഒരു അത്ഭുതമാക്കി മാറ്റുന്നത്. വ്യത്യസ്തമായ ഒരു Sense Field ൽനിന്നും മാത്രം മനസ്സിലാക്കാവുന്ന തികച്ചും ഭൗതീകമായ യാഥാർത്ഥ്യമാണ് വിശുദ്ധ കുർബാന. ക്രിസ്തു ഇതിന്റെ പിന്നിലുള്ള രഹസ്യത്തെ വെളിവാക്കുന്നുണ്ട്, “ഇതെന്റെ ഓർമ്മയ്ക്കായ് ചെയ്യു” എന്നു പറഞ്ഞു കൊണ്ട്. ഓർമ്മ തന്നെയാണ് ഇതിന്റെ പിന്നിലുള്ള ചാലകശക്തി. കടന്നുപോയവന്റെ ജീവൻ നിലനിൽക്കുന്നവന്റെ ഓർമ്മയിലാണെന്ന് ക്രിസ്തു പറയുന്നു. വിശുദ്ധ കുർബാനയുടെ ആത്മീയ ശക്തിയെക്കുറിച്ചും അത്ഭുതശക്തിയെക്കുറിച്ചും വാതോരാത സംസാരിക്കുന്നവർ ഇതിന്റെ വിപ്ലവാത്മകതയെ മനസ്സിലാക്കാതെ പോകുന്നു. കൂടെയുള്ള ഒരാളെ നമ്മൾ ഓർക്കേണ്ട ആവശ്യമില്ല. അപ്പോൾ, ഓർമ്മ ഒരാളുടെ സാന്നിദ്ധ്യത്തെയല്ല, അസാന്നിദ്ധ്യത്തെയാണ് കാണിക്കുന്നത്. പക്ഷെ, എന്തു തരം ഓർമ്മയും അസാന്നിദ്ധ്യവും ആണിത്? മറവി അടിച്ചേൽപ്പിക്കുന്ന ശൂന്യതയ്ക്കതിരെ, മരണത്തിന്റെയും അധികാരത്തിന്റെയും വിധ്വംസക്കെതിരെ പോരാടുന്ന, നിലനിൽക്കുന്ന എല്ലാത്തിനെയും ചോദ്യം ചെയ്യുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഓർമ്മയും അസാന്നിദ്ധ്യവുമാണ് വിശുദ്ധ കുർബാന. അങ്ങനെവച്ചുനോക്കുമ്പോൾ, ഈ ഓർമ്മയാണ് സത്യം, ഈ അസാന്നിദ്ധ്യമാണ് യഥാർത്ഥ സാന്നിദ്ധ്യം . ആരാധനയെക്കാളുപരിയായി, വിശുദ്ധ കുർബാന നമ്മളിൽ നിന്നും ആവശ്യപ്പെടുന്നത് അവന്റെ ഓർമ്മ നിരന്തരമായി നടത്തുന്ന ഈ പോരാട്ടത്തിൽ പങ്കുചേരാനാണ്. വിശുദ്ധ കുർബാനയുടെ പ്രതിലോമകതയെയും വിസ്ഫോടന ശക്തിയെയും ഇല്ലാതാക്കിക്കൊണ്ട് നടത്തപ്പെടുന്ന താരാട്ട് വ്യാഖ്യാനങ്ങൾ വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ നിരവധിയാണ്.