അടിസ്ഥാനരാഹിത്യം

മനുഷ്യരെന്ന നിലയിൽ നമ്മൾ അനുഭവിക്കുന്ന ഏറ്റവും അസ്തിത്വപരമായ പ്രശ്നമാണ് ജീവിതത്തിന്റ അടിസ്ഥാനമില്ലായ്മ. Groundlessness എന്ന് ഇംഗ്ലീഷിൽ പറയുന്ന ഇതിനെ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുമ്പോൾ അധാരമില്ലായ്മ, നിർമൂലത്വം എന്നിവയാണ്. നമ്മുടെ ജന്മമോ മാതാപിതാക്കളോ രാജ്യമോ സംസ്ക്കാരമോ ഒന്നും നമ്മുടെ തിരഞ്ഞെടുപ്പല്ല, എന്നിട്ടും നമ്മൾ ഈ ഭൂമിയിൽ എറിയപ്പെട്ട അവസ്ഥയിൽ നമ്മളെ കണ്ടെത്തി. ജനിച്ച നിമിഷം മുതൽ മരണത്തിലേക്കുള്ള യാത്രയും തുടങ്ങി എന്നതാണ് ഏറ്റവും ഭീതിജനകമായ കാര്യം. ഇതാണ് ജീവിതത്തിന്റെ അടിസ്ഥാനമില്ലായ്മയെ വെളിവാക്കുന്നത്, നമ്മൾ എപ്പോൾ വേണമെങ്കിലും പൊട്ടി പോകാനാകുന്ന കുമിളകളാണ്. ഇത് ഏറ്റവും കൂടുതലായി അനുഭവവേദ്യമായ ഒരു കാലമാണ് നമ്മുടേത്. ഇതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഉപാധികളാണ് ബന്ധങ്ങൾ, മതം, രാഷ്ട്രീയം തുടങ്ങിയവ. ഒന്നിനു പകരം മറ്റൊന്നിനെ വയ്ക്കുന്നത് ഒരു ചാപല്യമാണ്, ബലഹീനതയാണ്, ഫെറ്റിഷാണ്. ജീവിതത്തിന്റെ അടിസ്ഥാനമില്ലായ്മയെ അംഗീകരിച്ചു കൊണ്ട് ഒരു പരിവർത്തനത്തിന് ശ്രമിക്കാൻ ബന്ധങ്ങളെയും മതത്തെയും സാമൂഹ്യ വ്യവസ്ഥകളെയും ഉൾക്കൊള്ളുന്നതിനു പകരം രക്ഷപ്പെടലിന്റെ മാർഗ്ഗങ്ങളായി ഇവ മാറുമ്പോൾ പരിവർത്തനമല്ല സംഭവിക്കുന്നത്, വികൃതരൂപങ്ങളാണ് ഉണ്ടാകുന്നത്.


അതുകൊണ്ടിവിടെ ഇപ്പോൾ എല്ലാം ഒരു അഭിമാന പ്രശ്നമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ, മതത്തിലെ ഭീകരവാദം ഇതെല്ലാം വെറും അഭിമാന പ്രശ്നനത്തിൽ നിന്നാണ് തുടങ്ങുന്നത്. അഭിമാനത്തിന് ദുരഭിമാനവുമായി വലിയ വ്യത്യാസവുമില്ല. അസഹിഷ്ണുത മനുഷ്യന്റെ സഹജ സ്വഭാവമായി മാറിയിട്ടുണ്ട്. മത വിശ്വാസികളും മത വിരോധികളും ഒരേ പോലെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. എല്ലാവരും എവരിഡേ ഫാസിസം എന്ന പ്രതിഭാസത്തിൽ വീണു കിടക്കുന്നവരാണ്. എല്ലാവരും എന്തിനോടെങ്കിലും അസഹിഷ്ണുത ഉള്ളവരാണ്. മത വിശ്വാസികളും മതവിരോധികളും ഒരു പോലെ അസഹിഷ്ണുത ഉള്ളവരാണ്. പലരും അവർ എതിർക്കുന്നതിന്റെ തന്നെ ഭാഗമായി മാറാറുണ്ട്.


ജീവിതത്തിന്റെ അടിസ്ഥാനമില്ലായ്മയെ അംഗീകരിച്ചുകൊണ്ട് ജീവിതത്തെ സ്നേഹിക്കുക സാധ്യമാണോ? ഇത് നമ്മുടെ ജീവിതത്തെ പുനർ നിർമ്മിക്കാൻ അനുവദിക്കുമെങ്കിൽ അതൊരു നേട്ടമായിരിക്കും. അപ്പോൾ ഒന്നും രക്ഷപ്പെടലായിരിക്കില്ല, ചാപല്യമോ, ഫെറ്റിഷോ, അഭിമാന പ്രശ്നമോ ആയിരിക്കില്ല. പകരം, ഭാവി മനുഷ്യന്റെ രൂപീകരണത്തിന്റെ വേദികളും ചാലക ശക്തികളും മാത്രമായിരിക്കും. ഇതിനു വേണ്ടിയുള്ള അന്വേഷണങ്ങളാണ് നടക്കേണ്ടത്.


ഇതിനു വേണ്ടി ഞാൻ “നോൺ” എന്ന ഒരു അസംസ്കൃത വാക്കിനെ കടമെടുക്കാൻ ആഗ്രഹിക്കുന്നു. നോണി നെ ഒരിക്കലും നോട്ട് ആയിട്ട് തെറ്റിദ്ധരിക്കരുത്. നോൺ യുക്ലിഡിയൻ ജ്യാമിതി ഇതിന്റെ നല്ലൊരു ഉദാഹരണമാണ്. യൂക്ലീഡിയൻ ജ്യാമിതിയുടെ രണ്ടു പ്രധാനപ്പെട്ട സിദ്ധ പ്രമാണങ്ങളിലാണ് നോൺ യൂക്ലിഡിയൻ ജ്യാമിതി നിലനിൽക്കുന്നത്.  യൂക്ലീഡിയൻ ജ്യാമിതിയുടെ രണ്ടു നീയമങ്ങൾക്ക് അയവു വരുമ്പോൾ നോൺ യുക്ലിഡിയൻ ജ്യാമിതി ഉണ്ടാകുന്നു. ഇപ്രകാരം, ഒരിക്കൽ നന്മയുടെ മാർഗ്ഗങ്ങളായിരിന്ന ഇപ്പോൾ വല്ലാതെ ഖനീഭവിച്ച് തിന്മയുടെ ചിതൽപ്പുറ്റുകളായി മാറിയ പലതിലും അയവു വരുത്തിക്കൊണ്ട് ഭാവി പദാർത്ഥങ്ങളാക്കി മാറ്റാൻ വേണ്ടിയാണ് നോൺ ഉപയോഗിക്കുന്നത്. ഇതിന്റെ ഉദാഹരണം ക്രിസ്തു തന്നെയാണ്.


ക്രിസ്തു എന്തായാലും ക്രിസ്ത്യാനി ആയിരിന്നില്ല. ക്രിസ്തു ഒരു യഹൂദനായിരിന്നെങ്കിൽ ഏത് തരത്തിലുള്ള യഹൂദനായിരിന്നു അവൻ ? അയവു വരുത്തുന്ന, അയവു വന്ന യഹൂദനായിരിന്നു ക്രിസ്തു. ക്രിസ്തുവിനെ വധിക്കാനുള്ള ഒരു കാരണമായി പറയുന്നത് യഹൂദർ പാലിച്ചുകൊണ്ടിരിന്ന, ഒരു യഹൂദനന്ന നിലയിൽ ക്രിസ്തു പാലിക്കേണ്ട സാബത്തു നീയമം അവൻ ലംഘിച്ചു എന്നതാണ്. പക്ഷെ, ക്രിസ്തു അവകാശപ്പെടുന്നത് എല്ലാ നിയമങ്ങളും പൂർത്തിയാക്കാൻ വന്ന യഥാർത്ഥ യഹൂദൻ അവനാണെന്നാണ്, മോശയുടെ നീയമം പാലിക്കുന്നവനാണ് ഒരു യഹൂദൻ. ഇവിടെ ഒരു ലോജിക്കിന് നമ്മൾ മുതിരേണ്ടി വരുന്നു: യഹൂദർ പറയുന്നു: He is not a Jew. ക്രിസ്തു പറയുന്നു: I’m the real Jew രണ്ടുപേരുടെയും അവകാശം പരിശോധിച്ചും അംഗീകരിച്ചും നമ്മൾ പറയുന്നു: This Non-Jew is the real Jew.


യഥാർത്ഥ പുരോഹിതനും സന്യാസിനിയും ഒരു നോൺ പുരോഹിതനും സന്ന്യാസിനിയുമായിരിക്കണം. യഥാർത്ഥ രാഷ്ട്രീയക്കാരൻ ഒരു നോൺ രാഷ്ട്രീയക്കാരൻ കൂടിയായിരിക്കണം. യഥാർത്ഥ വിശ്വാസി ഒരു നോൺ വിശ്വാസി കൂടിയായിരിക്കണം. ഇല്ലങ്കിൽ അവരുടെ അവസ്ഥകൾ ഖനീഭവിച്ച് നന്മക്കു പകരം തിന്മയുടെ വൈറസ് വാഹകരായിട്ട് അവർ മാറും. നോണിൻ്റെ വർത്തമാന താഴ്മയെ ഉൾക്കൊണ്ടവർക്ക് മാത്രമേ ഭാവികാലത്തെ രൂപപ്പെടുത്താൻ സാധിക്കുകയുള്ളു.


സ്വന്തം ഭാഷയിൽ എങ്ങനെ വിക്കി സംസാരിക്കണം , എങ്ങനെ മറുഭാഷാക്കാരനാകാം എന്ന ആശയങ്ങളിലൂടെ ദെല്യുസ് ഇതാണ് ഉന്നം വയ്ക്കുന്നത്. സ്വന്തം മതത്തിൽ ഒരു വിജാതിയനായി ക്രിസ്തു മാറുന്നതും ഇതുകൊണ്ടാണ്. സ്വന്തം ഒരു അപകടം പിടിച്ച കാര്യമാണ്. ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ആദരിക്കപ്പെടുന്നില്ല എന്നു പറഞ്ഞുകൊണ്ട് ക്രിസ്തു ഈ സത്യത്തെ വെളിവാക്കുന്നു. മഹാത്മ ഗാന്ധിയെ ബ്രിട്ടീഷുകാർ ആദരിച്ചിരിന്നു. അവർ അദ്ദേഹത്തെ ജയിലിടച്ചെങ്കിലും കൊന്നില്ല. പക്ഷെ, സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞ ഉടനെ സ്വന്തം രാജ്യത്തിലുള്ള ഒരാൾ അദ്ദേഹത്തെ വെടിവച്ചു കൊന്നു. സ്വന്തക്കാരാണ് നമ്മുക്കെതിരെ ആദ്യം തിരിയുന്നത്. 


ഒരു സ്ഥാപിത മതത്തിൽ അംഗമായിരിക്കുമ്പോഴും ഒരിക്കലും അതിന് കീഴടങ്ങരുത്. പരിവർത്തനങ്ങളുടെ വ്യാപ്തിയിൽ നിന്നും അതിനെ നോക്കിക്കാണാൻ സാധിക്കണം. എല്ലാറ്റിനുമുപരിയായി ചിന്തയിലും പ്രവൃത്തിയിലും അതിന്റെ തിന്മകളെ നിരാകരിക്കാനും ചെറുക്കാനും കഴിയണം. പരിവർത്തനങ്ങൾ കൊണ്ടുവരുന്നത് ഇങ്ങനെ സ്വന്തം മതത്തിലേക്ക് വരുകയും പോകുകയും ചെയ്യുന്നവരാണ്. എതിർക്കുമ്പോൾ തന്നെ അതിനോട് കൂടുതൽ അടുത്തായിരിക്കുക. സ്നേഹിക്കുമ്പോൾ അതിൽ നിന്നും കൂടുതൽ ദൂരത്തായിരിക്കുകയും ചെയ്യുമ്പോൾ ഒരാൾ സ്വന്തം മതത്തിലെ വിജാതിയനാണ്.


അഭിമാനം കൊണ്ട് അന്ധത ബാധിച്ച മനുഷ്യരാണ് ഇന്ന് എല്ലായിടത്തും. അഭിമാനം മൂത്ത് മനുഷ്യർ പരസ്പരം വെറുക്കുകയും കൊല്ലുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തെക്കുറിച്ച്, പാർട്ടിയെക്കുറിച്ച്, ജാതിയെക്കുറിച്ച്, മതത്തെക്കുറിച്ച് മനുഷ്യർക്ക് ഇന്ന് അഭിമാനം മാത്രേയുള്ളു. ഏത് നിമിഷം വേണമെങ്കിലും ഇത് ദുരഭിമാനമായി മാറുകയും കൊല്ലാൻ വാളെടുക്കുകയും ചെയ്യും. ഈ അവസരത്തിൽ നമ്മുക്ക് ചെയ്യാവുന്ന കാര്യം ലജ്ജയുടെ സാധ്യതകളെ അന്യേഷിക്കുക എന്നതാണ്. ഒരാൾ സ്വന്തം രാജ്യത്തിലെ ശരിയായ പ്രജയായിരിക്കുന്നത് അതിനെയോർത്ത് ലജ്ജിക്കുമ്പോഴാണ് എന്ന് Carlo Ginzburg  പറയുന്നത് ഇത്തരമൊരു ദിശാമാറ്റത്തിനു വേണ്ടിയാണ്. കൊറോണ വയറസിന്റെ ഈ കാലം നമ്മുക്ക് ലജ്ജിതരാകാനുള്ള അവസരമാണെന്ന് ഷീസെക്ക് പറയുന്നു, “Maybe, some British people will gather the courage to feel shame about falling for the ideological dream that brought them Brexit. But for the people in isolation in Wuhan and around the world, it’s not the time to feel ashamed and stigmatized but rather the time to gather the courage and patiently persist in their struggle. The only ones truly ashamed in China are those who publicly downplayed the epidemic while over-protecting themselves, acting like those Soviet functionaries around Chernobyl who publicly claimed there was no danger while immediately evacuating their own families, or those upper managers who publicly deny global warming but are already buying houses in New Zealand or building survival bunkers in the Rocky Mountains. Maybe, the public outrage against such double standards (which is already compelling the authorities to promise transparency) will give birth to an unintended positive side effect of this crisis.” 


ഒരു കുട്ടിയുടെ സാധ്യതകൾ ഒരു പക്ഷെ, ലജ്ജ നമ്മുക്ക് സമ്മാനിക്കും, അതിലൂടെ ഭാവിയുടെ എല്ലാ വാതിലുകളും തുറക്കാനുള്ള ശക്തി ലഭ്യമാകും. അതുകൊണ്ട് ദെല്യുസ് പറയും, “the feeling of shame is philosophy’s greatest motive.” ഷെയിമിന്റെ എല്ലാ സാധ്യതകളും വിട്ട് അഭിമാനത്തിന്റെ കുരുക്കിൽ പെട്ടു പോയ മനുഷ്യർക്ക് യാതൊരുവിധ മാറ്റവും ഉണ്ടാകത്തില്ല. ഒരു മനുഷ്യനായിരിക്കുന്നതിൽ പോലും ലജ്ജിതരാകേണ്ടിയിരിക്കെ എന്തിനാണ് ഞാൻ എന്റെ പൗരോഹിത്യത്തെ ഓർത്ത് അഭിമാനിക്കാൻ സാധിക്കുക. എന്റെ എല്ലാ ലജ്ജകളെയും മുറുകെ പിടിക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കേണ്ടത്. സ്പിനോസയും എന്നെ അഭിമാനത്തിന്റെ സ്വർണ്ണ കൂട്ടിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നു, “the person who feels ashamed has a desire to live honourably. The experience of fundamental shame is the event because shame motivates one to change. It gives you potential to become otherwise.” 


ഇപ്രകാരം നോൺ ശീലങ്ങൾ നടത്തുന്നവർ, ഒന്നിലും അഭിരമിക്കുകയോ അഭിമാനിക്കുകയോ ചെയ്യാതെ ലജ്ജയെ മുറുകെ പിടിക്കുന്നവർ ജീവിതത്തിൻ്റെ അടിസ്ഥാനമില്ലായ്മയിൽ നിന്നും രക്ഷപ്പെടുന്നില്ല, അതിനെ ഉൾക്കൊള്ളാനും അംഗീകരിക്കാനും സ്വയം രൂപാന്തരപ്പെടാനും ശ്രമിക്കുന്നു. സൂസൻ സൊൻടാഗിനും പറയാനുള്ളതു ഇതു തന്നെയാണ്, “Be in a project of self transformation.” 

വീണ്ടെടുപ്പ്

നന്നായിട്ടൊന്നു പേടിക്കണമെങ്കിൽ ഏതെങ്കിലും കരിസ്മാറ്റിക് ധ്യാന പ്രഭാഷണം കേട്ടാൽ മതി. രണ്ട് ദിവസം മുമ്പ് ആരോ പങ്കുവെച്ച ഒരു പ്രഭാഷണം കേൾക്കാനിടയായി. ആ പ്രസംഗത്തിൽ പറയുന്നത് യേശുക്രിസ്തു ലോകരക്ഷകനാണന്ന് ഏറ്റു പറയാത്ത പുരോഹിതന്റെ ജീവിതം വെയ്സ്റ്റ് ആണെന്നാണ്. ഞാനതിൽ പെടുമോ എന്നതായി എന്റെ പേടി. രക്ഷ എന്താണെന്ന് എനിക്ക് കുറച്ചറിയാം. യേശു രക്ഷകനാണെന്നത് എന്റെ വിശ്വാസമാണ്. പക്ഷെ, യേശു ലോക രക്ഷകനാണെന്ന് പറയാൻ എനിക്കൊരു കുഴപ്പമുണ്ട്. അത് പറയാനായി ലോകം എന്താണെന്ന് ഞാൻ അറിഞ്ഞിരിക്കണം. പക്ഷെ, ലോകം എന്താണെന്ന് എനിക്കറിയത്തില്ല.മാർക്കൂസ് ഗബ്രിയേൽ എന്നൊരു ചെറുപക്കാരനായ ജർമ്മൻ ചിന്തകന്റെ “Why the World doesn’t Exist,” എന്നൊരു പുസ്തകം എനിക്ക് ലോകത്തെക്കുറിച്ചുള്ള പല ധാരണകളും തകിടം മറിച്ചു.

മാർക്കൂസിന്റ വാദം നമ്മുക്കാർക്കും ലോകത്തെക്കുറിച്ച് യാതൊരു അറിവുമില്ല എന്നതാണ്. നമ്മുക്കുള്ളത് ലോകത്തുള്ള sense of field മാത്രമാണ് അറിയാവുന്നത്. ലോകത്തിലാണ് എല്ലാം നിലനിൽക്കുന്നത് എന്നത് സത്യമാണ് പക്ഷെ ലോകം ലോകത്തിലില്ല എന്നൊരു പ്രശ്നത്തെ നമ്മൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഭൂമിയെ മൊത്തത്തിൽ നോക്കിക്കാണാൻ നമ്മുക്ക് ഒരു മേഘല പോലുമില്ല. ബഹിരാകാശത്ത് നിന്നു നോക്കിയാൽ പോലും നമ്മൾ കാണുന്നത് ഭൂമിയുടെ ഒരു ഭാഗം മാത്രമാണ്. അപ്പോൾ ലോകം എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് ഒരു ടോട്ടാലിറ്റിയാണങ്കിൽ ആ ലോകം നിലനിൽക്കുന്നില്ല എന്നാണ് മാർക്കൂസിന്റെ ന്യൂ റിയലിസം വാദിക്കുന്നത്. സർവ്വം എന്നത് എനിക്ക് ചിന്തിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്ന കാര്യമല്ല.


എന്നാലും ലോകം എന്താണെന്ന് മനസ്സിലാക്കാൻ നമ്മുക്ക് ശ്രമിക്കാം. വിറ്റ്ഗൻസ്റ്റൈൻക്കുറിച്ച് പറയുന്ന രണ്ടു കാര്യങ്ങൾ പ്രശസ്തമാണ്. I. The world is everything that’s the case. II. The world is the totality of facts and not of things. രണ്ടാമതു പറയുന്ന കാര്യം വളരെ പ്രസക്തമാണ്: ലോകം എന്നു വച്ചാൽ വസ്തുക്കളുടെ ആകെത്തുകയല്ല, പ്രത്യുത കാര്യങ്ങളുടെ ആകെത്തുകയാണ്. കാര്യങ്ങൾ എന്നു പറയുമ്പോൾ എല്ലാം അതിൽപ്പെടും, ഭൂമിയിലെ വസ്തുക്കളെക്കുറിച്ചുള്ള കാര്യങ്ങൾ, നമ്മുടെ ചിന്തകൾ, സ്വപ്നങ്ങൾ, കണക്കുകൂട്ടലുകൾ, കഥകൾ, ചിത്രങ്ങൾ, ഏഷണികൾ അങ്ങനെ എല്ലാം. ഈ അർത്ഥത്തിൽ ഭൂമി പ്രപഞ്ചത്തേക്കാൾ വലുതാണ്. ഒരു ശാസ്ത്ര സത്യവുമായി ബന്ധെടുത്തിയാൽ ഇക്കാര്യം മനസ്സിലാക്കാം. പ്രപഞ്ചത്ത് ഏകദേശം 200 ബില്യൺ ഗാലക്സികൾ ഉണ്ടെന്നാണ് പറയുന്നത് എന്നാൽ മനുഷ്യശരീരത്തിലുള്ള കോശങ്ങളുടെ എണ്ണം 1 ട്രില്യൺ ആണ്. എന്നു വച്ചാൽ 800 ബില്യൺ അധികം. അതുകൊണ്ട്, “The world is everything that’s the case.”


ഒരു വസ്തു ഒരു കാര്യം ആകുന്നത് ഒരു ഫീൽഡ് ഓഫ് സെൻസിൽ വരുമ്പോഴാണ്. ഭൂമിയിലെ എല്ലാ വസ്തുക്കും ഏതെങ്കിലും ഫീൽഡ് ഓഫ് സെൻസിൽ പെടുന്നുണ്ട്. മാർക്കൂസ് പറയുന്നു. “Not even nothingness can remain without there being the fact nothing exists.” ദൈവം പോലും ഒരു കാര്യമാണ്, ദൈവം അവൻ, അവൾ, അത് ആണെന്ന കാര്യം. മാർക്കുസിന്റെ ന്യൂ റിയലിസം അസ്തിത്വത്തെ നിർവചനം ചെയ്യുന്നത് അറിവ് തലത്തിൽ എന്തെങ്കിലും ദൃശ്യമാകുന്ന സാഹചര്യത്തെയാണ്. Existence = appearing in the field of sense. Speculative realism പറയും നമ്മുടെ അറിവിൽ പെടാത്തവയും ഉണ്ട് എന്നാൽ അതിനെ നമ്മുക്ക് ഊഹിക്കാനേ സാധിക്കുകയുള്ളു. 


ഒരു റഷ്യൻ നോവലിസ്റ്റിന്റെ കഥാപാത്രത്തിന്റെ പേര് പീറ്റർ എംപ്റ്റിനസ് എന്നാണ്. അവനൊരു കണ്ടുപിടിത്തം നടത്തുന്നു: “മോസ്ക്കോ റഷ്യയിലാണുള്ളത്, റഷ്യ രണ്ടു ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഭൂഖണ്ഡങ്ങൾ ഭൂമിയിലാണ്. ഭൂമി ആകാശ ഗംഗാ എന്നു വിളിക്കുന്ന ക്ഷീരപഥത്തിലാണ്. ക്ഷീരപഥം പ്രപഞ്ചത്തിലാണ്. പക്ഷെ, പ്രപഞ്ചം എന്തിലാണുള്ളത് ? പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് ശൂന്യതയിലാണ്.” നമ്മൾ ടോട്ടാലിറ്റി എന്നു വിളിക്കുന്നേ മേഘലകളുടെ മേഖല സ്ഥിതി ചെയ്യുന്നത് ശുന്യതയിലാണ്. ടോട്ടാലിറ്റി തന്നെ ശൂന്യതയാണ്. എന്താണോ ഫീൽഡ് ഓഫ് സെൻസിൽ പെടാതെ നിൽക്കുന്നത് അത് ശൂന്യതയാണെന്ന് മാർക്കൂസ് വാദിക്കുന്നു.


ക്രിസ്തു ലോക രക്ഷകനാണെന്ന് പറയുമ്പോൾ ഈ ലോകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ടൊട്ടാലിറ്റിയാണെങ്കിൽ അതെന്റെ ഫീൽഡ് ഓഫ് സെൻസല്ല. ഇപ്പോഴും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദി വർഗ്ഗക്കാരുണ്ട്. ദൈവം എന്നൊരു ആശയം അവർക്കുണ്ടോ എന്നു പോലും എനിക്കറിയത്തില്ല. പിന്നെ, ക്രിസ്തു ലോക രക്ഷകനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ ഞാൻ ലോകം എന്നു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് എന്റെ വിശ്വാസങ്ങൾ ഉൾക്കൊള്ളുന്നവരുടെ ഒരു ഫീൽഡ് ഓഫ് സെൻസ് മാത്രമാണ്. അങ്ങനെയെങ്കിൽ എന്റെ ലോകം മാത്രമല്ല ഉള്ളത് അനേകം ലോകങ്ങളുണ്ട്. റോമാക്കാർ ലോകം കീഴടക്കിയെന്നാണ് പറയുന്നത്. പക്ഷെ അവർ കീഴടക്കിയത് അവർക്കറിയാവുന്ന രാജ്യങ്ങളെ മാത്രമാണ്. ഇതിനെ അവർ ലോകം എന്നു വിശേഷിപ്പിച്ചു എന്നു മാത്രം. അവർക്ക് അറിയാത്ത ഒത്തിരി രാജ്യങ്ങളുണ്ടായിരിന്നു. ഇതുപോലെയാണ് പല കാര്യങ്ങളും.


അപ്പോൾ എന്താണ് ക്രിസതു മതത്തിന്റെ പ്രസക്തിയും ലക്ഷ്യവും ?ഫ്രെഡറിക് ഷ്ലയെർമാക്കർ പ്രധാനപ്പെട്ട ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞനാണ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രപഞ്ചം അനന്തമാണ്. പ്രപഞ്ചത്തോടുള്ള നമ്മുടെ ദിശാബോധവും അനന്തമാണ്. ഈ അനന്തതക്ക് ഒരൊറ്റ അവബോധമോ വിവരണമോ അല്ല ഉള്ളത്. നിർദിഷ്ട വിശ്വാസ സംവിധാനങ്ങൾ ആയതിനാൽ ഒരൊറ്റ യഥാർത്ഥ മതവമില്ല. പകരം, അനവധി ശരിയായ മതങ്ങളാണുള്ളത്. നമ്മുക്കുള്ള അനന്തയുടെ കാഴ്ചപ്പാടുകൾ പല കാര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഫ്രെഡറിക് ഷ്ലയെർമാക്കർ മതത്തിന്റ വിഷയത്തെ അവതരിപ്പിക്കുന്നു: “the universe and the relationship of humanity to it.” ഈ അർത്ഥത്തിൽ ദൈവത്തിൽ വിശ്വാസിക്കാത്ത മതത്തിനും പ്രസക്തിയുണ്ട്, ഉദാഹരണത്തിന് ബുദ്ധമതം. ഷ്ലയെർമാക്കർ ഇതിനെ സാധൂകരിച്ചു കൊണ്ട് പറയുന്നു, “God is not everything in religion, and the universe is more.” മതത്തിൽ ദൈവം ഉള്ളതിനേക്കാൾ പ്രപഞ്ചം ഉണ്ടെന്നാണ് ഇതിന്റെ സാരം. നമ്മുടെയിടയിൽ മതങ്ങൾ ദൈവത്തെ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഇതൊരു ഭീകരമായ അവസ്ഥയാണ്. ഈ മതങ്ങൾ വിശ്വാസികെളെ ഭീകരന്മാരാക്കി കൊണ്ടിരിക്കുന്നു. ശരിയായ മതത്തിൽ ദൈവത്തെ കൂടുതൽ പ്രപഞ്ചമാണുള്ളത്. ഏക ദൈവത്തിൽ വിശ്വസിക്കുന്ന മതങ്ങളായ യഹൂദ, ക്രൈസ്തവ, ഇസ്ളാം മതങ്ങൾക്കുളള അതേ സാധ്യതകൾ ബുദ്ധമതത്തിനും ഹിന്ദു മതത്തിനുമുണ്ട്. 

ഷ്ലയെർമാക്കർ അങ്ങനെ മതത്തിന് അപാരമായ തുറവി കൊടുക്കാൻ ശ്രമിക്കുന്നു. “Infinite in all respects, infinity of matter and of form, of being, of vision, and of knowledge about it.” ഇങ്ങനെയുള്ള മതത്തിന്റെ പ്രധാന സ്വഭാവം സഹാനുഭൂതിയായിരിക്കും. പലരും അവരുടെ മതത്തെ ശരിയാക്കുന്നത് മറ്റു മതങ്ങളെ തെറ്റാക്കിക്കൊണ്ടാണ്. ഇതൊരു അപകടം പിടിച്ച ശരിയാക്കലാണ്.


ഇതിൽ നിന്നും വ്യത്യസ്തമാണ് ശാസ്ത്രത്തിന്റെ അന്വേഷണം. ശാസ്ത്രം വിശ്വസിക്കാത്തതിൽ മതം വിശ്വസിക്കുന്നു. മതം വിശ്വസിക്കാത്തതിൽ ശാസ്ത്രവും വിശ്വസിക്കുന്നു. ഈ വ്യത്യാസത്തെ അദ്ദേഹം ഇങ്ങനെ അവതരിക്കുന്നു, ” naturalism is the intuition of the universe in its elementary multiplicities, without the idea of personal consciousness and will of individual elements.” 


മാർക്കുസ് ഈ വെളിച്ചത്തിൽ പറയുന്നു, ദൈവം എന്നത് നമ്മുടെ സങ്കൽപ്പങ്ങൾക്കും അതീതമായ ഒരു അപാരതയാണ്. അഗാധമായ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഈ അഗാധതതക്ക് ഒരേയൊരു കാഴ്ചപ്പാടോ മതമോ ഇല്ല. അപ്പോൾ മാർക്കൂസിനെ സംബന്ധിച്ച്, religion arises out of the need to return to ourselves from a greater distance.” അകലെ നിന്നും ഒരാൾ തന്നിലേക്ക് സഞ്ചരിക്കാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് മതം. ഈ മാർഗ്ഗം നമ്മൾ സ്ഥീകരിക്കുന്നത് നമ്മളെതന്നെ നഷ്ടപ്പെട്ടു പോകാതിരിക്കാനാണ്.


എങ്ങനെയാണ് പ്രധാനമായും നമ്മുക്ക് നമ്മളെ നഷ്ടമാകുന്നത്? The Sickness Unto Death എന്ന പുസ്തകത്തിൽ കീർക്കേഗാർഡ് മൂന്ന് തരത്തിൽ ആത്മാവിന്റെ രോഗത്തെ നിർണ്ണയിക്കുന്നു. ഇതിന് പൊതുവായിട്ട് അദ്ദേഹം കൊടുക്കുന്ന പേര് നിരാശ എന്നാണ്. ആത്മാവ് എന്നതുകൊണ്ട് കീർക്കേഗാർഡ് ഉദ്ദേശിക്കുന്നത്, ഒരാൾ അയാളെത്തന്നെ മറ്റൊരു വ്യക്തിയായി കണ്ട് അയാളോട് ബന്ധപ്പെടുന്ന അവസ്ഥയെയാണ്, “spirit relates itself to itself.”  നമ്മൾ നമ്മുക്ക് തന്നെ അപരിചിതരായിരിക്കെ നമ്മൾ നമ്മളോടു തന്നെ ബന്ധം സ്ഥാപിക്കേണ്ടത് ആവശ്യമായി വരുന്നു. നമ്മൾ നമ്മളെത്തന്നെ അവഗണിച്ച് ജീവിക്കുമ്പോൾ ആത്മാവ് നിരാശ എന്ന രോഗത്താൽ ആതുരമാകുന്നു. ഇവിടെയാണ് കീർക്കേഗാർഡ് ദൈവത്തിന്റ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്നത്. കീർക്കേഗാർഡ് ഇങ്ങനെയൊരു വിശദീകരണമാണ് ദൈവത്തിന് നൽകുന്നത്. “God as the fact that everything is possible.” 


എന്നുവച്ചാൽ, എപ്പോഴാണോ നമ്മൾ നമ്മളിൽ നിന്നും ദൂരേയ്ക്ക് പോയിട്ട് തിരിച്ചു വരാൻ ശ്രമിക്കുന്നത്, എപ്പോഴാണോ നമ്മളോടും മറ്റുള്ളവരോടും വ്യത്യസ്തമായ സമീപനം സാധ്യമാണെന്ന് തിരിച്ചറിയുന്നത് അപ്പോൾ നമ്മൾ ദൈവത്തെ കണ്ടുമുട്ടുന്നു. നമ്മുടെ കാൽക്കൽ നിന്നും മണ്ണു ചോർന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ദൈവത്തെ കണ്ടുമുട്ടുക പഴയ വിശ്വാസത്തിലും ആചാരങ്ങളിലും കടിച്ചു തൂങ്ങി കിടക്കുമ്പോഴല്ല. പുതിയതായ രീതിയിൽ മനുഷ്യനെയും പ്രപഞ്ചത്തെയും വിശ്വാസങ്ങളെയും പരിചയപ്പെടാൻ ശ്രമിക്കുമ്പോഴാണ്. കാരണം, “God is the fact that everything is possible.”


പാപം എന്നു വച്ചാൽ ഈ പിടിച്ചു തൂങ്ങി കിടപ്പലാണ്. തന്നിൽ നിന്നും ദൂരേയ്ക്ക് പോയിട്ട് തിരിച്ചു വന്ന് ആത്മാവിനെ പരിപോഷിപ്പിക്കുന്നതിനു പകരം, ഒരാൾ തന്നിലേക്ക് ചുരുങ്ങി ആത്മാവിനെ നശിപ്പിക്കുന്നതിനെയാണ് കീർക്കേഗാർഡ് പാപം എന്നു വിളിക്കുന്നത്. മനുഷ്യൻ അവന്റെ സ്വത്വം അന്വേഷിച്ചു കൊണ്ടുള്ള യാത്രയിലാണ് തന്നെ തന്നെ കണ്ടെത്തുന്നത് എന്ന് ഹൈഡഗറും തിരിച്ചറിയുന്നുണ്ട്. ഇവിടെ മതം നമ്മുക്ക് നൽകുന്ന നമ്മുടെ അതിർത്തിയെക്കുറിച്ചുള്ള തിരിച്ചറിവാണ്. നമ്മുടെ ജീവിതത്തിന് അർത്ഥം നൽകാൻ കെൽപുള്ള ഒരു ഉപരി വസ്തു എന്ന നിലയിൽ ദൈവം ഇല്ലെന്നുള്ളത് നല്ല മതത്തിെന്റെ അനുമാനമാണ്.

ദൈവത്തെക്കാളുപരി ക്രിസ്തു നമ്മുക്ക് പരിചയെടുത്തി തന്നത് ഈ പ്രപഞ്ചത്തെയാണ്. ഒരു യാത്രയിലേക്കാണ് അവനും വിളിക്കുന്നത്, പലരുടെയും യാത്ര പലവഴികളിലൂടെയാണ്. ഓരോരുത്തരും വഹിക്കുന്ന അനന്തതയെ സാധ്യമാക്കുന്നവനാണ് ദൈവം എന്നവനും പഠിപ്പിക്കുന്നു. ഇവിടെ കഥകൾ കാര്യങ്ങളാണ്. ഇവിടെ സ്നേഹം വിശ്വാസത്തെ പുതിയതാക്കുന്നു.