മിലിസോവിന്റെ വരാനിരിക്കുന്ന ദൈവം

ഒരു വസ്തുവിന്റെ അല്ലങ്കിൽ സംഭവത്തിന്റെ പിന്നിലുള്ള കാരണമെന്താണെന്നുള്ളതാണ് ശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ചോദ്യം. ഒരു വസ്തുവിന്റെ കാരണം അതു നിരീക്ഷിക്കുന്ന ആളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്ന രീതിയിലേക്ക് കാര്യകാരണ ബദ്ധത്തെക്കുറിച്ചുള്ള ചിന്തകൾ വികസിച്ചിട്ടുണ്ട്. ഒരിക്കൽ ഇത് തത്വചിന്തയുടെ ചോദ്യമായിരിന്നു. ഇന്ന് ഈ ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ വിഷയമാണെങ്കിലും തത്വചിന്ത വ്യത്യസ്തമായ രീതിയിൽ ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. കാരണത്തെക്കുറിച്ചുള്ള തത്വചിന്തയുടെ വിചാരത്തിന് വലിയൊരു ചരിത്രമുണ്ട്. ആ ചരിത്രത്തെ അവതരിപ്പിക്കുക ഒട്ടും എളുപ്പമല്ലങ്കിലും ഒരു ചെറിയ വിശദാംശം നോക്കാം.
പ്രകൃതി നീയമങ്ങളുടെ പിന്നിൽ, എല്ലാം സംഭവിക്കുന്നതിന്റെ പിന്നിൽ ഒരേ ഒരു കാരണമേയുള്ളു, അതു ദൈവമാണെന്നാണ് പൊതുവേ നൽകപ്പെട്ടുകൊണ്ടിരിന്ന ഏറ്റവും ലളിതമായ ഉത്തരം. പ്രത്യക്ഷത്തിൽ യാതൊരു തെളിവും ആവശ്യമില്ലാത്ത ഈ ഉത്തരത്തെ തത്വചിന്തയിൽ ഡോഗ് മാറ്റിക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഡേവിഡ് ഹ്യും എന്ന ബ്രിട്ടീഷ് എംപരിസിസ്റ്റ് (അനുഭവം മാത്രമാണ് അറിവിന്റെ ഏക ആധാരം എന്ന വാദം) ചിന്തകൻ ഈ ഡോഗ് മാറ്റിക് രീതിക്ക് വിരുദ്ധമായ ഒരു ചിന്താരീതി അവതരിപ്പിച്ചു. വസ്തുക്കൾ തമ്മിൽ കാര്യ കാരണം എന്ന നിലയിൽ ഒരു ബന്ധം നമ്മുക്ക് നിരീക്ഷിക്കാൻ സാധിക്കാത്തതു കൊണ്ട് അങ്ങനെയൊരു ബന്ധമില്ലന്നതാണ് ഹ്യുമിന്റ വാദം. ദൈവം ഉണ്ടെന്നതിന് വ്യക്തമായ നിരീക്ഷണത്തിൽ പെടുന്ന തെളിവുകളില്ലാത്തിടത്തോളം ദൈവം ഉണ്ടെന്നും പറയാനാകില്ല. A യും B യുമായി ബന്ധമുണ്ടെന്നത് B യ്ക്ക് മുമ്പ് A വന്നതുകൊണ്ടുള്ള നമ്മുടെ തോന്നലാണ്. ചില കാര്യവും പ്രാഭവും തമ്മിൽ ഇന്നൊരു ബന്ധം ഉണ്ടെന്നു കരുതി നാളെ അവ തമ്മിൽ ബന്ധം ഉണ്ടാകണമെന്നില്ല. തത്വചിന്തയിൽ ഈ ചിന്താരീതിയെ സ്കെപ്റ്റിസിസം ( സന്ദേഹ വാദം ) എന്നാണ്. ഹ്യുമിന്റെ വാദം ശരിയാണങ്കിൽ അറിവുതന്നെ അസാധ്യമാണ്. ഒരു വിധത്തിൽ ഹ്യുമിന്റെ എംപരിസിസ്റ്റ ചിന്താരീതി തത്വചിന്തയുടെ അവസാനം കുറിച്ചു എന്നു തന്നെ പറയാം.
ഇമ്മാനുവൽ കാൻറ്റ് എന്ന ജർമ്മൻ ചിന്തകനെ ഹ്യുമിന്റെ സ്കെപ്റ്റിറ്റിസിസം കുഴപ്പിച്ചു. ഏകദേശം പന്ത്രണ്ടു വർഷത്തോളം ഹ്യുമിന്റെ ചിന്തയുടെ കുരുക്കഴിക്കാനായി ചിലവഴിച്ചതിനു ശേഷം കാൻറ്റ് അവതരിപ്പിച്ച ചിന്താരീതിയാണ് വിമർശനാത്മക വാദം (Critical thinking) അപ്പോൾ, ഡോഗ് മാറ്റിക് ചിന്തക്ക് ബദലായി ഹ്യും സന്ദേഹ വാദത്തെ അവതരിപ്പിച്ചപ്പോൾ അതിനു ബദലായി കാൻറ്റ് വിമർശനാത്മക വാദത്തെ അവതരിപ്പിച്ചു. ഹ്യുമിനെ ലോകത്ത് കണ്ടെത്താൻ സാധിക്കാതിരിന്ന കാര്യകാരണ ബന്ധത്തെ കാൻറ്റ് മനുഷ്യ മനസ്സിൽ കണ്ടെത്തി. കാൻറ്റിനെ സംബന്ധിച്ച് ഹ്യുമിന്റെ ചിന്ത തെറ്റും ശരിയുമായി. ലോകത്തിൽ കാര്യകാരണബന്ധമില്ലെന്നു പറഞ്ഞതു ശരി, പക്ഷെ അതു മനസ്സിന്റെ സൃഷ്ടിയാണെന്നു മനസ്സിലാക്കാതെ പോയത് തെറ്റ്. നമ്മുടെ ഇന്ദ്രിയങ്ങൾ ലോകത്തുണ്ടെന്നു കരുതുന്ന എല്ലാം മനസ്സിന്റെതാണ്. കാലം, കാലാന്തരം ക്രമം, നിയമം ഇതെല്ലാമുള്ളത് മനസ്സിലാണ്, മനസ്സിതിനെ പ്രപഞ്ചത്തിനു നൽകുകയോ ആരോപിക്കുകയോ ആണു ചെയ്യുന്നത്. ഇതാണ് കാൻറ്റിന്റെ പ്രശസ്തമായ ട്രാൻസെൻഡറ്റൽ ഐഡിയലിസം, അതീന്ദ്രിയ ആദർശവാദം. ഇതിനെ സിന്തറ്റിക് എന്നും വിശേഷിപ്പിക്കാറുണ്ട്, എന്തിനെയെങ്കിലും മനസ്സിലാക്കാൻ മനസ്സിന്റെയും ലോകത്തിന്റെയും സംയോജനം ആവശ്യമാണെന്ന് വാദിക്കുന്നതുകൊണ്ട്.
കാൻറ്റിന്റെ ചിന്താരീതി പിന്നീട് ഏറെക്കാലം തത്വചിന്തയെ ഭരിച്ചു. കാൻറ്റിന്റെ ചിന്താരീതിയുടെ പോരായ്മ പലരും ചൂണ്ടിക്കാണിക്കാൻ തുടങ്ങി. കാൻറ്റിന്റെ ചിന്തയുടെ പ്രധാനപ്പെട്ട പ്രശ്നമാണ്, കോറിലേഷണലിസം അഥവാ പരസ്പരാശ്രയം എന്നത് . രൂപത്തിനെക്കൂടാതെ ദ്രവ്യത്തിനോ, ദ്രവ്യത്തെക്കൂടാതെ രൂപത്തിനോ നിലനിൽപ്പില്ലെന്നു അരിസ്റ്റോട്ടിൽ വാദിച്ചതു പോലെ മനസ്സിനക്കുടാതെ ലോകത്തിനോ, ലോകത്തെക്കൂടാതെ മനസ്സിനോ നിലനിൽപ്പില്ലെന്ന് കാൻറ്റിന്റെ ചിന്ത വാദിക്കുമ്പോൾ അതു ചെന്നുചാടുന്ന പിശകാണ് പരസ്പരാശ്രയ നിലനിൽപ്പ് എന്നുള്ളത്. മനസ്സിന്റെ നിയമങ്ങൾ പ്രയോഗിക്കാൻ സാധിക്കാത്ത ഒരു ലോകത്തെ നമ്മുക്കൊരിക്കലും മനസിലാക്കാൻ അപ്പോൾ സാധിക്കത്തില്ല. കാലവും കാലാന്തരവും മനസ്സിന്റെ സൃഷ്ടിയായതുകൊണ്ട് മനുഷ്യനു മുമ്പുള്ള ഒരു കാലത്തെക്കുറിച്ചുള്ള അറിവും അസാധ്യമായിത്തീരുന്നു.
കാൻറ്റിനു ശേഷം പല ചിന്തകന്മാരും തത്വചിന്തയെ മറ്റു പല മേഘലകളിലേക്കും വികസിപ്പിച്ചെടുത്തുവെങ്കിലും ഏറ്റവും ആധുനികമായ ചിന്താ വ്യക്തത നൽകാൻ ശ്രമിച്ചതാണ് speculative realism, അനുമാന യാഥാർത്ഥ്യം. ഇതിന്റ പ്രധാനപ്പെട്ട വാദം, മനുഷ്യ പരിചയത്തിനും വിചാരത്തിനും അപ്പുറം ഒരു ലോകം ഉണ്ടെന്നുള്ളതാണ്. ഇതാണ് അനുമാന യാഥാർത്ഥ്യതയില യാഥാർത്ഥ്യം (realism) പക്ഷെ നമ്മുക്ക് ആ ലോകത്തെക്കുറിച്ച് അറിവില്ലാത്തതു കൊണ്ട് അതെന്താണെന്ന് ഊഹിക്കാനേ, അനുമാനിക്കാനേ സാധിക്കുകയുള്ളു അതു കൊണ്ട് അനുമാനം (speculation). ഈ അനുമാന യാഥാർത്ഥ്യ ചിന്തയുടെ ഒരു നന്മ എന്നുള്ളത് വസ്തുക്കളെ മനുഷ്യമനസ്സിന്റെ പ്രതിപാദനങ്ങളിൽ നിന്നും മോചിപ്പിച്ച് വസ്തുനിഷ്ഠത നൽകുന്നു എന്നുള്ളതാണ്.
എന്താണ് ഒരു വസ്തുവിനെ വസ്തുവാക്കുന്നത് എന്നൊരു ചോദ്യം നിലനിൽക്കുന്നുണ്ട്. അനുമാന യാഥാർത്ഥ്യ ചിന്തകനായ ഗ്രഹാം ഹാർമന്റെ അഭിപ്രായത്തിൽ ഒരു വസ്തുവിനെ വസ്തുവാക്കുന്നത് എന്തൊക്കെയോ അതുമായി ബന്ധം സ്ഥാപിക്കാൻ സഹായിച്ചുകൊണ്ട് നിൽക്കുന്നുവോ അതൊക്കെയാണ്. താജ് മഹൽ ഉദാഹരണമായെടുത്താൽ, എന്താണ് ഒരു താജ് മഹൽ എന്നു ചോദിച്ചാൽ താജ്മഹൽ ലോകാത്ഭുതങ്ങളിൽ ഒന്നാണെന്നു പറയാം, താജ് മഹൽ മുഗൾ നിർമ്മാണ മാതൃകയുടെ ഉദാഹരണമാണെന്നു പറയാം. യമുനാ നദിയുടെ തീരത്തുള്ള മനോഹരമായ ഒരു ശവകുടീരമാണെന്നു പറയാം. ഇതൊക്കെയാണ് താജ്മഹലുമായി ബന്ധം സ്ഥാപിക്കാൻ നമ്മെ സഹായിക്കുന്നത്. പക്ഷെ, താജ്മഹലിന്റെ എല്ലാ ഗുണങ്ങളെയും നമ്മുക്ക് ഉൾക്കൊള്ളാനാകില്ല. നമ്മുടെ ഉൾക്കൊള്ളലിനെ അതിജീവിച്ചു കൊണ്ട് നിൽക്കുന്ന ഒത്തിരി സ്വഭാവങ്ങൾ താജ്മഹലിനുണ്ട്. മനുഷ്യന്റെ പരികൽപ്പനകൾക്കും അനുഭവങ്ങൾക്കും അപരിമേയമായ കാര്യങ്ങൾ ഓരോ വസ്തുവിനുമുണ്ട്. ഈ സത്യം നമ്മുടെ ചിന്തയെത്തന്നെ പുനർനിർണ്ണയിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
അനുമാന യാഥാർത്ഥ്യ ചിന്തകന്മാരിൽ പ്രധാനിയാണ് ക്വിൻറ്റൻ മിലിസോവ്. പ്രശസ്ത ഫ്രഞ്ച് ചിന്തകനായ ബദിയ യുവിന്റെ ശിഷ്യനായ മിലിസോവ്, ബദിയയുവിനെപ്പോലെ ഗണിത ശാസ്ത്രജ്ഞനായ കാൻറ്റോറിന്റെ സെറ്റ് തീയറിയിൽ അതിഷ്ഠിതമായി ചിന്തിക്കുന്ന ഒരാളാണ്. മിലിസോവിന്റെ ഒരു പ്രധാനപ്പെട്ട വിഷയമാണ് contingency: എന്തും സംഭവിക്കാവുന്ന, മുൻകൂട്ടി അത് നിശ്ചയിക്കാനാവാത്ത ഒരു ആകസ്മിക അവസ്ഥയാണ് contingency. ഈ ഒരു പ്രധാനപ്പെട്ട ആശയത്തിലൂടെയാണ് മിലിസോവ് തന്റെ ആശയ പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകുന്നത്. സംഭവിച്ചതും, സംഭവിക്കുന്നതും, സംഭവിക്കാനിരിക്കുന്നതുമായ എല്ലാം അടങ്ങിയിരിക്കുന്ന ഇതാണ് പ്രപഞ്ചത്തിന്റെ പൊതു സ്വഭാവം. ഒന്നും അത്യാവശ്യമായി ഉൾക്കൊള്ളാത്ത contingency അസ്തിത്വത്തിന്റെ ഏറ്റവും വലിയ നില തെറ്റിക്കലായിട്ട് പ്രവൃത്തിക്കുന്നു. സർവ്വ ശക്തി എന്നെന്നുണ്ടെങ്കിൽ അത് അവകാശപ്പെടാൻ യോഗ്യതയുള്ളത് contingency ക്ക് മാത്രമാണ്. അത്യാവശ്യമായിട്ടുള്ളത് ഇത് മാത്രമാണ്, ഇതിനൊന്നും അത്യാവശ്യമായിട്ടില്ല.
ഇന്ന് നിലനിൽക്കുന്ന വസ്തുക്കളിൽ നിന്നും contingency മൂലം മനസ്സിലാക്കാവുന്ന കാര്യം, ഇന്ന് നിലനിൽക്കുന്നതും ഭൗതീകവുമായ വസ്തുക്കളുടെ വിരുദ്ധവും വ്യത്യസ്തയുമായ ഒരു ലോകം ഉണ്ടാകാൻ നാളെ സാധ്യതയുണ്ട് എന്നതാണ്. മിലിസോവ് പറയുന്നു, “everything and every world is without reason, and is thereby capable of actually becoming otherwise without reason.”
ഇത് മനസ്സിലാക്കാൻ മിലിസോവ് ദൈവത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നു നോക്കാം. മിലിസോവ് നിരീശ്വരവാദിയാണ് കാരണം ദൈവം ഇല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് നമ്മുടെ മുമ്പിലുണ്ട്, മാരക തിന്മകളായ യുദ്ധം, കെടുതി, പട്ടിണി, വരൾച്ച, രോഗങ്ങൾ. ദൈവം ഉണ്ടായിരിന്നെങ്കിൽ ഇത്രക്ക് പോരായ്മകൾ നിറഞ്ഞ പ്രപഞ്ചം ഉണ്ടാകത്തിലായിരിന്നു.
അദ്ദേഹത്തിന്റ അവിശ്വാസത്തിന് കാരണമായതിനെ മിലിസോവ് വിളിക്കുന്നത് , divine inexistence എന്നാണ്, ദൈവത്തിന്റെ അനസ്തിത്വം. അപ്പോൾ ദൈവമില്ല, പക്ഷെ ഭൂമി നിറയെ തിന്മകളും അനീതികളുമുണ്ട്. ജീവിത കാലമെല്ലാം അനീതിക്ക് വിധേയനായ ഒരു മനുഷ്യന്റെ അവസ്ഥ എന്താണ്? അവന് അല്ലങ്കിൽ അവൾക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക? മിലിസോവ് നേരിടുന്ന spectral dilemma ഇതാണ്. ഭൂതാത്മക പ്രതിസന്ധി എന്നൊക്കെ പറയാവുന്ന ഈ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ദൈവികതയുടെ അനസ്തിത്വം എന്ന ആശയം കൂടുതൽ ശക്തമായി വരുന്നത്. ദൈവീകതയുടെ അനസ്തിത്വം എന്ന വാചകം പ്രതൃക്ഷത്തിൽ പറയുന്നത് ദൈവം ഇല്ല എന്ന നിരീശ്വര വാദമാണെങ്കിൽ, ഈ വാചകം പറയാതെ പറയുന്ന മറ്റൊരു കാര്യം അസ്തിത്വമില്ലാതിരിക്കുക എന്നത് ദൈവീകതയുടെ സ്വഭാവമാണ് എന്നായിരിക്കാം. ദൈവം ഇന്നില്ലെന്നുള്ളത് സത്യമാണ് പക്ഷെ ഇത് നാളെ ദൈവം ഉണ്ടാകാം എന്നതിനെ നിരാകരിക്കുന്നില്ല. Contingency ഒരു സാധ്യതയും തള്ളിക്കളയാത്തതു കൊണ്ട്, ഒരു ഭാവി ദൈവത്തിന്റെ സാധ്യതയും അതിലുണ്ട്.
ഈ ഭാവി ദൈവം നീതി നിഷേധിക്കെട്ടവരുടെ നീതി പുനഃസ്ഥാപിക്കും എന്ന് മിലിസോവ് പറയുന്നു. പക്ഷെ, അനീതി എന്നത് ഈ ലോകത്തിന്റെ സ്വഭാവമായതു കൊണ്ട് നീതിനിർവ്വഹിക്കപ്പെടുന്ന ഒരു പുതിയ ലോകം ഭാവി ദൈവത്തിന്റെ വരവോടു കൂടി ഉണ്ടാകുമെന്ന് മിലിസോവ് കരുതുന്നു. അങ്ങനെ നമ്മൾ ദൈവത്തിന്റെ പൂർവ്വികരായിത്തീരുന്നു, “we are the ancestors of God.”
നമ്മുടെ ലോകത്തിനു ബദലയായി ഒരു വെർച്വൽ ലോകം സാധ്യതയായി നിലകൊള്ളുന്നുണ്ട്. യാഥാർത്ഥ്യേ ലോകത്തുള്ളത് ദൈവത്തിന്റെ അസാധ്യതയും അതിനനുസരിച്ചുള്ള നിരീശ്വരവാദവുമാണെങ്കിൽ, വെർച്വൽ ലോകത്തുള്ളത് വരാനിരിക്കുന്ന ദൈവവും വിശ്വാസവുമാണ്. ഇന്ന് നിലനിൽക്കുന്ന മതങ്ങളിലും മത വിശ്വാസങ്ങളിലും മിലിസോവ് വിശ്വസിക്കുന്നില്ല, പകരം ഇത് രണ്ടിനും ഇടയിലുള്ള , ഇതു രണ്ടിനെയും അതിജീവിക്കാൻ കഴിവുള്ള spectral dilemma യിലാണ് അദ്ദേഹം വിശ്വസിക്കുന്നത്, “spectral dilemma is the aporetic alternative of atheism and religion when confronted with the essential spectre.” നീതിരാഹിത്യത്തിന്റെ പ്രേതരൂപ ധർമ്മസങ്കടങ്ങളിൽ അലഞ്ഞ് വിലപിക്കുന്ന മനുഷ്യന് മതത്തയും നിരിശ്വരവാദത്തയും പ്രതിരോധിച്ച് നിൽക്കുന്ന അതിൽത്തന്നെ വൈരുദ്ധ്യമുള്ള ബദലായി നിൽക്കുന്ന spectral dilemma പ്രധാന ചിന്തയും വിശ്വാസവുമായി മിലിസോവ് കരുതുന്നു.
മിലിസോവിന്റെ ചിന്തയെ മനസ്സിലാക്കുക അത്ര എളുപ്പമല്ല. ഫ്രഞ്ച് കവിയായ മല്ലാർമയുടെ coup de des എന്ന ഏറ്റവും ദുർഗ്രഹമായ കവിതയിലുടെയും മിലിസോവ് അന്വേഷിക്കുന്നത് ഈ വരാനിരിക്കുന്ന സാധ്യതകളാണ്. ദൈവവുമായി ബദ്ധപ്പെട്ട സാധ്യതകളിൽ എന്നെ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത് സിമോൺ വെയിലും ബ്രൂണോ ലാതോറുമാണ്. അവരെക്കുറിച്ചും എഴുതാമെന്ന് പ്രത്യാശിക്കുന്നു.

പ്രാർത്ഥിക്കാൻ ഒരു ശ്രമം

എല്ലാ ഹൃദയങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഹൃദയം, എല്ലാ നിശബ്ദതകളെയും ഉൾക്കൊള്ളുന്ന ഒരു നിശബ്ദത. ഇങ്ങനെയാണ് ഖലിൽ ജീബ്രാൻ ദൈവത്തെ വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ട് എല്ലാ പ്രാർത്ഥനകളെയും ഉൾക്കൊള്ളുന്ന ഒരു പ്രാർത്ഥന എന്ന് ജീബ്രാൻ ദൈവത്തെ വിശേഷിപ്പിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ദൈവം ഒരു പ്രാർത്ഥനയാണ്, ആരോടുമല്ലാത്ത ഒന്നിനും വേണ്ടിയല്ലാത്ത ഒരു പ്രാർത്ഥന. റിൽക്കെ പ്രാർത്ഥനയെക്കുറിച്ച് എഴുതുമ്പോൾ അത് ദൈവത്തിന്റെ പ്രാർത്ഥനയുടെ അലങ്കാരങ്ങളായി മാറുന്നു,

“Prayer is a ray emanating from our being that has been suddenly set ablaze; it is an infinite and aimless direction; it is a violent parallelism of our aspirations that traverses the universe without arriving anywhere.”

ഈ പ്രപഞ്ചം തന്നെ ദൈവത്തിന്റെ പ്രാർത്ഥനയാണെങ്കിലോ? ഒരു ദിവസം ദൈവം സ്വയം പ്രാർത്ഥിക്കുന്നു, “വെളിച്ചം ഉണ്ടാകട്ടെ!” പ്രപഞ്ചത്തെ നമ്മൾ ഇല്ലായ്മ ചെയ്യുമ്പോൾ നമ്മൾ ദൈവത്തിന്റെ പ്രാർത്ഥനയെ അപമാനിക്കുന്നു. ടി.എസ് എലിയട്ട് തരിശുഭൂമി എന്ന കവിതയിൽ പ്രപഞ്ചത്തിന്റെ പ്രാർത്ഥനയെ അന്വേഷിക്കുന്നുണ്ട്. ദം, ദം, ദം എന്നു മുഴങ്ങുന്ന ഇടിനാദം ഒരു പ്രാർത്ഥനയാണെന്ന് എലിയട്ട് മനസ്സിലാക്കുന്നു, “Datta. Dayadhvam. Damyata. Shantih shantih shantih.” നൽകുക (datta) എന്ന് മനുഷ്യനോടും, ദയ കാണിക്കുക എന്ന് അസുരന്മാരോടും, നിയന്ത്രണം പാലിക്കുക എന്ന് ദേവന്മാരോടുമുള്ള പ്രാർത്ഥനയാണിത്. പ്രപഞ്ചം ശാന്തി അനുഭവിക്കണമെങ്കിൽ ഈ മൂന്നു പ്രാർത്ഥനകളും കേൾക്കപ്പെടണം.
ആർക്കാണ് ഒരു പ്രാർത്ഥനയുടെ ആവശ്യമില്ലാത്തത്? പ്രാർത്ഥിക്കാത്തവർ സ്നേഹത്തിന്റെ ഒരു ഭാവം അനുഭവിക്കാത്തവരാണ് എന്നു തോന്നുന്നു. ഒന്നും ചെയ്യാനില്ലത്തപ്പോഴും നമ്മുക്ക് ചെയ്യാൻ എന്തോ ഒന്നുണ്ടെന്ന് പ്രാർത്ഥനയുടെ സാക്ഷ്യമാണ്. പ്രാർത്ഥിക്കുന്നു എന്നു പറയുമ്പോൾ സ്നേഹിക്കുന്നു എന്നു തന്നെയാണ് പറയുന്നത്. പ്രാർത്ഥനയുടെ നിഷ്ഫലത, സ്നേഹത്തിന്റെ നിഷ്ഫലതയാണ്. സ്നേഹിക്കപ്പെടാതെ പോയ സ്നേഹം, കേൾക്കാതെ പോയ പ്രാർത്ഥന, ഇതൊക്കെയായിരിക്കും നമ്മളെ നന്നായി മരിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ. ദൈവം ദൈവത്തിന്റെ പ്രാർത്ഥന കേൾക്കാതെ പോയി എന്നത് ക്രിസ്തുമതത്തിന്റെ ഏറ്റവും വിഹ്വലത പിടിച്ച സത്യമാണ്. ഗത് സമനിൽ രക്തം വിയർത്തും കുരിശിൽ രക്തമൊഴുക്കിയും ക്രിസ്തു പ്രാർത്ഥിച്ചിട്ടും അവന്റെ പിതാവ് നിശബ്ദതനായി നിന്നു. പേടിപ്പിക്കുന്ന ഏതോ നിശബ്ദതയിൽ തട്ടി തിരിച്ചു വരുന്ന പ്രാർത്ഥനകൾ എന്തു സന്ദേശമാണ് കൈമാറുന്നത്? ഒരു പക്ഷെ, ദൈവം ഉണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവ് നമ്മുടെ പ്രാർത്ഥനകൾ കേൾക്കാതെ പോയി എന്നതാണെങ്കിലോ?
പ്രാർത്ഥിച്ച്, പ്രാർത്ഥിച്ച് വി. ഫ്രാൻസീസ് അവസാനം ഒരു പ്രാർത്ഥനയായി മാറി എന്നാണ് പറയുന്നത്. “ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നത് നരകത്തെ പേടിച്ചിട്ടല്ല, സ്വർഗ്ഗത്തെ കാമിച്ചിട്ടല്ല, ഞാൻ നിന്നെ നിനക്കു വേണ്ടി സ്നേഹിക്കുന്നു എന്ന് ഫ്രാൻസിസ് പ്രാർത്ഥിക്കുമ്പോൾ, വിട്ടാനാവാത്ത ഒരു കടവുമായി ഫ്രാൻസ്സീസിന്റെ മുമ്പിൽ ദൈവം നിന്നു പോകുന്നു. ഇവിടെ പ്രാർത്ഥന സ്നേഹമാകുന്നു, സ്നേഹം നിഷ്കാമമാകുന്നു. ഫ്രാൻസീസിന്റെ ജീവിതത്തെ ഏറ്റവും അധികം ധ്യാനിച്ചിട്ടുള്ള നിക്കോസ് കസൻദ് സാക്കിസ് ഫ്രാൻസീസിന്റെ ജീവിതത്തെ മൂന്നു പ്രാർത്ഥനയായി അവതരിപ്പിക്കുന്നു: “ദൈവമേ, നീയെന്നെ വളക്കുക, ഇല്ലെങ്കിൽ ഞാൻ നശിച്ചുപോകും. ദൈവമേ, നീയെന്നെ അധികം വളക്കരുത്, ഞാൻ ഒടിഞ്ഞു പോകും, ദൈവമേ, നീയെന്നെ വളച്ചു കൊള്ളുക, ഞാൻ ഒടിഞ്ഞാൽ ആർക്കാണ് ചേതം.”
നമ്മുടെ പ്രാർത്ഥനക്ക് ദൈവത്തെ മാറ്റാൻ കഴിയുമോ? കൂടുതൽ സ്നേഹമുള്ള ഒരാളാക്കാൻ? കൂടുതൽ കരുണയുള്ള ഒരാളാക്കാൻ? നമ്മുടെ പ്രാർത്ഥനകൾ പലപ്പോഴും ദൈവത്തെ കരുണ കുറഞ്ഞവനായി കരുതുന്നു എന്നു തോന്നാറുണ്ട്. “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ….. ” എന്ന് ഇരയിമ്മൻ തമ്പി പ്രാർത്ഥിക്കുമ്പോൾ അതൊരിക്കലും കൃഷ്ണന്റെ കരുണയെ കുറച്ചു കാണുന്നില്ല. ഭയപ്പെടുന്നത് അവന്റെ കരുണയുടെ താമസത്തെയാണ്.
ഒരു പക്ഷെ, പ്രാർത്ഥന മാറ്റേണ്ടത് പ്രാർത്ഥിക്കുന്നവരെ തന്നെയായിരിക്കും. കരുണയില്ലാത്ത മനുഷ്യർക്ക് എങ്ങനെയാണ് ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാനാകുക? നിങ്ങളുടെ പ്രാർത്ഥന നിങ്ങൾ കേൾക്കുന്നില്ലെങ്കിൽ എങ്ങനയാണ് ദൈവത്തിന് കേൾക്കാനാകുക?
പ്രധാനപ്പെട്ട ഒരു കരിസ്മാമാറ്റിക് പ്രഭാഷകൻ പറയുന്നു: ഏകദേശം നാൽപ്പതു ലക്ഷത്തിലധികം രൂപയുടെ കടത്തിൽ വിഷമിക്കുന്ന ഒരു കുടു:ബമുണ്ടായിരിന്നു. അച്ചൻ അവരോട് പറഞ്ഞു എല്ലാ ദിവസവും വചനം വായിച്ച് പ്രാർത്ഥിക്കുക എന്ന്. അവർ അതനുസരിച്ചു. അച്ചൻ പറയുന്നു, കുറച്ച് മാസങ്ങൾക്കുള്ളിൽ കർത്താവ് അവരുടെ കടം വീട്ടിയെന്ന്. ഇങ്ങനെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നത് കർത്താവല്ല, മാമോനാണെങ്കിലോ? ഈ കുടുബത്തിന് ഇത്രയും കടം വരുത്തി വയ്ക്കാക്കാനുള്ള കഴിവെങ്കിലും ഉണ്ടായിരിന്നു. ലോകാരാഗ്യ സംഘടനയുടെ കണക്കനുസരിച്ച് 16000 കുട്ടികളാണ് ലോകത്ത് എല്ലാ ദിവസവും പട്ടിണി കിടന്നു മരിക്കുന്നത്. ഈ കുട്ടികളെ രക്ഷിക്കാനാതെ വിഷമിക്കുന്ന ദൈവത്തോടാണിവിടെ നാൽപ്പതു ലക്ഷത്തിന്റെ കടം വീട്ടാൻ പ്രാർത്ഥിക്കുന്നത്! നാൽപ്പതു ലക്ഷത്തിന്റെ കടം വരുന്നതിനു മുമ്പ് അത്യാവശ്യം ചൊല്ലേണ്ടിയിരിന്ന ഒരു പ്രാർത്ഥന ഉണ്ടായിരിന്നു: “ദൈവമേ, എനിക്ക് കടങ്ങൾ ഉണ്ടാക്കുന്ന അത്യാഗ്രഹങ്ങൾ തരല്ലേ! തൃപ്തി എന്ന വലിയ പുണ്യം എന്നെ പഠിപ്പിക്കണമേ! “
ചിലരുടെ പ്രാർത്ഥന പോലും അവരുടെ സ്വാർത്ഥതയുടെ അടയാളമാണ്. ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പിടിച്ചു വാങ്ങാനായി തിക്കും തിരക്കും കൂട്ടുന്നവരുടെ ബഹളം എല്ലായിടത്തുമുണ്ട്. ആർക്കും ദൈവത്തെ വേണ്ട, അവന്റെ അനുഗ്രഹങ്ങൾ മാത്രം മതി. നമ്മുടെ പ്രാർത്ഥനയുടെ അപരാധം ഇങ്ങനെ വേണ്ടാത്തവനായി ദൈവത്തെ അവശേഷിപ്പിച്ചു കളയുന്നു എന്നതാണ്. “ദൈവമേ, എന്റെ ആവശ്യങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളണമേ” എന്നത് സ്വാർത്ഥതയിൽ നിന്നും രക്ഷപ്പെടാനുള്ള നല്ല പ്രാർത്ഥനയാണ്.
സുവിശേഷത്തിൽ ഏറ്റവും നല്ല പ്രാർത്ഥന പത്രോസിന്റെതാണന്ന് തോന്നുന്നു. കടൽക്കരയിൽ നിക്കുന്നത് കർത്താവാണെന്ന് തിരിച്ചറിയുമ്പോൾ പത്രോസ് പറയുന്നു, “കർത്താവേ, എന്നിൽ നിന്നും അകന്നുപോകണമേ ഞാൻ പാപിയാണ്.” രണ്ടു തിരിച്ചറിവിൽ നിന്നാണ് ഈ പ്രാർത്ഥന ഉണ്ടാകുന്നത്, അടുത്തു നിൽക്കുന്നവൻ കർത്താവണ്, ഞാനാകട്ടെ അവന്റെ അടുത്തു നിൽക്കാൻ അർഹതയില്ലാത്ത പാപിയും. പക്ഷെ, ഈ പ്രാർത്ഥന കേട്ടു കഴിയുമ്പോൾ കർത്താവ് പത്രോസിനെ എപ്പോഴും തന്റെ അടുത്തായിരിക്കാൻ ക്ഷണിക്കുന്നു. സിമോൺ വെയിൽ പത്രോസിന്റെ ഈ പ്രാർത്ഥനക്ക് നല്ലൊരു വ്യാഖ്യാനം നൽകുന്നു: “We must refuse it so that we may be worthy to receive it; it is of the order of grace.” തിരസ്ക്കാരം ശരിയായ സ്വീകരണത്തിന്റെ മുൻ നടപടിയാണ്. അയോഗ്യതയുടെ തിരസ്ക്കാരം ശീലിക്കുന്നവർ സ്വന്തമാക്കുന്നതാണ് യോഗ്യതയുടെ സ്വീകരണം. ഇങ്ങനെയാണ് പ്രാർത്ഥന ഒരു കലാരൂപമാകുന്നത്. കാഫ്കയെ സംബദ്ധിച്ച് കലയും പ്രാർത്ഥനയും രണ്ടു കാര്യമല്ല. പ്രാർത്ഥനയും കലയും ഒരേ ലക്ഷ്യത്തിനായി പരിശ്രമിക്കുന്നു,

“പ്രാർത്ഥനയും കലയും ഇച്ഛയുടെ ഏറ്റവും തീക്ഷണമായ കർമ്മങ്ങളാണ്. ഇച്ഛയുടെ സാധാരണതയെ പുതിയ സാധ്യതകളാൽ വർദ്ധിപ്പിക്കാനും അതിശയിപ്പിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. കല, പ്രാർത്ഥനയെപ്പോലെ, ഇരുട്ടിലേക്ക് നീട്ടിപ്പിടിച്ച കൈകളായി, സമ്മാനങ്ങൾ വർഷിക്കുന്ന കരങ്ങളിലേക്ക് സ്വയം പരിവർത്തനം ചെയ്യപ്പെടാനുള്ള കൃപയുടെ ഒരു സ്പർശനത്തെ അന്വേഷിക്കുന്നു. പ്രാർത്ഥന എന്നാൽ ആയിത്തീരലിന്റെയും മരണത്തിന്റെയും ഇടയിൽ കമാനം കെട്ടി നിൽക്കുന്ന വിസ്മയപൂരിതമായ ഒരു മഴവില്ലിലേക്ക് നമ്മളെത്തന്നെ വിട്ടുകൊടുക്കുക എന്നതാണ്. പൂർണ്ണമായും അതിനാൽ സ്വാംശീകരിക്കപ്പെടുക എന്നതാണ്, അസ്തിത്വത്തിന്റെ ചെറിയ, ദുർബല തൊട്ടിലിലേക്ക് ഈ അപാര കാന്തിയുടെ വർണ്ണങ്ങളെ ചൊരിയുക എന്നതാണ്.”

ദൈവ വിശ്വാസവും മത വിശ്വാസവും

സൊറൽ കീർക്കേഗാർഡിന്റെ ഒരു നിരീക്ഷണമിതാണ്: “ഈ പ്രപഞ്ചത്തിൽ ഒത്തിരി അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ട്. ഓരോ നിമിഷവും പ്രപഞ്ചം ഒരു വിസ്മയവിസ്ഫോടനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്. എങ്കിലും ഈ പ്രപഞ്ചത്തിൽ നടക്കുന്ന ഏറ്റവും വലിയ അത്ഭുതം ദൈവം ഒരു പാപിയെ വിശുദ്ധനാക്കി മാറ്റുന്നു എന്നുള്ളതാണ്.”
ഇത് ദൈവത്തിന്റെ കാര്യം. പക്ഷെ, മതത്തിന്റെ ശക്തി മറ്റൊന്നാണ്. ഏറ്റവും നല്ല മനുഷ്യനെപ്പോലും പാപിയാക്കി മാറ്റാൻ മതത്തിന് കഴിയും. ദൈവ വിശ്വാസിയാകാൻ ബുദ്ധിമുട്ടാണ്. മതവിശ്വാസിയാകാൻ ഒത്തിരി എളുപ്പമാണ്. ദൈവ വിശ്വാസിയായിരിക്കാൻ കുറച്ച് ബുദ്ധിയുടെ ആവശ്യമുണ്ട്. മതവിശ്വാസിയായിരിക്കാൻ ബുദ്ധിയുടെ അഭാവം നല്ലതാണ്. ദൈവത്തെ വിശ്വസിക്കാൻ ഒരാൾ അയാളുടെ വിശ്വാസത്തെ പുതിയതാക്കിക്കൊണ്ടിരിക്കണം, (” your faith should not be one hour old, എന്ന് റോബർട്ട് മ്യുസിൽ) എന്നാൽ, മത വിശ്വാസം ഒരാളുടെ വിശ്വാസത്തെ നിരന്തരം പഴകിപ്പിച്ചു കൊണ്ടിരിക്കും. ഈ പഴകിയ വിശ്വാസം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അന്യവത്ക്കരണത്തെയാണ്. അന്യവത്ക്കരണം മതവിശ്വാസികളുടെ ഏറ്റവും വലിയ വിനോദമാണ്. ഇവരുടെ ചിന്താശക്തി പോലും ഈ അന്യവത്ക്കരണത്തിന് അപ്പുറം വളരുകയില്ല. രണ്ടു മൂന്നു ദിവസം മുമ്പ് ഒരു ഫെയ്സ് ബുക്ക് സുഹൃത്തിന്റെ ലേഖനം വായിച്ചപ്പോഴാണ് എനിക്കിത് കൂടുതൽ മനസ്സിലായത്. ഇദ്ദേഹം പറയുന്നത്, ഒക്ടോബർ മാസത്തിൽ കൊന്ത നമസ്കാരം ലത്തീൻ പാരമ്പര്യമാണ്, അത് നസ്രാണി പാരമ്പര്യമല്ല. എന്നിട്ടും ചില സിറിയൻ പുരോഹിതന്മാർ അവരുടെ പള്ളികളിൽ ഈ ലത്തീൻ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നത് പുള്ളിക്ക് സഹിക്കുന്നില്ല. ഇവരെ സംബദ്ധിച്ച് ഒരു കാര്യം നല്ലതോ ചീത്തയോ ആണോ എന്ന് തിരുമാനിക്കുന്നത് അത് ചെയ്യുന്നവരെ നോക്കിയാണ്. ഇദ്ദേഹത്തിന്റെ മറ്റു ലേഖനങ്ങളുടെയും ലക്ഷ്യം ലത്തീൻകാരെ ഇകഴ്ത്തുക എന്നുള്ളതാണ്. ലത്തീൻ വിശ്വാസത്തെ എല്ലാ വിധത്തിലും അയിത്തം കൽപ്പിക്കുന്നതിൽ മാത്രം വിരാജിക്കുന്ന ഇടുങ്ങിയ മനസ്സിന്റെ വലിയ ഉദാഹരണമാണിത്. ഈ എഴുത്ത് വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഇദ്ദേഹം ഇങ്ങനെ എഴുതുന്നത് സ്വന്തം റീത്തിനോടുള്ള സ്നേഹം കൊണ്ടല്ല, മറ്റു റീത്തു കളോടുള്ള വെറുപ്പു കൊണ്ടാണ്. അന്യവത്ക്കരിക്കപ്പെട്ടതിനെയെല്ലാം അനന്യവത്ക്കരിക്കാൻ കിണഞ്ഞു പരിശ്രമിച്ച ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വിശാല ആകാശത്തിന്റെ ഒരു കീറുപോലും അവകാശപ്പെടാനാവാത്ത ഇവർ ദൈവ വിശ്വാസികളല്ല, വെറും റീത്ത് വിശ്വാസികളാണ്.
ഒരു വലിയ മത വിശ്വാസി ഒരു ദിവസം എന്നെ വിളിച്ചിട്ട് സംസാരിക്കാൻ തുടങ്ങി. കുറച്ച് സംസാരിച്ചപ്പോൾ തന്നെ പന്തികേട് തോന്നി. ചുമ്മാ ഉച്ചത്തിൽ സംസാരിച്ചപ്പോൾ ഞാൻ ശാസാനാകാൻ പറഞ്ഞു. എനിക്ക് ഒട്ടും താത്പര്യമില്ലാഞ്ഞിട്ടു ഒഴിവാക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിന് ആഗ്രഹിക്കുന്ന ഉത്തരം നൽകി. കുറച്ച് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഇതെല്ലാം സൂത്രത്തിൽ റെക്കോർഡ് ചെയ്യുകയായിരിന്നു എന്ന്. എന്നിട്ട് ഞാനെന്തോ പാതകം ചെയ്തു എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. എനിക്ക് വലിയ ദേഷ്യമോ വിഷമമോ തോന്നിയില്ല. ചില മത വിശ്വാസികളിൽ നിന്നും ഇതിലും കൂടുതൽ പ്രതീക്ഷിക്കരുത്. ചതി അവരുടെ മത വിശ്വാസത്തിന്റെ ഭാഗമാണ്. നിരീശ്വരവാദികളോടെക്കെ സംസാരിക്കുമ്പോൾ സൂക്ഷിക്കേണ്ട ആവശ്യമില്ല. പക്ഷെ, മത വിശ്വാസികളോടു സംസാരിക്കുമ്പോൾ സൂക്ഷിക്കണം.
സ്വർഗ്ഗത്തിൽ എത്തിയാൽ അവിടെ ഇവരുടെ റീത്തനുസരിച്ചുള്ള ആരാധനക്രമമില്ലെങ്കിൽ ഇവർ ഇറങ്ങിപ്പോകും എന്നാണ് തോന്നുന്നത്. അത്രക്ക് ഇവരെ റീത്ത് ജ്വരം ബാധിച്ചിട്ടുണ്ട്.
മതം മനുഷ്യരെ മോശമാക്കുന്നതിന്റെ ഉദാഹരണം മാർക് ട്വയിൻ നൽകുന്നുണ്ട്. മാർക് ട്വയിന്റ അമ്മ ഒരു നല്ല സ്ത്രീയായിരിന്നു. പക്ഷെ, ഭക്തയായിരിന്നു. പാസ്റ്റർമാർ പ്രസംഗത്തിൽ പറയുന്നതെല്ലാം വിശ്വസിച്ചിരിന്നു. അക്കാലത്ത് പാസ്റ്റർമാർ പ്രസംഗിച്ചിരിന്നത് കറുത്ത വർഗ്ഗക്കാർക്ക് ആത്മാവില്ലെന്നായിരിന്നു. അതു കൊണ്ടവരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്നതിൽ തെറ്റില്ലന്നായിരിന്നു. മാർക് ട്വയിന്റെ അമ്മ ഇതപ്പാടെ വിശ്വസിച്ചു കറുത്ത വർഗ്ഗക്കാരെ അടിമകളായി കരുതിയിരിന്നു.
ഇങ്ങനെ എന്തെല്ലാം മാരക പാപ വിശ്വാസങ്ങളാണ് മതങ്ങൾ മനുഷ്യരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് മറ്റൊരുദാഹരണമാണ് ന്യൂയോർക്ക് ടൈംസിൽ വർഷങ്ങൾക്ക് മുമ്പ് ആതിഷ് തസീർ എന്ന ചെറുപ്പക്കാരനെഴുതിയ ലേഖനം. ലേഖനത്തിന്റെ പേര്: “My Father’s Killer’s Funeral” എന്നായിരിന്നു.
തസീറിന്റെ പിതാവ് 2008 മുതൽ 2011 വരെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഗവർണ്ണറായിരിന്നു. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ദൈവദൂഷണ നിയമത്തിനെതിരെ സംസാരിച്ചുട്ടുള്ള അദ്ദേഹം പ്രസ്തുത നീയമത്തിൽ പിടിക്കപ്പെട്ട ഒരു പാപപ്പെട്ട ക്രിസ്ത്യൻ സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചു. അതോടു കൂടി ആ സ്ത്രീയുടെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടിയിരിന്ന പാക്കിസ്ഥാനിലെ എല്ലാ മത നേതാക്കളും ഗവർണ്ണർക്കെതിരായി. ഒരു ദിവസം ഗവർണ്ണറുടെ അംഗരക്ഷകന്മാരിലൊരാളായിരിന്ന മാലിക് മുംതാസ് ഹുസൈൻ ക്വതിരി അദ്ദേഹത്തെ വെടിവച്ചു കൊന്നു. ഒരു നല്ല മനുഷ്യനെ കൊന്നതോടുകൂടി ക്വതിരി പ്രസിദ്ധനും ഹീറോയുമായി. ക്വതിരിയെ കാണാനായി ജയിലിൽ ആളുകൾ തിരക്കുകൂട്ടി, ചിലർ അദ്ദേഹത്തിന്റെ മുമ്പിൽ മുട്ടുകുത്തി നിന്ന് അനുഗ്രഹം മേടിച്ചു.
പാക്കിസ്ഥാനിലെ കോടതി ക്വതിരിക്ക് വധശിക്ഷ വിധിച്ചു. തെറ്റു ചെയ്തു എന്നു സമ്മതിക്കാത്തതു കൊണ്ട് ക്വതിരി പ്രസിഡന്റിനു നൽകിയ മാപ്പപേക്ഷ മാപ്പപേക്ഷയുമായില്ല. ക്വതിരിയെ തൂക്കിക്കൊന്നു. ക്വതിരിയുടെ ശവസംസ്ക്കാരത്തിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് ആൾക്കായിരിന്നു. ഇതിലും വലിയ ശവസംസ്ക്കാരം ജിന്നക്കും ബേനസീർ ഭൂട്ടോക്കും മാത്രമേ കിട്ടിയിട്ടുള്ളു. ഇത്രയും മനുഷ്യരെ അവിടെ ഒരുമിപ്പിച്ചു കൂട്ടിയത് കൊലയാളിയോടുള്ള സ്നേഹമല്ല, കൊല്ലപ്പെട്ടവനോടുള്ള വെറുപ്പാണ്. ഈ വെറുപ്പാണ് പല മതങ്ങളും പ്രോത്സാഹിപ്പിക്കുന്നത്, അണുബോംബിനേക്കാളും നമ്മൾ ഭയപ്പെടേണ്ടത് മതം കുത്തിവെയ്ച്ചു കൊണ്ടിരിക്കുന്ന വെറുപ്പിന്റെ കറുപ്പിനെയാണ്. ആതിഷ് തസീർ എഴുതുന്നു,

I recognized that the throng in Rawalpindi was a microcosm of radical Islam’s relationship to our time. It drew its energy from the thing it was reacting against: the modernity that my father, with his condemnation of blasphemy laws and his Western, liberal ideas, represented. Recognizing this doesn’t pardon the 100,000 people who came to grieve for Malik Mumtaz Hussain Qadri, but it reminds us that their existence is tied up with our own.”

മതം എങ്ങനെ ഒരു പറ്റം ജനത്തെ ഭ്രാന്തു പിടിപ്പിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഇതൊക്കെ സാക്ഷ്യപ്പെടുത്തുന്നത്, പലപ്പോഴും മതവിശ്വാസത്തിന് ദൈവ വിശ്വാസവുമായി യാതൊരു ബന്ധവുമില്ല എന്നു മാത്രമല്ല, നേർ വിപരീദമായ ഒന്നായിരിക്കാം എന്നാണ്.

സത്ഗുരുവും സ്ത്രീ വോട്ടവകാശവും

സത്ഗുരു വളരെ കരിസ്മയുള്ള ഒരു മനുഷ്യനാണ്. നല്ല ഇംഗ്ലീഷുമുണ്ട്, കണിശതയുള്ള സംസാരശൈലിയുമുണ്ട്. സത്ഗുരുവിന്റെ ഭാര്യ ആത്മഹത്യ ചെയ്തതാണോ, കൊല്ലപ്പെട്ടതാണോ എന്ന ചോദ്യത്തിന് സത്ഗുരു നൽകുന്ന മറുപടി, “my wife consciously droped her body,” എന്നാണ്. അദ്ദേഹത്തിന്റെ ഭാര്യ ബോധപൂർവ്വം ശരീരം ഉപേക്ഷിച്ചിട്ട് ഇഹലോക ജീവിതത്തിൽ നിന്നും യാത്രയായി. സത്ഗുരു വളരെ കൂളായിട്ട് ഇത് വിശദീകരിക്കുമ്പോൾ ചോദ്യം ചോദിച്ച ലേഖികയുടെ മുഖത്ത് തെളിയുന്ന ഭാവത്തെ ഇംഗ്ലീഷിൽ ‘ dismay’ എന്നു മാത്രമേ വിശേഷിക്കാൻ സാധിക്കുകയുള്ളു, ഒരു തരം ശ്വാസം മുട്ടിപ്പിക്കുന്ന സംഭ്രമം. ഇങ്ങനെ ശരീരം ഉപേക്ഷിച്ചിട്ട് പോകുന്നതിനെ ആത്മഹത്യയിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്താണെന്ന് നിശ്ചയമില്ല. ചില ബുദ്ധമതക്കാരും ജൈനമതക്കാരും ആത്മഹത്യയെ ജീവിതത്തിന്റെ ആവശ്യകരമായ അവസാന വഴിയായി സ്വീകരിക്കാറുണ്ട്. ഇതിന് സത്ഗുരു നൽകുന്ന ബോധപൂർവ്വകമായ ശരീരം ഉപേക്ഷിക്കലുമായി യാതൊരു ബദ്ധവുമില്ല. ഇതിന്റെ എല്ലാ വിഷയങ്ങളെയും കുറിച്ച് വലിയ വിവരമില്ലാത്തതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല.
എന്തുകൊണ്ടാണ് ഹിന്ദു ക്ഷേത്രങ്ങളിൽ ആർത്തവകാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് എന്ന ചോദ്യത്തിന് ശാസ്ത്രീയ പരമായ മറുപടി നൽകാനാണ് സത്ഗുരു ശ്രമിക്കുന്നത്. പല ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത് ഗ്രഹങ്ങളുമായി ബദ്ധപ്പെട്ടാണ്. അവിടെ പ്രസ്തുത ഗ്രഹങ്ങളുടെ ഊർജ്ജ പ്രവാഹമുണ്ട്. സ്ത്രീകൾ ആർത്തവകാലത്ത് അവിടെ പ്രവേശിപ്പിച്ചാൽ അതവരുടെ ശരീരത്തെ ദോഷകരമായി ബാധിക്കും.
ഇതിനെക്കുറിച്ചും വലിയ വിവരമില്ല. അതു കൊണ്ട് സത് ഗുരു പറയുന്നതിനെ അംഗീകരിക്കുന്നില്ലെങ്കിലും എതിർക്കുന്നില്ല.
പക്ഷെ, ഇങ്ങനെയൊക്കെയാണെങ്കിലും ഭാരതം സ്ത്രീകളെ ഏറ്റവും അധികം ബഹുമാനിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഭാരതം സ്വാതന്ത്യം നേടിയപ്പോൾ യാതൊരു ചർച്ചയ്ക്കും വിധേയമാക്കാതെ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത് എന്ന അദ്ദേഹത്തിന്റെ വാദത്തിൽ വലിയൊരു കഴമ്പില്ലായ്മ ഉണ്ട്.
ജനാധിപത്യം ആദ്യമായി പരീക്ഷിക്കപ്പെട്ടത് ഗ്രീസിലാണ്, ക്രിസ്തുവിനു മുമ്പ് ഏകദേശം 500-ൽ . അങ്ങനെ വളരെ പൗരാണികമായ ചരിത്രമുള്ള ജനാധിപത്യത്തിൽ വോട്ടവകാശം പുരുഷന്മാരായ പൗരന്മാർക്ക് മാത്രമാണുണ്ടായിരിന്നത്. റിപ്പബ്ലിക് എന്ന വാക്കു വരുന്നത് ലാറ്റിനിൽ നിന്നാണ്. റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം ജനങ്ങളുടെ കാര്യം എന്നാണ്.
പിന്നീട് ജനാധിപത്യം വ്യക്തമായി രൂപം പ്രാപിക്കുന്നത് ക്രിസ്തുവിനു ശേഷം പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടൻ പൂർണ്ണമായും ജനാധിപത്യത്തിന്റെ കീഴിലായി. പത്തൊമ്പതാം നൂറ്റാണ്ടയപ്പോഴേക്കും യൂറോപ്പ് പൂർണ്ണമായും ജനാധിപത്യ സംവിധാനം ഉപയോഗിക്കാൻ തുടങ്ങി.
ഈ ജനാധിപത്യ രാജ്യങ്ങളൊന്നും സ്ത്രീകൾക്ക് വോട്ടവകാശം നൽകിയിരിന്നില്ല. അവിടെ ഇത് നിരന്തരമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായിരിന്നു. അമേരിക്കയുടെ ചരിത്രം പറയുന്നത് സ്ത്രീകൾക്ക് പൂർണ്ണമായും വോട്ടവകാശം ലഭിക്കുന്നത് 1920-ൽ ആണെന്നാണ്. ന്യുസിലണ്ട് 1983-ൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകി. 1930 കളിലായപ്പോൾ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നുണ്ടായിരിന്നു. പുതിയതായി സ്വാതന്ത്ര്യം പ്രാപിക്കുന്ന രാജ്യങ്ങളെല്ലാം ചർച്ച കൂടാതെയാണ് സ്ത്രീകൾക്ക് വോട്ടവകാശം നൽകിയിരിന്നത്. 1947 ൽ ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ സ്ത്രീകളുടെ വോട്ടവകാശം ഒരു ചർച്ചയും ആവശ്യമില്ലാത്ത സ്പഷ്ടമായ സംവിധാനമായി മാറിയിരിന്നു. ഭാരതത്തിൽ ഇതിന്റെ ചർച്ചയ്ക്ക് യാതൊരു പ്രസക്തിയും ഇല്ലായിരിന്നു.
ഇത്രക്ക് പ്രസക്തിയില്ലാത്ത കാര്യത്തെ വളരെ പ്രസക്തമായ കാര്യമായ സത് ഗുരു അവതരിപ്പിക്കുന്നത് ചിന്തയില്ലായ്മയാണ്, നാണക്കേടാണ്. ഇപ്രകാരമാണ് സത് ഗുരു ഗൗരവമുള്ള പ്രശ്നങ്ങളെ ന്യായികരിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ ചിന്തയെ പൊള്ള എന്ന് വിശേഷിപ്പിക്കേണ്ടി വരും. സത് ഗുരു ഒരു ട്രെൻഡിന്റെ ഭാഗമാണ്, യഥാർത്ഥ പ്രശ്നങ്ങളെ മറച്ചു പിടിച്ചു കൊണ്ട് പൊള്ളയായ വാദമുഖങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ച് കയ്യടി നേടുന്ന ട്രെൻഡിന്റെ ഭാഗം.