വിശ്വാസം

സ്ലൊവേനിയൻ തത്വചിന്തകനായ ഷീസെക്ക് പറയുന്ന കഥയാണിത്. ഈ കഥ, ക്വാണ്ടം മെക്കാനിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന നീൽ ബോറിനെക്കുറിച്ചുള്ളതാണ്. നീൽ ബോറിന്റെ ആരാധകനായ ഒരു ഫിസിക്സ് പ്രൊഫസ്സർ അദ്ദേഹത്തെ കാണാനായി വീട്ടിൽ ചെന്നു. ബോറിന്റെ വീട്ടിൽ ആ പ്രാഫസ്സറെ കാത്തിരിന്നത് ഒരു ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരിന്നു, നീൽ ബോറിന്റെ വീട്ടിൽ ഒരു കുതിര കുളമ്പ് തൂങ്ങിക്കിടക്കുന്നു! നമ്മുടെ നാട്ടിൽ പുതിയ വീടുകൾക്ക് കണ്ണു പെടാതിരിക്കാൻ വേണ്ടി പലതും തൂക്കിയിടുന്നത് പോലെയാണ് അവിടെ കുതിര കുളമ്പ് തൂക്കിയിടുന്നത്. ക്വാണ്ടം മെക്കാനിക്സിന്റെ പിതാവിന്റെ വീട്ടിൽ കുതിരക്കുളമ്പ് കണ്ട ആ പ്രൊഫസർ ഞെട്ടിപ്പോയി. അദ്ദേഹം നീൽ ബോർനോട് ചോദിച്ചു, “do you believe in thes things?”
നീൽ ബോർ മറുപടി പറഞ്ഞു, “I don’t believe in it, but someone told me that it works even if you don’t believe.”
കഥ പറഞ്ഞതിനുശേഷം ഷീസെക്ക്, വിശ്വാസിയും മതമൗലികവാദിയും തമ്മിലുള്ള വ്യത്യാസം പറയുന്നു. വിശ്വാസി വിശ്വസിക്കുമ്പോൾ മതമൗലികവാദി വിശ്വസിക്കുന്നില്ല പകരം, “he knows directly.” ദൈവിക സത്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്ന ഒരാളാണ് മതമൗലികവാദി. എന്നുവച്ചാൽ, അസാധ്യതകൾ മാത്രം കൊണ്ട് ഉണ്ടാക്കപ്പെടുന്ന ഒരാളാണ് മൗലിക വാദി. മുസ്ലിം തീവ്രവാദികൾ, ഹിന്ദുത്വവാദികൾ, ക്രിസ്ത്യൻ മൗലികവാദികൾ ഇവരാരും വിശ്വാസികളല്ല, ദൈവത്തെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചും നേരിട്ട് അറിവുള്ളവരാണ് ഇവർ!
മുസ്ലിം തീവ്രവാദികളുടെ വിശ്വാസം അനുസരിച്ച് ജിഹാദിന് വേണ്ടി പോരാടി പറുദീസയിൽ ചെല്ലുമ്പോൾ അനേകം കന്യകമാരെ അവർക്ക് അവിടെ കിട്ടും. ഇതിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ ഒരു കാർട്ടൂൺ പ്രത്യക്ഷപ്പെട്ടു. ജിഹാദികൾ നിരനിരയായി പറുദീസയിലേക്ക് വന്നുകൊണ്ടിരിക്കുന്നു, അപ്പോൾ ഒരു മാലാഖ ഭൂമിയിലേക്ക് നോക്കിയിട്ട് പറുദീസയിലേക്ക് വരാൻ തയ്യാറെടുക്കുന്നു ജിഹാദികളോടു പറയുന്നു, “please stop, there is a shortage of virgins here.”
പുതിയനിയമത്തിൽ വിശ്വാസത്തെ നിർവചിക്കുന്നത് ഹെബ്രായേർക്കുള്ള ലേഖനമാണ്. ഹെബ്രായരുടെ ലേഖനം വിശ്വാസത്തെ ഇങ്ങനെ നിർവചിക്കുന്നു, “വിശ്വാസമെന്നത് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.” പുതിയ നീയമ ഗ്രന്ഥത്തോടുള്ള എല്ലാ ബഹുമാനത്തോടെ ഈ നിർവചനത്തെ നിരസിക്കുന്നു. ആധുനിക മനുഷ്യന് പ്രയോജനപ്പെടുന്ന ഒരു നിർവചനമല്ല ഇത്. ഉറപ്പും ബോധ്യവും ഉള്ളിടത്ത് വിശ്വാസത്തിൻറെ ആവശ്യമുണ്ടോ? ഉറപ്പും ബോധ്യവും വാസ്തവത്തിൽ വിശ്വാസത്തിന്റെ ഭാഗമല്ല. റോബർട്ട് മ്യുസിൽ പറയുന്നതുപോലെ, “evidently everything absolute, hundred percent, true, is completely monstrous.”എന്തെങ്കിലും നൂറു ശതമാനം ആകുമ്പോൾ അതിൽ മാനുഷികതയല്ല ഭീമാകാരതയാണ് ഉള്ളത്. നൂറു ശതമാനം റിസൽട്ട് എന്നൊക്കെ പറയുന്നതിൽ കുറച്ച് കള്ളത്തരമുണ്ട്. കുറച്ച് സംശയത്തിന്റെ ഭംഗിയില്ലാത്ത വിശ്വാസം രാക്ഷസിയവും അപകടകാരിയും ആയിത്തീരാൻ സാധ്യതയുണ്ട്. ഇങ്ങനെ ഒരു നിഗമനത്തിൽ എത്തിയ ഹെർമൻ ഹെസ്സെ പറയുന്നു, “വിജ്ഞാനത്തിന്റെ ശത്രു അജ്ഞതയല്ല, ചില ഉറപ്പുകൾ ആണ്. വിശ്വാസത്തിന്റെ ശത്രു അവിശ്വാസമല്ല, തീവ്ര വിശ്വാസങ്ങളാണ്.” ഇതിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഹെസ്സെ വീണ്ടും പറയുന്നു, “faith and doubt belong together and govern each other like inhaling and exhaling.” ചില സംശയങ്ങൾ ഇല്ലാത്ത, നൂറു ശതമാനം ഉറപ്പുള്ള മനുഷ്യരെ സഹിക്കാൻ വലിയ ബുദ്ധിമുട്ടാണ്.
റോബർട്ട് മ്യുസിലിന്റെ, ‘The Man Without Qualities’ എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് ഉൾറിക്കും അവന്റെ സഹോദരി അഗാത്തയും. ആഗാത്ത അവളുടെ സഹോദരനോട് പറയുന്നു, “You know, she said, I was raised in a very strict convent school. So I have the most scandalous urge to caricature anyone I hear talking about pius ideals. Our teachers wore a habit whose colours formed a cross as a sort of enforce reminder of one of the sublimest thoughts we were supposed to have before all day long; But we never once thought it; We just called the good sisters the cross-spiders because of the way they looked and their silky way of thinking.”
എന്തുകൊണ്ടാണ് ആത്മീയ മനുഷ്യരുടെ ആകാശം നരച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് അവരുടെ ജീവിതം മറ്റുള്ളവരുടെ ഉള്ള വിശ്വാസം പോലും ഇല്ലാതാക്കുന്നത്? നന്മ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന മനുഷ്യർ തന്നെ തിന്മയുടെ ആൾരൂപങ്ങൾ ആകുന്നത് എന്തുകൊണ്ടാണ്? റോബർട്ട് മ്യുസിലിന്റെ ഉൾറിക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു; നമ്മുടെ ഉള്ളിലുള്ള നന്മകൾ എപ്പോഴാണോ ഖര രൂപം പ്രാപിക്കുന്നത് അപ്പോൾ അതിനെ ഭക്ഷിച്ച് തിന്മയുടെ പുഴുക്കൾ വളരാൻ തുടങ്ങുന്നു. ഏതൊരു കാര്യവും വിശുദ്ധവും നന്മയും ആയിരിക്കുന്നത് അത് ദ്രാവക രൂപത്തിലായിരിക്കുമ്പോഴാണ്. വിശ്വാസത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾക്ക് വിരാമം കുറിച്ചു കൊണ്ട് ഉൾറിക്ക് അഗാത്തയോടു പറയുന്നു, “I’m convinced, your good nuns believed what they preached to you, but faith must not ever be more than one hour old.”
“വിശ്വാസത്തിന് ഒരിക്കലും ഒരു മണിക്കൂറിൽ കൂടുതൽ പഴക്കമുണ്ടായിരിക്കരുത് !” എന്നു വച്ചാൽ, നമ്മുടെ വിശ്വാസം എപ്പോഴും പുതിയതായിരിക്കണം, പഴകുന്തോറും അത് ഖരമായിക്കൊണ്ടിരിക്കും, ഖരമായിക്കൊണ്ടിരിക്കുന്തോറും അത് തിന്മക്ക് ഭക്ഷണമായിക്കൊണ്ടിരിക്കുന്നു. പഴകിയ വിശ്വാസമുള്ളവർക്ക് അവരുടെ ദൈവത്തിന്റെ പേരിൽ സ്വന്തം മക്കളെ പോലും കൊല്ലാൻ മടിയുണ്ടാകില്ല, എല്ലാത്തിലും ഒന്നാം പ്രമാണ ലംഘനം കണ്ടു പിടിക്കുകയും മറ്റുള്ളവരുടെ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിക്കും. മത ദ്രോഹവിചാരണകളെ സൃഷ്ടിച്ച, ജിഹാദികളെ സൃഷ്ടിക്കുന്ന, ഹിന്ദുത്വ വാദികളെ സൃഷ്ടിക്കുന്ന ഈ വിശ്വാസം പോലെ ഹീനവും തിന്മ നിറഞ്ഞതുമായ മറ്റൊന്നും ഈ ലോകത്തിലില്ല. എത്ര കോടി ജനങ്ങളാണ് ഈ വിശ്വാസം കാരണം കൊല്ലപ്പെട്ടത്. എന്തുമാത്രം അദ്ധകാരമാണ് ഈ വിശ്വാസം ഭൂമിയിൽ സൃഷ്ടിച്ചത്.
വിശ്വാസത്തിന് കുറച്ച് കാവ്യനീതിയുള്ള നിർവചനം നൽകുന്നത് പോൾ റിക്കർ ആണ്. പോൾ റിക്കർ പറയുന്നു, “Faith is the joy of yes in the sadness of no.” ഒന്നിനും ഉറപ്പില്ലാത്ത, ഒന്നിനും നിതാന്തതയില്ലാത്ത, ഒന്നിനും വ്യക്തമായ ഉത്തരമില്ലാത്ത ഈ ലോകത്ത് മനുഷ്യന്റെ നിലവിളികൾക്കും പ്രാർത്ഥനകൾക്കും പ്രത്യുത്തരം ദൈവത്തിന്റെ നിശബ്ദതയാണ്, പലപ്പോഴും ക്രൂരമായത്. എന്നിട്ടും മനുഷ്യന്റെ നന്മയിലും ദൈവത്തിന്റെ കാരുണ്യത്തിലും വിശ്വസിക്കുമ്പോൾ ഒരാൾ അനുഭവിക്കുന്ന ആനന്ദമാണ് വിശ്വാസം. അപ്പോൾ, ലോകത്തിന്റെ നന്മയിലുള്ള വിശ്വാസമാണ് യഥാർത്ഥ വിശ്വാസം. എല്ലാ തകർച്ചകൾക്കും ഇടയിൽ മനുഷ്യൻ ഉയർത്തുന്ന കുടാരങ്ങൾ വിശ്വാസത്തിന്റെതാണ് .
Advertisements

പരിദേവനം

കഴിഞ്ഞ ഒരാഴ്ച ഞാൻ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നൊച്ചിയോടെപട്ടി എന്ന ഗ്രാമത്തിലായിരുന്നു. മൂന്നാമത്തെ തവണയാണ് ഞാനിവിടെ വരുന്നത്. ഒത്തിരി ഓർമ്മകൾ സമ്മാനിച്ച സ്ഥലം. അതിവിശാലമായ നീണ്ടുകിടക്കുന്ന ആകാശത്തിന് കീഴെ പാടങ്ങളും ഗ്രാമങ്ങളും പരന്നു കിടക്കുന്നു. ഏറ്റവും അധികമായി ഞാൻ എന്നോട് തന്നെ സംസാരിച്ചിട്ടുള്ള നീണ്ട വഴികൾ. ഇവിടെ ആരും നമ്മളെ തുറിച്ചു നോക്കത്തില്ല. നമുക്ക് നമ്മുടെ ഭ്രാന്തുകൾ നന്നായി കൊണ്ടാടാം. നൂറ്റാണ്ടുകളുടെ ശേഷിപ്പുകൾ ഇപ്പോഴും ഉള്ള ഗ്രാമങ്ങളിൽ, ആയിരം കൊല്ലങ്ങൾക്ക് പിറകിൽ നിന്നെന്നവണ്ണം ഇറങ്ങിവരുന്ന മനുഷ്യരെ കാണാം.
കറുപ്പ് നന്നായി ചേർന്നൊഴുകുന്ന ഭംഗിയിൽ മനുഷ്യർ നമ്മളെ നോക്കി ചിരിക്കും.
ഏകദേശം പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ ഡിണ്ടിഗലിലേക്ക് പോയത്കറച്ച് ഫ്രയേഴ്സിനെ ധ്യാനിക്കാൻ വേണ്ടിയായിരുന്നു. അവർ ഏകദേശം 60 പേരുണ്ടായിരുന്നു. ഏറ്റവും മുതിർന്ന അച്ഛൻറെ പ്രായം 90 വയസ്സാണ്. അച്ചന്മാർ ആയിട്ട് ഒന്നോ രണ്ടോ വർഷം ആയവരും ഉണ്ടായിരുന്നു. പലരും എന്നെക്കാളും അറിവുള്ളവർ. ജീവിതാനുഭവങ്ങൾ ഉള്ളവർ.
ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞു ഞാനൊരു ദൈവശാസ്ത്രജ്ഞനല്ല, തത്വചിന്ത പഠിച്ചിട്ടുണ്ടെങ്കിലും തത്വചിന്തകൻ അല്ല. ഞാൻ വെറുമൊരു വായനക്കാരൻ മാത്രമാണ്. എന്റെ ശ്രമം സുവിശേഷത്തെ, അത് ചൂണ്ടി കാണിക്കുന്ന ക്രിസ്തുവിനെ വായിച്ചെടുക്കുക എന്നുള്ളതാണ്. ചിലപ്പോൾ എന്റെ വായന തെറ്റിപ്പോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ക്രിസ്തുവിന് വായിച്ചെടുക്കാൻ വേണ്ടിയുള്ള എന്റെ ടെക്നിക്കും വായന തന്നെയാണ്. മറ്റു പുസ്തകങ്ങൾ വായിച്ചപ്പോൾ കിട്ടിയ ടെക്നിക്കുകൾ ആയിരിക്കും ഞാൻ ഉപയോഗിക്കുക. കീർക്കേഗാർഡിൽ നിന്നും കടമെടുത്ത എന്റെ ലക്ഷ്യം ഞാൻ ആദ്യമേ തന്നെ അവതരിപ്പിച്ചു, ‘How to be a contemperory of Jesus,’ എങ്ങനെ ക്രിസ്തുവിൻറെ ഒരു സമകാലികൻ ആയിത്തീരാം എന്നതായിരുന്നു ലക്ഷ്യം. എല്ലാ തുടക്കങ്ങളും പാളി പോകാറുണ്ട്. എന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാൻ അവരും ആശയങ്ങളെ അവരിലേക്ക് എത്തിക്കുന്നതിലും ഞാനും തുടക്കത്തിൽ പരാജയമായിരുന്നു.

മറ്റ് എന്നത്തേക്കാളും എന്റെ ആശയങ്ങൾ ഇപ്രാവശ്യം എന്നെ പേടിപ്പിക്കാൻ തുടങ്ങി. ആശയങ്ങൾ വലുതാകും തോറും ഞാൻ ചുരുങ്ങി പോകുന്നതുപോലെ തോന്നി. പലതും പറയാനുള്ള എൻറെ അവകാശമില്ലായ്മ ചിലപ്പോഴൊക്കെ ശ്വാസം മുട്ടിച്ചു. പലപ്പോഴും ഞാൻ ഏറ്റുപറയുന്നുണ്ടായിരിന്നു, ഞാൻ നിങ്ങളോട് പറയുന്ന പല കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിൽ പാലിക്കാത്തതാണ്. ചിലതെല്ലാം എന്റെ പരാജയങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്.

ആർക്കാണ് അവരുടെ ആശയങ്ങളോളം വലുപ്പമുള്ളത് ഒരുപക്ഷേ ഗാന്ധി, അല്ലെങ്കിൽ മത തെരേസ, ശ്രീരാമകൃഷ്ണപരമഹംസൻ, ജലാലുദ്ദീൻ റൂമി, ഇവരൊക്കെ അവരുടെ ആശയങ്ങൾ ഓളം വലിപ്പം ഉള്ളവരായിരിക്കും. എനിക്ക് വലിയ ആശയങ്ങൾ സമ്മാനിച്ച പല മനുഷ്യരുടെയും ജീവിതം നിരാശപ്പെടുത്തുന്നതാണ്. സത്യത്തെക്കുറിച്ച് ഏറ്റവും വലിയ വീക്ഷണങ്ങൾ തന്ന ഹൈഡഗർ മനസ്സുകൊണ്ട് ചെറിയൊരു മനുഷ്യനായിരിന്നു. തോമസ് മന്നും അന്നാ അഹ്മത്തോവയും ടോൾസ് റ്റോയിയെക്കുറിച്ച് എഴുതുന്നതിൽ നിന്നും മനസ്സിലാക്കി, ടോൾസ്റ്റോയി അസാമാന്യ ജീനിയസ്സ് ആയിരിന്നെങ്കിലും ചില വൈകല്യങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. കവിതയോളം വലിപ്പം കവിക്ക് ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടോ? ഇല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കലാകാരൻ എന്ന നിലയിൽ ഒരാൾ വലുതാകുന്തോറും മനുഷ്യനെന്ന നിലയിൽ പിന്നോട്ടു പോകുക സ്വാഭാവികമാണ്. ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്നവർ ചുരുക്കമാണ്.

എന്താണ് ക്രിസ്തുവിനെ പ്രത്യേകത ? നാല് സുവിശേഷങ്ങളാണ് വ്യത്യസ്തമായി അവന്റെ ജീവിതത്തെ എഴുതി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. പിന്നെ എന്തുമാത്രം കഥകളും കവിതകളും അവനെ വർണ്ണിക്കാൻ ആയി എഴുതപ്പെട്ടു. പക്ഷേ ഇതിനൊന്നും അവനോളം വലിപ്പമില്ല. പുതിയ സുവിശേഷങ്ങൾക്കും പുതിയ കവിതകൾക്കും പുതിയ കഥകൾക്കുമായി അവനിപ്പോഴും ബാക്കിയുണ്ട്. എന്റെ പരാജയങ്ങൾ അവന്റെ വിജയത്തെ നോക്കിക്കാണാൻ സഹായിക്കുന്നുണ്ടെന്ന് തോന്നുന്നു. റൂമി അവനെക്കുറിച്ച് പറഞ്ഞതാണ് ശരി, “അവൻ പറഞ്ഞതല്ല അത്ഭുതം, അവൻ ചെയ്തതല്ല അത്ഭുതം, അവൻ തന്നെയാണ് അത്ഭുതം.”

വിധിയും ശിക്ഷയും

കുറച്ചുനാൾ ഒത്തിരി inspiring ആയിട്ട് തോന്നിയ ഒരു ആശയം ഉണ്ടായിരുന്നു സെൻറ് അഗസ്റ്റിൻ ആണ് പ്രസ്തുത ആശയത്തിന്റെ കർത്താവ്. സെൻറ് അഗസ്റ്റിൻ ഇങ്ങനെ പറയുന്നു, “don’t panic one of the thieves was redeemed. Don’t persume one of the thieves was condemned.” ആശയം ഇതാണ്: നിങ്ങൾ ഒരു കാരണവശാലും പേടിക്കരുത്, കള്ളന്മാരിൽ ഒരുവൻ (ക്രിസ്തുവിന്റെ വലതുവശത്ത് കുരിശിൽ തറക്കപ്പെട്ടവൻ) രക്ഷിക്കപ്പെട്ടു. എന്നാൽ നിങ്ങൾ പേടിക്കാതിരിക്കരുത്, കള്ളന്മാരിൽ ഒരുവൻ ശിക്ഷിക്കപ്പെട്ടു. എല്ലാവരും കള്ളന്മാരാണ്. രക്ഷിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും സാധ്യതയുള്ള കള്ളന്മാർ. എവിടെ കിടക്കുന്നു എന്നതിന് പ്രാധാന്യമുണ്ട്. നിങ്ങൾ വലതുവശത്ത് കിടക്കുന്ന കള്ളനാണോ? അതോ നിങ്ങൾ ഇടതുവശത്ത് കിടക്കുന്ന കള്ളനാണോ? സെന്റ് അഗസ്റ്റിന്റെ ബുദ്ധിയും ആശയം പ്രകാശിപ്പിക്കാനുള്ള കഴിവും ഈ വാചകത്തിൽ നിന്നും മനസ്സിലാക്കാം.

പക്ഷേ ഒരു ചോദ്യമുണ്ട്. ഇടതുവശത്ത് കിടന്നിരിന്ന കള്ളൻ ശിക്ഷിക്കപ്പെട്ടോ? ക്രിസ്തു അവനെതിരെ തിരിഞ്ഞ് എന്തെങ്കിലും പറഞ്ഞോ? ലൂക്കാ 23 ഒന്നുകൂടി വായിച്ചു നോക്കാം. കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്‌തുവല്ലേ? നിന്നെയും ഞങ്ങളെയും രക്‌ഷിക്കുക! അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്‌ഷാവിധിയില്‍ തന്നെയാണല്ലോ. നമ്മുടെ ശിക്‌ഷാവിധിന്യായമാണ്‌. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല. അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്‍െറ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.
ഇവിടെ persume ചെയ്തിരിക്കുന്നത് സൈന്റ്‌ അഗസ്റ്റിൻ ആണെന്ന് തോന്നുന്നു. വലതുവശത്ത് കിടന്നവന് ക്രിസ്തു പറുദീസാ വാഗ്ദാനം നൽകി എന്നാൽ ഇടതുവശത്ത് കിടന്നവന് അത് നൽകിയില്ല എന്ന് മാത്രം. ഒരുവന് വാഗ്ദാനം ചെയ്യപ്പെട്ടതുകൊണ്ട് അപരനു കിട്ടില്ല എന്ന് അർത്ഥമുണ്ടോ? ഒരുപക്ഷേ അവനെ കിട്ടിയേക്കാം, കിട്ടാതിരിക്കാം.

ഇതേ അധ്യായത്തിൽ മറ്റൊരു കാര്യം കൂടി ക്രിസ്തു പറയുന്നുണ്ട്.അതു കൂടി ചേർത്ത് വായിച്ചാലേ ഇതിൻറെ അർത്ഥം നമുക്ക് മനസ്സിലാകുകയുള്ളൂ. ക്രിസ്തു കുരിശിൽ കിടന്ന് വേദനകൊണ്ട് പിടയുമ്പോൾ ഒരു പ്രാർത്ഥന ചൊല്ലുന്നു, “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ” ഉഗ്രവേദനയുടെ രക്തം ചിന്തുന്ന, ശ്വാസം കിട്ടാതെ പിടയുന്ന സമയത്ത് മകൻ അർപ്പിച്ച് ഈ പ്രാർത്ഥന പിതാവ് കേൾക്കാതിരിക്കുമോ? ആരോടൊക്കെ ക്ഷമിക്കണം എന്നാണ് ക്രിസ്തു പ്രാർത്ഥിച്ചത്? ചുംബനം കൊണ്ട് തന്നെ ചതിച്ച ശിഷ്യനോട്, ഓടിയൊളിച്ച ശിഷ്യന്മാരോട്, മൂന്നുവട്ടം തള്ളിപ്പറഞ്ഞ പത്രോസിനോട്, ഇവനെ കൊല്ലുക എന്ന് ആർത്തുവിളിച്ച ജനത്തിനോട്, അവൻ തെറ്റുകാരനല്ല എന്ന് അറിഞ്ഞിട്ടും സ്വന്തം സ്ഥാനം സംരക്ഷിക്കാൻ മരണത്തിനു വിട്ടുകൊടുത്ത പീലാത്തോസിനോട്, ചമ്മട്ടികൊണ്ട് മൃഗീയമായി മർദ്ദിച്ച് മർദ്ദിക്കുകയും തുപ്പുകയും ചെയ്തു പട്ടാളക്കാരോട്, അവൻറെ നെഞ്ചിൽ കുന്തം കൊണ്ട് കുത്തിയവനോട്. ക്രിസ്തുവിൻറെ പ്രാർത്ഥനയ്ക്ക് അർത്ഥം ഉണ്ടെങ്കിൽ ഇവരെല്ലാം ക്ഷമിക്കപ്പെടും. ക്ഷമിക്കാത്ത പകയുള്ള വിധികളിൽ അഭിരമിക്കുന്ന പുരോഹിതന്മാരും വിശ്വാസികളും ഇതൊന്നും സമ്മതിച്ചു തരത്തില്ലായിരിക്കും.

ഈ ക്രിസ്തുവിൻറെ പേരിൽ സ്ഥാപിതമായ സഭ പലപ്പോഴും ക്ഷമ കാണിച്ചില്ല. അവിശ്വാസികളെയും യഹൂദരെയും കൊന്നൊടുക്കാൻ ഇൻക്വിസിഷൻ തുടങ്ങി. ഹിറ്റ്ലർ യഹൂദന്മാരെ കൊന്നൊടുക്കിയപ്പോൾ അതിനെതിരെ പ്രതികരിക്കാതെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച ക്രിസ്ത്യാനികൾ ഉണ്ട്. പ്രധാന കാരണം അവർ ക്രിസ്തുവിനെ ഘാതകർ ആയിരുന്നു എന്നതുതന്നെ.
ക്രിസ്തുവിന്റെ മരണത്തോടു കൂടി എല്ലാ കൊലപാതകങ്ങളും വിധികളും ശിക്ഷകളും അവസാനിക്കേണ്ടതായിരിന്നു. പിന്നീടാരും ജയിൽ മുറികളിൽ അടക്കപ്പെടാൻ പാടില്ലായിരിന്നു. പക്ഷെ മനുഷ്യർ ഇപ്പോഴും ക്രിസ്തുവിന്റെ മരണത്തെ ഇപ്പോഴും പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവന്റെ സഭ പോലും വിധികളുടെയും ശിക്ഷകളുടെയും ആഖ്യാനങ്ങളിൽ അഭിരമിച്ചു കൊണ്ടേയിരിക്കുന്നു. വില്യം ബ്ലേക്ക് പറഞ്ഞതുപോലെ, “the people who wanted to lay the foundation of kindness could themselves not be kind.”

ഏത് മനുഷ്യനാണ് മറ്റൊരാളുടെ ആത്മാവിനെ വായിക്കാൻ സാധിക്കുക? അതിനു സാധിക്കാത്തടത്തോളം കാലം എല്ലാ വിധികളും നീതി വിരുദ്ധമാണ്. ഭൂതകാലത്തെ വ്യക്തമായും നിജപ്പെടുത്താൻ സാധിക്കാത്തിടത്തോളം കാലം ആരെയും നീതിയോടെ വിധിക്കാൻ ആർക്കും സാധിക്കുകയില്ല. Judgment is rarely just എന്ന ദേലേയൂസ് അനുമാനിക്കുന്നത് അതുകൊണ്.

Only justice is just എന്ന സത്യം മനസ്സിലാക്കാൻ വിക്ടർ ഹ്യൂഗോയുടെ പാപങ്ങൾ എന്ന പുസ്തകം സഹായിക്കും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യകാലത്ത്, അപ്പത്തിന് സ്വർണ്ണത്തിൻറെ വിലയുള്ള സമയത്ത്, സഹോദരിയുടെ മക്കൾക്ക് വേണ്ടി അപ്പം മോഷ്ടിച്ചതിന് പേരിൽ ജയിലിലടക്കപ്പെട്ട ജീൻ വാൽ ജീന്റെ കഥയാണ് വിക്ടർ ഹ്യൂഗോ പറയുന്നത് ജാവേർ എന്ന പോലീസ് ഇൻസ്പെക്ടറും ആയുള്ള സംഘർഷം നോവലിൽ ഉടനീളം ഉണ്ട്. പരോളിന് പുറത്തിറങ്ങുന്ന ജീൻ വാൽ ജീനിന് കിട്ടുന്നത് ഒരു മഞ്ഞ പാസ്പോർട്ടാണ്. അതുമായി യാത്രചെയ്യുന്ന അവന് എല്ലായിടത്തും ഭ്രഷ്ട് കൽപ്പിക്കപ്പെടുന്നു. ഒരു ബിഷപ്പിന്റെ വീട്ടിൽനിന്നും വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ചതിന് പേരിൽ ജീൻ വീണ്ടും പിടിക്കപ്പെടുന്നു. പക്ഷേ കോടതിയിൽവെച്ച് ബിഷപ്പ് പറയുന്നു, “ഇവനിത് മോഷ്ടിച്ചതല്ല, ഞാൻ അറിഞ്ഞു കൊണ്ട് കൊടുത്തതാണ്.” ഇനിയൊരിക്കലും മോഷ്ടിക്കാൻ അവനു സാധിക്കില്ല. അമ്മ നഷ്ടപ്പെട്ട ഒരു പെൺകുട്ടിക്ക് പിതാവായി ജീൻ മാറുന്നു ‘ ആവശ്യക്കാർക്ക് സഹായവുമായി എത്തുന്ന ഒരു നല്ല മനുഷ്യന്റെ ഏറ്റവും വലിയ ഉദാഹരണമായി തീരുന്നു.

പ്രതിയെ പോലെ വിധിയും കുറ്റവാളിയാണ്. പ്രതിയെ ശിക്ഷ വിധിക്കുന്ന നീതിന്യായവ്യവസ്ഥയും തിന്മയുടെ ഭാഗമാണ്.

ദൈവത്തിന് പാപം അഥവാ തിന്മ എന്താണെന്ന് അറിയാമോ? ദൈവത്തിന് തിന്മ അറിയാമെങ്കിൽ ദൈവം തന്നെയാണ് അതിന് ഉത്തരവാദി. എന്തൊക്കെ ദൈവത്തിനറിയാമോ അതൊക്കെ ദൈവത്തിൽ നിന്നാണ് വന്നത്. അവനിൽനിന്നും വന്നതിന് മാത്രമേ അവനറിയുന്നുള്ളു. അവനിൽ നിന്നും സൃഷ്ടിക്കപ്പെടാത്തത് അവന് അറിയില്ല. അപ്പോൾ ദൈവത്തിന് തിന്മ എന്താണെന്ന് അറിയില്ല എന്ന് പറയുന്നതായിരിക്കും ശരി. അതുകൊണ്ടാണ് ക്രിസ്തു പാപത്തിൽ വിശ്വസിക്കാതെ പാപമോചനത്തിൽ മാത്രം വിശ്വസിച്ചത്. പാപമെന്താണെന്ന് അറിയാത്തവന് പാപത്തിൽ വിശ്വസിക്കാൻ സാധിക്കില്ല. പാപം ക്ഷമിക്കാത്തവർ പാപത്തിൽ വിശ്വസിക്കുന്നവരാണ്. പാപത്തിൽ വിശ്വസിക്കാത്തവരാകട്ടെ പെട്ടെന്ന് ക്ഷമിക്കുന്നു. അവരോടു ചെയ്ത തെറ്റിന്റെ അളവും വ്യാപ്തിയും അവർക്കറിയില്ല. ക്രിസ്തു പാപികളെ സ്നേഹിച്ചത് അവരുടെ പാപത്തിൽ ഒരിക്കലും വിശ്വസിക്കാതെ ആണ്. പക്ഷേ പാപത്തിൽ വിശ്വസിച്ച് വിധികൾ പ്രഖ്യാപിക്കുന്നവരോട് അവനെപ്പോഴും കലഹിച്ചു. ഇപ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നു. പാപത്തിന്റെ ആഴവും കണക്കും പരിശോധിച്ച് വിധികൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന പുരോഹിതന്മാരോടും സുവിശേഷ പ്രഘോഷകരോടും അവൻ എല്ലാകാലത്തും കലഹിക്കും. അവർക്കറിയാം അവർ എന്താണ് ചെയ്യുന്നതെന്ന്.

ഏകദൈവം

ഇന്ന് കത്തോലിക്കാസഭയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഒന്നാമത്തെ കൽപ്പന ലംഘിക്കപ്പെട്ടത് കൊണ്ടാണ് എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം. ഒന്നാമത്തെ കൽപ്പന ഇതാണ്, “നിന്റെ ദൈവമായ കർത്താവ് ഞാനാണ് ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.” വിശുദ്ധ കുർബാന സ്വീകരണത്തിനു മുൻപ് എല്ലാ കുഞ്ഞുങ്ങളും പഠിച്ചിരിക്കേണ്ട പത്ത് കല്പനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്. ഈ കൽപ്പനയ്ക്ക് ഒരു ചരിത്രമുണ്ട്. ആദ്യം നമുക്ക് അത് അന്വേഷിക്കാം.

യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും വിശ്വസിക്കുന്ന ഏകദൈവം എന്ന സങ്കല്പം എവിടെ നിന്നാണ് വന്നത്? അത് അന്വേഷിച്ചാൽ നമ്മൾ ചെന്നെത്തുന്നത് മൂന്ന് മതങ്ങളുടെയും വിശ്വാസത്തിന്റെ പിതാവ് എന്ന പേരിലറിയപ്പെടുന്ന അബ്രഹാമിന്റെ മുൻപിലായിരിക്കും. യഹൂദരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും വിശ്വാസത്തിന്റെ പേരിൽ തമ്മിൽ അടിക്കുമ്പോഴും ഇവരുടെ വിശ്വാസത്തിൻറെ പിതാവ് ഒരാൾ ആണെന്നുള്ളത് ഒരു ട്രാജിക് കോമഡിയാണ്. ദൈവത്തിന് എല്ലാം സാധിക്കും എന്നാൽ ക്രിസ്ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും ഇടയിൽ സമാധാനം സ്ഥാപിക്കാൻ മാത്രം സാധിക്കുകയില്ല എന്ന് പരിഹാസരൂപേണ പ്രശസ്ത സാഹിത്യകാരനായ ഷൂസെ സരമാഗോ പറയുന്നുണ്ട്.
എബ്രഹാം ഏകദേശം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മെസൊപൊട്ടോമിയൻ ജിപ്സി ആയിരുന്നു. ഊർ എന്ന ജന്മദേശത്തു നിന്നും ദൈവം വാഗ്ദാനം ചെയ്ത സമൃദ്ധിയുടെ ഒരു പുതിയ രാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി എബ്രഹാം ഒരു യാത്ര തിരിക്കുന്നു. തോമസ് മൻ അറിയപ്പെടുന്ന അറിയപ്പെടുന്നത് നോബൽ സമ്മാന ജേതാവായ ജർമൻ സാഹിത്യകാരൻ എന്ന നിലയിലാണ്. അദ്ദേഹത്തിൻറെ മാജിക് മൗണ്ടൻ ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളിലൊന്നായി കരുതപ്പെടുന്നു. പക്ഷേ, ചരിത്രവും സാഹിത്യഭാവനയും മനശാസ്ത്രവും തത്വചിന്തയും കലർത്തി ഉന്നതമായ മറ്റൊരു കൃതി അദ്ദേഹം രചിച്ചിട്ടുണ്ട്. അതിന്റെ പേര് ജോസഫ് ആൻഡ് ഹിസ് ബ്രദേഴ്സ് എന്നാണ്. ജോസഫിനെ മുൻനിർത്തി പഴയനിയമത്തിലെ രഹസ്യങ്ങളെ അനാവരണം ചെയ്യാൻ തോമസ് മൻ ശ്രമിക്കുന്നു. എങ്ങനെ എബ്രഹാം ഏകദൈവവിശ്വാസത്തിൽ എത്തി എന്നതിന് തോമസ് മൻ തരുന്ന വിശദീകരണം ചരിത്രത്തോട് നീതി പുലർത്തുന്നതാണ് എന്ന് കരുതുന്നത് കൊണ്ട് അത് വിശദീകരിക്കാം.
ഭൂമിദേവി ആണ് ഏറ്റവും വലിയ ആരാധനയ്ക്കും ശുശ്രൂഷയ്ക്കും അർഹത എന്ന ചിന്തയോടെയാണ് എബ്രഹാം ഇതെല്ലാം ആരംഭിക്കുന്നത്, കാരണം അവൾ ഫലമൂലാദികൾ നൽകിക്കൊണ്ട് ജീവനെ പരിരക്ഷിക്കുന്നു. എന്നാൽ ഉടനെ അദ്ദേഹം മനസ്സിലാക്കുന്നു ഭൂമിക്ക് ഇതിനെല്ലാം ആകാശത്തു നിന്നും മഴ വേണം. അപ്പോൾ അദ്ദേഹം ആകാശത്തേക്ക് നോക്കി, ശപിക്കാനും അനുഗ്രഹിക്കാനും ശക്തിയുള്ള പ്രബലനായ സൂര്യനാണ് ആരാധനയ്ക്ക് യഥാർത്ഥ യോഗ്യനെന്ന് തീരുമാനിക്കാൻ ഒരുങ്ങി. അപ്പോൾ അദ്ദേഹം മനസ്സിലാക്കി പ്രബലനായ സൂര്യൻ പോലും അസ്തമിക്കും. ചന്ദ്രനാണോ, നക്ഷത്രങ്ങളാണോ, ആരാണ് സർവ്വശക്തൻ? ആ ജിപ്സി ചിന്തിച്ചു കുഴഞ്ഞു. അവസാനം അബ്രഹാം വലിയൊരു തിരിച്ചറിവിൽ എത്തുന്നു. ““Might they, high as they are, not have above them yet a Lord who directs their courses, the rising and setting of each? It would be ill suited for me, as a man, to serve them and not that which perhaps rules over them.” അബ്രഹാമിന് മുമ്പ് അതുവരെ ആർക്കും ഇത്രയ്ക്ക് വ്യക്തമായി ഏകദൈവം എന്ന വെളിപാട് ഉണ്ടായിരുന്നില്ല. അതുവരെ ഉണ്ടായിരുന്ന അനേകം ദൈവങ്ങളുടെ അനേകം രീതിയിലുള്ള കഥകളായിരുന്നു. അപ്പോൾ ആകാശത്ത് ഉണ്ടായിരുന്ന ദൈവത്തിന്റെ ശ്രദ്ധ ഈ മനുഷ്യനിലേക്ക് തിരിഞ്ഞു. അബ്രഹാമിന്റെ ഈ കണ്ടുപിടുത്തം ദൈവത്തെ അത്ഭുതപ്പെടുത്തി. ദൈവം തന്നോട് തന്നെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ““Unbelievable, how well this clod of earth understands Me! Have I not begun to make a name for Myself through him? Truly, I will anoint him!”
അബ്രഹാം ദൈവത്തെ കണ്ടുമുട്ടുമ്പോൾ ദൈവം അബ്രഹാത്തെയും കണ്ടുമുട്ടുന്നു. ഇവരുടെ ബന്ധത്തിന് ആധാരം ഉടമ്പടിയും അനുഗ്രഹവുമാണ്. ദൈവത്തിൻറെ അനുഗ്രഹം മനുഷ്യന് കിട്ടണമെങ്കിൽ ഏകദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളു എന്ന് മനുഷ്യൻ ദൈവവുമായി ഉടമ്പടി ചെയ്യണം. പിന്നീടുള്ള ഇസ്രയേലിന്റെ ചരിത്രം ദൈവവുമായുള്ള ഉടമ്പടിയുടെയും ദൈവം നൽകുന്ന അനുഗ്രഹത്തിന്റെതുമാണ്. എപ്പോഴൊക്കെ ഈ ഉടമ്പടി ലംഘിക്കപ്പെട്ടോ അപ്പോഴൊക്കെ രോഗത്തിന്റെയും യുദ്ധത്തിന്റെയും പലായനങ്ങളുടെയും ദൈവശാപം ഇസ്രയേലിനെ വേട്ടയാടി. അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും ഈ ദൈവ ചരിത്രത്തിൽ പിന്നെ ക്രിസ്തുമതവും ഇസ്ലാമും പങ്കുചേർന്നു. എങ്കിലും ജൂത മതവും ഇസ്‌ലാം മതവുമാണ് ഏകദൈവ വിശ്വാസത്തോടെ ഏറ്റവും കൂടുതൽ വിശ്വസ്തത കാണിച്ചുകൊണ്ടിരിക്കുന്നത്.

ആരായിരുന്നു ക്രിസ്തുവിന്റെ ദൈവം? അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും ന്യായവിധികളുടെയും ഒരു ദൈവത്തിൽ ക്രിസ്തു വിശ്വസിച്ചിരുന്നില്ല. മനുഷ്യൻറെ തലയിൽ ഒരു അഴുക്ക് പണ്ടാരമായ് അടിഞ്ഞുകൂടിയ ദൈവ രൂപത്തെ ക്രിസ്തു അലക്കി വെളുപ്പിക്കുകയായിരുന്നു. യഹോവ എന്ന ദൈവത്തിൻറെ നാമം യഹൂദർ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. കാരണം ദൈവത്തിൻറെ നാമം വൃഥാ ഉപയോഗിക്കരുത് എന്ന കൽപ്പനയുടെ ലംഘനമാണ. അതുകൊണ്ടവർ ഭയത്തോടും വിറയലോടു കൂടി കർത്താവേ എന്ന് മാത്രം ദൈവത്തെ വിളിച്ചു. എന്നാൽ ക്രിസ്തു ദൈവത്തെ വിളിച്ചത് സ്നേഹമുള്ള പിതാവേ എന്നാണ്. അതുവരെ ഒരു യഹൂദനും ദൈവത്തെ പിതാവേ എന്ന് വിളിച്ചിട്ടില്ല. യഹൂദരെ സംബന്ധിച്ച് ദൈവത്തെ പിതാവേ എന്ന് വിളിക്കുക ഏറ്റവും വലിയ ദൈവദൂഷണം ആണ്.

സർവ്വശക്തൻ സർവ്വജ്ഞാനി സർവവ്യാപി തുടങ്ങിയ 99 പേരുകളാണ് ഇസ്ലാം ദൈവത്തിന് നൽകുന്നത്. ക്രിസ്തു ഒരിക്കലും ദൈവത്തെ സർവ്വശക്തൻ എന്നോ സർവജ്ഞാനി എന്നോ വിളിച്ചിട്ടില്ല. ക്രിസ്തുവിനെ ദൈവം പെർഫെക്റ്റ് ആണ്, അവൻ പരിപൂർണ്ണൻ ആണ്. പരിപൂർണതക്ക് ശക്തിയോടും ജ്ഞാനത്തോടും അല്ല ബന്ധം, സ്നേഹവുമായിട്ടാണ് പരിപൂർണ്ണത ബന്ധപ്പെട്ടിരിക്കുന്നത്. പരിപൂർണമായതെന്തും ഒരു കുഞ്ഞിനെ പോലെ എന്നെ പേടിപ്പിക്കുന്നു എന്ന് എൻ എസ് മാധവൻ എഴുതിയത് ഓർക്കുന്നു. പക്ഷേ ക്രിസ്തുവിന്റെ ദൈവത്തിന്റെ പരിപൂർണ്ണത ഒട്ടും പേടിപ്പിക്കാത്തതാണ്. അതുകൊണ്ടാണ് അവൻ പറയുന്നത് എൻറെ പിതാവ് പരിപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണർ ആയിരിക്കുവിൻ.

ക്രിസ്തു ഒന്നാം പ്രമാണത്തിൽ വിശ്വസിച്ചിരുന്നോ? തീർച്ചയായും. പക്ഷേ അത് യഹൂദർ വിശ്വസിച്ചിരുന്നത് പോലെ ആയിരുന്നില്ല എന്ന് മാത്രം. ഒന്നാംപ്രമാണത്തെ കുറിച്ച് യാതൊരു കഥയും പറയാൻ ക്രിസ്തുവിനില്ലായിരിന്നു. പക്ഷേ ഒന്നാംപ്രമാണത്തെ പോലെതന്നെ പ്രധാനമായ നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന കല്പനയെ കുറിച്ച് പറയാൻ ക്രിസ്തുവിനു കഥയുണ്ടായിരുന്നു, നല്ല സമരിയാക്കാരന്റെ കഥ. കഥ സൂക്ഷിച്ചു വായിച്ചാൽ മനസ്സിലാകും, ക്രിസ്തു ഈ കല്പനയിൽ വലിയ ഒരു അട്ടിമറി നടത്തുന്നതായിട്ട്‌. ലേവ്യരുടെ പുസ്തകം പത്തൊമ്പതാം അധ്യായം പതിനെട്ടാം വാക്യത്തിൽ ദൈവം പറയുന്നു, “നിന്റെ ജനത്തോട് പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.” ഇതിൽ “നിന്റെ ജനം” വളരെ പ്രാധാന്യമുള്ളതാണ്. ഇതനുസരിച്ച് യഹൂദന്റെ അയൽക്കാരൻ എപ്പോഴും ഒരു യഹൂദൻ തന്നെയാണ്.കൽദായരോ ഹിറ്റായിക്കാരോ എന്തിന് സമരിയാക്കാരു പോലും അല്ല. യഹൂദ ഗോത്രത്തിനുള്ളിൽ ജീവിക്കുന്നവർ പാലിക്കേണ്ട നിയമങ്ങളാണ് ലേവ്യരുടെ പുസ്തകം നൽകുന്നത്. യഹൂദർ അവരുടെ സ്വന്തം ഗോത്രത്തിൽ മാത്രം പാലിക്കേണ്ട കല്പനയാണ് നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക എന്നത്. ക്രിസ്തു ലേവ്യരുടെ ഈ പ്രമാണത്തെ അതിലംഘിക്കുകയും മറിച്ചിടുകയും ചെയ്യുന്നു. പൊതുവേ നല്ലവരായി കരുതിയിരുന്ന ലേവ്യനെയും പുരോഹിതനെയും കഥയിലെ വില്ലനായി അവതരിപ്പിക്കുന്നു. അയിത്തം കൽപ്പിച്ച് മാറ്റി നിർത്തിയിരുന്ന സമരിയാകാരനെ കഥയിലെ നായകനാകുമാക്കുന്നു. സ്നേഹത്തിന്റെ പ്രമാണം നൽകിയിട്ടുള്ള പുസ്തകത്തിൻറെ ഉടമകളായ ലേവ്യരെ തന്നെ പ്രമാണത്തിന്റെ ശത്രുക്കളായി അവതരിപ്പിച്ചിരിക്കൂന്നതായിരിക്കും ഒരുപക്ഷേ കഥയുടെ ഏറ്റവും വലിയ വിപ്ലവം.
എന്താണ് നല്ല സമരിയാക്കാരൻ കഥകൊണ്ട് ക്രിസ്തു ചെയ്യുന്നത്? സ്നേഹത്തെ അവൻ കല്പനകളിൽ നിന്ന് മോചിപ്പിക്കുന്നു, ഏറ്റവും സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പായി അതിനെ മാറ്റുന്നു. കാരണം സ്നേഹത്തിന് ഒരിക്കലും ഒരു കല്പനയോ നിയമമോ ആകാൻ സാധിക്കുകയില്ല. സ്നേഹം കല്പനയായി മാറുമ്പോൾ അത് അതിൽതന്നെ വൈരുദ്ധ്യമായി മാറുന്നു. സ്നേഹത്തിന് സ്വന്തം ജനം അന്യജനം എന്ന് വേർതിരിവുകൾ അറിയില്ല. എന്തിനേറെ സ്നേഹത്തിന് കൽപ്പന എന്താണെന്നു പോലും അറിയില്ല. സ്നേഹം കൽപ്പനകളിൽ വിശ്വസിക്കുന്നില്ല. സ്നേഹം, സ്നേഹം സൃഷ്ടിക്കുന്ന അസാധാരണതയിൽ, അപൂർവതയിൽ, വ്യത്യസ്തതയിൽ മാത്രം വിശ്വസിക്കുന്നു. സ്നേഹം ഈ കഥയിൽ കല്പിക്കപ്പെടുകയല്ല, അതിന്റെ എല്ലാ വിസ്മയങ്ങളോടും കൂടി ആഘോഷിക്കപ്പെടുകയാണ്.

ദൈവത്തെ സ്നേഹിക്കുക എന്ന ഒന്നാമത്തെ പ്രമാണം സ്വതന്ത്രമായ ദൈവസ്നേഹത്താൽ തന്നെ ലംഘിക്കപ്പെടണം. പഴയതെല്ലാം ക്രിസ്തുവിൽ നവീകരിക്കപ്പെടുന്നു എന്നത് മനസ്സിലാക്കാതെ, നിയമങ്ങളെ അതിശയിപ്പിക്കുന്ന സ്നേഹത്തിൻറെ ഉടമയായ ക്രിസ്തുവിൻറെ ഹൃദയം സ്വന്തമാക്കാതെ നമ്മൾ ഇനിയും പുലമ്പികൊണ്ടിരിക്കുന്നു ഒന്നാം പ്രമാണം ലംഘിക്കപ്പെട്ടു എന്ന്. God is the silence of the universe, andman is the cry that gives meaning to that silence”എന്ന് എഴുതിയത് നിരീശ്വരവാദിയായ ഷൂസെ സരമാഗോ ആണ്. ചിലപ്പോൾ നിരീശ്വരവാദിക്കാണ് ഏറ്റവും നല്ല ദൈവദർശനം ലഭിക്കുന്നത്. നിയമത്തെയും കല്പനകളുടെയും ദൈവത്തിനു പകരം ക്രിസ്തു കണ്ടെത്തിയത് സ്നേഹത്തിന്റെ ദൈവത്തെ ആയിരുന്നു.

വംശ ശുദ്ധി

വിശുദ്ധ ഗ്രന്ഥം വിശുദ്ധ ഗ്രന്ഥത്തെ തന്നെ ധിക്കരിക്കുന്നുണ്ട്. വൈരുദ്ധ്യ സമ്പൂർണ്ണങ്ങളായ ഇത്തരം ധിക്കാരങ്ങൾ ഒരു അനാദ്യശ്യ ഭംഗി വിശുദ്ധ ഗ്രന്ഥങ്ങൾക്ക് നൽകുന്നുണ്ട്. “J” പാരമ്പര്യം രചിച്ചു എന്നു പറയുന്ന പഴയ നീയമഗ്രന്ഥകളിലെ ദൈവമാണ് ഏറ്റവും വലിയ വൈരുദ്ധ്യ സ്വഭാവം പ്രകടിപ്പിക്കുന്നത്. ഒരേ സമയം യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ദൈവമായിരിക്കാൻ “J” യുടെ ദൈവം ശ്രമിക്കുന്നു. സ്വയം നിഷേധിക്കുന്നതിലും “J” യുടെ ദൈവം മിടുക്ക് കാണിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും “J” യുടെ വായനക്കാരനു തോന്നിപ്പോകും: God is an atheist.

ധിക്കരണത്തിന്റെ അപനിർമ്മാണ സ്വഭാവം പ്രകടിപ്പിക്കുന്ന പ്രധാനപ്പെട്ട പുസ്തകം സഭാ പ്രസംഗകൻ ആണ്. ഇതൊരു Anti-Book ആണ്. ഒരു വിരുദ്ധ പുസ്തകം. തമോ ഗർത്തത്തെ പോലെ ചുറ്റുപാടുമുള്ള മറ്റെല്ലാ പുസ്തകങ്ങളെയും ഇല്ലാതാക്കാൻ ഈ പുസ്തകം ശ്രമിക്കുന്നുണ്ട്. “മിഥ്യ, മിഥ്യ, സകലതും മിഥ്യ,” എന്നു പറഞ്ഞു കൊണ്ടാണ് ഈ പുസ്തകം ആരംഭിക്കുന്നത്. പെസിമിസത്തിന്റെ ആഴങ്ങളിലേക്ക് നോക്കുന്ന സഭാ പ്രസംഗകൻ തരുന്നത് ശൂന്യതയുടെ അരുളപ്പാടുകളാണ്. അതു കൊണ്ടാണ് തമോഗർത്തം എന്ന് ഈ ഗ്രന്ഥത്തെ വിളിക്കാൻ തോന്നുന്നത്. സോളമന്റെ മുഴുവൻ വിജ്ഞാനത്തെയും നിർമര്യാദം തട്ടി മാറ്റാൻ ഈ പുസ്തകം ശ്രമിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകം വാഴ്ത്തുന്ന ജ്ഞാനത്തെ സഭാപ്രസംഗകൻ യാതൊരു കരുണയുമില്ലാതെ ആക്രമിക്കുന്നു: “How wise man dies just like a fool!”

പ്രവാചക ഗ്രന്ഥങ്ങൾ പോലും വ്യക്തമായി ധിക്കരിക്കപ്പെട്ടുന്നുണ്ട്. അവ ധിക്കരിക്കപ്പെടേണ്ടത് പലപ്പോഴും ഭാവിയുടെ ആവശ്യമാണ്.  ചില പ്രവചനങ്ങൾ സംഭവിക്കുന്നത് മറ്റു ചില പ്രവചനങ്ങൾ ഇല്ലാതാകുമ്പോഴാണ്. അങ്ങനെ ധിക്കരിക്കപ്പെടേണ്ടതായി വരുന്ന ഗ്രന്ഥങ്ങളാണ് എസ്രായും നെഹെമിയയും. എസ്രായും നെഹെമിയായും വംശശുദ്ധിയുടെ പ്രവാചകന്മാരായിരിന്നു. പ്രവാസികളായിരിന്ന യഹൂദരെയും കൊണ്ട് ഇസ്രായേലിൽ തിരിച്ചെത്തുന്ന എസ്രാ കാണുന്നത് വിജാതിയ മതത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചു ജീവിക്കുന്ന യഹൂദരെയാണ്. എസ്രായ്ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരിന്നു. എസ്രാ സ്വന്തം വസ്ത്രം വലിച്ചു കീറി കരഞ്ഞു കൊണ്ട് ദൈവത്തിന്റെ മുൻപിൽ മാപ്പിരക്കുന്നു. യഹൂദരോട്, അവർ വിവാഹം കഴിച്ചിരിക്കുന്ന വിജാതിയ സ്ത്രീകളെ ഉപേക്ഷിച്ച് വംശശുദ്ധി വരുത്താൻ എസ്രാ ആവശ്യപ്പെടുന്നു.

യഹൂദർ വിജാതിയ സ്ത്രീകളെ വിവാഹം കഴിക്കാതിരിന്നെങ്കിൽ അത് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രപചനങ്ങളെ ഇല്ലാതാക്കുമായിരിന്നു. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രധാന പ്രവചനം അവൻ ദാവീദിന്റെ ഗോത്രത്തിൽ ജനിക്കുമെന്നുള്ളതാണ്. ദാ വീദിന്റെ ഗോത്രത്തിൽ കയറിപ്പറ്റുന്ന ഒരു വിജാതിയ സ്ത്രീയുണ്ട്. അവളുടെ പേര് റൂത്ത് എന്നാണ്. സ്വന്തം പേരിൽ ഒരു പുസ്തകം അവൾക്ക് പഴയ നീയമത്തിലുണ്ട്. യഹൂദനെ വിവാഹം കഴിച്ച മൊവാബ്യ വംശജയായ റൂത്ത് ഭർത്താവ് മരിച്ചപ്പോൾ അമ്മായി അമ്മയായ നവോമിയോടൊപ്പം ജറുസലേമിലേക്ക് വരുന്നു. അവിടെ വച്ച് ഭർത്താവിന്റെ ബന്ധുവും സമ്പന്നനുമായ ബോവാസിന്റെ പാടത്ത് കാല പെറുക്കാൻ പോകുന്നു. നവോമി  പറഞ്ഞു കൊടുത്ത ചാതുര്യത്തിൽ അവൾ ബോവാസിന്റെ ഭാര്യയായി തീരുന്നു. ബോവാസിന്റെ യും റൂത്തിന്റെ യും മകനാണ് ഓബദ്. ഓബദിന്റെ മകനാണ് ജെസ്സേ. ജെസ്സേയുടെ മകനായിട്ട് ദാവീദ് ജനിക്കുന്നു. ദാവീദിന്റെ ഗോത്രത്തിൽ ക്രിസ്തുവും ജനിക്കുന്നു. എസ്രായും നെഹെമിയായും ആവശ്യപ്പെടുന്ന വംശ ശുദ്ധി ബോവാസ് കാത്തുസൂക്ഷിക്കുകയും റൂത്തിനെ വിവാഹം കഴിക്കാതിരിക്കുകയും ചെയ്തിരി ന്നെങ്കിൽ ദാവീദിന്റെ ഗോത്രം ഉണ്ടാകുമായിരിന്നില്ല.

പ്രവാചകന്മാർ ആവശ്യപ്പെടുന്ന വംശ ശുദ്ധി ഇല്ലാത്ത ഗോത്രത്തിൽ നിന്നാണ് ക്രിസ്തു ജനിക്കുന്നത്. നമ്മളിൽ പലർക്കും ഉണ്ടെന്ന് അഭിമാനിക്കുന്ന ശുദ്ധ കുടുംബ മഹിമ ക്രിസ്തുവിനില്ലായിരിന്നു. ക്രിസ്തുവിന്റെ വംശാവലിയിലെ അമ്മമാരിൽ അന്യമതത്തിൽ പെട്ട, താഴ്ന്ന ജാതിയിൽ പെട്ട ഒരു സ്ത്രീയുണ്ട് . ക്രിസ്തു പോലും അവകാശപ്പെടാത്ത വംശശുദ്ധിയും കുടുംബ മഹിമയുമാണ് പല ക്രിസ്ത്യാനികളും അവകാശപ്പെടുന്നത്.

പ്രവാചകനും മിശിഹായും

ക്രിസ്തു പറഞ്ഞു, ഒരു പ്രവാചകനും സ്വന്തം ദേശത്ത് അംഗീകരിക്കപ്പെടുന്നില്ല.” ഒരു പക്ഷെ, ഇതിന്റെ മറുവശവും ശരിയായിരിക്കും , എപ്പോഴാണോ പ്രവാചകൻ സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടുക അതോടു കൂടി അയാൾ പ്രവാചകൻ അല്ലാതായി തീരുന്നു. “തന്റെ ജന്മദേശത്തിന്മേലുള്ള അവകാശം ഉപേക്ഷിക്കുന്നയാൾ പ്രവാചകനാകാൻ കടപ്പെട്ടിരിക്കുന്നു” എന്ന് മൈക്കൾ സേരസ്സ് അനുമാനിക്കുന്നു. അപ്രിയനാകുക പ്രവാചകന്റെ നിയോഗമാണ്. ചുറ്റുപാടും വിള്ളലുകളും പിളർപ്പുകളും സൃഷ്ടിക്കുന്ന പ്രവാചകൻ വെറുക്കപ്പെടാൻ വിധിക്കപ്പെടുന്നു.

പ്രവാചകനെക്കുറിച്ച് പോൾ റിക്കർ പറഞ്ഞതിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു , “A Prophet is one who inherits misfortunes.” ആരുടെ ദൗർഭാഗ്യങ്ങൾ? എന്റെ ഉത്തരം ദൈവത്തിന്റെ ദൗർഭാഗ്യങ്ങൾ എന്നാണ്. സ്വന്തം ഭാഗ്യങ്ങളെ കൈയൊഴിയുന്ന ഒരാളായി ദൈവത്തെ കാണാൻ ശ്രമിക്കുന്നു. ദൈവത്തിന്റെ ഭാഗ്യങ്ങളെ എല്ലാവരും പങ്കിട്ടെടുക്കുന്നു . ഈ പങ്കിട്ടെടുക്കലിന്റെ വേദികൾ നമ്മുക്കു ചുറ്റും ഒത്തിരിയുണ്ട്. എന്നിട്ടവൻ അവന്റെ നിർഭാഗ്യങ്ങളുമായി ഒറ്റയ്ക്കാകുന്നു. പ്രവാചകന്റെ വിധി ഈ ദൗർഭാഗ്യങ്ങൾ സ്ഥീകരിക്കുക എന്നതാണ്. എസെക്കിയേലിന്റെ ശിരസ്സിൽ ദൈവം ഒരു പ്രചണ്ഡമരുത്തായി നിപതിക്കുന്നു. മോസ്സസിന്റെ ദൈവം വിക്കി വിക്കി സംസാരിക്കുന്നു. ദൈവത്തിന്റെ വിരസമായ ഏകാതനതയിൽ പിറുപിറുക്കാൻ ജെറമിയാ വിധിക്കപ്പെടുന്നു. എപ്പോഴും വൈകി വരുന്ന ദൈവത്തിന്റെ പിൻ ബുദ്ധിയുടെ നാണക്കേടുമായി യോനാ നിൽക്കുന്നു. സൗമ്യനും വൈകാരികനുമായിരിന്ന ജെറമിയാ പ്രവാചകനായി കഴിയുമ്പോൾ ഒരു അഗ്നിസ്തംഭമായി മാറുന്നു. അവൻ സ്നേഹിക്കുന്ന എല്ലാത്തിനെയും വിധിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നു. സഭൃനും അന്തസ്സുള്ളവനുമായിരിന്ന ഏശയ്യാ വസ്ത്രം വലിച്ചെറിഞ്ഞ് മൂന്ന് വർഷം നഗ്നായി നടന്നു. ശുദ്ധതയിൽ ഒട്ടും കുറവ്വില്ലാത്ത കണിശക്കാരനായ പുരോഹിതനായിരിന്ന എസെക്കിയേൽ വിസർജജ്യത്തിൽ ഭക്ഷണം കൂട്ടിക്കുഴച്ച് തിന്നാൻ തുടങ്ങുന്നു. വ്യാജ പ്രവാചകന്മാർ ജനങ്ങളെ രസിപ്പിക്കുമ്പോൾ യഥാർത്ഥ പ്രവാചകൻ ഭീഷണികൾ മുഴക്കുന്നു. സാമുവേലിനെ കാണുമ്പോൾ ഭീതിതരായ ജനങ്ങൾ മുഖം തിരിച്ച് ഓടി മറയുന്നു, വാതിലുകളും ജന്നലുകളും കൊട്ടിയടക്കുന്നു, തെരുവീഥികൾ ശ്യന്യമാകുന്നു.

പ്രവാചകൻ ഭാവികാലത്തെ നിർമ്മിക്കുകയല്ല, വർത്തമാനത്തെ എടുത്തു മാറ്റുകയാണ് ചെയ്യുന്നതെന്ന് മൗറീസ് ബ്ലാഷോ മനസ്സിലാക്കുന്നു. അങ്ങനെ ദൃഢവും, സ്ഥാവരവും ജീർണ്ണവുമായ ഒരു വർത്തമാന കാലം സംഭവിക്കാതിരിക്കാൻ അവൻ ജാഗ്രത കാണിക്കുന്നു. ഒന്നിനും സ്ഥിരതയില്ലാത്ത മരുഭൂമിയുടെ ഓർമ്മ മറ്റുള്ളവരിൽ ഉണർത്തിക്കൊണ്ടാണ് അവൻ ഇത് സാധിക്കുന്നത്, This voice needs the desert to cry out and that endlessly awaken in us the terror, and memory of the desert.” നിശ്ചലതയുടെയും സ്ഥിരതയുടെയും അപകടത്തെ പ്രവാചകൻ കാണിച്ചു തരുന്നു. യാത്ര അവസാനിപ്പിച്ചവർ, നിശ് ചലരായവർ ഇവരെല്ലാം കൈയടക്കുന്നവരും ഉടമസ്ഥരും അധിനിവേശക്കാരുമായി മാറുന്നു. അതു കൊണ്ട് പ്രവാചകന്മാർ ഒരു ശേഷിപ്പ് ജനതയെ സ്വപ്നം കാണുന്നു, a remnant that possessed nothing.

പ്രവാചകന്മാർക്ക് ഒരിക്കലും തിരിച്ചുപോക്കില്ല. അവർ എല്ലായിടത്തുനിന്നും തിരസ്കൃതരാകുന്നു. ദൈവം പോലും പ്രവാചകനു വില കൊടുക്കാതെ വരുന്നു. കസൻദ് സാക്കിസിന്റെ പരിതപിക്കുന്ന സാമുവേൽ പ്രവാചകനോടു ദൈവം തുടർച്ചയായി പറയുന്നു, ” I don’t care you.” എകാന്തതയുടെ മരുഭൂമികൾ മാത്രം അവനു അഭയമാകുന്നു. അവിടെ അവൻ വിളിച്ചു പറയുന്നതെല്ലാം പക്ഷെ കല്ലെ പിളർക്കുന്ന ശാസനകളായി മാറുന്നു.

എങ്കിലും, പ്രവാചകർ പരാജപ്പെടുന്നുണ്ട്. അസാദ്ധ്യമായതിനെ സ്ഥാപിച്ചെടുക്കാൻ അവർക്ക് കഴിയുന്നില്ല. അത് മിശിഹായ്ക്ക് മാത്രമേ സാധിക്കു. ഈ മിശിഹാ സ്വപ്നങ്ങൾ സമ്മാനിച്ചിട്ട് അവർ പിന്മാറുന്നു. പ്രവാചകൻ സത്യത്തെ ചൂണ്ടിക്കാണിക്കുന്ന സാക്ഷ്യമായി മാറുന്നു. പ്രവാചകനിൽ നിന്നും മിശിഹായിലേക്ക് കുറച്ച് ദൂരമുണ്ട്. സ്നാപക യോഹന്നാനിൽ നിന്നും ക്രിസ്തുവിലേക്കുള്ള ദൂരമാണത്. സ്നാപക യോഹന്നാനും ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം കല്ലാശാരിയും മരപ്പണിക്കാരനും തമ്മിലുള്ള വ്യത്യാസമാണ്. ഏറ്റവും ദൃഢമായ ഇഷ്ടികൾ കൊണ്ട് ഏറ്റവും ബലിഷ്ടമായ ധാർമ്മികതയുടെ സൗധം പണിയാനാണ് സ്നാപക യോഹന്നാൻ ശ്രമിച്ചത്. ക്രിസ്തു എന്ന മരപ്പണിക്കാരനാകട്ടെ ദൈവരാജ്യത്തിന്റെ എല്ലായിടത്തും വാതിലുകളും ജന്നലുകളും പിടിപ്പിച്ചു. ഈ വാതിലുകളെല്ലാം പാപികൾക്കും ചുങ്കക്കാർക്കും വേശ്യകൾക്കുമായി അവൻ തുറന്നിട്ടു.

ക്രിസ്തുവിനു ശേഷം പ്രവാചകന്മാർക്കല്ല പ്രസക്തി , ക്രിസ്തു ശിഷ്യന്മാർക്കും അപ്പോസ്തലന്മാർക്കു മാണ് പ്രസക്തി. സ്വന്തം ജീവനു യാതൊരു വിലയും കൊടുക്കാതെ താൻ വഹിക്കുന്ന സന്ദേശത്തിനും ആർക്കു വേണ്ടിയാണോ ഈ സന്ദേശം നൽകപ്പെട്ടിരിക്കുന്നത് അവർക്കും മാത്രം വില നൽകുന്നവനാണ് ക്രിസ്തു ശിഷ്യൻ അല്ലെങ്കിൽ അപ്പോസ്തലൻ. പ്രവാചകൻ മുറിവുകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അതുണക്കാൻ അവനു കഴിവില്ല . “The Prophet doesn’t heal the wounds, but he only exacerbates,” എന്ന് ഹാരോൾഡ് ബ്ലും ദർശിക്കുന്നു. മുറിവ് ഉണക്കാൻ മിശിഹായ്ക്ക് മാത്രമേ സാധിക്കുകയുള്ളു. മുറിവ് ഉണക്കുന്ന ഈ മിശാഹാ സ്വഭാവം പകർന്നതു കൊണ്ടായിരിക്കും ബോബി അച്ഛൻ ഇത്രയ്ക്ക് പ്രസക്തനായത്.

പ്രീയപ്പെട്ട ജിജോ,

പ്രീയപ്പെട്ട ജിജോ,
നിന്റെ ഭയമില്ലായ്മ എന്നെ ഭയപ്പെടുത്തുന്നു ! സഭയിൽ നിന്റെ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധം ഇപ്പോൾ കൂടുതലാണ്. ഭയത്തിൽ നിന്നുള്ള മോചനമാണ് തത്വ ചിന്തയുടെ ലക്ഷ്യം എന്നു മനസ്സിലാക്കുന്നത് സ്പിനോസയാണ്. പക്ഷെ, മനുഷ്യന് ഇത് സാധ്യമാണോ? എന്റെ പ്രിയപ്പെട്ടവരുടെ മരണം എന്റെ ഏറ്റവും വലിയ ഭീതിയാണ്. ഒരു ചെറിയ ഭീതി നിനക്ക് നല്ലതാണെന്ന് തോന്നുന്നു. അതൊരു പക്ഷെ നിന്നെ ചില ആപത്തുകളിൽ നിന്നും രക്ഷിച്ചേക്കാം. അതിനല്ല , ഞാനിതെഴുതുന്നത്. നമ്മുടെ നിലപാടുകളെ നമ്മൾ തന്നെ ഒന്നു ചോദ്യം ചെയ്യുന്നത് നല്ലതാണ്.

നമ്മൾ രണ്ടു പേരും റോമിലെ ഏറ്റവും മികച്ച യൂണിവേഴ്സ്റ്റിയിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ഇറ്റാലിയൻ ഭാഷയോടുള്ള നമ്മുടെ മൽപിടിത്തവും തണുത്തു വിറച്ച് നമ്മൾ യൂണിവേഴ്സ്റ്റിയിലേക്ക് പോയത് ഓർക്കുക. നമ്മുടെ ഇറ്റാലിയൻ ഭാഷാ പഠനം മുതൽ യൂണിവേഴ്സറ്റി പഠനം വരെ പഠനം, താമസം, ഭക്ഷണം , ചികിത്സ എന്നിവക്ക് കപ്പൂച്ചിൻ സഭ എത്ര ലക്ഷം രൂപ ( യൂറോ) മുടക്കിക്കാണും ? ഇതെവിടെ നിന്നാണ് വന്നത്? മാസം തോറും നമുക്ക് കിട്ടുന്ന മാസ് money എവിടെ നിന്നാണ് വന്നത്? യുക്തി വാദികളിൽനിന്നുമല്ല, ചിന്തകരിൽ നിന്നുമല്ല, സഭയുടെ തിന്മകളിൽ രോഷം കുലരായി പുറത്തു പോയ ബഹുഭൂരിപക്ഷത്തിന്റെ പോക്കറ്റിൽ നിന്നല്ല. സഭയുടെ തിന്മകളെ വീണ്ടും വീണ്ടും ക്ഷമിച്ചു കൊണ്ട്, മരണാനന്തര ജീവിതം, ആത്മാക്കളുടെ മോചനം, ശുദ്ധീകരണ സ്ഥലം തുടങ്ങിയ കൊച്ച് കാര്യങ്ങളിൽ വിശ്വസിക്കുന്ന, പുരോഹിതനെ ദൈവത്തിന്റെ പ്രതിപുരുഷനായി കാണുന്ന സാധാരണ വിശ്വാസമുള്ള മനുഷ്യർ മിച്ചം പിടിച്ച പണമാണ് നമ്മുടെ ആരോഗ്യത്തിന്റെ യും പഠനചിന്തയുടെയും ആധാരം. These people of catholic church fed us.

ഇത് നമുക്ക് മറക്കാനാകുമോ? ഇവരുടെ സാധാരണ ഭക്തിയെ നമ്മുക്ക് തള്ളിക്കളയാനാകുമോ? ഞാനും നീയും ഷാജിയും പറയുന്നത് സാധാരണ മത വിശ്വാസികൾക്ക് മനസ്സിലാകുമോ? അവർക്ക് ഇന്നും ആശ്രയം വട്ടായിൽ അച്ഛനും കൃപാസനവും ധ്യാനകേന്ദ്രങ്ങളുമാണ്. ഇവരിൽ എന്റെ അച്ഛനും അമ്മയുമുണ്ട് . അഭ്യസ്തവിദ്യരായ എന്റെ സഹോദരങ്ങളുണ്ട്. ഇവർക്കാർക്കും എന്റെ പുസ്തകത്തിലെ തത്വ ചിന്തയൊന്നും മനസ്സിലാകുന്നില്ല. ഇവരെ കുറ്റപ്പെടുത്താനാകുമോ? മതം നൽകുന്ന ചെറിയ ആശ്വാസങ്ങളുമായി ജീവിക്കുന്ന ഈ മനുഷ്യരെ നമ്മുക്ക് എന്തു മാത്രം കളിയാക്കാം ?

ആരാണ് നിന്റെ ലേഖനങ്ങൾ വായിച്ച് അനുമോദിക്കുകയും ലൈക്ക് അടിക്കുകയും ചെയ്യുന്നവർ? അഭ്യസ്ത വിദ്യരും ചിന്താശീലരുമായ ഒരു മധ്യ വർഗ്ഗത്തിൽ പെട്ടവർ. മതം കൂടാതെയും ജീവിക്കാൻ കഴിയുന്നവരാണിവർ . പക്ഷെ, സഭയുടെ ഭൂരിഭാഗം വരുന്ന മനുഷ്യർ ഇവരല്ല . മതവും പള്ളിയും പട്ടക്കാരും ജീവിത പ്രധാന ഭാഗമായി കരുതുന്ന ഒരു വലിയ വിഭാഗം സാധാരണ മനുഷ്യരുണ്ടിവിടെ. ബോബി അച്ഛനു സംഭവിച്ചു എന്നു നമ്മൾ കരുതുന്ന ദുരന്തം നമ്മുക്കും സംഭവിക്കുന്നില്ലേ , accessible only to an educated middle class?

ഞാൻ സംസാരിക്കുന്ന സാധാരണ വിശ്വാസികൾക്ക് രോഷമല്ല, നാണക്കേടാണുള്ളത്. ഈ സാധാരണ മനുഷ്യരുള്ള സഭയിൽ നമ്മൾ നടത്താൻ പോകുന്ന നവീകരണം എങ്ങനെയുള്ളതായിരിക്കണം ? നമ്മുടെ ഈ നവീകരണത്തിലും അപകടങ്ങളില്ലേ? യാതൊരു വൈകാരികതയക്കും സ്ഥാനമില്ലാത്ത ചിന്തയുടെ ഒരു മതമായിരിക്കുമോ അത്? മതത്തിന്റെ ദുഷ്പ്രഭുത്വത്തിൽ ശ്വാസം മുട്ടിയ യൂറോപ്പ് സെക്കുലറിസത്തിലേക്ക് പോയി. ഇന്ന് ഈസെക്കുലറിസമാണ് യൂറോപ്പിനെ ശ്വാസം മുട്ടിക്കുന്നത്. ഒരു പുതിയ ക്രിസ്ത്യൻ സംസ്കാരം ഉണ്ടായാൽ ആ സംസ്കാരവും കുറച്ച് കഴിയുമ്പോൾ എന്തായി തീരും! Every Civilization becomes a cage എന്ന് Max Webber നിരീക്ഷിക്കുന്നുണ്ട്. എല്ലാ പൗരോഹിത്യത്തെയും എതിർത്ത കമ്യൂണിസം തന്നെ സ്വയം ഒരു പൗരോഹിത്യം ആയി മാറിയെന്നും മതത്തെ തകർത്ത കമ്യൂണിസത്തിന് എന്നാൽ മതം നൽകുന്ന ആശ്വാസങ്ങളെ നൽകാനായില്ല എന്നും നിരീക്ഷിക്കുന്നത് നമ്മുടെ ആനന്ദ് ആണ്. ഇത്തരം ആപത്തുകളെ നമ്മൾ കണക്കിലെടുക്കേണ്ടേ?

ഈ പ്രാവശ്യം ബിഷപ്പുമാരെ ധ്യാനിപ്പിച്ചത് ആരാണെന്നറിയാമോ? ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ ! ഇത് ഒരു ദുരന്തമല്ലേ? എന്ത് നവിനതയാണ് , എന്ത് പുതിയ ചിന്തയുടെ അത്ഭുതമാണ് ഡാനിയേൽ അച്ഛനു നൽകാനാകുക ? ഒരു അബ്സല്യൂട്ടി സത്തിൽ അഭിരമിക്കുന്ന അച്ഛനു എന്തു പുതുമയുടെ ജനലും വാതിലുമാണ് ബിഷപ്പുമാർക്ക് വേണ്ടി തുറന്നിടാനാകുക? ബിഷപ്പുമാർ ധ്യാനിക്കേണ്ടത് നിന്നെപ്പോലുള്ള യഥാർത്ഥ ദൈവശാസ്ത്രഞ്ജന്മാർ ഉയർത്തുന്ന വിമത ശബ്ദമാണ്. എന്നാൽ കുറച്ച് സാധാരണ മനുഷ്യർ ഡാനിയേൽ അച്ഛന്റെ ധ്യാനം കൂടി എന്തെങ്കിലും ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ അതിനെ എതിർക്കാൻ ഞാനില്ല.

നിന്നെ എതിർക്കുന്നവരെ ഞാൻ എതിർക്കുന്നു. നീ സമരത്തിൽ പങ്കെടുത്തതിനെ ഞാൻ അനുകൂലിക്കുന്നു. നീ പ്രസംഗിക്കുന്നത് ജീവിക്കുന്ന ഒരു rare മനുഷ്യനാണ്. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന നിന്റെ ഉള്ളിലുള്ളത് ക്രിസ്തുവിന്റെ നീതിയുടെ പരാഗരേണുക്കളാണ് . പക്ഷെ, നിനക്കറിയാം , സമരം എന്റെ വഴിയല്ല എന്ന്. എല്ലാ ആൾക്കൂട്ടത്തിൽ നിന്നും ഞാൻ ഓടി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. ഒരാൾക്കൂട്ടം ഒരു സത്യം വിളിച്ചു പറയുമ്പോൾ അത് വെറും മുദ്രാവാക്യമായി മാറുന്നു. Truth recedes to a whicper. I Sucpect the crowd.

ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ എന്നെ ചിന്തിപ്പിച്ചത് നീയല്ല. ഫേയ്സ്ബുക്കിൽ പോസ്റ്റുകൾ ട്രോളുകളും വിശകലനങ്ങളും കുത്തി നിറക്കുന്ന ബുദ്ധിജീവികളല്ല . എല്ലാ നാണക്കേടുകളും സഹിച്ച് ജോലി സ്ഥലത്തും പൊതു ഇടങ്ങളിലും മറ്റു മതസ്ഥരുടെ കളിയാക്കലും വിമർശനങ്ങളും സഹിച്ച് ഇപ്പോഴും പള്ളിയിൽ വരുകയും കുമ്പസാരിക്കുകയും എന്നെ കാണുമ്പോൾ സ്തുതി പറയുകയും ചെയ്യുന്ന സാധാരണ വിശ്വാസികൾ എന്നെ അത്ഭുതപ്പെടുത്തുന്നു , തോൽപ്പിക്കുന്നു. ഈ മനുഷ്യരെ വേദനിപ്പിക്കുമെങ്കിൽ എന്റെ എല്ലാ രോഷവും പ്രതിഷേധവും ഞാൻ അടക്കി വെക്കുന്നു. വീണു കിടക്കുന്ന സഭയെ ചവിട്ടാനും തുപ്പാനും ഞാനില്ല. With all her sins, church is my mother. She feeds me.