മറിയത്തിന്റെ നിയമം

ഒന്നോ രണ്ടോ ഏടുകളിൽ സംഗ്രഹിക്കപ്പെട്ട ജീവിതമാണ് യേശുവിന്റെ അമ്മ മറിയത്തിന്റെ ജീവിതം. എന്നിട്ടും മറിയത്തിന്റെ സാന്നിദ്ധ്യം എല്ലായിടത്തുമുണ്ട്. ചില കത്തോലിക്കർ ക്രിസ്തുവിനേക്കാൾ മറിയത്തെയാണ് സ്നേഹിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ക്രിസ്തു അങ്ങനെ പ്രത്യക്ഷപ്പെടുന്നില്ലങ്കിലും മറിയം തുടർച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടുതലായി വണക്കപ്പെടുന്ന എന്തും ഒരു വിഗ്രഹമായി മാറാനുള്ള സാധ്യതയുണ്ട്. ഭജനം പാടി ഉറക്കപ്പെട്ട വിഗ്രഹങ്ങൾ ഉണ്ടാകുന്നതുപോലെ. ഈ ദൗർഭാഗ്യം മറിയത്തെയും വേട്ടയാടുന്നുണ്ട്. തിയോളജിയിൽ മറിയത്തെക്കുറിച്ച് മാത്രം പഠിക്കുന്ന ഒരു പഠന ശാഖയുണ്ട്, മരിയോളജി. മറിയത്തെക്കുറിച്ചുള്ള വിശ്വാസ സത്യങ്ങൾ ഗഹനമായി പഠിക്കുന്ന ഒരു മേഖലയാണത്. 
എന്നിട്ടും മറിയത്തിന്റെ ആന്തരിക ജീവിതം തികച്ചും അപരിചിതമായി നിൽക്കുന്നു. മറിയത്തിന്റെ ആന്തരീക ജീവിതം അന്വേഷിക്കുന്ന ഒരു പുതിയ പുസ്തകം വായിച്ചു, കലം റ്റൊബിന്റെ The Testement of Mary എന്ന നോവലാണിത്. മനസ്സിനെ കുളിർപ്പിക്കുന്ന, ഇതുവരെ അപരിചിതമായിരിന്ന ഒരു ലോകത്തെ വെളിവാക്കുന്ന, അസാധാരമാണ സംവേദനത്വമുള്ള, സ്ത്രീയുടെ സുവിശേഷം എന്ന് പറയാവുന്ന വായനാനുഭവം നിറഞ്ഞ ഒരു പുസ്തകമാണിത്. ഒട്ടും കലർപ്പില്ലാതെ, ഒന്നിനോടും സന്ധി ചെയ്യാതെ നിർബാധം സഞ്ചരിക്കുകയാണ് ഈ പുസ്തകം. ചില വിശ്വാസസത്യങ്ങൾ രൂപപ്പെടുന്നത് പലതിനോടും സന്ധിചെയ്തു കൊണ്ടാണ്. ആൾക്കുട്ടത്തോട് സന്ധിചെയ്യുമ്പോഴാണ് മതം അപകടകാരിയാകുന്നത്. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് റ്റൊബിന്റെ പുസ്തകം. ഇത്തരം, പുസ്തകങ്ങളുടെ പ്രാധാന്യം ആവർത്തനത്തിൽ ഒളിച്ചിരിക്കുന്ന വ്യത്യാസങ്ങളെ കണ്ടെത്താൻ സഹായിക്കുന്നു എന്നതാണ്.

ക്രിസ്തുവിന്റെ മരണത്തിനു ശേഷം ഏകാന്തതയിൽ വസിക്കുന്ന മറിയത്തിന് കൂട്ടായി ശിഷ്യന്മാർ എന്നു വിളിക്കുന്ന രണ്ടു പേർ കൂടെയുണ്ട്. അവർ അവളുടെ ജീവിതത്തിൽ അനാവശ്യമായ ആധിപത്യം പുലർത്തുന്നവരാണ്. യേശുവിനെക്കുറിച്ച് മറിയത്തിൽ നിന്നും എല്ലാം ചോദിച്ചറിയാൻ അവർ ശ്രമിക്കുന്നു.. അതിലൊരാൾ ഇതെല്ലാം എഴുതി കടുത്തുന്നു. താൻ പറയുന്നതു തന്നെയാണോ അവർ എഴുതുന്നെതെന്ന് മറിയത്തിന് ആശങ്കയുണ്ട്. വ്യക്തമായ നിലപാടുകൾ ആർജ്ജിച്ചെടുത്ത ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ വ്യാഖ്യാനിക്കാൻ കഴിവുള്ള, വണങ്ങുന്നതിനെ മനസ്സിലാക്കാൻ കെൽപ്പുള്ള ഒരു സ്ത്രീയായിട്ടാണ് മറിയത്തെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്, “They think I do not understand what is slowly growing in the world; they think I do not see the point of their questions and do not notice the cruel shadow of exasperation that comes hooded in their faces or hidden in their voices when I say something pointless or foolish, something which leads us nowhere. When I seem not to remember what they think I must remember.” രക്തത്തേക്കാളും അസ്ഥികളേക്കാളും ഇപ്പോൾ മറിയത്തിന്റെ ശരീരം നിറയെ ഓർമ്മകളാണ്. ജീവിതത്തിന്റെ അന്ത്യ വേളകളിൽ എത്തിയിരിക്കുന്ന മറിയം ജീവിതത്തിന്റെ പല മായ കാഴ്ചകളോടും വിട പറഞ്ഞിരിക്കുന്നു. പുഞ്ചിരിയുടെ ആവശ്യം പോലും അവൾക്ക് ഇല്ലാതായിട്ടുണ്ട്.
ആരായിരിന്നു മറിയത്തിന് യേശു ? അവളുടെ മകൻ എന്നിട്ടും അവൾക്ക് അപരിചിതനായി പോയവൻ. അവളുടേതായിരിന്നിട്ടും അവളുടെതല്ലാതായി പോയവൻ. മേരിയുടെ ആത്മഗതം ഇതാണ്, “I cannot say the name, it will not come, something will break in me if I say the name. So we call him ‘him’, ‘my son’, ‘our son’, ‘the one who was here’, ‘your friend’, ‘the one you are interested in’. Maybe before I die I will say the name or manage on one of those nights to whisper it but I do not think so.”
മറിയം മകന്റെ ചുറ്റും കൂടിയ സുഹൃത്തുക്കളെ ‘misfit’ എന്നാണ് വിശേഷിപ്പിക്കുന്നത്, “He gathered around him, I said, a group of misfits, who were only children like himself, or men without fathers, or men who could not look a woman in the eye. Men who were seen smiling to themselves, or who had grown old when they were still young.” എന്നാൽ അവളുടെ മകൻ ഒരു മിസ്ഫിറ്റ് അല്ലായിരിന്നു എന്നാണ് അവന്റെ അമ്മയുടെ സാക്ഷ്യം. അവൾ മകനെക്കുറിച്ച് അഭിമാനിക്കുന്നു, “My son gathered misfits, although he himself, despite everything, was not a misfit; he could have done anything, he could have been quiet even, he had that capacity also, the one that is the rarest, he could have spent time alone with ease, he could look at a woman as though she were his equal, and he was grateful, good-mannered, intelligent.”
പലരും അവളുടെ മകനെ അവകാശപ്പെടുത്തി കൊണ്ടുപോകുന്ന കാഴ്ച അവളെ ഭയപ്പെടുത്തി. അവളുടേതു മാത്രമായി അവനെ സൂക്ഷിക്കാൻ അവൾ ആഗ്രഹിക്കുന്നു. മറ്റുള്ളവരോട് തുടർച്ചയായി സംസാരിച്ചു കൊണ്ടിരിക്കുന്ന യേശുവിനേക്കാളും മറിയം ഇഷ്ടപ്പെടുന്നത് തന്റെ അടുത്ത് നിശബ്ദനായി ഇരിക്കുന്ന മകനെയാണ്, “Alone with me when they had left he was easier, gentler, like a vessel from whom stale water had been poured out, and maybe in that time talking he was cleansed of whatever it was that had been agitating him, and then when night fell he was filled again with clear spring water which came from solitude, or sleep, or even silence and work.”
ജീവിത കാലം മുഴുവൻ മറിയം സാബത്ത് ഇഷ്ടപ്പെട്ടിരിന്നു. മകന് എട്ടോ ഒമ്പതോ വയസ്റ്റ് പ്രായമുള്ള സമയത്ത സാബത്താണ് അവൾ കൂടുതലായി ഓർക്കുന്നത്. സാബത്തിന്റെ തലേന്നാൾ മുൻകൂട്ടി വീടും പരിസരവും വൃത്തിയാക്കി ഭക്ഷണം പാചകം ചെയ്ത്, ആവശ്യത്തിന് കുടിവെള്ളവുണ്ടെന്ന്  ഉറപ്പു വരുത്തി മറിയം പ്രഭാതത്തിന്റെ നിശ്ചലതക്കായി കാത്തിരിന്നു. അവളും ഭർത്താവും ആ ദിവസം ഉച്ചത്തിൽ സംസാരിക്കുക പോലും ചെയ്യത്തില്ലായിരിന്നു, “The Sabbath mornings in our house in those years were placid mornings, hours when stillness and ease prevailed, when we looked inside ourselves and remained almost indifferent to the noise the world made or the stamp the previous days had left on us.”
അവളുടെ ഭർത്താവും മകനും ഒരുമിച്ച്, നിശബ്ദരായി ദേവാലയത്തിേലേക്ക് നടന്നു പോകുന്നത് നോക്കി നിൽക്കുക അവളുടെ ആനന്ദമായിരിന്നു. ചിലപ്പോൾ മറിയം ഒരു കൊച്ച് പെൺകുട്ടിയെ പോലെ അത്ഭുതപ്പെടുമായിരിന്നു, എന്താണ് ആകാശത്തിന് മുകളിലുള്ളതെന്ന്, ഭൂമിയുടെ അടിയിൽ കുഴിച്ചുമൂടപ്പെട്ടവരുടെ ലോകം എന്താണ് എന്നൊക്കെ, ” I had a sense on some of those days, after hours of silence, of my mother struggling to come towards me, reaching out from somewhere very dark, reaching towards me as though looking for food or drink.”
മറിയം കൂടുതലായി അവളുടെ മകനെക്കുറിച്ച് ചിന്തിക്കുന്നു. ഇരുട്ടോ ഭയമോ അവനെ സ്പർശിച്ചിരിന്നില്ല. രാത്രിയുടെ ഏറ്റവും അഗാധമായ യാമത്തിൽ നമ്മുടെ ആത്മാവിലേക്ക് വന്നു കയറുന്ന ഏതോ രഹസ്യവുമായിട്ടാണ് അവൻ ജീവിച്ചിരിന്നത്. അവൻ ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ, അവൻ ലാസറിനെ ഉയിർപ്പിച്ചെന്നും കടലിനു മീതെ നടന്നെന്നും കേൾക്കുമ്പോൾ അവൾക്ക് ഭീതിയാണ് തോന്നുന്നത്. അവന്റെ അമ്മ എന്ന നിലയിൽ എല്ലാവരും ബഹുമാനമുള്ള അകലം പാലിക്കുന്നത് അവളെ അസ്വസ്ഥപ്പെടുത്തുന്നു. യേശു ഉയിർപ്പിച്ച ലാസറിനെ മറിയം കണ്ടുമുട്ടുന്നുണ്ട്, “As I watched him I knew that whatever it was had bewildered him, whatever knowledge he had come to possess, whatever he had seen or heard, he carried it with him in the depths of his soul as the body carries its own dark share of blood and sinew.”
പലരും അവളോട് പറയുന്നുണ്ട് അവളുടെ മകന്റെ ജീവിതം അപകടത്തിലാണെന്ന്. മതാധികാരികൾ കോപാകുലരാണെന്നും അവർ അവനെ വധിക്കാനായി ഗൂഡാലോചന നടത്തുന്ന കാര്യവും അവളറിയുന്നു. അവനെ ഒന്നു കണ്ടുമുട്ടിയാൽ ഏതെങ്കിലും വിധത്തിൽ മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നാണ് മറിയം ആഗ്രഹിക്കുന്നത്. കാനായിലെ ഒരു കല്യാണ വീട്ടിൽ വച്ച് മകനെ കണ്ടുമുട്ടുമ്പോൾ അമ്മയുടെ അനുഭവം ഹതാശമായിരിന്നു. “സ്ത്രീയെ എനിക്കും നിനക്കും തമ്മിൽ എന്ത് ” എന്നാണ് മകൻ അമ്മയോട് ചോദിക്കുന്നത്. കാലം അവരുടെ ഇടയിൽ സൃഷ്ടിച്ച ഭീതിജനകമായ വിടവിനെക്കുറിച്ച് അവൾ ചിന്തിക്കുന്നു, “time that turns a baby who is so defenceless into a small boy, with a boy’s fears, insecurities and petty cruelties, and then creates a young man, someone with his own words and thoughts and secret feelings. And then time created the man who sat beside me at the wedding feast of Cana, the man not heeding me, hearing no one, a man filled with power, a power that seemed to have no memory of years before, when he needed my breast for milk, my hand to help steady him as he learned to walk, or my voice to soothe him to sleep.”
അവളുടെ ഭീതികളെല്ലാം സത്യമായിതീരുന്നു. അവളുടെ മകനെ അവർ വധിക്കാനായി പിടിച്ചു കൊണ്ടുപോകുന്നു. അവൾ മറിയം മഗ്ദലനയുടെ കൂടെ ജെറുസലേമിലെത്തുന്നു. യേശുവിനെ വിചാരണ ചെയ്യുന്ന പിലാത്തോസിന്റെ കൊട്ടാരത്തിന്റെ മുമ്പിൽ അവരും ചെന്ന് നിൽക്കുന്നു. ചുറ്റും നിൽക്കുന്നവരെ അവൾ ശ്രദ്ധിക്കുന്നു. ശൂന്യമായ ഹൃദയവും മുഖവുമുള്ള മനുഷ്യർ. അവരുടെ ശൂന്യതയെ ക്രൂരത കൊണ്ട് ആരുടെയോ ഒരാളുടെ വേദന നിറഞ്ഞ നിലവിളികൊണ്ട് നിറക്കാൻ അവർ ആഗ്രഹിക്കുന്നു.ഒരു കുറ്റവാളിയെ പോലെ മരണത്തിന് വിധിക്കപ്പെട്ട്, മുൾക്കിരീടവും ചൂടി വേച്ച് വേച്ച് നടന്നുനീങ്ങുന്ന മകനെ അന്നു കണ്ട കാഴ്ച മറിയത്തിന്റെ ഹൃദയെത്തെ ഇപ്പോഴും സങ്കടലാക്കുന്നു, “He was the boy I had given birth to and he was more defenceless now than he had been then. And in those days after he was born, when I held him and watched him, my thoughts included the thought that I would have someone now to watch over me when I was dying, to look after my body when I had died. In those days if I had even dreamed that I would see him bloody, and the crowd around filled with zeal that he should be bloodied more, I would have cried out as I cried out that day and the cry would have come from a part of me that is the core of me. The rest of me is merely flesh and blood and bone.”
കുരിശിൽ കിടക്കുന്ന മകനെ നോക്കി നിൽക്കുന്ന മറിയത്തിന്റെ ഹൃദയത്തിലേക്ക് നോവലിസ്റ്റിന് അനായസം സഞ്ചരിക്കാൻ കഴിയുന്നുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് പല ഭാഗങ്ങളും. മറിയത്തിനു വേണ്ടി എഴുത്തുകാരൻ കുറിക്കുന്നതു പോലെ, “I was watching anything, a cloud billowing across the sky, a stone, a man standing in front of me, anything to distract me from the moans that came from close by. I asked myself if there was anything I could do to pretend that this was not happening, that it had happened in the past to someone else, or that it was going on in a future I would never have to live through.”മറിയം അവളെത്തന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യവും ചിതിക്കുന്നു, “For years I have comforted myself with the thought of how long I remained there, how much I suffered then. But I must say it once, I must let the words out, that despite the panic, despite the desperation, the shrieking, despite the fact that his heart and his flesh had come from my heart and my flesh, despite the pain I felt, a pain that has never lifted, and will go with me into the grave, despite all of this, the pain was his and not mine.”
മറിയത്തിന്റെ ജീവിതം കീഴ്മേൽ മറിയുന്നു. യാഥാർത്ഥ്യത്തിൽ സംഭവിച്ചതിനെ സ്വപ്നത്തിൽ കണ്ടതായും, സ്വപ്നത്തിൽ കണ്ടത് യാഥാർത്ഥ്യത്തിൽ സംഭവിച്ചതായും അവൾക്ക് തോന്നാൻ തുടങ്ങുന്നു. കുരിശിൽ നിന്നും ഇറക്കിയ മകനെ കൈകളിൽ താങ്ങിയെടുത്ത് മടിയിൽ കിടത്തിയത് സ്വപ്നത്തിലാണോ യാഥാർത്ഥ്യത്തിലാണോ സംഭവിച്ചതെന്ന് അവൾക്ക് വ്യക്തതയില്ല, “We held him and touched him, he who was both heavy and weightless, the blood all gone from his body, his body like marble or ivory in its rich paleness. His body was growing stiff and lifeless but some other part of him, what he had given us in those last hours, what had come from his suffering, hovered in the air around us like something sweet to comfort us.”
വേദനപോലെ തന്നെയാണ് സ്വപ്നവും. അത് നമ്മുക്ക് മാത്രം അവകാശപ്പെട്ടതാണ്. എത്ര ശ്രമിച്ചാലും ഒരേ സ്വപ്നം പങ്കുവച്ച് കാണാനാകില്ല. മറിയം അവളുടെ ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോഴും അവർ കണ്ട സ്വപ്നങ്ങൾ ഒന്നായിരിന്നില്ല. ഇവിടെ പെട്ടെന്ന് മറിയവും മഗ്ദലന മറിയവും ഒരേ സ്വപ്നം കാണാൻ തുടങ്ങുന്നു. അത് യേശു മരണത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന സ്വപ്നമാണ്. രണ്ടോ മൂന്നോ പേർ ഒരുമിച്ച് കാണുന്ന സ്വപ്നമാണോ ഉത്ഥാനം? അതുകൊണ്ടാണോ അത് ഇത്രക്ക് യാഥാർത്ഥ്യമായിരിക്കുന്നത്?
അവർ കാണുന്ന സ്വപ്നത്തിൽ ഒരു കിണർ, ആ കിണറിന്റെ ഉള്ളിൽ നിന്നും വെള്ളം പുറത്തേക്ക് നിർഗളിക്കുന്നു, അത് കരകവിഞ്ഞ് ഒഴുകുന്നു. ചുറ്റുപാടുമുള്ള മരങ്ങളിൽ ചുറ്റി വെള്ളം ഒഴുകുന്നു അവിടെ ഒരു ചെറിയ അരുവി രൂപപ്പെടുന്നു, “And then I turned and I saw him. He had come back to us, he was rising with the water, its power pushing him up from the earth. He was naked and the places where he had been wounded, including his hands, his feet, his legs where the bones had been broken, his forehead where the thorns had been, had blue marks around them and were open and gaping. The rest of his body was white. Mary held him as the water delivered him from the well and she placed him across my lap. We both touched him. It was the whiteness that we both noticed, a whiteness that is hard to describe. Both of us remarked on its purity and smooth, luminous beauty.” സമരിയാക്കാരി സ്ത്രീ കൂടി ഈ സ്വപ്നം കാണുന്നുണ്ടോ? ഒരു കിണറിന്റെ കരയിലിരിന്ന്, അവളോടാണല്ലോ അവൻ പറഞ്ഞത് ഞാൻ നിത്യജീവന്റെ ജലമാണെന്ന്!
മറിയത്തിന്റെ സ്വപ്നവും ശിഷ്യന്മാർ യാഥാർത്ഥ്യത്തിൽ സംഭവിച്ചു എന്നു പറയുന്ന കാര്യങ്ങൾ പൊരുത്തമില്ലാതെ നിൽക്കുന്നു. അവളുടെ ജീവിതത്തിൽ സംഭവിച്ചു എന്ന് അവൾക്ക് വൃക്തതയില്ലാത്ത കാര്യങ്ങൾ ശിഷ്യന്മാർ അവളോട് പറയുന്നു. നോവൽ അവസാനിക്കുന്നത് മറിയത്തിന്റെ മനോഹരമായ ആത്മഗതത്തോടു കൂടിയാണ്, “I begin to walk down towards it along a soft path. I am being led into this strange place of souls, along great narrow bridges spanning gurgling, steaming water, like lava in the dying glow, with island meadows filled with vital growth below. Being led by no one. All around there is silence and soothing, dwindling light. The world has loosened, like a woman preparing for bed who lets her hair flow free. And I am whispering the words, knowing that words matter, and smiling as I say them to the shadows of the gods of this place who linger in the air to watch me and hear me.”
മറിയം സുന്ദരിയാണ്, നിത്യയായ സ്ത്രീയാണ്, ഒരു ധ്യാന ഭാഷയാണ്, അവൾ അങ്ങ് ദൂരെ ആകാശത്തല്ല, നമ്മുടെ തൊട്ടടുത്ത് , നമ്മൾ കണ്ടുമുട്ടുന്ന അവളുടെ ഓരോ രൂപത്തിലും, അവളുടെ കഥ പറയാനായി അവൾ നിൽക്കുന്നു. ഈ പുസ്തകം ഇതാണ് എന്നെ തോന്നിപ്പിച്ചത്.

വിരോധാഭാസം

Paradox എന്ന ഇംഗ്ലീഷ് വാക്കിൻ്റെ അർത്ഥം വിരോധാഭാസം, വിപരീത സത്യം എന്നൊക്കെയാണ്. Dialectical Materialism എന്നതിനെ വിവർത്തനം ചെയ്യുന്നത് വൈരുദ്ധ്യാത്മക ഭൗതീകവാദം എന്നാണ്. മുൻ എം പി ആയിരിന്ന പി.രാജീവ് സാർ എന്താണ് വൈരുദ്ധ്യാത്മക ഭൗതീകവാദം എന്ന് ഒരു വീഡിയോയിൽ വിശദീകരിക്കുന്നത് കേട്ടു. അദ്ദേഹം പറയുന്നത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലെ വൈരുദ്ധ്യാത്മകത മാർക്സിനു കിട്ടുന്നത് ഹേഗലിൽ നിന്നാണ് എന്നാണ്. പക്ഷെ, പി.രാജീവ് സാർ പറയാതെ പോകുന്നത് അല്ലങ്കിൽ അത് പറയേണ്ടത് ആവശ്യമില്ലെന്നു തോന്നുന്നത്, അല്ലങ്കിൽ അറിയാതെ പോകുന്നത് ഹേഗലിന് ഈ ആശയം എവിടെ നിന്ന് കിട്ടി എന്നാണ്. ഹേഗലിന് ഈ ആശയം കിട്ടുന്നത് ക്രിസ്തുവിൻ്റെ ജീവിതത്തിൽ നിന്നാണ്. ഈ ആശയത്തെ ഹേഗൽ വിശേഷിപ്പിച്ചത് ഒരു ഗുഡ് ഫ്രൈഡേ ആശയം എന്നാണ്. ക്രിസ്തുവിൻ്റെ ജീവിതം മരണം ഉത്ഥാനം എന്നിവയിൽ നിന്നുമാണ് ഹേഗൽ തീസിസ്, ആൻറ്റീ തീസിസ്, സിന്തസിസ് എന്ന വൈരുദ്ധ്യാത്മക ആശയം കൊണ്ടുവരുന്നത്. മാർക്സ് ഈ ആശയം കൈ കൊണ്ടിട്ട് വൈരുദ്ധ്യാത്മക ഭൗതീകവാദം അവതരിപ്പിക്കുന്നു. മുതലാളിത്ത ഭരണം ( തീസിസ് ) ഇവരാൽ പീഡിപ്പിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗം ( ആൻറ്റീ തീസിസ് ) മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ വിപ്ലവം നടത്തി അവരെ തൂത്തെറിഞ്ഞ് തൊഴിലാളി വർഗ്ഗഭരണം സംജാതമാകുന്നു ( സിന്തസിസ്).
ഭൗതീകവാദം വൈരുദ്ധ്യാത്മകതയെ ഉപയോഗിക്കുന്നു എന്നു പറയുന്ന മാർക്സിൻ്റെ ശരിക്കുമുള്ള കടപ്പാട് ഹേഗലിനോടല്ല, ക്രിസ്തുവിനോടാണ്.
ക്രിസ്തുവിൻ്റെ ജീവിതത്തിൻ്റെ വിരോധാഭാസത്തെ ഒന്ന് അന്വേഷിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.


ക്രിസ്തുവിൻ്റെ ജീവിതം വൈരുദ്ധ്യാത്മകമായിരിന്നു. അവൻ പറഞ്ഞ കാര്യങ്ങളും കഥകളും അസംബന്ധം, വിരോധാഭാസം എന്നൊക്കെ വിശേഷിപ്പിക്കാവുന്നവ ആയിരിന്നു. അസംബന്ധ രീതിയിൽ കഥ പറയുന്നതിനെ ഒരു സാഹിത്യ രൂപമാക്കി മാറ്റിയത് കാഫ്കയാണ്. ഭൂമിയിൽ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും പ്രതിഭാശാലിയായ കാഫ്കയ്ക്ക് മറ്റൊരു രീതിയിലും കഥ പറയാൻ കഴിയുമായിരിന്നില്ല. മറ്റൊരു പ്രതിഭാശാലിയായ ചിന്തക സിമോൺ വെയിൽ ഇതിനുള്ള കാരണം പറയുന്നുണ്ട്, “Everyone knows that high intelligence is often paradoxical and sometimes bit wild.” കീർക്ക ഗോറും പറയാൻ ഉദ്ദേശിക്കുന്നത് ഇതു തന്നെയാണ്, “for the paradox is the passion of thought, and the thinker without the paradox is like the lover without passion: a mediocre fellow.”
കാഫ്ക ക്രിസ്തുവിനെ വിവരിക്കുന്നും വിരോധാഭാസത്തിന്റെ ഭാഷയിലാണ്, “Christ is a chasm filled with light, everyone who walks with their eyes opend will fall into it.”

ഒരേ സമയം വാസ്തവും അവാസ്തവുമായ കാര്യങ്ങളെയാണ് കാഫ്ക അന്വേഷിച്ചത്. അപ്രസക്തമായ തിലൂടെയാണ് കാഫ്ക പ്രസക്തമായതിനെ തേടിയത്. എന്നിട്ട് സാധൂകരിക്കുന്നത് അയുക്തിയെയും അപ്രസക്തതെയുമാണ്. അതു കൊണ്ട് കാഫ്ക എഴുത്തിനെ വിശേഷിപ്പിക്കുന്നത്, “an assault on the frontier” എന്നാണ്. മനുഷ്യൻ പല വിധത്തിലുള്ള അനിശ്ചിതങ്ങൾക്ക് വിധേയരായിരിക്കെ എന്താണ് നിശ്ചയമായുള്ളത്?
ജീവിതത്തിന് വാസ്തവമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് വിരോധാഭാസമായിരിക്കും എന്ന് കാഫ്ക തിരിച്ചറിയുന്നു.

ബോർഗസിനെപ്പോലെ പാരഡോക്സിൻ്റെ മഹിമ മനസ്സിലാക്കിയ മറ്റേത് സാഹിത്യകാരനാണുള്ളത്? ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “രണ്ടു ചിന്താമാർഗ്ഗങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. ഒന്ന് യുക്തിഭദ്രമായ വഴി. അതിൽ നമ്മൾ അനുമാനങ്ങളിലൂടെ, യുക്തിയിലൂടെ, തീർപ്പുകളിലൂടെ കടന്നുപോകുന്നു. രണ്ടാമത്തേത് ഇത്തരം ജാഗ്രതകളൊന്നുമില്ലാത്ത വഴി. ഇത് സ്വപ്നങ്ങളുടേതാണ്, ഇത് ലോജിക്കലായ മനുഷ്യൻ്റെതല്ല. പകരം കുട്ടിയുടേതാണ്, പ്രാകൃത മനുഷ്യൻ്റെതാണ്. ഇവിടെ ചിത്രങ്ങളിലൂടെയും, രൂപങ്ങളിലൂടെയും ഉപമകളിലൂടെയും നാം ചിന്തിക്കുന്നു. സാഹിത്യത്തിൻ്റെ ഉപയോഗം പോലും മനുഷ്യൻ്റെ സ്വപ്നത്തിന് ഹേതുവായി തീരുക എന്നതാണെന്ന് ഞാൻ കരുതുന്നു. ഒരു പക്ഷെ ഇതായിരിക്കും അവരെ യഥാർത്ഥത്തിൽ ജീവിക്കാൻ സഹായിക്കുന്നത്.”

ബൈബിൾ പണ്ഡിതനായ ക്രോസ്സാൻ ഈ കാര്യത്തിൽ ക്രിസ്തുവും ബോർഹസ്സും തമ്മിലുള്ള സമാനത കണ്ടു പിടിക്കുന്നു, “അവരുടെ കഥകൾ വിരോധാഭാസങ്ങളാണ്. കാരണം, അവരുടെ ആശയങ്ങൾ അത്രക്ക് വിപുലമാണ്. അവരുടെ കഥകൾ ചെറുതാണ് കാരണം, അവരുടെ കാഴ്ചപ്പാടുകൾ അത്രക്ക് ബൃഹത്താണ്.”
ജെർസി പീറ്റർ കവിച്ചിൽ പറയുന്നത്, യേശുവും ബോർഹസ്സും ഭാഷയുടെ അതിർത്തിയിൽ നിൽക്കുന്ന കവികളാണെന്നാണ്. ” നിശബ്ദതയുടെ മറുവശത്ത് നിൽക്കുന്നതിനെ അവർ ആവാഹിക്കുന്നു. അവർ ഒന്നിച്ച് ഭാഷയുടെ വിനോദങ്ങളിൽ പുതിയതായി ആനന്ദം കൊള്ളാൻ നമ്മളെ ക്ഷണിക്കുന്നു.”
ക്രോസ്റ്റാൻ ഉപമയുടെ സ്വഭാവം വെളിവാക്കിക്കൊണ്ട് പറയുന്നു, ” പ്രേക്ഷകരുടെ ഏറ്റവും വലിയ പ്രതീക്ഷകളെ ഒറ്റ അല്ലങ്കിൽ ഒട്ട വിപരീത സത്യങ്ങൾ സൃഷ്ടിച്ച് മാറ്റിമറിക്കാനായി രൂപപ്പെട്ട വിപരീത സത്യങ്ങളാണ് ഉപമകൾ”. വൈലി സഫർ പറയുന്നത് ഉപമകളെ വായിക്കുന്നത് അപകടകരമായ ഒരു കാര്യമാണെന്നാണ്, “നമ്മൾ അസംബന്ധതയുടെയും യുക്തിഹീനതയുടെയും വക്കിൽ നിൽക്കണം, എന്നിട്ടും തലകറങ്ങരുതെന്ന് മാത്രം.”

ക്രിസ്തുവിനെതിരെയുള്ള ഏറ്റവും വലിയ ആരോപണം വിരോധാഭാസിയാണ് എന്നുള്ളതാണ്. പക്ഷെ, വിരോധാഭാസമാണ് ക്രിസ്തുവിൻ്റെ ഒരു മനോഹാരിത. വിരോധാഭാസങ്ങളുടെ ഭംഗി മനസ്സിലാക്കാൻ കഴിവില്ലാത്തവർ ചെറിയ മനസ്സിൻ്റെ ഉടമകളാണ്. ക്രിസ്ത്യാനിയുടെ വിശ്വാസം പോലും ഒരു വിരോധാഭാസത്തിലാണ് നിലകൊള്ളുന്നത്. ഈ വിരോധാഭാസത്തിനാണ് പാസ്കൽ സാക്ഷിയാകാൻ ശ്രമിക്കുന്നത്, “ഇതാണ് പരമമായ വിരോധാഭാസം – ഈ എളിയ ക്രൂശിതനായ മനുഷ്യൻ ദൈവത്തിൻ്റെ നിത്യ വചനം കൂടിയാണ്.”

ബൽട്രൻറ്റ് ട്രസ്സൽ ക്രിസ്തുവിൻ്റെ വിരോധാഭാസത്തെ മനസ്സിലാക്കാതെ മറുതലിച്ചപ്പോൾ, ഓഷോ അതിനെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് എഴുതി, “it’s from contradictions that we come to conclusions.”
ഓഷോയുടെ ബോധന രീതി തന്നെ വിരോധാഭാസങ്ങളുടെ, വൈരുദ്ധ്യമുള്ള മാർഗ്ഗങ്ങളിലൂടെ വ്യക്തികളെ അവരുടെ മാനസികവും ആത്മീയവുമായ കഴിവുകളെ മറികടന്ന് പരിവർത്തനം ചെയ്യുന്നതിന് സഹായിക്കാൻ വേണ്ടിയുള്ളതാണ്. ഓഷോയെ ഇഷ്ടപ്പെട്ടിരിന്ന ജർമ്മൻ ചിന്തകൻ സ്ളോടർഡെക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയുണ്ടായി. ഈ യാത്ര, അവ്യക്തത നിറഞ്ഞ ജീവിതത്തിൻ്റെ സംയോജനതകളെ വ്യത്യസ്തമായ അനാവരണങ്ങൾ നൽകി ജീവിക്കാനുള്ള സൃഷ്ടിപരമായ ശക്തി നൽകി എന്നാണ് അദ്ദേഹം പറയുന്നത്.

നോൺ സെൻസിനെ തള്ളി കളഞ്ഞു കൊണ്ടുള്ള ജീവിതം അസാധ്യമാണ്. ഒരു പക്ഷെ, നോൺസെൻസ് എന്നു വിളിച്ച് ഉപേക്ഷിക്കുന്നതിലായിരിക്കും സെൻസ് ജീവിച്ചിരിക്കുന്നത്. സെൻസ് അത്യന്തികമായി ചെന്നവസാനിക്കുന്നത് നോൺ സെൻസിലാണെന്നും അതുകൊണ്ടാണ് സെൻസ് വിരോധാഭാസമായി നിലകൊള്ളുന്നതെന്ന് ദെല്യുസ് എഴുതുന്നു. ” Nonsense functions as the zero point of thought, the aleatory point of desexualisd energy or the punctual instinct of death.”

മാംസമായി മാറിയ വചനം എല്ലാ ഭാഷയുടെയും സ്വഭാവമായ; യാഥാർത്ഥ്യം – ആദർശം, സാർവത്രികം – വൃക്തിപരം, താത്ക്കാലികം – ശാശ്വതം എന്നീ വിപരീദ സത്യങ്ങളുടെ ഐക്യത്തെ കൂടുതൽ തീവ്രമാക്കുന്നു. ക്രിസ്തു അങ്ങനെ വിപരീത സത്യങ്ങളുടെ അടയാളമായി തീരുന്നു. മനസ്സിലാക്കലും വിരോധാഭാസവും തമ്മിൽ കണ്ടുമുട്ടുമ്പോൾ പലപ്പോഴും മനസിലാക്കൽ വിരോധാഭാസത്തിന് വഴിമാറി കൊടുക്കുന്നു. ഇതാണ് ക്രിസ്തുവിന്റെ സംസാരത്തിൽ പലപ്പോഴും സംഭവിക്കുന്നു. ഇതിൽ നിന്നുമാണ് കീർക്ക ഗോർ ഈ ആശയം കണ്ടെത്തുന്നത്, “Christianity’s idea is mediation and Christianity is the paradox.”
മറ്റൊരു മനുഷ്യനിൽ നിന്നും വേർതിരിക്കാനാവാത്ത വിധത്തിൽ ദൈവം ഭൂമിയിൽ ജനിച്ച് മനുഷ്യനായി ജീവിച്ചു എന്നു പറയുന്ന ക്രിസ്തുമതം സമ്പൂർണ്ണ വിരോധാഭമാണ്. സത്യം വിരോധാഭാസമാണ്.

എന്താണ് ആവർത്തിക്കപ്പെടുന്നത്

ഇത് ആഗമന കാലം. ക്രിസ്തുവിന്റെ ജനന തിരുനാൾ ആഘോഷിക്കാനുള്ള ഒരുക്കം. എന്തിനാണ് ക്രിസ്തുമസ് എല്ലാ വർഷവും ആഘോഷിക്കുന്നത് ? ഒരാൾ, ഒരു സംഭവം ആവ്യത്തിച്ച് സംഭവിക്കുന്നു എന്നു പറയുമ്പോൾ എന്താണ് സംഭവിക്കുന്നത്? ഇത് ഒരു ഓർമ്മ പുതുക്കലാണോ? ഈ ആവർത്തനത്തിന്റെ സ്വഭാവമെന്താണ്?

കീർക്കേഗാർഡും ചാൾസ് പെഗീയുമാണ് ആവർത്തനം എന്ന ആശയത്തിന് ഒരു പുതിയ ദിശാബോധം നൽകാൻ ശ്രമിച്ചത്. Repetition and Difference എന്ന പുസ്തകത്തിൽ ദെല്യൂസ് ആവർത്തനത്തെ ഒരു ചിന്താ സാധ്യതയായി സ്വീകരിച്ചു. കീർക്കേ ഗാർഡിനും പെഗീക്കും ആവർത്തനം എന്നത് പഴയതിലേക്ക് തനതു രീതിയിൽ തിരിച്ചു പോകുന്ന ഒന്നല്ല. പകരമത് മുന്നോട്ടു പോലാണ്, ‘ഓർത്തു കൊണ്ടുള്ള മുന്നോട്ടുപോകലാണ്.’

ക്ലോഡ് മോണറ്റ് എന്ന പ്രശസ്ത ഫ്രഞ്ച് ചിത്രകാരൻ ഏകദേശം ഇരുപത്തേഴ് വാട്ടർ ലില്ലികൾ വരച്ചിട്ടുണ്ട്. ഇതിലേതാണ് ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് പെഗുവിയുടെ ഉത്തരം ആദ്യത്തേത് എന്നാണ്, കാരണം അത് അദ്ദേഹത്തിന് അത്ര നന്നായി വരക്കേണ്ടി വന്നില്ല എന്നുള്ളതാണ്. പിന്നീട് വരക്കുന്നെതെല്ലാം വ്യത്യസ്തമായി കൊണ്ടിരിന്നു സാദ്യശ്യത്തിൽ വലിയ മാറ്റം തോന്നിക്കുന്നില്ല എങ്കിലും.
ഇതിനെക്കുറിച്ച് ദെല്യുസ് പറയുന്നത്, ഇവിടെ ആവർത്തനത്തെ വ്യാഖ്യാനിച്ചിരിക്കുന്നത് ഒരു സംഭവത്തെ മറ്റൊന്നിനോട് സാമ്യമോ ഒരേ പോലെയോ ആക്കുന്ന വിധത്തിലുള്ള ബന്ധമോ മനോഭാവമോ അല്ല. പകരം ആവർത്തനം ആന്തരികമാക്കപ്പെടുകയും അതിലൂടെ സ്വയം വിപരിദമാക്കപ്പെടുകയും ചെയ്യുന്നു.
ആവർത്തനം സംഭവിക്കുന്നത് ഒരു സംഭവത്തിന് അതായി തന്നെ തുടരാൻ വേണ്ടിയല്ല. തികച്ചു വ്യത്യസ്തമായ മറ്റൊന്നായി തീരാൻ വേണ്ടിയാണ് ! ഒരു കാര്യത്തിന് മുന്നോട്ടു പോകാനുള്ളതും മറ്റൊന്നായി മാറാനുമുള്ള ഒരേ മാർഗ്ഗവും ആവർത്തിക്കുക എന്നുള്ളതാണ്. ദെല്യുസ് പെഗുവിനെക്കുറിച്ച് എഴുതുമ്പോൾ ഇത് കൂടുതൽ വ്യക്തമാകുന്നു, “Peguy was able as well as to invent an entire language, among the most pathological and aesthetic that one might dream of, in order to explain how a singularity is prolonged in a line of ordinary points, but also how it begins again in another singularity, how it redistributes itself in another set.”
തനതു ഭാഷണത്തെയും പല്ലവികളുടെയും മുഷിപ്പിനെ ചെറുത്തു നിൽക്കാൻ പെഗുവി കണ്ടു പിടിച്ച യന്ത്രമാണ് ഈ ആവർത്തനം എന്നും ദെല്യുസ് പറയുന്നു.

ലാത്തൂർ പെഗുവിനെ ഒരു പുതിയ സുവിശേഷകർത്താവ് എന്നു വിശേഷിപ്പിക്കുന്നു. ഒരു സുവിശേഷത്തെയാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നത്. ” അദ്ദേഹം തന്നെയാണ് സുവിശേഷ വാർത്തകളുടെ അതേ രീതി ഉപയോഗിച്ച് പഴയ ശീലങ്ങളെ തകർക്കുന്ന പുതിയ സുവിശേഷത്തെ കൊണ്ടുവരുന്നത്, പഴയ സംഭവങ്ങളുടെ പുതിയ വാർത്തകൾ, സംഭവത്തിന്റെ അനവരമായ തുറവിയുള്ള വാർത്തകൾ.” തനതു ഭാഷണത്തെയും പല്ലവികളുടെയും മുഷിപ്പിനെ ചെറുത്തു നിൽക്കാൻ പെഗുവി കണ്ടു പിടിച്ച യന്ത്രമാണ് ഈ ആവർത്തനം എന്നും ദെല്യുസ് പറയുമ്പോൾ, ലത്തൂർ പറയുന്നത് “അനന്യതയോടൊപ്പം വ്യത്യസ്തതയെ സൃഷ്ടിക്കുന്ന യന്ത്രമാണ് ആവർത്തനം” എന്നാണ്.

ഇതിലൂടെ ആവർത്തനത്തിനു തന്നെ ഒരു ദിശാമാറ്റം സംഭവിക്കുന്നു. കാര്യങ്ങളെ സമീപിക്കുന്നത് ഇനി മുതൽ ഭൂതകാലത്തിൽ നിന്നുമല്ല, ഭാവികാലത്തിൽ നിന്നുമാണ്. മാർക്കൂസ് പൗണ്ട് പറയുന്നത് ആവർത്തനം ഇനി യാതൊരു വ്യത്യാസവുമില്ലാത്ത ഒരു വക്രഗതിയല്ല, മറിച്ച് മുന്നോട്ടുള്ള ദിശയിൽ തുറന്നു വച്ചിരിക്കുന്ന ഒരു പ്രക്രീയയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ്. അതാകട്ടെ ആരംഭിക്കുകയും തുടരുകയും ചെയ്യുന്ന ഒരു സംഭവമാണ്. ഈ സംഭവം പരാമർശിക്കപ്പെടാൻ വേണ്ടിയുള്ളതല്ല. സംഭവം തന്നെ ഒരു അടയാളവും വ്യത്യാസവുമാണ്.

ക്രിസ്തു ബലിയെ അനുസ്മരിച്ചുകൊണ്ട് ഓരോ ദിവസവും അനവധി ബലികൾ അർപ്പിക്കപ്പെടുന്നു. ഇതൊരു തനിയാവർത്തനമല്ല. തനിയാവർത്തനമാണെങ്കിൽ അതൊരു ന്യുറോസിസ് ആണ്, ഫെറ്റിഷ് ആണ്. പകരം വ്യത്യാസമാണ്. ഈ വ്യത്യാസമാണ് പഴയതിലേക്ക് പുതിയതായി ഭാവിയിൽ നിന്നും എത്തിച്ചേരാൻ നമ്മളെ സഹായിക്കുന്നത്.
മാർക്കൂസ് കണ്ടെത്തുന്നത്, ഇങ്ങനെയുള്ള തിരിച്ചു വരവിനെ ഹെൈഡഗർ വിശേഷിപ്പിക്കുന്നത് ” The moment of vision”, “the glance of an eye,” എന്നുമാണ്. ” ഇവിടെ ഭാവിയിലെ സാധ്യതകളുടെ വെളിച്ചത്തിൽ നമ്മൾ സംഭവങ്ങളെ വ്യത്യസ്തമായി കണ്ടുമുട്ടുന്നു. ഉത് ഭൂതകാലത്തിന്റെ അന്തർലീന ശക്തികളെ വെളിപ്പെടുത്തുകയും ചെയ്യുന്നു.

ആവർത്തനം സമയത്തിലല്ല സംഭവിക്കുന്നത്. ആവർത്തനം സമയത്തെ പുതിയതാക്കുകയാണ് ചെയ്യുന്നത്. ഈ ആവർത്തനത്തെ കുറിച്ചാണ് കീർക്കേഗാർഡ് സംസാരിക്കുന്നത്. ഇത് നിത്യത ആവേശിപ്പിക്കപ്പെട്ട സമയമാണ്. നിത്യത ഗുണപരമായി സമയത്തിൽ നിന്നും വ്യത്യാസമായിട്ടും അത് സമയത്തിലേക്ക് പ്രവേശിക്കുകയും അനാദിയായി തുടർന്നു പോകാനുളള സാധ്യതയെ റദ്ദു ചെയ്യുന്നു. നിത്യനായ മനുഷ്യനായ ക്രിസ്തു പ്രവേശിച്ചതോടെ ഓരോ നിമിഷവും അനശ്വരമായി മാറുന്നു. ഇനി സമയത്തിന് അനശ്വരമാകാൻ എന്നന്നേക്കുമായി തുടർന്നു പോകേണ്ട ആവശ്യമില്ല. ക്രിസ്തു ഭൂമിയിൽ ജാതനായതോടു കൂടി, “നിത്യത നിരന്തരമായി കാലത്തിൽ വ്യാപിച്ചു കിടക്കുന്നു.” എന്ന് കീർക്കേഗാർഡ് എഴുതുന്നു.

ഇതിൽ നിന്നും തന്നെയാണ് കാലത്തിന്റെ പൂർണ്ണത എന്താണെന്ന് മനസ്സിലാക്കേണ്ടത്. ഇവിടെ കാലത്തെ വിഭജിക്കുന്ന പൂർണ്ണമായ ഒരു സമയം സൃഷ്ടിക്കപ്പെടുകയല്ല, പകരം, കാലത്തിന്റെ പൂർണ്ണതയിൽ ഭാവി പ്രത്യാശ ഭൂതകാലത്തെ വീണ്ടെടുക്കുന്നു. വർത്തമാനത്തിൽ സംഭവിച്ച ഒരു കാര്യം ഭൂതകാലത്തിലും ഭാവികാലത്തിലും വ്യാപിച്ചു കിടക്കുന്നു. സമയം റദ്ദു ചെയ്യപ്പെട്ടത് ഇങ്ങനെയാണ്.
മാർക്കുസ് പൗണ്ട് പറയുന്നത്, ഹൈഡഗറിനെ സംബന്ധിച്ച് ഈ നിമിഷം (കീർക്കേഗാർഡ് പറയുന്ന ക്രിസ്ത്യൻ സമയമല്ല) ഉണ്മയ്ക്ക് അതിന്റ സാധ്യതകളെ ഗൃഹാതുരതയോടെ വീണ്ടെടുക്കാനുള്ള ഒരു തുറവിയാണ്. സൈക്കോ അനാലിസ്റ്റായ ലകാനാകട്ടെ ഇതിനെ വിപക്ഷിക്കുന്നത് ന്യൂറോസിൽനിന്നും വിടുതൽ നേടിക്കൊണ്ട് ഭൂതകാലത്തെ വ്യത്യസ്തമായ ആവർത്തിക്കാനുള്ള വ്യക്തിയുടെ കഴിവാണ്. കീർക്കേ ഗാർഡിന് ആവർത്തനം എന്ന വാക്ക് ഏറ്റവും ഉന്നതമായ അർത്ഥത്തിലുളളതാകുന്നു. ഇവിടെ ആവർത്തനം എന്ന വാക്കിന്റ ശരിയായ അർത്ഥം പ്രായശ്ചിത്തം എന്നാകുന്നു. ഇതിലൂടെ ദൈവത്തിന്റെ വെളിച്ചത്തിൽ നമ്മൾ നമ്മളെതന്നെ കണ്ടെത്തുന്നു.
ആവർത്തിക്കുന്ന എന്തിലും പ്രായശ്ചിത്തമുണ്ട്. ഈ പ്രായശ്ചിത്തം ആവർത്തിക്കുന്നതിനെ പുതിയതാക്കുന്നു.

എന്തുകൊണ്ടാണ് ആവർത്തനം വൃതൃസ്തമാകുന്നത്? ഒരു സംഭവത്തെ ആവർത്തിക്കുന്ന മനുഷരും അത് ആവർത്തിക്കപ്പെടുന്ന കാലഘട്ടവും വ്യത്യസ്തമാണ് എന്നുള്ളതാണ്. മനുഷ്യന്റെ പ്രവൃത്തി കാലത്തിന്റെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തുന്നുണ്ട്. കത്തോലിക്കാ വേദ പാഠത്തിൽ നിന്നും ഒരു ആശയം സ്ഥീകരിച്ചുകൊണ്ട് കാലത്തിന് സംഭവിച്ചിരിക്കുന്ന പരിണാമത്തെ ദെല്യുസ് വിശദമാക്കുന്നു: ദൈവം മനുഷ്യനെ തന്റെ രൂപത്തിലും സാദ്യശ്യത്തിലും സൃഷ്ടിച്ചു. പാപം ചെയ്തതോടു കൂടി രൂപം നഷ്ടമായി. എന്നു വച്ചാൽ ധാർമ്മീക ലോകം നഷ്ടമായി, സൗന്ദര്യാത്മ അസ്തിത്വം മാത്രം അവശേഷിച്ചിരിക്കുന്നു. ബിംബം നഷ്ടപ്പെട്ട നമ്മൾ പ്രതിബിംബങ്ങളായി മാറി, “we have become simulacra.”

ക്രിസ്തുവിന്റെ ജനനം പ്രതിബിംബെത്തെ വീണ്ടും ബിംബമാക്കുന്നു. അതിന്ദ്രിയതയെ ഇന്ദ്രീയമാക്കുന്നു. ഭൂമി അതിന്റെ സ്വർഗ്ഗീയതയെ വീണ്ടെടുന്നുന്നു. ഇനി അശുദ്ധം എന്ന് വിളിച്ച് മാറ്റി നിർത്തേണ്ട ഒന്നും തന്നെ ഇല്ല. അശുദ്ധികളായിരിന്നവയുടെ നടുക്കാണ് അവൻ ജനിച്ചത്. ഞാൻ പാപികളെ വിളിക്കാനാണ് വന്നത് എന്ന് അവൻ പിന്നീട് പറയും. കാരണം പാപികൾ മാത്രമേ അവന്റെ വിളി കേൾക്കുകയുള്ളു. പാപി ആവർത്തനത്തിന്റെ ശരിയായ സ്വഭാവമായ പ്രായശ്ചിത്തത്തെ തിരിച്ചറിയും.
ആവർത്തനമാണ് ആവശ്യം. ക്രിസ്തുമസ് ആവർത്തിക്കപ്പെടണം. ഒരേ തരത്തിലല്ല. ആവർത്തനം ആഗ്രഹിക്കുന്ന വ്യത്യസ്തതയോടു കൂടി. ഫ്രാൻസീസ് ആദ്യമായി പുൽക്കൂടും കരോളുമായി ക്രിസ്തുമസ് ആഘോഷിച്ചതുപോലെ. പാരമ്പര്യവാദികളെ പോലെ ഓർത്തുകൊണ്ട് പിന്നോട്ട് പോകരുത്, ഓർത്തു കൊണ്ട് മുന്നോട്ടു പോകുക.
എല്ലാം ആവർത്തനമാണ്. ക്രിസ്തുമസ്ത്ത ആവർത്തിക്കപ്പെടുന്ന അനുഗ്രഹമായി വരുന്നു എന്ന് ചെസ്റ്റർട്ടൻ എഴുതുന്നു.
ക്രിസ്തു തന്നെ ഒരു ആവർത്തനമാണ്. തികച്ചും വ്യത്യസ്തമായ ആവർത്തനം.