തിരുത്തപ്പെടുന്ന ഭൂതകാലം

ബോർഗസ്സ്, ” ഐതീഹ്യം ” എന്ന പേരിൽ എഴുതിയ ഒരു കഥയാണിത്,
ആബേലിന്റെ മരണത്തിനു ശേഷം കായേനും ആബേലും വീണ്ടും കണ്ടുമുട്ടുന്നു. മരുഭൂമിയിലൂടെ നടന്നു പോകുകയായിരിന്ന അവർ അകലെവച്ചു തന്നെ പരസ്പരം തിരിച്ചറിഞ്ഞു, അവർ നല്ല പൊക്കമുള്ളവരായിരിന്നു. സഹോദരന്മാർ നിലത്തിരിന്നു, തീ കൂട്ടി, പിന്നെ ഭക്ഷിച്ചു. കുറച്ചു നേരത്തേക്ക് അവർ നിശബ്ദരായിരിന്നു, ദിവസം മുഴുവനും ജോലി ചെയ്ത് ക്ഷീണിച്ച് അവശരായവരെപ്പോലെയായിരിന്നു അവർ രണ്ടു പേരും. ആകാശത്ത് ഇനിയും പേരിട്ടില്ലാത്ത നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. തീവെളിച്ചത്തിൽ ആബേലിന്റെ നെറ്റിയിലുള്ള കല്ലുകൊണ്ടുണ്ടായ മുറിപ്പാട് കായേൻ തിരിച്ചറിഞ്ഞു.
കായേൻ വായിലേക്ക് വയ്ക്കാൻ തുനിഞ്ഞ ഭക്ഷണം താഴെയിട്ടു. അവന്റെ പാതകത്തിന് മാപ്പ് ചോദിച്ചു.
“എനിക്കിപ്പോൾ ഒന്നും ഓർമ്മിക്കാൻ കഴിയുന്നില്ല. നീയെന്നെ കൊന്നോ അതോ ഞാൻ നിന്നെ കൊന്നോ?”
ആബേൽ മറുപടിയായി പറഞ്ഞു,
“നമ്മൾ ഇതാ ഇവിടെ രണ്ടു പേരും, പഴയതുപോലെ.”
“നീയെന്നോട് ക്ഷമിച്ചെന്ന് എനിക്കിപ്പോൾ ശരിക്കും തോന്നുന്നു.” കായേൻ പറഞ്ഞു.”മറക്കുക എന്നാൽ പൊറുക്കുക എന്നാണ്. എന്നാലാവുന്ന വിധത്തിൽ ഞാനും മറക്കാൻ ശ്രമിക്കാം.”
“ശരിയാണ്,” ആബേൽ പറഞ്ഞു, ശബ്ദം താഴ്ത്തിക്കൊണ്ട്,
“നീ പറഞ്ഞത് ശരിയാണ്, കുറ്റബോധം ഉള്ളിടത്തോളം കാലം പാപമുണ്ട്.”

കഥയുടെ അവസാനം ആബേൽ പറയുന്ന, “കുറ്റബോധം ഉള്ളിടത്തോളം കാലം പാപമുണ്ട്” എന്നത് കുറ്റത്തിന് വിധേയനായവൻ കുറ്റം ചെയ്തവനോട് പറയുമ്പോൾ മാത്രം ശരിയാകുന്ന ഒരു കാര്യമാണെന്ന് തോന്നുന്നു. ആരോടാണ് ഞാൻ ക്ഷമിക്കേണ്ടത് ? എന്ന ആഴമുള്ള നിഷ്ക്കളങ്കത അനുഭവിച്ചുകൊണ്ട് ആബേൽ നിൽക്കുന്നു. ആ നിഷ്ക്കളങ്കതയുടെ പരുക്ക് മാത്രം പേറിക്കൊണ്ട് കായേൻ നടന്നു പോയിരിക്കണം, സ്വതന്ത്രനായി.
മനുഷ്യൻ അനുഭവിച്ച ഏറ്റവും അസ്തിത്വപരമായ പ്രശ്നം എങ്ങനെ ഭൂതകാലത്തെ തിരുത്താം എന്നുള്ളതാണ്. അതിനുള്ള ശേഷിയില്ലായ്മയെയാണ് എല്ലാ ദുരന്തകാവ്യങ്ങളും ഇതിവൃത്തമാക്കിയിരിക്കുന്നത്. യുദ്ധത്തിന്റെ ബലരേഖകളിൽ പിണഞ്ഞു വീണ ഗ്രീക്ക് വീരന്മാരെല്ലാം അവരുടെ ഭൂതകാലത്തെ കൂടുതൽ കെട്ടുപിണഞ്ഞതാക്കുകയാണ് ചെയ്തത്. ഹോമറിന്റെ ഇലിയഡിന്റെ യഥാർത്ഥ നായകൻ, യഥാർത്ഥ ഇതിവൃത്തം ബലമാണ്. “കരുത്ത് ഉപയോഗിക്കുന്ന മനുഷ്യനും, അത് അനുഭവിക്കുന്ന മനുഷ്യനും ഒരു പോലെ കരുത്തിന്റെ മുൻപിൽ തോറ്റു പോകുന്നു. അതിന്റ പ്രഹരമേറ്റ് മനുഷ്യന്റെ ശരീരം ചുരുങ്ങിപ്പോകുന്നു.” സിമോൺ വെയിലിന്റെതാണ് ഈ നിരീക്ഷണം.

ആരോ ഇവിടെ ഉണ്ടായിരിന്നു. എന്നാലിപ്പോൾ ഇവിടെ ആരുമില്ല. യുദ്ധത്തിന്റെ ഹിംസ നിറഞ്ഞ കാഴ്ച വ്യതിയാനത്തിലേക്കാണ് ഇലിയഡ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്.
“….. കുതിരകൾ
ശൂന്യമായ രഥങ്ങളെ സൈന്യങ്ങളുടെ ഇടയിലുടെ
വലിച്ചിഴച്ചു കൊണ്ടുപോയി. അവരുടെ
ആഢ്യന്മാരായ സാരഥികൾക്കായി കേണുകൊണ്ട്.
എന്നാൽ അവരിവിടെ നിലത്തടിഞ്ഞു കിടക്കുന്നു,
ഭാര്യമാർക്കെന്നതിനേക്കാൾ കഴുകന്മാർക്ക്
പ്രിയപ്പെട്ടവരായി.”

അക്കില്ലസ്, ഹെക്ടറിനെ കൊല്ലുന്നത് വിവരിക്കുമ്പോഴാണ് യുദ്ധക്കളം നിറഞ്ഞാടുന്ന ശക്തിയുടെ പ്രചണ്ഡത നമ്മളെ വീർപ്പുമുട്ടിക്കുന്നത്.
“പ്രിയാമിന്റെ ഉജ്ജ്വലനായ മകൻ യാചനയുടെ
വാക്കുകളിൽ അങ്ങനെ സംസാരിച്ചു.
പക്ഷെ അവന് ലഭിച്ചത് നിഷ്ഠൂരമായ മറുപടിയായിരിന്നു. അവൻ സംസാരിച്ചു.
അപരന്റെ മുട്ടുകളും ഹൃദയവും തോറ്റു നിന്നു.
കുന്തം താഴെയിട്ട്, അവൻ മുട്ടുകുത്തി നിന്നു,
തന്റെ കൈകൾ വിരിച്ചു പിടിച്ചു കൊണ്ട്.
അക്കില്ലസ്, മൂർച്ചയേറിയ അവന്റെ വാള് ഊരിയെടുത്തു കഴുത്തിനും ഹൃദയത്തിനും ഇടയിലൂടെ കുത്തിയിറക്കി.
ഇരുതലമൂർച്ചയുള്ള വാൾ മുഴുവനായും ആഴ്ന്നിറങ്ങി.
ഹെക്ടർ, തല പതിച്ച് നിലത്തു വീണു, കറുത്ത രക്തം കുത്തിയൊഴുകി, ഭുമിയെ നനച്ചു കൊണ്ട്.

ശക്തി, അതിന്റെ ഇരകളോടെന്ന പോലെ അത് ഉപയോഗിക്കുന്നവനോടും യാതൊരു ദാക്ഷിണ്യവും കാണിക്കുന്നില്ല. ഇരകളെ തകർക്കുമ്പോൾ, ഉപയോഗിക്കുന്നവനെ ഭ്രാന്തനാക്കുന്നു. വാസ്തവത്തിൽ ആരും ഇത് സ്വന്തമാക്കുന്നില്ല. ഇലിയഡ്, മനുഷ്യകുലത്തെ കീഴടക്കിയവരെന്നും കീഴടക്കപ്പെട്ടവരെന്നും വേർതിരിക്കുന്നുമില്ല. ഏതെങ്കിലും ഒരു സമയത്ത് കരുത്തിനു മുൻപിൽ തല നീട്ടിക്കൊടുക്കാത്ത ആരും തന്നെ ഇലിയഡിൽ ഇല്ല. ആരാണോ കരുത്തിന്റെ പരാക്രമത്തെ അളക്കുകയും എങ്ങനെ അതിനെ ബഹുമാനിക്കാതിരിക്കാം എന്നു മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടോ, അവൻ മാത്രമേ നീതിക്കും സ്നേഹത്തിനും ജന്മം നൽകുന്നുള്ളു എന്ന് സിമോൺ വെയിൽ എഴുതുന്നത് ക്രിസ്തുവിനെ മുൻനിർത്തിയാണ്.

ബോർഗസ്സിന്റെ ഐതീഹ്യം സത്യമാകുന്നത് ക്രിസ്തുവിനു ശേഷമാണ്. ക്രിസ്തുവിനു ശേഷം വെറുപ്പിന്റെ എല്ലാ ഭൂതകാല കഥകളും മാറ്റി എഴുതപ്പെടേണ്ടത് തന്നെയാണ്. പാപത്തെ ഓർത്തു വയ്ക്കാനുള്ള ദൈവത്തിന്റെ കഴിവില്ലായ്മയിൽ വിശ്വസിക്കുക വഴി നമ്മുടെ ഭൂതകാലത്തെ തിരുത്താം എന്ന് ക്രിസ്തു മനസ്സിലാക്കുന്നു. ദൈവം പാപത്തെ ഇല്ലാതാക്കുന്നത് മറന്നു കൊണ്ടാണ്. തിന്മ ഓർമ്മ അർഹിക്കുന്നില്ല. പാപത്തെ വിശ്വസിക്കാത്ത സ്നേഹത്തിൽ ഉറച്ചുനിക്കുക, കരുത്തിനെ ആരാധിക്കാതിരിക്കുക, ശത്രുവിനെ വെറുക്കാതിരിക്കുക, ദൗർഭാഗ്യവാനെ പുച്ഛിക്കാതിരിക്കുക. ഇതൊക്കെയാണ് ഭൂതകാലത്തെ മോചിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ. ഇലിയഡിന്റെ സ്ഥാനത്ത് സുവിശേഷങ്ങൾ സ്ഥാനം പിടിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യന്റെ തുന്നലിടാനാവാത്ത വേദനയുടെ ആഴഞ്ഞെക്കുറിച്ച് പറയുന്ന സുവിശേഷങ്ങൾ എല്ലാ ദുരന്തകാവ്യങ്ങൾക്കും പുതിയൊരു അർത്ഥം നൽകുന്നുണ്ട്. ഇലിയഡിനു ജന്മം നൽകിയ അതേ ഗ്രീക്ക് ധീഷണത സുവിശേഷങ്ങൾക്ക് പിന്നിലും പ്രവൃത്തിക്കുന്നുണ്ട്. ഇലിയഡിലെ ദൈവം സഹനത്തെ അക്രമത്തെ മാറ്റുമ്പോൾ സുവിശേഷത്തിലെ ദൈവം അക്രമത്തെ സഹനമാക്കി മാറ്റുന്നു എന്ന വ്യത്യാസമുണ്ട്. “കള്ളങ്ങളുടെ പടച്ചട്ട അണിയാത്ത മനുഷ്യൻ കരുത്തിന്റെ രൗദ്രത അനുഭവിക്കുന്നത് അവന്റെ ആത്മാവിൽ തന്നെയാണ്. അവന്റെ ആത്മാവിനെ ഇത് മലിനമാക്കുന്നില്ലെങ്കിലും ഇത് കുത്തിത്തുറക്കുന്ന മുറിച്ചുകളിൽ നിന്നും ഒന്നിനും അവന്റെ ആത്മാവിനെ രക്ഷപ്പെടുത്താനാവില്ല.” എന്നും സിമോൺ വെയിൽ തിരിച്ചറിച്ചറിയുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തു കൊണ്ട് നീയെന്നെ ഉപേക്ഷിച്ചു ” എന്ന നിലവിളി ഇതിന്റെ സാക്ഷ്യമാണ്.

Advertisements

പരിശുദ്ധാത്മാവും ക്വാണ്ടം മെക്കാനിക്സും

വിശ്വാസവും അവിശ്വാസവും ഉൾക്കൊണ്ടുകൊണ്ടാണ് ദൈവം ജീവിക്കുന്നത്. പക്ഷെ, പരിശുദ്ധാത്മാവിന്റെ നിലനിൽപ്പ് വിശ്വാസിയെ ആശ്രയച്ചിരിക്കുന്നു. കാരണം പരിശുദ്ധാത്മാവ് ഒരുവെർച്ചൽ റിയാലിറ്റി ആണ്. വാസ്തവവും ആവാസ്തവവും പൂർണവും അപൂർണ്ണവും സാങ്കൽപീകവും യാഥാർത്ഥ്യവും ആകാൻ കഴിയുന്നതാണ് ഒരു വെർച്വൽ റിയാലിറ്റി. എപ്പോഴാണോ ഒരാൾ അതുണ്ട് എന്നു കരുതി ജീവിക്കുന്നത് അപ്പോൾ മാത്രമേ അതുള്ളു, അല്ലാത്തപ്പോൾ അതില്ല. ഇതാണ് വെർച്വൽ റിയാലിറ്റിയുടെ പ്രശ്നം. അവാസ്തകമായ വെർച്വൽ റിയാലിറ്റി വാസതവമാകണമെങ്കിൽ വിശ്വസിക്കുന്നവന്റെ സാന്നിദ്ധ്യമുണ്ടായിരിക്കണം അല്ലെങ്കിൽ അത് മറഞ്ഞിരിക്കും, ഒരു പക്ഷെ ഒരിക്കലും യാഥാർത്ഥ്യമാകാൻ കഴിയാതെ. ഒരു വെർച്വൽ റിയാലിറ്റി ഒരു പ്രാവശ്യം യാഥാർത്ഥ്യമായാൽ അത് എക്കാലവു യാഥാർത്ഥ്യമായിരിക്കും എന്നും കരുതരുത്. ഓരോ തവണയും യാഥാർത്ഥ്യമായതിനുശേഷം അത് വീണ്ടും വെർച്വൽ ലോകത്തേക്ക് തിരിച്ചു പോകും. വെർച്വൽ ലോകം ആത്മീയ ലോകമല്ല . എല്ലാ അർത്ഥത്തിലും ഭൗതികമായ ലോകമാണിത് അതുപോലെ തന്നെ പരിശുദ്ധാത്മാവ് ആത്മീയമല്ല, ഭൗതികമാണ്.

വിശാല പ്രപഞ്ചത്തിന്റെ കുറെഏറെ നീയമങ്ങൾ നമ്മൾ മനസ്സിലാക്കി കഴിഞ്ഞു. ഐൻസ്റ്റിന്റെ ആപേക്ഷിക സിദ്ധാന്തമാണ് വിശാല പ്രപഞ്ചത്തിന്റെ ഏറ്റവും പ്രധാന നിയമ സംഹിത. പക്ഷെ, വിശാല പ്രപഞ്ചത്തിൽ സാധൂകരിക്കപ്പെട്ട ഒരു നിയമവും ക്വാണ്ടം മെക്കാനിക്സിന്റ സൂക്ഷ്മ ലോകത്തിൽ ഉപയോഗിക്കാനാവില്ല. വിശാല പ്രപഞ്ചത്തിന്റെ ക്രമവും നീയമവും സൂഷ്മ ലോകത്തിൽ ക്രമക്കേടുകളായി മാറുന്നു. വിശാല ലോകത്തിന്റെ വാസ്തവങ്ങൾ കണികാലോകത്തിന്റ ആവാസ്തവങ്ങളാണ്. ഈ രണ്ടു ലോകത്തിലും പ്രായോഗികമാകുന്ന ശാസ്ത്ര സത്യങ്ങൾ കണ്ടു പിടിക്കാൻ ശാസ്ത്രം കിണഞ്ഞു പരിശ്രമിക്കുകയാണ്. പക്ഷെ, ഇതുവരെ അതിനു സാധിച്ചിട്ടില്ല.

ക്വാണ്ടം മെക്കാനിക്സ് എന്തിനെയെങ്കിലും ആശ്രയിക്കുന്നുണ്ടെങ്കിൽ, അതൊരു നിരീക്ഷകനെയാണ്. ഹൈസൻബർഗിന്റെ അനിശ്ചിത സിദ്ധാന്തവും ഷ്റോഡിംഗറിന്റെ പൂച്ചയും ഇതാണ് സമർത്ഥിക്കുന്നത്. സാധാരണ ലോകത്തിൽ ഒരു ഊർജം ചെലുത്തിക്കൊണ്ട് ഒരു ഇലക്ട്രോണിന്റെ സ്ഥാനം എവിടെയായിരിക്കണം എന്നു നമുക്ക് നിശ്ചയിക്കാം. പക്ഷെ ക്വാണ്ടം ലോകത്ത് ഒരാൾ നിരീക്ഷിക്കാൻ ഇല്ലെങ്കിൽ ഇലക്ട്രോണിന്റെ സ്ഥാനം അതുണ്ടാകാൻ സാധ്യതയുള്ള എല്ലായിടത്തുമാണ്.

ക്വാണ്ടം എൻറ്റാഗിൾമെന്റ തിയറി അവതരിപ്പിക്കുന്നത് വളരെ രസകരമായ ഒരു കാര്യമാണ് രണ്ടു പാർട്ടിക്കിൾ അടുത്തു വെച്ച് പരസ്പരം മനസ്സിലാക്കിപ്പിക്കാൻ സാധിക്കും. പ്രകാശത്തിന്റെ പാർട്ടിക്കിൾസ് ആയ രണ്ടു ഫോട്ടോണിനെ ഇങ്ങനെ എൻറ്റാംഗിൾ ചെയ്തു എന്നു കരുതുക. ഇതിൽ ഒരു പാർട്ടിക്കിൾ ഘടികാര ദിശയിൽ ചലിച്ചാൽ മറ്റേത് അപ്രദക്ഷിണ ദിശയിൽ ചലിച്ചിരിക്കും. ഇതിൽ ഒരു ഫോട്ടോണിനെ ഭൂമിയിലും മറ്റേ ഫോട്ടോണിനെ ചന്ദ്രനിലും വെച്ചിട്ട് ഭൂമിയിലുള്ള ഫോട്ടോണിനെ ഘടികാര ദിശയിൽ ചലിപ്പിച്ചാൽ ചന്ദ്രനിലുള്ളത് അപ്രദക്ഷിണ ദിശയിലായിരിക്കും ചലിക്കുന്നത്. എന്നു വെച്ചാൽ, ഈ ഫോട്ടോണുകൾ സന്ദേശം കൈമാറുന്നത് പ്രകാശത്തിനെക്കാൾ വേഗത്തിലായിരിക്കും , ഇവയ്ക്കിടയിലുള്ള സ്ഥലകാലങ്ങൾ ഇല്ലാതാക്കിക്കൊണ്ട്. വിശാല ലോകത്തിൽ ഒന്നിനും പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാനികില്ല എന്നതാണ് ഐൻസ്റ്റിന്റെ കണ്ടുപിടിഞ്ഞം. കോണ്ടം ലോകത്തിൽ ഇത് ബാധകമല്ല. ക്വാണ്ടം മെക്കാനിക്സിലെ വിക്രിയ സത്യമായ എൻറ്റാഗിൾമെന്റ സിദ്ധാന്തം അംഗീകരിക്കാൻ ഐൻസ്റ്റിനു സാധിച്ചില്ല. ഇന്നിത് ഒരു സമർത്ഥിക്കപ്പെട്ട നീയമമാണ്.

പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് ക്വാണ്ടം മെക്കാനിക്സ് പോലെയാണ്. ക്വാണ്ടം ലോകത്ത് ഒന്നും നടക്കുന്നില്ല, ഒരു നിരീക്ഷകൻ ഇല്ലാത്തിടത്തോളം കാലം. അനിശ്‌ചിതത്തിന്റെ ക്വാണ്ടം ലോകത്ത് എല്ലാം ഒരേ സമയം സത്യവും അസത്യവുമാണ്, കണവും തരംഗവുമാണ്. ക്വാണ്ടം ലോകം നിരീക്ഷകനെ ആശ്രയിക്കുന്നതു പോലെ പരിശുദ്ധാത്മാവ് വിശ്വാസിയെ ആശ്രയിക്കുന്നു, അതിന്റെ പ്രവർത്തനത്തിനായി. യാതൊരുവിധ ഗുരുത്വാകർഷണത്തിനു വിധേയമാകാത്ത ആത്മാവ് വിശ്വാസത്തിനു മാത്രം വിധേയമാകുന്നു.

പെന്തക്കോസ്തയിലാണ് പരിശുദ്ധാത്മാവ് അതിന്റെ മുഴുവൻ ശക്തിയോടുംകൂടെ വാസ്തവമായത്. ഈ ദിവസമാണ് സഭ കത്തോലിക് ആയത്. കത്തോലിക് എന്ന വാക്കിന്റെ അർത്ഥം ഉദാരമായ സാർവ്വജനിത എന്നാണ്. പരിശുദ്ധാത്മാവ് വന്നിറങ്ങിയപ്പോൾ ശിഷന്മാരുടെ പ്രസംഗം ഓരോ കേൾവിക്കാരനും താന്താങ്ങളുടെ ഭാഷയിൽ ശ്രവിക്കാനായി. പരിശുദ്ധാത്മാവ് അതിരുകൾ ഭേദിക്കുന്ന ഉദാരതയെ സൃഷ്ടിച്ചു. ഓരോരുത്തന്റെയും വൃതിരിക്തമായ ഭാഷയെയും സംസ്കാരത്തെയും അംഗീകരിക്കുന്ന ഉദാരതയുടെ സാർവ്വജനീതയാണ് സഭയിൽ ഇന്ന് അപ്രതൃക്ഷമായിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം പരിശുദ്ധാത്മാവിനെയും. മൂലഭാഷയിൽ നിന്നും അണുവിട വൃതിചലിക്കാത്ത വിധത്തിൽ കുർബാന മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യണമെന്ന് വാശി പിടിച്ചു കൊണ്ട് കുർബാനയെ വികൃതമാക്കുന്ന സഭാനേതൃത്വം പെന്തക്കോസ്താ വിരുദ്ധമാണ്.

അബ്സലൂട്ടിസത്തിന്റെ മാരക പാപങ്ങളിൽ നിന്നും സഭയെ രക്ഷിക്കുന്നതും പരിശുദ്ധാത്മാവാണ്. വൈവിധ്യങ്ങളായ സംസ്ക്കാരങ്ങളിലും മതങ്ങളിലുമുള്ള നന്മകളെ ഉൾക്കൊള്ളാൻ പരിശുദ്ധാത്മാവ് സഭയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അമ്പതുവർഷം പിറകിൽ നിന്നും ചിന്തിച്ചു കൊണ്ടിരിക്കുന്ന സഭയോട് എല്ലാത്തിനെയും പുതിയതാക്കുന്ന ക്രിസ്തുവിന്റെ ആത്മാവ് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്, “പുതിയതാകുക”. പരിശുദ്ധാത്മാവ് ഡോഗ്മാ വിരുദ്ധമാണ്. പരിശുദ്ധാത്മാവിന് ഇന്നിനെ മാത്രമേ അറിയുന്നുള്ളു, അങ്ങനെയാണ് ഇന്നലെകളെ വിശുദ്ധീകരിക്കുകയും നാളെയുടെ വാതിലുകൾ തുറക്കുകയും ചെയ്യുന്നത്.

 യാത്രയിൽ സംഭവിക്കുന്നത്

വിധി

ദൈവം അവനോട് ചോദിച്ചു “നീ എവിടെയാണ്, ഞാൻ ഭക്ഷിക്കരുതെന്ന് കൽപ്പിച്ച വൃക്ഷത്തിന്റെ കനി നീ ഭക്ഷിച്ചോ?” “അങ്ങ് എനിക്ക് കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്ക് തന്നു, ഞാൻ തിന്നു.” അവൾ പറഞ്ഞു, “സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ പഴം തിന്നു.”
ഒരാളെ കാണാതായപ്പോൾ ദൈവം അയാളുടെ സഹോദരനോട് ചോദിച്ചു, “കായേൻ നിന്റെ സഹോദരൻ ആബേൽ എവിടെ?” അവൻ പറഞ്ഞു, “ഞാൻ എന്റെ സഹോദരന്റെ സൂക്ഷിപ്പുകാരൻ അല്ല.”
മനുഷ്യന്റെ ചരിത്രം ഉത്തരവാദിത്തമില്ലായ്മയുടെ ചരിത്രമാണ്. ആര്, എവിടെ എന്നീ ചോദ്യങ്ങളിൽ നിന്നും മനുഷ്യൻ എപ്പോഴും ഒളിച്ചോടി. ഉത്തരവാദികൾ ഒളിച്ചോടിയ കുറ്റങ്ങൾ കൊണ്ട് ഭൂമി നിറഞ്ഞു. ഉത്തരവാദികൾ ഇല്ലാത്ത കുറ്റങ്ങൾ പുതിയ കുറ്റങ്ങളെ സൃഷ്ടിച്ചു. ദൈവത്തിന്റെ കോടതിയിൽ മരണത്തിന്റെ കേസെടുത്തപ്പോൾ പ്രതി ഒരിക്കലും ഹാജർ അല്ലായിരുന്നു.
അവസാനം, യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്ത അവൻ വന്നിട്ട് പറഞ്ഞു, മനുഷ്യന്റെ എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ഉത്തരവാദിത്വത്തിന്റെ പുതിയ ചരിത്രത്തിന് അവർ തുടക്കം കുറിക്കുന്നു. ക്രിസ്തുവിന്റെ ഈ ചരിത്രം മനസ്സിലാക്കിയ ദൊസ്തോവ്‌സ്കി പിന്നീട് എഴുതും, “all of us are responsible for everything and I even more.”
ഉത്തരവാദിത്വങ്ങൾ അപകടം പിടിച്ചതാണ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പിതാവിന് എല്ലുമുറിയെ പണിയെടുക്കേണ്ടിവരും. മക്കളുടെ പനിക്കിടക്കയിൽ അമ്മയ്ക്ക് രാത്രി മുഴുവൻ ഉറക്കമിളച്ച് ഇരിക്കേണ്ടിവരും. പെങ്ങളുടെ വിവാഹം നടത്താൻ സഹോദരന് മണലാരണ്യത്തിലെ പൊള്ളുന്ന വെയിലിൽ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവരും.
നിർദോഷിയായ ക്രിസ്തു അവരുടെ മുമ്പിൽ നിൽക്കുന്നു, കുറ്റാരോപിതനായി, മരണത്തിനു വിധിക്കപ്പെട്ട്. ഉത്തരവാദിത്വത്തിന്റെ എല്ലാ ഭീകരതയും അപകടങ്ങളും മരണവും അവനെ തുറിച്ചു നോക്കുന്നു.

കുരിശ്
തലങ്ങനെയും വിലങ്ങനെയും വച്ച് രണ്ട് തടികൾകൊണ്ട് ഒരു കുരിശ് ഉണ്ടാക്കാം. കൊല്ലാനായി മനുഷ്യൻ കണ്ടുപിടിച്ച ഉപകരണങ്ങളിൽ ഏറ്റവും ലളിതമായത് കുരിശാണ്. പക്ഷേ, കുരിശിൻറെ ശക്തി അപാരമാണ്. ഒരാളുടെ തോളിൽ നിപതിച്ചു അയാളുടെ ജീവിതത്തെ തുടർച്ചയായി വീഴ്ത്താൻ സാധിക്കും. ഒരാളുടെ ജിവിതത്തിന് കുറുകെ നിഴലായി വീണു അയാളുടെ ജീവിതത്തെ മുഴുവൻ അഭിശപ്തമാക്കാൻ ഇതിന് സാധിക്കും. ഭൂമിക്കും ആകാശത്തിനും മധ്യേ തൂക്കിയിട്ടുകൊണ്ട് ഒരാളുടെ മരണത്തെ ഏറ്റവും ബീഭത്സമായി പ്രദർശിപ്പിക്കാൻ കുരിശിനു സാധിക്കും. ഈ കുരിശാണ് ക്രിസ്തുവിന്റെ തോളിൽ വലിയ ഭാരമായി നിപതിക്കുന്നത്. ഇതിന്റെ ഭാരത്തിലും ഭീകരതയിലും പെട്ട് ക്രിസ്തുവിന്റെ ശരീരം തകർന്നുടയുന്നു. പക്ഷേ ക്രിസ്തുവിന്റെ തോളിലിരിക്കുന്ന കുരിശ് അതിന്റെ മുക്തിയുടെ പാതയിലാണ്. ആദ്യമായി കുരിശു അതിനെത്തന്നെ അഭിമുഖീകരിക്കുന്നു.  അതിന്റെ വിധിയോർത്ത് പരിതപിക്കുന്നു. ഇനി ഒരിക്കലും ആരുടെയും ചുമലിൽ പതിക്കാൻ, ആരുടെയും ജീവിതത്തെ അഭിശപ്തമാക്കാൻ, ആരുടെയും മരണത്തെ തൂക്കിപ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് അത് മനുഷ്യനോട് കേണപേക്ഷിക്കുന്നു

വീഴ്ച
എല്ലാറ്റിന്റെയും പൊതുസ്വഭാവമായി ഒന്നേയുള്ളൂ: വിഴ്ച, എല്ലാം വീണുപോകുന്നു. വൃക്ഷത്തിൽ നിന്നും ഇലകൾ വീഴുന്നു. കുറച്ചുകഴിയുമ്പോൾ വൃക്ഷവും വീഴുന്നു. രാത്രിയിൽ ആകാശത്ത് നോക്കുമ്പോൾ നക്ഷത്രങ്ങൾ വീഴുന്നതായി കാണാം. എങ്ങനെ വീഴണമെന്നും, ഇരുട്ടിലേക്ക് പിൻവാങ്ങണമെന്നും നക്ഷത്രങ്ങൾക്കു പോലുമറിയാം. ശാസ്ത്രം പറയുന്നു ഈ പ്രപഞ്ചം പോലും എവിടേയ്ക്കോ വീണുപോകുന്നു. അകലം കൂടുംതോറും കൂടുതൽ വേഗത്തിൽ വീണുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചമാണ് നമ്മുടേത്. ഞാനും നിങ്ങളും വീണുകൊണ്ടിരിക്കുകയാണ്, അനുനിമിഷം. നമ്മുടെ അതിർത്തി ഒരു കുഴിമാടം ആണ്.
എല്ലാം വീഴ്ചകളും പരിഹാസ്യമാണ്, വേദനയാണ്. മുട്ടുകുത്തി നിലത്തുവീഴുമ്പോൾ നമ്മുടെ ചുറ്റും ആരും ഉണ്ടാകരുതെന്ന് നമ്മൾ ആശിച്ചു പോകാറുണ്ട്. ക്രിസ്തു മാത്രമാണ് മനുഷ്യന്റെ വീഴ്ചകളെ സ്നേഹിച്ചത്. മനുഷ്യന്റെ വീഴ്ചയുടെ മുറിവുകളെ കരുണയുടെ തൈലം കൊണ്ട് പുരട്ടുമ്പോൾ. അതെല്ലാം വിശുദ്ധമായി മാറുമെന്ന് ക്രിസ്തു മനസ്സിലാക്കിയിരുന്നു.
ക്രിസ്തുവും വീഴുന്നു. വിധിയുടെ ഭാരമേറ്റ് വേച്ചുവേച്ച് വീഴുന്ന ഏതൊരു മനുഷ്യനെയും പോലെ ക്രിസ്തുവും വീഴുന്നു. ഭൂമിയുടെ ബലം അവന്റെ ശരീരത്തിന്റെ ബലത്തിന്റെ മേൽ വിജയം നേടുന്നു. വീഴ്ചകളുടെ അപഹാസ്യതയും പേറി ക്രിസ്തു ശുഷ്കിച്ചു നിൽക്കുന്നു.

നഗ്നൻ
നമ്മുടെ ഏറ്റവും വലിയ ഭീതി ഒരു ആൾക്കൂട്ടത്തിന്റെ മുന്നിൽ നഗ്നരായി നിൽക്കേണ്ടി വരുന്നതാണ്. മരിക്കുന്നതാണ് അതിലും ഭേദം എന്ന് നമ്മൾ വിചാരിക്കുന്നു. ഒരാളുടെ നഗ്നത അയാളുടെ സ്വകാര്യതയാണ്. അതിലേക്കുള്ള കടന്നുകയറ്റത്തെ എന്തുവിലകൊടുത്തും അയാൾ ചെറുക്കുന്നു. രണ്ടുപേരുടെ കിടക്കറയെ ദൈവംപോലും ബഹുമാനിക്കുകയും കണ്ണുകൾ പിൻവലിക്കുകയും ചെയ്യുന്നു.

പടാളക്കാരാൽ നിരന്തരമായി മാനഭംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടി ഇപ്രകാരം എഴുതി വച്ചു, “Each of my wound is a violation, because it’s inflicted by others.”
എങ്ങനെയാണ് ഒരാളുടെ ശരീരത്തിന്റെ മേൽ ഭരണകൂടവും ആൾക്കൂട്ടവും വൃക്തികളും ആധിപത്യ ഉറപ്പിക്കുന്നത്? മുറിവേൽപ്പിച്ചും കവർന്നെടുത്തും പ്രദർശിപ്പിച്ച് നാണം കെടുത്തിയും തന്നെയാണ്. മനുഷ്യന്റെ നാണക്കേടിനു കാരണം ശരീരത്തിന്റെ അവയവങ്ങളാണ്. അവയവങ്ങളിലൂടെയാണ് ആധിപത്യത്തിന്റെയും വിധിയുടെയും കണ്ണുകൾ ശരീരത്തെ ഭേദിക്കുന്നത്. വസ്ത്രത്തിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന മാറിനെ വിധിക്കുന്നവരെ മാറിടം തുറന്നു കാട്ടി തന്നെയല്ലേ പ്രതികരിക്കേണ്ടത്? മതപ്രഭാഷകരുടെ ചീഞ്ഞളിഞ്ഞ കണ്ണുകൾ ദുർഗന്ധം വമിക്കുന്ന വിധികൾ പ്രഖ്യാപിക്കുന്നു. മതവും രാഷ്ട്രീയവും ഈ ദുർഗന്ധം വഹിച്ചു കൊണ്ട് റാലി നടത്തുന്നു.
ഒൻപത് വർഷത്തെ നീണ്ട മനോരോഗ ആശുപത്രിയിലെ വാസത്തിൽ പലതവണ ഷോക്ക് ചികിത്സയ്ക്ക് വിധേയനായ, ഫ്രാൻസിന്റെ ഏറ്റവും വലിയ കവിയും നാടകകൃത്തുമായ അർറ്റോഡ് അവയവങ്ങൾ ഇല്ലാത്ത ശരീരത്തെ സ്വപ്നം കാണുന്നു, a body without organ can never be judged, condemned, violated.
ക്രിസ്തുവിനെ അവർ നഗ്നനാക്കുന്നു. ഏറ്റവും പരിഹാസ്യവും നിസ്സഹായവുമായ ഈ അവസ്ഥയിൽ ആരും തന്നെ ഇങ്ങനെ കാണുന്നില്ലെന്ന് തന്നെത്തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി അവൻ കണ്ണുകൾ മുറുക്കി അടക്കുന്നു. അവൻ നിർദ്ദയം പ്രദർശിപ്പിക്കപ്പെടുന്നു .
അങ്ങനെ ആൾക്കൂട്ടത്തിന്റെ മുമ്പിൽ അപമാനിക്കപ്പെട്ടു നഗ്നരായി നിൽക്കേണ്ടിവരുന്ന അനേകം മനുഷ്യരിൽ ഒരാളായി ക്രിസ്തു മാറി.
ഈ ക്രിസ്തുവിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? മെഡിക്കൽ വിദ്യാർഥികൾ, ഡിസക്ഷൻ ടേബിളിലിട്ട് ആന്തരാവയവങ്ങൾ കുത്തി മുറിച്ചു പഠിക്കാൻ ഉപയോഗിക്കുന്ന ഒരു തവളയെപ്പോലെ നിസ്സഹായൻ ആയിരിക്കുന്നു ക്രിസ്തു. ഒരു കൃമി കീടത്തെപോലെ അവൻ ചവിട്ടിമെതിക്കപ്പെടുന്നു.

മരണം

ഒരുകഴുമരത്തിൽ തൂക്കപ്പെട്ട് നിലവിളിച്ചുകൊണ്ട് മരിക്കുന്ന ക്രിസ്തു. ഇതൊരു യാത്രയുടെ അന്ത്യമാണ്. അവന്റെ യാത്രയെ ഭയന്നവർ എന്നന്നേക്കുമായി അവന്റെ യാത്രയെ അവസാനിപ്പിക്കാനായി അവനെ പിടിച്ച് കുരിശിൽ തറച്ചു. ഗലീലി മുതൽ ജെറുസലേംവരെ മൂന്നു വർഷം നീണ്ട ഒരു യാത്ര എന്തിനാണവൻ നടത്തിയതെന്നു നമ്മുക്ക് മനസ്സിലാകുന്നു. ക്രിസ്തു ഈ യാത്ര നടത്തിയപ്പോൾ അവനു ചുറ്റും അനേകം യാത്രകൾ നടക്കുന്നുണ്ടായിരിന്നു. ചരിത്രം ഉറ്റുനോക്കിയത് ഈ യാത്രകളെയായിരിന്നു. ചരിത്രം അതിനെ പടയോട്ടങ്ങൾ എന്നു വിളിച്ചു.

ക്രിസ്തുവിന്റെ യാത്രയും ഒരു ശത്രുവിനെ തോല്പിക്കാനുള്ളതായിരുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവിനെ തോല്പിക്കാനുള്ള യാത്ര. മരണമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. സ്നേഹമില്ലാത്ത എല്ലാത്തിനും എതിരെ ക്രിസ്തു കലഹിച്ചു. മരണം സ്നേഹമല്ല. അമ്മയുടെ മാറിൽനിന്ന് കുഞ്ഞിനേയും എടുത്തു കൊണ്ട് മരണം പോകും. കാമുകന്റെ ആലിംഗനത്തിൽ നിന്നും കാമുകിയേയും എടുത്തുകൊണ്ടുപോകും. ദൈവത്തിന് ഒരിക്കലും മരണത്തെ അംഗീകരിക്കാൻ സാധിക്കില്ല. കാരണം മരണം വന്നത് ദൈവത്തിൽനിന്നല്ല, ദൈവത്തിന് പുറത്തുനിന്നാണ്. മരിക്കാൻ അല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

ക്രിസ്തു ജീവിതത്തെ വല്ലാതെ സ്നേഹിച്ചിരുന്നു, ഏതൊരു ചെറുപ്പക്കാരനും പോലെ. അതുകൊണ്ടാണ് അവനെ പിടിക്കാനായി പലപ്പോഴും അവർ വന്നപ്പോൾ, അവൻ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നുഴഞ്ഞു രക്ഷപ്പെട്ടത്. ഒരു മണിക്കൂറെങ്കിലും തന്റെ ജീവിതത്തെ നീട്ടിക്കൊണ്ടുപോകാൻ അവൻ ആഗ്രഹിച്ചു. അവന്റെ ജീവിതം തന്നെ മരണത്തിനെതിരെയുള്ള നീണ്ട പോരാട്ടമായിരുന്നു. മരണം എല്ലാവരുടെയും അടുത്ത് എത്തിച്ചേരുന്നതാണ്. അവൻ മാത്രം മരണത്തെ തേടി യാത്ര ചെയ്തു. മരണത്തിനറിയാമായിരുന്നു ഇവനെ ഇല്ലാതാക്കിയാൽ അവന്റെ വിജയം എന്നെന്നേക്കും ഉള്ളതാണെന്ന്. അതുകൊണ്ട് മരണം അതിന്റെ എല്ലാ ശക്തിയുമായി ക്രിസ്തുവിനെ ആക്രമിച്ചു, അവനെ ചവച്ചരച്ചു. അപ്പോഴാണ് മരണം അതിനു പറ്റിയ അമളി മനസ്സിലാക്കിയത്. മരണം കൊന്നത് ‘ഇല്ലാത്ത’ ഒരുവനെയായിരിന്നു. മരിക്കുമ്പോൾ ക്രിസ്തു അവിടെ ഇല്ലായിരുന്നു. അവൻ അനേകമായി മറ്റുള്ളവരിൽ പങ്കുവെക്കപ്പെട്ടിരിന്നു. അന്ത്യ അത്താഴ സമയത്ത് തന്റെ ശരീരവും രക്തവും പോലും പങ്കുവെച്ചു സ്നേഹം മാത്രമായി അവശേഷിച്ചു നിന്ന ക്രിസ്തുവിനെ ഇല്ലാതാക്കിയതോടുകൂടി മരണം ഇല്ലാതായി. ക്രിസ്തു എന്ന കാളകൂടം വിഷംകഴിച്ച് മരണം മരിച്ചു. “മരണമേ നിന്റെ വിജയം എവിടെ?” പൗലോസ് ചോദിക്കുന്നു.

ക്രിസ്തുവിന്റെ മരണമായിരിന്നോ ഏറ്റവും വലിയ മരണം? ക്രിസ്തുവിനേക്കാൾ ഭീകരമായി കൊല്ലപ്പെട്ട മനുഷ്യരുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്തുവിന്റെ മരണമാണ് ഏറ്റവും തെന്നു പറയുന്നതെന്തുകൊണ്ട്? ക്രിസ്തുവിന് കൂടുതൽ ജീവനുണ്ടായിരുന്നു. കൂടുതൽ ജീവനുള്ളവന് കൂടുതൽ വലിയ മരണമുണ്ട്. ഒരു വൃക്ഷത്തിന്റെ വലിപ്പം നമ്മൾ തിരിച്ചറിയുന്നത് അത് കടപുഴകി വീണു കഴിയുമ്പോൾ തെളിഞ്ഞു വരുന്ന ആകാശത്തിന്റെ വിസ്തൃതിയിൽ നിന്നാണ്.

ക്രിസ്തു മരിച്ചപ്പോൾ പ്രപഞ്ചം മുഴുവൻ തിരിച്ചറിയുന്നുണ്ട്. ഭൂമിയിളകി, അന്ധകാരം വ്യാപിച്ചു, കാറ്റ് ആഞ്ഞടിച്ചു. മരിക്കാൻ പാടില്ലാത്തവൻ മരിച്ചപ്പോൾ പ്രപഞ്ചം പ്രതികരിച്ച രീതിയാണിത്. മരണത്തിന് ഇല്ലാതാക്കാവുന്നതിനും കൂടുതലായിരുന്നു അവന്റെ ജീവൻ. “മരിച്ചവൻ മരിച്ചിട്ടില്ല,” എലിയട്ടിന്റ കവിത പറയുന്നു.

അപ്പോൾ, കുരിശിൽ കിടക്കുന്നവന് ഇനിയും അവന്റെ യാത്ര തുടരാനാവുമോ? കുരിശിന്റെ ലംബമാനത അവനു പുതിയ വഴികൾ തുറന്നു കൊടുക്കുമോ? കുരിശിനു ചിറകു മുളക്കുമോ? അവൻ ഭൂമിയെ വെറുത്തുപേക്ഷിക്കുമോ? അതോ മറ്റൊരു കടൽത്തിരത്ത് അവൻ നിൽക്കുന്നുണ്ടോ, പുതിയൊരു യാത്രയുടെ വിളികളുമായ് ?

നിഷേധിക്കപ്പെട്ട പറുദീസ

പറുദീസയെക്കുറിച്ച് രസകരമായ ഒരു നിരീക്ഷണം മിലൻ കുന്ദേര നടത്തുന്നുണ്ട്, ” പറുദീസയിലേക്ക് തിരിച്ചുപോകാനുള്ള മനുഷ്യന്റെ ആഗ്രഹം മൃഗമായിത്തീരാനുള്ളതാണ്. കാരണം മൃഗങ്ങളാണ് പറുദീസയിൽ നിന്നും പുറത്താക്കപ്പെടാതിരിന്നത്.” പറുദീസാ വേർതിരിവില്ലായ്മയുടെ പ്രതീകമാണ്. ദൈവവും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒരുമിച്ച് ജീവിക്കുന്ന അവസ്ഥ. പറുദീസാ ഇല്ലാതാക്കുന്ന ഏറ്റവും വലിയ വേർതിരിവ് ഭാഷയുടേതാണ്. ദൈവം പോലും തന്റെത് എന്നു പറയാവുന്ന ഒരു ഭാഷ ഇല്ലാതെ നിൽക്കുന്നു.

പറുദീസയുടെ പ്രശ്നം സാധ്യതകളുടേതാണ്. പറുദീസയില ഓരോ വസ്തുവും ഒരായിരം സാധ്യതകളുമായി തിളങ്ങി നിൽക്കുന്നു. ഈ സാധ്യതകളാണ് ഹവ്വയെ ഭ്രമിപ്പിച്ചത്. ഒരു വൃക്ഷത്തിൽ ഞാന്നു കിടക്കുന്ന കനി വഹിക്കുന്ന വിവരണാതീതമായ സാധൃതകൾ ഹവ്വയെ പ്രലോഭിപ്പിക്കുന്നു. ഒരു കനി, അതിൽ നിലനിൽക്കുന്ന വിലക്ക്, വിലക്കിന്റെ പിന്നിലെ രഹസ്യം, അതിന്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്ന നന്മതിന്മകൾ, അതു ഭക്ഷിക്കുമ്പോൾ മാഞ്ഞുപോകുന്ന അതിർവരമ്പുകൾ. സ്ത്രീ വിവശയാകുന്നു. അതിലേക്കുള്ള ക്ഷണം നിരസിക്കാനാവാതെ നിൽക്കുന്ന പുരുഷൻ. ഭാഷ തന്നെ ഏറ്റവും വലിയ പ്രലോഭനമായിത്തിരുന്നു.

ലോർഡ് ബൈറന്റെ കവിതകളെ സാത്താനിക് എന്നാണ് വിശേഷിപ്പിക്കുന്നത്. സാത്താൻ ഏറ്റവും ബുദ്ധിപരമായി സംസാരിക്കുന്നത് ബൈറന്റെ കവിതകളിലൂടെയാണ്. ബൈറന്റെ ‘കായേൻ’ എന്ന കവിത കായേനെ പ്രലോഭിപ്പിക്കാൻ എത്തുന്ന ലൂസിഫറിനെ കാണിക്കുന്നു. ലൂസിഫറിന്റെ ഭാഷ നിർമ്മിക്കുന്ന അഗാധതയിൽ നോക്കി നിൽക്കുകയാണ് കായേൻ. പെട്ടെന്ന് കായേൻ ലൂസിഫറിനോട് പരാതിപ്പെടുന്നു, “നീ ചതിയനാണ്. നീ എന്റെ മാതാപിതാക്കളെ വഞ്ചിച്ചു. ആ കനി ഭക്ഷിച്ചാൽ നന്മതിന്മകളെ അതിലംഘിച്ച് ദൈവത്തെപ്പോലെ ആയിത്തീരുമെന്ന് പറഞ്ഞ് ഞങ്ങളെ നീ വഞ്ചിച്ചു. പകരം ഞങ്ങൾക്ക് കിട്ടിയത് മരണം മാത്രമാണ്.” അപ്പോൾ ലൂസിഫർ പുഞ്ചിരിച്ച് കൊണ്ടു പറയുന്നു, ഞാനാരെയും ചതിച്ചിട്ടില്ല. ചതി എന്റെ സ്വഭാവമല്ല. ഞാൻ നിന്റെ മാതാപിതാക്കളോട് പറഞ്ഞത് സത്യം തന്നെയാണ്. ആ കനി ഭക്ഷിച്ചപ്പോൾ അവർക്ക് കിട്ടിയ മരണമാണ് നന്മതിന്മയുടെ തിരിച്ചറിവ്. മരണത്തിലുടെയാണ് മനുഷ്യൻ ദൈവത്തെപ്പോലെയാകുന്നത്. കായേനും ലൂസിഫറു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കായേന്റെ ഭാര്യ വരുന്നു. സാധാരണഗതിയിൽ അവളുടെ സാമിപ്യം പെട്ടെന്ന് തിരിച്ചറിയുന്ന കായേൻ ഇപ്പോൾ അവൾ അടുത്തെത്തിയിട്ടും തിരിച്ചറിയാത്തത് അവളെ അത്ഭുതപ്പെടുത്തുന്നു. അവൻ ഒരു അജ്ഞാതനുമായുള്ള സംഭാഷണത്തിൽ എല്ലാം മറന്ന് നിൽക്കുന്നു. കായേന്റെ ഭാര്യ അജ്ഞാതനോട് തട്ടിക്കയറുന്നു, “who are you to step between heart and heart.”

കാഫ്ക പറഞ്ഞ ഏറ്റവും നിഗൂഡമായ ഉപമയാണ്, ‘Before the Law’. നീയമത്തിലേക്ക് പ്രവേശിക്കുന്നതിനു വേണ്ടി ഗ്രാമത്തിലുള്ള ഒരു മനുഷ്യൻ എത്തിച്ചേരുന്നു. പക്ഷെ നീയമത്തിന്റെ കാവൽക്കാരൻ അയാളെ ഇപ്പോൾ കയറ്റി വിടാൻ സാധിക്കുകയില്ലെന്ന് അറിയിക്കുന്നു. അപ്പോൾ ആ മനുഷ്യൻ ചോദിക്കുന്നു, “പിന്നീട് വന്നാൽ എന്നെ പ്രവേശിപ്പിക്കുമോ?” അതും അസാധ്യമാണെന്ന് കാവൽക്കാരൻ അറിയിക്കുന്നു. എപ്പോഴും തുറന്നു കിടക്കുന്ന നീയമത്തിന്റ കവാടത്തിനുള്ളിൽ എന്താണെന്നറിയാൻ അയാൾ എത്തി നോക്കുന്നു. അപ്പോൾ കാവൽക്കാരൻ പറയുന്നു, ” അത്രയ്ക്ക് ആഗ്രഹമാണെങ്കിൽ എന്നെ മറികടന്ന് അകത്തേക്ക് കടക്കാൻ നോക്കുക. പക്ഷെ, ഓർക്കുക ഞാൻ ശക്തനാണ്. കാവൽക്കാരിൽ ഏറ്റവും താഴത്തെ നിലയിലുള്ളവനാണ് ഞാൻ. ഓരോ വാതിലിലും ഓരോ കാവൽക്കാരുണ്ട്. ഓരോരുത്തരും മറ്റവനേക്കാൾ ശക്തനാണ്. മൂന്നു വാതിലിനപ്പുറ ചിന്തിക്കാൻ എനിക്കു പോലും സാധിക്കുന്നില്ല.”

എന്നെങ്കിലും അതിലേക്ക് പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അയാൾ കാത്തു കിടക്കുന്നു. ഇതിനിടയ്ക്ക് പല സാധനങ്ങളും നൽകി കാവൽക്കാരനെ പ്രലോഭിക്കാൻ അയാൾ ശ്രമിക്കുന്നു. അയാളുടെ സാധനങ്ങൾ വാങ്ങുമെങ്കിലും കാവൽക്കാരൻ അയാളെ നീയമത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല .

വർഷങ്ങൾ കൊഴിഞ്ഞു വീഴുന്നു. അയാൾ വൃദ്ധനാകുന്നു, കാഴ്ചശക്തി മങ്ങുന്നു. കാലുകളുടെ ശക്തി ശേഷിക്കുന്നു. മരിക്കുന്നതിനു മുൻപ് വീഴാൻ പോകുന്ന ശരീരത്ത താങ്ങി നിർത്തി അയാൾ കാവൽക്കാരനോട് ചോദിക്കുന്നു,” എല്ലാവരും നീയമത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നു. എന്നിട്ടും ഇത്രയും കാലത്തിനടയിൽ ഞാനൊഴിച്ച് ആരും ഇതുവരെ ഇതിനുള്ളിലേക്ക് കടക്കാൻ വരാത്തത് എന്തുകൊണ്ടാണ്? മരിച്ചു കൊണ്ടിരിക്കുന്ന ആ മനുഷ്യനോട് കാവൽക്കാരൻ പറയുന്നു, “ഇവിടെ മറ്റാർക്കും പ്രവേശനം ലഭിക്കില്ല. കാരണം ഇത് നിനക്കു വേണ്ടി മാത്രമുള്ള പ്രവേശന കവാടമാണ്. ഞാനിപ്പോഴിതാ അടക്കാൻ പോകുന്നു.”

വായനക്കാരനെ അസ്തപ്രജ്ഞനാക്കുന്ന ഈ ഉപമ പലതരത്തിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ നിയമം പറുദീസയാണോ ? അങ്ങനെയെങ്കിൽ തുറന്നു കിടക്കുമ്പോഴും പ്രവേശിക്കാനാവാത്ത ഒരു സ്ഥലമാണോ പറുദീസ? അനന്തമായ കാത്തിരിപ്പിനുശേഷം തുറക്കപ്പെടുന്നതിനു പകരും അടഞ്ഞു പോകുന്ന ഒരു വാതായനം!

ഏറ്റവും പ്രധാനമായ കനി എന്തു കൊണ്ടാണ് വിലക്കപ്പെട്ടതാകുന്നത് ? ഏറ്റവും വിശിഷ്ടമായ സ്ഥലം എന്തു കൊണ്ടാണ് പ്രവേശനം നൽകാത്തത്? എന്തു കൊണ്ടാണ് ഈ വിലക്കപ്പെടൽ മനുഷ്യൻറെ വിധിയായി മാറുന്നത്?

ഒരു പക്ഷെ ഒരു മൃഗമായിത്തിർന്ന് ശക്തിയും ശൗര്യവും കൊണ്ട് കാവൽക്കാരെ മുഴുവൻ കീഴടക്കി ഓരോ മനുഷ്യനും അവനു മാത്രം നിശ്ചയിക്കപ്പെട്ട വാതായനത്തിലൂടെ പറുദിസാ സ്വന്തമാക്കണമോ?

ഇതായിരിക്കും ക്രിസ്തു മത്തായിലൂടെ പറയുന്നത്, ” യോഹന്നാന്റ വരവോടെ സ്വർഗ്ഗരാജ്യം ബല പ്രയോഗത്തിന് (ആക്രമണത്തിന്) വിധേയമായിരിക്കുന്നു. ബലവാന്മാർ (അക്രമികൾ) അത് കീഴടക്കുന്നു.

ചില എതിർപ്പുകൾ

കരിസ്മാറ്റിക് ധ്യാനരംഗത്ത് ഒരു ട്രെൻഡ് ഉണ്ട്. ആദ്യ കാലങ്ങളിൽ പനയ്ക്കൽ അച്ഛനായിരിനു ട്രെൻഡ്. അടുത്ത കാലംവരെ സേവ്യർഖാൻ വട്ടായിൽ അച്ഛനായിരിന്നു ട്രെൻഡ് . ഇപ്പോൾ ഇഗ്നേഷ്യസ് അച്ഛനാണ് വേദികൾ കീഴടക്കിക്കൊണ്ടിരിക്കുന്നത്. ഞാനിതുവരെ ഇവരുടെ ധ്യാനമൊന്നും കൂടിയിട്ടില്ല. ഇവരുടെ ധ്യാനത്തിനെത്തുന്ന ജനപ്രവാഹത്തെ കാണുമ്പോഴും ആത്മീയവും ശാരീരികവുമായ അനുഗ്രഹം അവർക്ക് ലഭിക്കുന്നുണ്ടെന്ന് കേൾക്കുമ്പോഴും എനിക്ക് സന്തോഷമാണുളളത്. ഞാനും ഒരു വൈദികനാണ്. എനിക്ക് പറ്റാത്തത് ഇവർ ചെയ്യുനതിൽ യാതൊരുവിധ പ്രശ്നവും എനിക്കില്ല. പക്ഷെ ആശയപരമായ ചില പ്രശ്നങ്ങൾ എനിക്കിവരുമായുണ്ട്. എന്റെ ആശയങ്ങളോട് വിയോജിപ്പുള്ള ഒത്തിരി പേരുണ്ട്. ആശയ പരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ധാരണ നമ്മുക്കും മറ്റുള്ളവർക്കും ലഭിക്കുന്നു. ഈ ഒരു ലക്ഷ്യം മുൻ നിർത്തിയാണ് ഞാനിതെഴുതുന്നത്.

എന്റെ ഏറ്റവും പ്രധാനപ്പെട്ട വിയോജിപ്പ് ഇവർ ബൈബിൾ നോക്കിക്കാണുന്ന രീതിയോടാണ്. ഇവരുടെ അഭിപ്രായത്തിൽ ക്രിസ്ത്യാനികൾ ബൈബിൾ മാത്രമേ വായിക്കാവൂ! ബൈബിൾ എല്ലാ അർത്ഥത്തിലും ഒരു മതിയായ പുസ്തകമാണ്. അതുകൊണ്ട് തന്നെ നമ്മൾ വേറെ ഒരു പുസ്തകം വായിക്കേണ്ട ആവശ്യമില്ല എന്നാണ് ഇവരിൽ ഒരാൾ പറയുന്നത്. ഇത്തരം പുസ്തക വിരോധം ഉപയോഗിച്ചാണ് കത്തോലിക്കാസഭ മധ്യകാലഘട്ടത്തെ ഇരുണ്ടയുഗം ആക്കി മാറ്റിയത്. വിശുദ്ധ ഗ്രന്ഥത്തിൽ വിശ്വസിക്കാത്തവരെ കൊന്നൊടുക്കാനും വേണ്ടി മതദ്രോഹവിചാരണ ആരംഭിച്ചു. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നതിനപ്പുറം ഒരു കണ്ടുപിടിത്തവും നടക്കാതിരിക്കാൻ ശാസ്ത്ര പഠനങ്ങളെ നിരോധിച്ചു. ഗലീലിയെപ്പോലുള്ള ശാസ്ത്രജ്ഞന്മാരെ ശിക്ഷിച്ചു. നാവ് തുരന്ന് താഴിട്ടു പൂട്ടിയതിനു ശേഷമാണ് ബ്രൂണേയെ തീ കൊളുത്തി കൊന്നത്. പ്രപഞ്ചത്തിന് ഒരു മധ്യ ബിന്ദു ഇല്ലെന്നു തുടങ്ങിയ ഇന്നത്തെ ശാസ്ത്ര സത്യങ്ങൾ അന്നു മനസ്സിലാക്കിയതിനാണ് ബ്രൂണോ നിഷ്ക്രുരമായി കൊല്ലപ്പെട്ടത്. ഇന്ന് ബ്രൂണോ ശാസ്ത്രത്തിന്റെ രക്തസാക്ഷിയാണ്. ലോകത്തിന്റെ മുഴുവൻ വിജ്ഞാനത്തിന്റെ കേന്ദ്രമായിരിന്നു അലക്സാൻഡ്രിയയിലെ മഹാഗ്രന്ഥശാല. കുപ്രസിദ്ധനായ ആർച് ബിഷപ്പ് തിയോഫിലസ് എ . ഡി 390-ൽ ഈ ഗ്രന്ഥശാലയെയും നശിപ്പിച്ചു. നമ്മുടെ പുസ്തകവിരോധത്തിന് വളരെ പഴക്കമുള്ള ഒരു ചരിത്രമുണ്ട്.

വാസ്തവത്തിൽ എന്താണ് ഒരു പുസ്തകം? വിശുദ്ധം അവിശുദ്ധം തുടങ്ങിയ വേർതിരിവനപ്പുറം പുസ്തകം പുസ്തകമാണ്. കാലദേശങ്ങളെ അതിജീവിക്കുന്ന പുസ്തകങ്ങളെ നമ്മൾ ക്ലാസ്സിക്സ് ആയി പരിഗണിക്കുന്നു. ഏത് പുസ്തകമാണ് വിശുദ്ധമല്ലാത്തത് എന്ന ചോദ്യം നിലനിൽക്കേ മതങ്ങൾ ചില പുസ്തകങ്ങളെ മാത്രം വിശുദ്ധമായി കാണുന്നു. സിക്ക് മതം മാത്രമാണ് ഒരു പുസ്തകത്തെ മാത്രം ആരാധിക്കുന്നത്. വിശുദ്ധം എന്ന വാക്കിന്റെ പ്രശ്നം അവിശുദ്ധം എന്ന അതിന്റെ വിപരീദ പദത്തെ ആശ്രയിച്ചു നിൽക്കുന്നു എന്നതാണ്. ദരീദയുടെ അപനിർമ്മാണ തീയറി പറയുന്നത് എല്ലാ ദ്വന്ദങ്ങളും സ്വയമേവ ഉണ്ടാകുന്നതല്ല. അവ സാമുഹ്യനിർമ്മതിയും കാലാനുസൃതവുമാണ്. സതി ഒരു കാലഘട്ടത്തിൽ സ്ത്രീയുടെ വിശുദ്ധിയുടെ അടയാളമായിരിന്നു. അതുപോലെ തന്നെ നരബലിയും. തിന്മയെക്കുടാതെ നിലനിൽപ്പില്ലാത്ത നന്മ, തിന്മയുടെ മറുഭാഗമാകാം. അങ്ങനെ വരുമ്പോൾ നന്മ ആഗോളവത്കരിക്കപ്പെട്ട തിന്മയാണ്. ജിഹാദിനെയും, ഹിംസയെയും നരബലിയെയും വിശുദ്ധഗ്രദ്ധങ്ങൾ നീതീകരിക്കുന്നത് അവയെ ആഗോളവത്കരിച്ചു കൊണ്ടാണ്. പവിത്രത എന്നത് മനുഷ്യന്റെ ബഹിഷ്കരിച്ച, ബാഹൃവത്കരിച്ച, വൃക്തിവത്കരിച്ച ഹിംസയാണെന്ന് ഷീസെക്ക് പറയുന്നു. ഉള്ളിലുള്ള ഹിംസയെ ബാഹൃവത്കരിച്ചാണ് പല വിശുദ്ധ ഗ്രദ്ധങ്ങളും വിശുദ്ധമായത്.

എല്ലാ പ്രധാനപ്പെട്ട മതങ്ങളും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ നോക്കിക്കാണുന്നതിൽ വ്യത്യാസമുണ്ട്. ക്രിസ്ത്യാനികൾ പഴയ നിയമം എന്നു വിളിക്കുന്ന യഹൂദമതഗ്രദ്ധം അവതരിപ്പിക്കുന്നത് യഹൂദർ എന്ന ഗോത്രം കണ്ടെത്തിയ യഹോവ എന്ന ഏക ദൈവത്തെയാണ്. ഒരു തനി സ്വഭാവം പുസ്തകത്തിനില്ല. വൈജാതൃങ്ങളായ അനേകം സ്വഭാവം പുസ്തകം പ്രകടിപ്പിക്കുന്നുണ്ട്. ഇതിൽ ചരിത്രം അവതരിപ്പിക്കുന്ന പുസ്തകങ്ങളുണ്ട്. സാഹിത്യ സ്വഭാവം മാത്രം പ്രകടിപ്പിക്കുന്ന ഭാഗങ്ങളുണ്ട്. ആരാധനയ്ക് ഉപയോഗിക്കാൻ വേണ്ടി എഴുതിയ പുസ്തകങ്ങളുണ്ട് . ഇതിലെ പ്രശസ്തമായ ഉത്തമ ഗീതത്തെ ദൈവമനുഷൃ ബന്ധത്തെ വേഷപകർച്ചകളെ ദ്യോതിപ്പിക്കുന്നതായി വ്യഖ്യാനിക്കുന്നുണ്ടെങ്കിലും വാസ്തവത്തിൽ അത് രതി സമ്പുഷ്ടമായ ഒരു പ്രണയഗീതമാണ്. ഒരു സ്ത്രിയായിരിക്കും ഇതെഴുതിയതെന്നവാദം നിലനിൽക്കുന്നുണ്ട്. ഇതിലൊന്നും ദൈവമോ ഏതെകിലും മാലാഖമാരോ പറഞ്ഞു കൊടുത്തെഴുതിയെന്നു പറയാവുന്ന ഒരു പുസ്തകവുമില്ല. പക്ഷെ പ്രവാചക ഗ്രന്ഥങ്ങളുണ്ട്. ദൈവത്തിന്റെ സന്ദേശങ്ങളെ ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ധർമ്മം.

യഹൂദരുടെ ഏറ്റവും വലിയ പ്രവാചകനും നേതാവുമായ മേശ എഴുതിയതാണെന്നുള്ളതാണ് ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ പരിപാവനത. ഈ അബദ്ധ ചിന്തയെ ആദ്യമായി തിരുത്തിയത് തത്വ ചിന്തകനായ സ്പിനോസ ആയിരിന്നു. ചരിത്ര ഗ്രന്ഥങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പുസ്തകങ്ങളിലെ ചരിത്രക്കേടുകൾ സ്പിനോസ ചൂണ്ടിക്കാണിച്ചു. മോശയല്ല ഈ ഗ്രന്ഥങ്ങൾ എഴുതിയതെന്നും വൃക്തമാക്കി. കാനാൻ ദേശത്തു ഇസ്രയേൽ ജനത കടക്കുന്നതിനു മുൻപ് മരിക്കുന്ന മോശയ്ക്ക് എങ്ങനെയാണ് മരണശേഷം കാനാൻ ദേശത്തു സംഭവിക്കുന്ന കാര്യങ്ങൾ എഴുതാൻ സാധിക്കുക? ഇത്തരം കാതലായ ചോദ്യങ്ങൾ ഉയർത്തിയതിനാൽ സ്പിനോസയെ ഭ്രഷ്ടുകല്പിച്ച് സമുദായത്തിൽ നിന്നും പുറത്താക്കി. അവസാനം ഒരു വൃദ്ധ മാത്രമാണ് സ്പിനോസയ്ക്ക് അഭയം നൽകിയത്. സഹിഷ്ണുതയുടെയും ഉദാരമനസ്‌കതയുടെയും തത്വചിന്ത എഴുതിയും കുട്ടികളെ പഠിപ്പിച്ചും ലെൻസ് പോളിഷ് ചെയ്തും ജീവിച്ച സ്പിനോസ 44ാം വയസ്സിൽ മരണമടഞ്ഞു. പാപ പങ്കിലമായ മനുഷ്യന്റെ കണ്ണുകൾക്ക് ദൂരക്കാഴ്ചകളുടെ വൃത്തിയുള്ള കണ്ണടകൾ നൽകിയിട്ടാണ് സ്പിനോസ പിൻവാങ്ങിയത്.

വാസ്തവത്തിൽ ആരാണ് ഈ പുസ്തകങ്ങൾ എഴുതിയത് ? ഒരു വൃക്തിയെ നമ്മുക്ക് കണ്ടെത്താനാവില്ല. പകരം, നമ്മൾ കണ്ടെത്തിയത് പാരമ്പര്യത്തെയാണ്. ഇതിൽ ഏറ്റവും ശക്തവും ഓജസുറ്റതുമായ പാരമ്പര്യമാണ് ജെ . ഭൂമിയിൽ ഉണ്ടായിട്ടുള്ള എല്ലാ ഗ്രന്ഥകർത്താക്കളെയും അതിശയിപ്പിക്കുന്ന ബഹിർസ്ഫുരതയുള്ള കഥാപാത്രങ്ങളെയാണ് ജെ സൃഷ്ടിച്ചിരിക്കുന്നത്. ജെയുടെ യഹോവ പോലു വ്യതൃസ്തനാണ്. തുടർച്ചയായ് സ്വതഃവിരുദ്ധം നടത്തുന്നുണ്ട് ജെയുടെ യഹോവ. ക്രിസ്തുവിന്റെ യഹോവ സ്നേഹിക്കുന്നവനും കാരുണ്യവാനും മാത്രമാകുമ്പോൾ ജെയുടെ യഹോവ ഒരേസമയം തന്നെ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ദൈവമാണ്. കാരുണ്യവാനായിരിക്കുന്നതു പോലെ തന്നെ പകപോക്കുന്നവനുമാണ്. പഴയ നിയമവും ഖുറാനും ഒരു പോലെ പഠിപ്പിക്കുന്ന കാര്യം ഇതാണ്: ഒരു ഗോത്രത്തിന്റെ നിലനിൽപ്പ് മറ്റു ഗോത്രങ്ങളുടെ നാശത്തിൻമേലാണ്. തങ്ങളുടെ മുന്നോട്ടുളള യാത്രയിൽ കണ്ടുമുട്ടുന്ന എല്ലാ ഗോത്രങ്ങളെയും കൊന്നൊടുക്കുന്നുണ്ട് ഇവർ. ഹിംസയുടെയും വംശഹത്യയുടെയും ചതിയുടെയും പ്രചണ്ഡ മരുത്തുക്കൾ നിറഞ്ഞതാണ് ഈ പുസ്തകങ്ങൾ, ഉറിയാമാരുടെ തേങ്ങലുകളാൽ മുഖരിതമാണ് ഇവയുടെ അന്തരീക്ഷം. അപാരമായ സാഹിത്യശേഷിയുള്ള ഈ പുസ്തകങ്ങൾ വിശുദ്ധം എന്നതിനപ്പുറമുള്ള ഏതോ ഒരു വിശേഷമാണ് അർഹിക്കുന്നത്.

ഇസ്മാം വിശ്വാസമനുസരിച്ച് ദൈവത്തിന്റെ പ്രധാന മാലാഖയായ ഗബ്രിയേൽ മുഹമ്മദ് നബിയ്ക്ക വെളിവാക്കിക്കൊടുത്തതാണ് ഖുറാൻ. അനശ്വരമായ സാഹിത്യവും ഉന്നതമായ കവിതയുമാണ് ഖുറാൻ. ഒരു ഭാഷ അതിന്റെ ഏറ്റവും ഉന്നതിയും ആഴവും കണ്ടെത്തുന്നത് എങ്ങനെയാണന്നറിയണമെങ്കിൽ ഖുറാൻ വായിച്ചു നോക്കണം. ഖുറാൻ വായിക്കപ്പെടുന്നതിനേക്കാൾ ചൊല്ലുവാനുള്ള പുസ്തകമാണ്. മുഹമ്മദ് നബിക്ക് പലപ്പോഴായിട്ടാണ് ഖുറാൻ വെളിപാട് ലഭിക്കുന്നത്. ചരിത്രപരമായ അന്വേഷണത്തിൽ നിന്നും മനസ്സിലാകും നീണ്ട 22 വർഷം കൊണ്ടാണ് ഖുറാൻ എഴുതിത്തിർത്തതെന്ന്. നബി ഖുറാനേക്കാൾ വലിയവനല്ല. നബി ഖുറാന്റെ സേവകനാണ്. മനുഷ്യനാൽ എഴുതപെടാത്തതുകൊണ്ട് ഖുറാനെ വൃഖ്യാനിക്കാൻ പാടില്ല. ഖുറാൻ വായിക്കുന്നതിനു മുന്പ് ദേഹശുദ്ധി വരുത്തിയിരിക്കണം. ധാർമ്മികതയെ വൃക്തമാക്കുന്നതിനൊപ്പം തന്നെ ധാർമ്മികതയെ അവക്തമാക്കുകയും ഖുറാൻ ചെയ്യുന്നുണ്ട്. തന്റെ കസിനും വളർത്തു പുത്രന്റെ ഭാര്യയുമായ സൈനബയെ നബി വിവാഹം കഴിച്ച സംഭവം വളരെ വിവാദം പിടിച്ചതാണ്. സ്പഷ്ടമായ രീതിയിൽ വംശഹതൃയെയും ആക്രമണത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് ഈ ഗ്രന്ഥം. ഈ വിശുദ്ധന്ഥത്തിലുള്ള എല്ലാ വിശുദ്ധമല്ലന്ന് ഏതൊരു സാധാരണക്കാരനായ വായനക്കാരനും മനസ്സിലാകും.

ക്രിസ്തുമതം ഒരു ബുക്ക് മതമല്ല. ക്രിസ്തുമതത്തിൽ സുവിശേഷങ്ങൾക്കല്ല ക്രിസ്തുവിനാണ് പ്രാധാന്യം. ക്രിസ്തുവിനെക്കുറിച്ചുള്ള ഓർമ്മയ്ക് സഹായിക്കുന്നു എന്നതുമാത്രമാണ് സുവിശേഷങ്ങളുടെ പ്രാധാന്യം. ക്രിസ്തുവിലേക്കുള്ള ചൂണ്ടുപലകകൾ മാത്രമാണ് സുവിശേഷം. യേശു മരിച്ചിട്ട് ഏകദേശം എഴുപത് വർഷങ്ങൾക്കുശേഷമാണ് മാർക്കോസിന്റെ ആദ്യത്തെ സുവിശേഷം എഴുതപെട്ടത്. എന്തു കൊണ്ട് ഇത്രയും കഴിഞ്ഞിട്ട് എഴുതിയെന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരം, ആദിമ ക്രിസ്ത്യാനികൾക്ക് ഇതിന്റെ ആവശ്യം തോന്നിയില്ല എന്നതു തന്നെയാണ്. ദൈവരാജ്യത്തിന്റെ ആസന്നമായ നിർഗമനത്തെ പ്രതീക്ഷിച്ചിരിക്കുകയായിരിന്നു അവർ കരുതി ക്രിസ്തുവിന്റെ രണ്ടാം വരവ് ഉടനെ ഉണ്ടാകുമെന്ന്. പക്ഷെ അതു സംഭവിച്ചില്ല. അപ്പോഴവർ തിരുമാനിച്ചു വരും തലമുറക്കുവേണ്ടി ക്രിസ്തുവിനെക്കുറിച്ച് അവർക്കറിയാവുന്ന എല്ലാ കാര്യങ്ങളും എഴുതിവെക്കണമെന്ന്. അങ്ങനെയാണ് സുവിശേഷങ്ങളുണ്ടായത്. നാലു സുവിശേഷകന്മാർക്കും അവരുടെ വ്യക്തമായ ലക്ഷ്യവും ദൈവശാസ്ത്രവുമുണ്ട്. ആദ്യ സുവിശേഷകനായ മാർക്കോസ് അദ്ദേഹത്തിന്റെ സുവിശേഷത്തിന്റെ ആദ്യ വരിയിൽ തന്നെ എന്താണിതിന്റെ ലക്ഷ്യമെന്ന് എഴുതിവെച്ചിട്ടുണ്ട്: “ദൈവപുത്രനായ യേശു മിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം” ക്രിസ്തു, ദൈവത്തിന്റെ പുത്രനായ മിശിഹായാണ് ക്രിസ്തു എന്ന് വായനക്കാർ മനസ്സിലാക്കണമെന്നുള്ളതാണ് മാർക്കോസിന്റെ ലക്ഷ്യം. സംഭവങ്ങളുടെ സ്ഥലത്തിന്റെയും കാലത്തിന്റെയും കാര്യത്തിൽ നാലു സുവിശേഷങ്ങളും പരസ്പരം പൊരുത്തപ്പെടുന്നില്ല. നാലു വീക്ഷണകോണിൽ നിന്നും ക്രിസ്തുവിന്റെ ജീവിതത്തെ നോക്കിക്കാണുന്ന ഇവർ ചരിത്രപരമായ വൃക്തതയും അധികം തരുന്നില്ല. ചരിത്രപരമായ വൃക്തത ഇവരുടെ ലക്ഷ്യവും ആയിരിന്നില്ല. മുപ്പതുവയസ്സുവരെയുള്ള ക്രിസ്തുന്റെ അഞ്ജാതവാസത്തിന്റെ ഒരു വിവരണവും തരാത്ത സുവിശേഷങ്ങൾ ക്രിസ്തു എന്ന ചെറുപ്പക്കാരൻ ഗലീലി മുതൽ ജെറുസലേം വരെ നടത്തിയ ഒരു യാത്രാവിവരണ പുസ്തകങ്ങളായി നില്ക്കുന്നു.

ഈ നാലുസുവിശേഷങ്ങളും വായിച്ചു കഴിയുമ്പോൾ മനസ്സിലാകുന്ന കാര്യം ക്രിസ്തുവിനെ പൂർണ്ണമായു ഈ പുസ്തങ്ങൾ ഉൾക്കൊണ്ടിട്ടില്ല എന്നതാണ്. അടുക്കുന്തോറും അകന്നു പോകുന്ന ഒരു നക്ഷത്രമായി ക്രിസ്തു അവശേഷിക്കുന്നു. ഇനിയും എഴുതപ്പെടേണ്ടവനായി ഇനിയും വായിക്കപ്പെടേണ്ടവനായി ക്രിസ്തു കാത്തിരിക്കുന്നു. ഭൂതകാലത്തേക്കാൾ ഭാവികാലത്തുള്ള ക്രിസ്തു നമ്മളിലേയ്ക് എത്തിച്ചേരുന്നതും ഭുത കാലത്തിൽ നിന്നായിരിക്കും. അന്ന് അവന്റെ നാമത്തിൽ നമ്മൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും വ്യാപാരങ്ങളും വ്യാഖ്യാനങ്ങളും എന്തിനേറെ മതം പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. ഹിംസയ്ക്ക് ആഹ്വാനംനൽകിക്കൊണ്ടല്ല എല്ലാവിധ ഹിംസയ്ക്ക് തന്റെ ശരീരത്തെ വിട്ടുകൊടുത്തു കൊണ്ടാണ് ഹിംസയ്ക്ക് അറുതി വരുത്താൻ ക്രിസ്തു ശ്രമിച്ചത്. പാപത്തിൽ വിശ്വസിക്കുന്നവനു പാപമോചനം നൽകാനാവില്ല, അതു കൊണ്ടാണ് പാപത്തിൽ വിശ്വസിക്കാതെ പാപമോചനം നൽകിക്കൊണ്ട് ക്രിസ്തു തിന്മയെ ഇല്ലാതാക്കാൻ ശ്രമിച്ചത്. വിധിക്കരുത് എന്ന ഒറ്റ വാക്യത്തിൽ തന്റെ മുഴുവൻ ധാർമ്മിക സത്യത്തെയും ഉറപ്പിക്കുന്നത്. ക്രിസ്തുവിന്റെ സുവിശേഷത്തെ വിശുദ്ധ സുവിശേഷം എന്നു വിളിക്കേണ്ട ആവശ്യവുമില്ല. വിശുദ്ധിക്കുമപ്പുറം നിൽക്കുന്ന ഒരു സംഞ്ജയാണ് സുവിശേഷം. “വിശേഷം” പോലും പര്യാപ്തമാണ്. ‘എന്തുണ്ട് വിശേഷം’ എന്നു നമ്മൾ ഒരാളോടു ചോദിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് നല്ല വിശേഷം തന്നെയാണ്. ചീത്തയായ സംഭവങ്ങൾക്ക് വിശേഷമാകാൻ സാധിക്കുകയില്ല. അതു വാർത്തയും കാര്യവും മാത്രമേ ആകുന്നുള്ളു. സുവിശേഷം ഒന്നിനെയും പവിത്രീകരിക്കുന്നില്ല പകരം പവിത്രതയുടെ സത്യത്തെക്കുറിച്ച് സംസാരിക്കുന്നു. പവിത്രീകരിക്കപ്പെട്ട പലതിന്റെയും ഉള്ളിലുള്ള അധർമ്മത്തെയും തിന്മയെയും കാട്ടിത്തരുന്നു. സാബത്ത് വലിയൊരു ഉദാഹരണമാണ്.

ഇതൊക്കെ മനസ്സിലാക്കിയതുകൊണ്ടാവണം റെയ്മണ്ട്‌ പണിക്കർ ധൈര്യപൂർവം പറഞ്ഞത്, സുവിശേഷങ്ങൾ കൂടാതെയും ക്രിസ്തുമതത്തിന് നിലനിൽക്കാനാകുമെന്ന്. ഇരുപതാം നുറ്റാണ്ടിന്റെ ഏറ്റവും പ്രശസ്സതനായ ട്രാപ്പിസ്റ്റ് താപസൻ തോമസ് മെർട്ടൻ പറഞ്ഞു, സുവിശേഷങ്ങളിലേക്കാൾ ഏറ്റവും അധികം ആത്മിയത അദ്ദേഹം കണ്ടെത്തിയത് ദെസ്തോവ്സ്കിയുടെ കാരമസോവ് ബ്രദേഴ്സ് തന്ന നോവലിലാണെന്ന്. വളരെ വിവാദമായ ഒരു പരാമർശമായിരിന്നു ഇത്. കാരമസോവ് ബ്രദേഴ്സിലെ മുഖ്യ മതദ്രോഹ വിചാരകൻ എന്നെ അധൃയം വായിച്ചാൽ മനസ്സിലാകും രണ്ടാം വരവിൽ ക്രിസ്തുവിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. അവന്റെ പേരിൽ സ്ഥാപിതമായ സഭ തന്നെ വീണ്ടും അവനെ ക്രൂശിലേറ്റും. ക്രിസ്തു സത്യമല്ല, സത്യം ക്രിസ്തുവിന് പുറത്താണെന്ന് ആരെങ്കിലും എന്നോട് പറഞ്ഞാൽ ഞാൻ സത്യത്തിൽ വിശ്വസിക്കാനാഗ്രഹിക്കുന്നില്ല, ക്രിസ്തുവിൽ വിശ്യസിക്കാനാഗ്രഹിക്കുന്നുവെന്ന് ദൊസ്തോവ്സ്കി എഴുതിയതിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാം ക്രിസ്തു എന്ന കെട്ടുകഥ വാസ്തവത്തിൽ സത്യത്തിനേക്കാൾ വലിയ സത്യമാണെന്ന്.

വിശ്വാസത്തിന്റെ ഏറ്റവും നിപുണനായ സംരക്ഷകൻ തന്നെയാണ് അതിന്റെ ഏറവും വലിയ ശത്രു എന്നു സ്പിനോസ പറഞ്ഞത് പലരുടെയും കാര്യത്തിൽ ശരിയാണ്. സെന്റെ പോളിന്റെ കാര്യത്തിൽ ഇതെന്തു മാത്രം ശരിയാണെന്ന് അന്യേഷിക്കേണ്ടിയിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്, ഒരിക്കൽ വിശ്വാസ സത്യങ്ങളെ സംരക്ഷിക്കാനായി പോൾ ഉപയോഗിച്ച ഗ്രീക്ക് കാറ്റഗറികളെല്ലാം ഇന്ന് നമ്മളെ വല്ലാതെ പ്രതിരോധത്തിലാഴ്ത്തുന്നുണ്ട്. ഇന്ന് യാതൊരു പ്രയോജനവുമില്ലാത്ത ഗ്രീക്ക് തത്വ ചിന്തയിലാണ് ഇന്നും നമ്മൾ അഭിരമിക്കുന്നത്‌. ഒരു ഒഴിയാബാധിയായി ഇത് സഭയുടെ പുരോയാനത്തിന്റെ വഴിമുടക്കിക്കെടക്കുന്നു. ഇവിടെയാണ് വാക്കിന്റെയും പ്രശ്നം ഉദിക്കുന്നത്. ഒരിക്കൽ നമ്മൾ ഉദേശിച്ച അർത്ഥം ധ്വനിപ്പിക്കാൻവേണ്ടി നമ്മൾ ഉപയോഗിച്ച പല വാക്കുകൾക്കും ഇന്ന് ആ അർത്ഥങ്ങളില്ല. വാക്കുകളിൽ നിന്നും നമ്മൾ ഉദ്ദേശിച്ച അർത്ഥങ്ങൾ തിരോധാനം ചെയ്തിരിക്കുന്നു. അർത്ഥത്തെ സംരക്ഷിക്കാൻ വേണ്ടി പുതിയ വാക്കുകളെ കണ്ടെത്തുന്നതിനു പകരം നമ്മൾ ചെയ്തത് അർത്ഥത്തെ ഉപേക്ഷിച്ച് വാക്കുകളെ സംരക്ഷിക്കുകയായിരിന്നു. അങ്ങനെയാണ് അർത്ഥം നഷ്ടപ്പെട്ട വാക്കുകളുടെ ഭാരത്താൽ നമ്മൾ നിലം പരിശായത്. ക്രിസ്തു ഇന്നും പുതിയതായി കൊണ്ടിരിക്കുന്നു. പക്ഷെ അവനു വേണ്ടി സഭ ഉപയാഗിക്കുന്ന വാക്കുകളാകട്ടെ അർത്ഥങ്ങളൊന്നുമില്ലാതെ പഴകിദ്രവിച്ചതും. അപ്പോൾ ശൂന്യമായ പളളികളെ വിറ്റ്ഹോട്ടലുകളാക്കാതെ തരമില്ല. സന്ന്യാസ ആശ്രമങ്ങൾ അടച്ചിടേണ്ടി വരും. യുറോപ്പിലെ സഭ ഒരു മ്യുസിയമാകുന്ന കാലം വിദൂരമല്ല.

ലോകത്തിൽ എവിടെയെല്ലാം നീതിക്കുവേണ്ടി മനുഷ്യൻ സംസാരിക്കുന്നുവോ, എപ്പോഴെല്ലാം സ്നേഹത്തെയും സൗന്ദര്യത്തെയും പ്രകീർത്തിക്കുവാൻ മനുഷ്യൻ വാക്കുകൾ ഉപയോഗിക്കുന്നുവോ അതിലെല്ലാം ക്രിസ്തുവിന്റെ നീതിയുടെയും സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും പരാഗരേണുക്കളുണ്ട്. മനുഷ്യന്റെ അദമ്യമായ ഉൽക്കർഷേച്ഛയെ പ്രതിപാദിക്കുന്ന എല്ലാ സാഹിത്യത്തിലും ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ അലയൊലികളുണ്ട്. ഇതിനെതിരെ ഫത്‌വാ പ്രഖ്യാപിക്കുന്ന പുരോഹിത വർഗ്ഗം ക്രിസ്തു വിരുദ്ധവും മനുഷ്യ വിരുദ്ധവുമാണ്. നന്മയുള്ള എല്ലാത്തിനെയും വാഴ്ത്തുകയും അനശ്വരമാക്കുകയും ചെയ്ത ക്രിസ്തുവിന്റെ ആകാശത്തെ ഈ പുരോഹിതർക്ക് അവകാശപ്പെടാനാവില്ല. ആത്മീയമായ വ്യാഖ്യാനങ്ങളിലൊതുക്കി, സുവിശേഷങ്ങളുടെ ഭൗതീകമാനത്തെ ഇവർ ഇല്ലായ്മ ചെയ്യുന്നു.

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഒരു വൈദികൻ പങ്കുവെച്ച ഒരു വീഡിയോ കാണാനിടയായി. തീർച്ചയായും കണ്ടിരിക്കേണ്ടത് എന്നാണതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്യ ദേവന്മാരെ ആരാധിക്കൽ എന്ന പ്രശ്നത്തെ നേരിടുകയാണ് പ്രശസ്തനായ ഒരു ധ്യാനഗുരു പ്രസ്തുത വീഡിയോയിൽ. അന്യദേവന്മാരുണ്ടോ? ഇല്ലെങ്കിൽ അവർക്കുള്ള ആരാധനയുടെ സ്വഭാവമെന്താണ്.? ഇത്തരം വസ്തുതകളൊന്നും കണക്കിലെടുക്കാതെ ഒരു സംഭവത്തെ അവതരിപ്പിച്ചുകൊണ്ട് കാര്യം പരിഹരിക്കാൻ ശ്രമിക്കുകയാണ് പ്രസ്തുത പുരോഹിതൻ. ആത്മീയ വ്യാഖ്യനങ്ങൾ എങ്ങനെ വളച്ചൊടിച്ച, കെട്ടിച്ചമച്ച വ്യാഖ്യാനമാകുന്നു എന്നതിനുദാഹരണമാണ് പ്രസ്തുത പ്രഭാഷണം. സത്യത്തിന്റെ ആത്മാവിനെ പോലും അസതൃത്തിന്റെ ആത്മാവാക്കി മാറ്റുന്ന ഹീനതയുടെ ഉദാഹരണവുമാണിത്. ഭക്തിയുടെ യഥാർത്ഥ ഉറവിടം ഭീതിയാണെന്നും ഈ ഭീതിയെ വേണ്ട വിധത്തിൽ ചൂഷണം ചെയ്താൽ ധ്യാനം വിജയിക്കുമെന്നും ഇതടിവരയിടുന്നു.

അച്ഛൻ അവതരിപ്പിക്കുന്ന സംഭവം ഇതാണ്: അച്ഛൻ ഒരു ഇടവകയിൽ ധ്യാനിപ്പിക്കാൻ പോയി. അവിടെവച്ച് ഒരു ടീച്ചർ അച്ഛനെ കാണാൻ വന്നു. അവരുടെ ജീവിതത്തിൽ കാൻസറിന്റെ രൂപത്തിൽ അലയടിക്കുന്ന ദുരന്തത്തെക്കുറിച്ച് സംസാരിച്ചു. അവരുടെ ജീവിതത്തിൽ പലരും കാൻസറിന്റെ ഇരകളായി. ഒരാൾ മരിക്കുന്നത് വളരെ വിരളമായി ക്യാൻസറിനാൽ ദാരുണമായ രീതിയിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടായിരിന്നു. ടീച്ചർക്കറിയണം എന്തു കൊണ്ടാണ് അവരുടെ കുടുംബത്തെ ഇങ്ങനെ ദുരന്തങ്ങൾ വേട്ടയാടുന്നതെന്ന്, അപ്പോൾ അച്ഛൻ പറയുന്നു, ” സഹോദരീ, ഒന്നു കണ്ണടച്ചു പ്രാർത്ഥിക്കു, അപ്പേൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരും എന്തു കൊണ്ടാണ് ഇത് സംഭവിച്ചതെന്ന്” ടീച്ചർ പ്രാർത്ഥിക്കുന്നു, പരിശുദ്ധാത്മാവ് വെളിപ്പെടുത്തി കൊടുക്കുന്നു, അവരുടെ കുടുംബം അന്യ ദേവന്മാരെ ആരാധിച്ചിട്ടുണ്ട്! ഇതിൽ നിന്നും അച്ഛൻ തന്റെ ശ്രോതാക്കൾക്കായി ഒരു തിയോഡസി സമ്മാനിക്കുന്നു: അന്യ ദേവന്മാരെ ആരാധിക്കരുത്, ആരാധിച്ചാൽ നിങ്ങൾക്കും ഈ ഗതിയുണ്ടാകും. ശാസ്ത്രം പറയുന്നതൊന്നും വിശ്വസിക്കരുത്. ക്രിസ്ത്യാനികൾക്ക് ഉണ്ടാകുന്ന ക്യാൻസറിന്റ പ്രധാന കാരണം അന്യദേവ ആരാധനയാണ്.

പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ്. എന്തു കൊണ്ടാണ് ഈ കുടുംബത്തെ ഈ ദുരന്തം ബാധിച്ചത് എന്ന് എത്രയോ കാലം മുൻപു തന്നെ പരിശുദ്ധാത്മാവ് മനുഷ്യനു വെളിപ്പെടുത്തി കൊടുത്തു. ഈ വെളിപാടു കിട്ടിയ മനുഷൃനായിരിന്നു ഡോ: ഫ്രാൻസ്സിസ് സെല്ലേഴ്സ് കോളിൻസ്, അമേരിക്കൻ ജിനോം പ്രൊജക്ട് ഡയറക്ടർ. മികച്ച ഒരു ശാസ്ത്രഞ്ജനും നല്ലൊരു ക്രിസ്ത്യാനിയുമായ കോളിൻസിനെ, 2009-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ, പൊന്തിഫിക്കൽ സയൻസ് അക്കാദമി യിലേക്ക് നോമിനേറ്റ് ചെയ്തു. ക്രിസ്തുമതം എല്ലാ അർത്ഥത്തിലും ശാസ്ത്രവുമായി ഒത്തു ചേർന്നു പോകുന്ന മതമാണെന്ന് തെളിയിച്ചു കൊണ്ട് കോളിൻസ് എഴുതിയ, The Language of God: A scientist presents evidence for belief എന്ന പുസ്തകം ക്രിസ്തുമതത്തെ സ്നേഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട ഒന്നാണ്. എന്നെ സംബന്ധിച്ച് ഈ പുസ്തകം ഒരു സുവിശേഷം തന്നെയാണ്. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നമായ രോഗാതുരതയെക്കുറിച്ച് കോളിൻസ് കണ്ടെത്തിയ കാര്യങ്ങൾ ഈ പുസ്തകം വിവരിക്കുന്നു. പത്തു വയസിനപ്പുറം ഒരു കുഞ്ഞിനെയും ജീവിക്കാൻ അനുവദിക്കാത്ത സിപ്സ്റ്റിക് ഫൈബ്രോസിസ് എന്ന മാരകമായ അസുഖത്തെക്കുറിച്ച് പഠനം നടത്തിയ അദ്ദേഹം അവരുടെ DNA യെയുടെ മൂന്ന് കോടി കോഡ് നൂറാവർത്തിച്ച് ജോയിൻ ചെയ്ത് വായിച്ചു കൊണ്ട്, ശാസ്ത്ര ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് 1985-ൽ കോളിൻസും ടീമും കാണിച്ചു, ക്രോമസോം ‘ 7 ‘ ൽ DNA യുടെ 2 കോടി Base panr- നു ഇടയിലാണ് CF സ്ഥിതി ചെയ്യുന്നത്. ഈ കണ്ടുപിടിത്തം കുട്ടികൾക്ക് മുഴുവൻ ആയുസ്സും നൽകുന്ന ചികിത്സ സൃഷ്ടിക്കാൻ ശാസ്ത്രത്ത സഹായിക്കും.

അച്ഛന്റെ അടുത്തു വന്ന ടീച്ചർ കോളിൻസിന്റെ അടുത്താണ് വന്നിരിന്നിതെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കി കണ്ടു പിടിച്ച ഒരു കാര്യത്തെ സത്യത്തിന്റെ ആത്മാവിനു ചാർത്തിക്കൊടുക്കുന്ന കള്ളസാക്ഷ്യമാകില്ലായിരിന്നു. ടീച്ചറിന്റെ കുടുംബം സ്വന്തമാക്കിയിരിക്കുന്ന DNA യിൽ കാൻസർ രോഗാണുക്കളെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു കൊടുക്കുമായിരുന്നു. അവരുടെ കുടുംബത്തിന്റെ വരും തലമുറയ്ക്ക് ഇത് സംഭവിക്കാതിരിക്കാനായി എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന് അവരെ ബോധ്യപ്പെടുത്തുമായിരിന്നു. ഇങ്ങനെയാണ് സതൃത്തിന്റ ആത്മാവ് പ്രവൃത്തിക്കുന്നത്.

ഇതല്ലാതെ, രോഗകാരണം അന്യദേവന്മാരെ ആരാധിക്കുന്നത് കൊണ്ടാണെന്ന് സമർത്ഥിക്കുന്നത് ഗർഹണിയവും മനുഷ്യത്വരഹിതവുമാണ്. ഇത്തരം വ്യാഖ്യാനങ്ങൾ ചരിത്രനിരാസവും മനുഷ്യരാശിയോടു കാണിക്കുന്ന അപമാനവുമാണ്. ഇത്തരം വ്യാഖ്യാനങ്ങൾ ശരിയാണെങ്കിൽ, ഒരു ദിവസം അയ്യായിരം പേരെ വച്ച് കൊന്ന AD 542-ലെ പ്ലേഗ് ആരുടെ പാപം കൊണ്ടും അന്യദേവആരാധന കൊണ്ടും സംഭവിച്ചതാണ്? പതിനായിരങ്ങളെ കൊന്നൊടുക്കുന്ന സുനാമിയുടെയും ഭൂകമ്പത്തിന്റെയും പിന്നിലുള്ള ദൈവകോപം എന്തു കൊണ്ടായിരുന്നു? ഏകദേശം 6 കോടി യഹൂദരെയാണ് ഹിറ്റ്ലർ പുകച്ചു കൊന്നത്. വാസ്തവത്തിൽ ഇതിന്റെ പിന്നിൽ നാസി ഹിറ്റ്ലർ തന്നെയായിരിന്നോ, അതോ, യഹൂദരോടുള്ള കലിപ്പ് തീർക്കാൻ വേണ്ടി ദൈവം ഹിറ്റ്ലറിനെ ഉപയോഗിക്കുകയായിരിന്നോ? മനുഷ്യൻ പുഴു കീടങ്ങളെപ്പോല ചഞ്ഞൊടുങ്ങിയ ലോക മഹായുദ്ധങ്ങളുടെ പിന്നിലും ദൈവത്തിന്റെ പക പോക്കലായിരിന്നോ?

എന്തിന് നീതിമാൻ സഹിക്കേണ്ടി വരുന്നു എന്ന അഗാധമായ ചോദ്യമാണ് ജോബിന്റെ പുസ്തക ചോദിക്കുന്നത്. ദൈവവും പിശാചു തമ്മിലുണ്ടായ ഒരു ഈഗോ ക്ലാഷിൽ ബലിയാടാക്കപ്പെടുകയായിരിന്നു ജോബ്. നികൃഷ്ടമായ രോഗത്താൽ പീഡിക്കപ്പെട്ട ജോബ്, അവന്റെ ജന്മത്തെ ഓർത്തു പോലും വിലപിക്കുന്നു. ദൈവത്തെ ശപിച്ചിട്ട് മരിക്കാൻ അവന്റെ ഭാര്യ ആവശ്യപ്പെടുന്നു. ഇവിടെയാണ് ജോബിന്റെ സുഹൃത്തുക്കളായ ധ്യാനഗുരുക്കന്മാർ ജോബിനെ കാണാനെത്തുന്നത്. തിയോഡസിക്കാരായ അവരും പറയുന്നു, ഇതവന്റെ പാപത്തിനു കിട്ടിയ ശിക്ഷയാണെന്ന്. ജോബിനറിയാം അവൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്, അതു കൊണ്ടു തന്നെ സഹനത്തിന്റെ മുൻപിൽ ക്ഷമ അസാധ്യമാണെന്നും സൃഷ്ടി കർത്താവ് സൃഷ്ടികളെ ഇത്രമേൽ തൃണവത്കരിക്കരുതെന്നും ഇത്രമേൽശക്തിയോടെ അവന്റെ മേൽ പതിക്കരുതെന്നും പറയുന്നു. അപ്പോൾ ദൈവം അനേകം ചോദ്യ ശരങ്ങളുമായി വരുന്നു. ജോബ് വാപൊത്തി നിശബ്ദനാകുന്നു. പിന്നീട് ദൈവം ജോബിനെല്ലാം തിരികെ നൽകുന്നു. അതേ സമയം ദൈവത്തെ നൃയീകരിച്ച് ജോബിനെ കുറ്റപ്പെടുത്തിയ അവന്റെ സുഹൃത്തുക്കളെ ശകാരിക്കുന്നു. രോഗത്തിന്റെയും പീഡനകളുടെയും പിൻപിൽ ദൈവകോപമാണെന്ന കണ്ടു പിടിഞ്ഞം നടത്തി കുറ്റാരോപണങ്ങളുടെ തിയോഡസി പ്രസംഗിക്കുന്ന എല്ലാവരെയും ദൈവം ശകാരിക്കുന്നുണ്ട്, ജോബിന്റെ പുസ്തകം ശരിയാണെങ്കിൽ.

കുറ്റാരോപണങ്ങളുടെയും ദണ്ഡന വിധികളുടെയും ദൈവത്തെ ക്രിസ്തു മാറ്റിപ്പാർപ്പിച്ചു. ഒരു അഴുക്കു ഭണ്ഡാരമായി മനുഷ്യന്റെ തലയിൽ അടിഞ്ഞു കൂടിയ നിയമത്തിന്റെയും നിഷ്ക്കർഷതകളുടെയും ദൈവത്തെ ക്രിസ്തു അലക്കി വെളുപ്പിച്ചു. പാപമല്ല വലുത്, പാപത്തെ മറക്കുന്ന സ്നേഹമാണ് വലുതെന്ന് അവൻ ധൂർത്തപുത്രന്റ കഥയിലൂടെ പഠിപ്പിച്ചു. ‘ വിധിക്കരുതെന്ന ‘ ഒറ്റവാചകത്തിൽ മനുഷ്യന്റെ എല്ലാ ധാർമ്മികതയെയും അവൻ അവതരിപ്പിച്ച. പാപിനിയായ സ്ത്രീയോടു ഞാനും നിന്നെ വിധിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ട് ഒരു മനുഷ്യനെന്ന നിലയിൽ മറ്റൊരു മനുഷ്യനെ വിധിക്കാനുള്ള അവകാശമില്ലായ്മയെ ക്രിസ്തു അംഗീകരിച്ചു. മനുഷൃന്റെ തലയിൽ അതിഭീമമായ ഭാരം എടുത്തു വയ്ക്കുകയും അതിറക്കാൻ ഒരു ചെറുവിരലുപോലും അനക്കാത്ത പുരോഹിത വർഗ്ഗത്തിനെതിരെ കലഹിച്ചു.

കുറ്റാരോപണങ്ങളുടെയും ദണ്ഡന വിധികളിലും അഭിരമിക്കുന്നവർ ക്രിസ്തു വിശ്വസിച്ച ജീവന്റെ ദൈവത്തിലല്ല വിശ്വസിക്കുന്നത്. ഇവർ വിശ്വസിക്കുന്നത് ക്രിസ്തു നിഷ്ക്കാസിതനാക്കിയ മരണത്തിന്റെയും ജീവിത നിരാസത്തിന്റെയും ദൈവത്തിലാണ്.

മരണം തിരയുന്നത്

ജിജോ കുര്യൻ എന്റെ കവിതയിലെ നിഷേയനിസം കണ്ടു പിടിച്ച് അറിയിപ്പ് തന്നു. ഞാൻ സമ്മതിക്കുന്നു. എനിക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത ചിന്തയുടെ പ്രക്ഷോഭമാണ് നീഷേ. പക്ഷെ, ഞാനിപ്പോൾ വായിച്ചെടുക്കാൻ ശ്രമിക്കുന്നത് ഫ്രഞ്ച് ചിന്തകനായ ഡെല്യുസിനെയാണ്. ചില ഘട്ടങ്ങളിൽ ഒട്ടും തന്നെ ഡെല്യുസിനെ മനസ്സിലാക്കാൻ കഴിയാതെ വരുന്നു. അപ്പോൾ ഞാൻ ഡെല്യുസിന്റെ നല്ല വ്യാഖ്യാതാവായ ഫിലിപ്പ് ഗുഡ്ചൈൽഡിനെ ആശ്രയിക്കുന്നു. ഡെല്യുസിന്റെ ദുർഗ്രഹതയെ ഫിലിപ്പ് അനാവരണം ചെയ്തുതരുന്നു. ഡെല്യുസ് തന്റെ ചിന്തയുടെ അസ്ഥിവാരം ഉറപ്പിക്കുന്നത് നിഷേയിലും, സ്പിനോസയിലും ബർഗ്സനിലുമാണ്. ജീവിതത്തെ അതിന്റെ മുഴുവൻ സാധൃതകളോടു കൂടി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്ന ഡെല്യുസ് തുടർച്ചയായി പറയുന്നുണ്ട്, ” The categories of thought must be brought before life.” ഡെല്യുസിന്റെ ചിന്തയുടെ രീതി, ‘ think otherwise’ ആണ്. തിയറി, philosophy of desire ആണ്.

ഇങ്ങനെ ജീവിതത്തിനുവേണ്ടി തന്റെ ചിന്തയെ ഊഷ്മളമാക്കിക്കൊണ്ടിരിന്ന ഡെല്യുസിന്റെ ജീവിതം ദയനീയമായിരിന്നു. ചെറുപ്പത്തിലെ ശ്വാസകോശ രോഗിയായിരിന്ന അദ്ദേഹം പിന്നീട് ക്ഷയരോഗിയുമായിത്തീരുന്നു. ശ്വാസകോശം മുറിച്ചു മാറ്റുന്ന ശസ്ത്രക്രീയക്ക് വിധേയനാവുന്ന ഡെല്യുസ് കൂടുതൽ രോഗിയായിത്തീരുന്നു. ഒരു ചെറിയ കാര്യം പോലും ചെയ്യുന്നതിന് കഷ്ടപ്പെടുന്ന ഡെല്യുസിന് തന്റെ പേന എടുത്ത് എഴുതാൻ പോലും പറ്റാത്ത ദുരവസ്ഥയിൽ ആകുന്നു. ” ഒരു പട്ടിയെപ്പോലെ ഓക്സിജൻ സിലിണ്ടറുകളിൽ കെട്ടപ്പെട്ടുകൊണ്ട് ഞാൻ ജീവിക്കുന്നു” എന്ന് അദ്ദേഹം ഫിലിപ്പിനെഴുതിയ കത്തിൽ പറയുന്നു. ഒരു ദിവസം തന്റെ മുറിയുടെ ജന്നാലയിലൂടെ പുറത്തേക്ക് ചാടി ഡെല്യുസ് ആത്മഹത്യ ചെയ്തു.

ജീവിതത്തെ ആഗാധമായി സ്നേഹിച്ച മനുഷ്യരെ എന്തു കൊണ്ട് ജീവിതം തിരിച്ച് സ്നേഹിക്കുന്നില്ല എന്നത് ഒരു കുഴപ്പിക്കുന്ന പ്രശ്നമാണ്. ജീവിതത്തെ എല്ലാ വിധത്തിലും വെറുത്ത, ജനിക്കാതിരിക്കുന്നവനാണ് ഭാഗ്യവാൻ എന്നൊക്കെ എഴുതിയ സിയറോൺ മരിക്കുന്നത് വാർദ്ധക്യത്തിലാണ്. ജീവിതത്തിന്റെ വലിയ പ്രണയിതാക്കളായ വാൻഗോഗും ഹെമിംഗ്‌വേയും വെർജീനിയ വൂൾഫും ഡേവിഡ് ഫോസ്റ്റർ വാലസും അഭയം കണ്ടെത്തുന്നത് ആത്മഹത്യയിലാണ്. കാമ്യുസ് ആത്മഹത്യയെ വിളിച്ചത്, ‘ മെറ്റാഫിസിക്കൽ ക്രൈം’ എന്നാണ്. മനുഷ്യൻ അതിഭൗതിക ശക്തികളെ ആത്മഹത്യയിലൂടെ വെല്ലുവിളിക്കുന്നു.

മൂന്ന് പ്രാവശ്യമാണ് ഞാൻ മരണത്ത വൃക്തമായി അഭിമുഖീകരിച്ചത്. ഒരു വെള്ളച്ചാട്ടത്തിനു കീഴെ സുഹൃത്തുക്കളുമായി നിൽക്കുകയായിരിന്നു. തിരിച്ചിറങ്ങുന്ന സമയത്ത് എണ്ണമയമുള്ള ഒരു പാറയിൽ കാലെടുത്തു വച്ചു. മനസ്സ് തടഞ്ഞതാണ്, ആ പാറമേൽ ചവിട്ടരുതെന്നു പറഞ്ഞ്. പക്ഷെ, ഞാൻ കാലെടുത്തു വച്ചു ഉടനെ കാലു തെന്നി പിറകിലോട്ട് പാറമേൽ തലയടിച്ചു വീണു. ചുറ്റുമുള്ളവരെല്ലാം സ്തബ്ദരായി നിന്നു, ഒരാളുടെ മരണം കണ്ടിട്ടെന്നവണ്ണം. ഞാൻ ഉടനെ ചാടി എഴുന്നേറ്റു. എന്റെ തലയുടെ പിറകിൽ പൊട്ടി രക്തമൊഴുകുന്നതു കണ്ടത് അടുത്തു നിന്നിരിന്ന സുഹൃത്താണ്. അവരെന്നെ പൊക്കിയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. ഞാൻ കണ്ണടയാതിരിക്കാൻ വേണ്ടി ചുറ്റുപാടും ജീവനു വേണ്ടി പരതിക്കൊണ്ടിരിന്നു. ബാക്കി രണ്ടും ബൈക്ക് ആക്സിസന്റ ആയിരിന്നു. ഒരു പ്രാവശ്യം റോഡിലേക്ക് തെറിച്ചു വീണ് എന്റെ തലയുടെ അടുത്തു കൂടി കെഎസ്ആർടിസി ബസിന്റെ വീലു ഗൗനിക്കാതെ പാഞ്ഞു പോയി. Death brushed me aside.
ഞാൻ മരിച്ചു കഴിഞ്ഞാൽ ഇതാണ് സംഭവിക്കാൻ പോകുന്നത്: ഞാനൊരു ഫ്രാസസസിസ്കൻ കപ്പൂച്ചിൻ ആയതിനാൽ അവരെന്നെ കുളിപ്പിച്ച് ളോഹയിടിപ്പിച്ച് ശവപ്പെട്ടിയിൽ കിടത്തും. ളോഹയുടെ കപ്പൂസ് തലയിലൂടെ ഇടും, ഒരു തൊപ്പി പോലെ. ഇറ്റലിയിലെ ഒരു പാപപ്പെട്ട കൃഷിക്കാരന്റെ വസ്ത്രമാണ് ഫ്രാൻസ്സിസ് തന്റെ സന്ന്യാസ വസ്ത്രമായി സ്ഥീകരിച്ചത്. മഞ്ഞ് സമയത്ത് തലയിലിട്ടു കൊണ്ട് ജോലി ചെയ്യാൻ വേണ്ടിയുള്ളതായിരിന്നു ഈ കപ്പൂസ്. ഞാൻ ഇത് രണ്ടോ മൂന്നോ തവണ തലയിലിട്ടുണ്ട്, ചെറുമഴയിൽ നിന്നും രക്ഷപ്പെടാൻ. ഇതിനുശേഷം അവർ ജീവച്ഛമായ എന്റെ വിരലുകൾ കൂട്ടിക്കെട്ടി ഞങ്ങളുടെ സന്യാസ സമൂഹത്തിന്റെ നിയമാവലി തിരുകി വയ്ക്കും. ഇതും പിടിച്ചാണ് ഞാനിനി ശവപ്പെട്ടിയിൽ കിടക്കേണ്ടത്. അതാണെന്നെ ഭയപ്പെടുത്തുന്നത്. നോവിഷ്യറ്റിൽ വച്ച് ഞാൻ ഈ നിയമാവലി വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീടിത് ഞാൻ വായിച്ചിട്ടില്ല. അതിൽ നിഷ്ക്കർഷിച്ചിരിക്കുന്ന പല കാര്യങ്ങളും ഞാൻ ജീവിതത്തിൽ പാലിച്ചിട്ടില്ല. പരാജയപ്പെട്ട ഒരു കപ്പൂച്ചിൻ വൈദീകനാണ് ഞാൻ. വാസ്തവത്തിൽ ഞാൻ ശവപ്പെട്ടിയിൽ കിടക്കേണ്ടത് എന്റെ പരാജയത്തിന്റെ ട്രോഫിയും പിടിച്ചു കൊണ്ടായിരിക്കും. ഇതിന്റെ പരിഹാസ്യത ചുറ്റുമുള്ളവർക്ക് മനസ്സിലാകത്തില്ലെങ്കിലും ഞാൻ മനസ്സിലാക്കുകയും പരിതപിക്കുകയും ചെയ്യും. അതുകൊണ്ട്, മരിക്കുന്നതിനു മുൻപ് എനിക്ക് അറിയിപ്പ് കിട്ടണമെന്ന് ഞാനാഗ്രഹിക്കുന്നു. സഭയുടെ പുറത്തു കിടന്ന് മരിക്കാൻ ഞാനാഗ്രഹിക്കുന്നു. ഒരു ശവപ്പെട്ടി പോലും ഞാനർഹിക്കുന്നില്ല. ഭൂമിയുടെ ഏറ്റവും വിദൂരമായ ഒരു കോണിൽ ആരുടെയും ഓർമ്മയിലും ശ്രദ്ധയിലും പെടാതെ ഇടതൂർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിൽ മരിച്ചു കിടക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റിൽക്കേയുടെ ചൈതൃലേഖം ഞാൻ കടമെടുക്കും. റിൽക്കേയുടെ ശവകുടീരത്തിൽ എഴുതി വച്ചിരിക്കുന്നു, ” അല്ലയോ റോസാപ്പൂവേ, ആരുടേതുമല്ലാത്തതിന്റെ വൈരുദ്ധ്യമുള്ള ആനന്ദവും പേറി അനവധി അടരുകൾക്കിടയിൽ നീ മറഞ്ഞു കിടക്കുന്നു.”
ആരുടേതുമല്ലാത്തതിന്റെ വൈരുദ്ധ്യമുള്ള ആനന്ദം എന്റെ മരണത്തെയും ഭ്രമിപ്പിക്കുന്നു.

പ്രതിരോധം

ഭയപ്പെടുത്തുന്ന ചിന്താശൂനൃതയാണ് പുരോഹിതന്മാർ വച്ചുപുലർത്തുന്നത്. ഒരാൾ പുരോഹിതനാകുമ്പോൾ ആദ്യം തന്നെ അയാൾ പഠിച്ച ഫിലോസഫിയും തിയോളജിയും വലിച്ചെറിയുന്നു. ചിന്തിച്ചു കൊണ്ട്, സത്യം പറഞ്ഞു കൊണ്ട് ഒരാൾക്ക് പൗരോഹിതൃത്തിൽ വിജയിക്കാനാകില്ലെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. സെമിനാരികളിലെ കാര്യവും കഷ്ടമാണ്. എങ്ങിനെയെങ്കിലും പരീക്ഷകളിൽ ജയിച്ച്, എങ്ങിനെയെങ്കിലും വൈദീകരാകാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം സെമിനാരി വിദ്യാർത്ഥികൾ. ഫിലോസഫി പഠിക്കാനുള്ള താത്പര്യമോ ബൗദ്ധികതയും പലർക്കുമില്ല. വിദേശത്തു പോയി ഡോക്ടറേറ്റുകൾ വാങ്ങിക്കൂട്ടിയ പുരോഹിതന്മാർ പോലും എന്തെങ്കിലും വായിക്കാനോ ചിന്തിക്കാനോ മെനക്കെടുന്നില്ല. എല്ലാവരും വലിയ പ്രായോഗീക ബുദ്ധി കാണിച്ച് സഭയിലെ ഏതെങ്കിലും അധികാരത്തിൽ എത്തിച്ചേരാനുള്ള ശ്രമത്തിൽ മുഴുകിയിരിക്കുന്നു. ദിനപത്രത്തിലെ ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ബൗദ്ധിക ആത്മസംതൃപ്തി അടയുന്ന പുരോഹിതന്മാരുണ്ട്. വോൾട്ടയർ പറഞ്ഞത് ശരിയാണ്, അറിവില്ലാത്ത പുരോഹിതനാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. സമൂഹത്തിന് വലിയ ദ്രോഹം ആയിക്കൊണ്ടിരിക്കുന്ന പുരോഹിതന്മാരുടെ കൂട്ടത്തിൽ വലിയ ധ്യാന ഗുരുക്കന്മാരും ഉണ്ട്. ദൈവരാജ്യത്തിനുവേണ്ടി മണ്ണിനെയും പെണ്ണിനെയും പൊന്നിനെയും ഉപേക്ഷിച്ചവർ പെൻസിൽ കഷണങ്ങൾക്കുവേണ്ടി അടിപിടി കൂടുന്ന ദയനീയ കാഴ്ചകളുമുണ്ട്.

ചിന്ത ഇല്ലാത്തതു കൊണ്ടുതന്നെ ഇവരെല്ലാം അബ്സലൂട്ടിസത്തിന്റ വക്താക്കളാണ്. ആപേക്ഷികമായ ഒരു ആശയത്തെയും ഇവർ സഹിക്കില്ല. അടുത്ത കാലത്ത് ഞാൻ നടത്തിയ ഒരു പ്രസംഗത്തിൽ എന്നെ ആക്രമിക്കാൻ ആവശ്യമായ കുറച്ച് ആശയങ്ങൾ ഉണ്ടായിരിന്നു. എനിക്കെതിരെ സംസാരിച്ചവരിൽ ചിലർ ഉപരിപഠനം കഴിഞ്ഞെത്തിയ ചെറുപ്പക്കാരായ പുരോഹിതന്മാരാണെന്നുള്ളത് എന്നെ കൂടുതൽ സങ്കടപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. ഇപ്രാവശ്യത്തെ സന്ന്യാസ പ്രതവാഗ്ദാന ചടങ്ങിൽ പ്രസംഗിക്കാൻ ക്ഷണിച്ചത് എന്നെയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല. സാധാരണ ഇത്തരം പരിപാടികൾക്ക് എന്നെ പ്രസംഗിക്കാൻ വിളിക്കാറില്ല. ഇനിയെന്തായാലും ഒരു പരിപാടിക്കും ഇവരെന്ന ക്ഷണിക്കാനും പോകുന്നില്ല. അല്ലെങ്കിലും എന്നെ ഒരു സ്ഥലത്ത് ഒരു പ്രാവശ്യമേ വിളിക്കാറുള്ളു. രണ്ടാമതൊന്ന് വിളിക്കുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം അവർ ചിന്തിക്കും. വൈകാരികമായി, അല്ലേലുയകൾ പറഞ്ഞ്, പൊട്ടൻ തമാശകൾ പറഞ്ഞ് പ്രസംഗിക്കാൻ ഞാൻ പഠിക്കേണ്ടിയിരിക്കുന്നു.

സന്ന്യാസവ്രത വാഗ്ദാനം നടത്തുന്നവരെ ഞാൻ ഫിലോസഫി പഠിപ്പിച്ചിട്ടുണ്ട്. കീർക്കേഗാർഡിനെയും നീഷേയെയും സാർത്രിനെയും പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഇവരെ ഞാൻ കുറ്റവും കൂടുതൽ പഠിപ്പിച്ചിട്ടുള്ളത് ഹൈഡഗറിനെയാണ്. ഹൈഡഗറിന്റെ ചിന്ത ‘ Dasein’ നെ അവതരിപ്പിക്കുന്നു. Dasein എന്താണെന്ന് പറയാൻ വേണ്ടി മുഴുവൻ ഗ്രീക്ക് ചിന്തയെയും ഹൈഡഗർ അഴിച്ചിടിന്നു. റിൽക്കേയുടെയും ഹോൾഡറിന്റെയും കവിതകളെയും വാൻഗോഗിന്റ ചിത്രങ്ങളെയും വ്യഖ്യാനിക്കുന്നു. Dasein എന്താണെന്ന് പറയാനായി ഒരു ഉദാഹരണം അവതരിപ്പിക്കാം. ജീവിതത്തിലെ പല കാര്യങ്ങളിൽ മുഴുകി തളർന്നിരിന്ന നിങ്ങൾ ഒരു വൈകുന്നേരം ടെറസിലേക്ക് പോകുന്നു. പ്രകാശത്തിന്റെ വിടുതൽ സന്ദേശങ്ങൾ പല നിറങ്ങളായി ആകാശത്ത് പടർന്നു കിടക്കുന്നു. കൂടണയാനായി പക്ഷികൾ ആകാശത്തിനു വിലങ്ങനെ പറക്കുന്നു. ഒരു നക്ഷത്രം ഭൂമിയിൽ രാത്രിയായോന്ന് എത്തി നോക്കുന്നു. പെട്ടെന്ന് നിങ്ങളുടെ ഉള്ളിൽ അവൃക്തവു അജ്ഞാതവുമായ എന്തോ ഒന്ന് ഉയിർകൊള്ളുന്നതായി നിങ്ങൾ തിരിച്ചറിയുന്നു. പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കാൻ നിങ്ങളുടെ ഉണ്മ ചലനം കൊള്ളുന്നു. തികച്ചും നശ്വരനായ നിങ്ങൾ അനശ്വരതയുടെ വെളിപാടും പേറി നിൽക്കുന്ന ഈ Sublime നിമിഷത്തിൽ നിങ്ങൾ Dasein ആണ്. Sublime ഒരു bitter sweetnes ആണെന്ന്കാന്റ് പറയുന്നു . Dasein ആയിരിക്കുക എന്നു വച്ചാൽ ഒരു ആർട്ടിസ്റ്റ് ആയിരിക്കുക എന്നു കൂടി അർത്ഥമുണ്ട്. അല്ലെങ്കിൽ നിങ്ങൾ Dasman ആയിച്ചുരുങ്ങിപ്പോകും, ലോകത്തിന്റെ ശബ്ദമുഖരിതമായ ഗോസിപ്പുകളിൽ നിപതിച്ച്.

ചിന്തിക്കാൻ സാധിക്കാത്തത് ചിന്തിക്കാൻ ശ്രമിച്ച ഹൈഡഗറിനെ ഞാൻ പഠിപ്പിച്ച കുറച്ച് ചെറുപ്പക്കാരാടോണ് ഞാനിപ്പോൾ സന്ന്യാസത്തെക്കുറിച്ച് സംസാരിക്കേണ്ടത്. ഞാൻ പറയാൻ ശ്രമിച്ചത് ഇതാണ്: സന്ന്യാസം നരച്ച ആകാശമുള്ള, ഏകാതനതയുടെയും വിരക്തതയുടെയും ലോകമല്ല. സന്ന്യാസം ഒരു erotic affair ആണ്. നിങ്ങളുടെ വികാരവും സഹജാവബോധവു ബലി കഴിക്കാൻ സന്ന്യാസം ആവശ്യപ്പെടുന്നില്ല. പകരം അതിനെ കൂടുതൽ ആഴമുള്ളതാക്കുക, കൂടുതൽ സാന്ദ്രതയുള്ളതാക്കുക എന്നാണ് സന്യാസം പറയുന്നത്. സെന്റെ അഗസ്റ്റിൻ പറയുന്നു, ” yearning makes my heart deep.” തീവ്രഭിലാഷത്താൽ ആഴമുള്ള ഹൃദയങ്ങൾ ഉപരിപ്ലവതയിൽ അഭിരമിക്കുന്നില്ല. ദൈവം അഗാപ്പെ മാത്രമല്ല, ഇറോട്ടിക് കൂടിയാണ്. അനുഭൂതികളുടെ ചിറകുകൾ മുളച്ചപ്പോൾ ആവിലയിലെ അമ്മ തെരേസ വിളിച്ചു പറയുന്നു, “O God, you kissed me with the kiss of your mouth!” വീണ്ടും തെരേസ പറയുന്നു,” ദൈവമേ, നീയെന്നെ ചലനം കൊള്ളിക്കുന്നു” ഈ ചലനത്തിലായിരിക്കുക. പ്രണയത്തിലായിരിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയം ആലില പോലെ വിറക്കുന്നതുപോലെ നിങ്ങളുടെ ഹൃദയവും ദൈവത്തിന്റെ ചലനത്തിൽപ്പെട്ട് വിറ കൊള്ളട്ടെ !

എന്താണ് സന്ന്യാസ ജീവിതത്തിന്റെ പ്രസക്തി? നമ്മൾ ക്രിസ്തുവിന്റെ ദൈവരാജ്യം എന്ന സ്വപ്നം ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യരാണ്. ലോകത്തിലെ ഏറ്റവും കുഴപ്പം പിടിച്ചതും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ് ഒരു സ്വപ്ന രാജ്യം ജീവിക്കാൻ ശ്രമിക്കുക എന്നത്. നമ്മുടെ നിരന്തരമായ പരാജയം ഒരു തെളിവാണ്. പക്ഷെ, ക്രിസ്തു നമ്മുടെ പരാജയത്തെ ഗൗനിക്കുന്നില്ല. നമ്മുടെ ശ്രമത്തിൽത്തന്നെ അവൻ സന്തുഷ്ടനാണ്. ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചാണ് ഞാൻ പ്രശ്നത്തിൽ ചെന്നുചാടിയത്. ബുദ്ധനെക്കുറിച്ച് സംസാരിക്കേണ്ടി വന്നു. ബുദ്ധനും ക്രിസ്തുവും രണ്ടു മാർഗ്ഗകൾ അനുവർത്തിക്കുന്നുണ്ടെങ്കിലും അവർ സംസാരിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചാണ്. ക്രിസ്തു പറയുന്നു, നിങ്ങൾ ദൈവരാജ്യത്തെ അന്വേഷിക്കുക, ബാക്കിയെല്ലാ നിങ്ങൾക്ക് നൽകപ്പെടും. ബുദ്ധൻ പറയുന്നു, നിങ്ങൾ ദൈവരാജ്യം അന്വേഷിക്കുക, ബാക്കിയൊന്നും നിങ്ങൾക്ക് ആവശ്യമുണ്ടാകില്ല . വാസ്തവത്തിൽ ക്രിസ്തുവിനും ബുദ്ധനും അറിയാം ദൈവരാജ്യം ലഭിച്ചവന് മറ്റൊന്നും ആവശ്യമുണ്ടാകില്ല . ഇത് കിട്ടണമെങ്കിൽ മറ്റെല്ലാം വിറ്റുകളയണമെന്ന് ക്രിസ്തു പറയുന്നുമുണ്ട്. എങ്കിലും ദൈവരാജ്യത്തക്കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും ശക്തമായ ഭാഷ ഉപയോഗിക്കുന്നത് ബുദ്ധൻ തന്നെയാണ്. ബുദ്ധനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും വലിയ ബുദ്ധമത ചിന്തകനായ നാഗാർജുനനെക്കുറിച്ചും സംസാരിക്കേണ്ടിവന്നു. നാഗാർജുന പറയുന്നു, “as long as you are capable to distinguish between Moksha and Samsara, you are in samsara.” മോക്ഷത്തെയും ലോകത്തെയും നിങ്ങൾ വേർതിരിക്കുന്നിടത്തോളം കാലം നിങ്ങൾ ലോകത്തിലാണ്. ഞാൻ കണ്ടുമുട്ടാനിടയായ ശുദ്ധവും മഹത്തരവുമായ ആശയമാണിത്. എന്തുകൊണ്ട് പോളിന് ഇത് പറയാൻ പറ്റിയില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു. യഥാർത്ഥ സന്ന്യാസം, ലോകത്തെ മോക്ഷത്തിൽ നിന്നും വേർതിരിക്കുന്നില്ല, അവനു ലോകം തന്നെ മോക്ഷമായ മാറുന്നു. അവനിൽ നിന്നും എല്ലാ വേർതിരിച്ചുകളും മാഞ്ഞു പോയിരിക്കുന്നു. ദൈവരാജ്യത്തെ അന്വേഷിക്കുന്നവർ അതു കണ്ടെത്തേണ്ടത് ഈ ലോകത്തു തന്നെയാണ്. ഈ ലോകം തന്നെയാണ് ദൈവരാജ്യമായി മാറ്റപ്പെടുന്നത്. ചില മനുഷ്യർക്ക് വഴി തെറ്റുന്നത് പ്രകാശത്തിൽ നടക്കുന്നതു കൊണ്ടാണ്, ഇരുളിനുമാത്രം നൽകാനാവുന്ന ജ്ഞാനം അവർക്ക് എങ്ങിനെയോ നഷ്ടമായി.

സന്ന്യാസ പ്രതവാഗ്ദാനം ചെയ്യുന്ന കുറച്ച് ചെറുപ്പക്കാരോട് ഇത്തരത്തിലാണോ പ്രസംഗിക്കേണ്ടത്. ക്രിസ്തുവിനേക്കാൾ ശക്തവും പോംവഴികൾ ഇല്ലാത്തതുമായ ഒരു ഭാഷ ദൈവരാജ്യത്തെക്കുറിച്ച് ബുദ്ധൻ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു കത്തോലിക്കാ ദേവാലയത്തിൽ നിന്നു പ്രസംഗിക്കാമോ? പാടില്ല എന്ന് ഉച്ചത്തിലും നിശബ്ദതയിലും പറയുന്നവർ എന്റെ മുന്നിലുണ്ട്. മറ്റു മതങ്ങളുടെ ദർശനവും സൗന്ദര്യവും ഉൾക്കൊള്ളാതെ പോകുമ്പോൾ ശുഷ്ക്കമായ പോകുന്നത് എന്റെ മതം തന്നെയാണ് എന്നു വിശ്വസിക്കുന്നതുകൊണ്ട് എനിക്ക് ഇങ്ങനെ പ്രസംഗിക്കാനേ സാധിക്കുകയുള്ളു. അബ്സലൂട്ടിസം എന്റെ തട്ടകവ്വുമല്ല.

പ്രശ്നത്തിൽ ചെന്നു ചാടുക എന്റെ ഒരു സ്വഭാവമാണ്. മറ്റുള്ളവരെ പെട്ടെന്ന് ശത്രുക്കൾ ആക്കാനുള്ള കല ഞാനെങ്ങനെയോ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്രാവശ്യത്തെ രംഗം ഒരു ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ആണ്. വളരെ പ്രിയപ്പെട്ട ഒരു പുരോഹിതൻ വിളിച്ചതുകൊണ്ട്, ‘ശരീരം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ചർച്ചയെ മോഡറേറ്റ് ചെയ്യാനാണ് ഞാൻ ചെല്ലുന്നത്. ശരീരത്തെക്കുറിച്ച് വളരെ ആഴമുള്ള ചിന്തകളുള്ള ഒരു പേപ്പർ ഒരു വിദ്യാർഥി അവതരിപ്പിച്ചു. അതിനുശേഷം സജീവമായ ഒരു ചർച്ചയും ഉണ്ടായിരുന്നു. ചർച്ചയ്ക്ക് സമാപനമായി ചില പരാമർശങ്ങൾ എനിക്ക് നൽകേണ്ടിവന്നു. ശരീരം ശരീരം മാത്രമാണോ അതോ അത് ആത്മാവിന്റെ ഒരു ചട്ടക്കൂട് മാത്രമാണോ? ഒരു ശരീരം ആയിരിക്കുക എന്ന പ്രതിസന്ധി മനുഷ്യൻ എങ്ങനെയാണ് തരണം ചെയ്യുക? എന്നിങ്ങനെ തത്വചിന്തയെ ഭേദിച്ച് നിൽക്കുന്ന പ്രശ്നങ്ങൾ ധാരാളമുണ്ട്. എങ്കിലും ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ നമുക്ക് ശരീരത്തെക്കുറിച്ച് യാതൊരു അതിഭൗതിക മായാദർശനങ്ങളും ഇല്ല. ഒരു ശരീരം ആയിരിക്കുക എന്നതിനെക്കുറിച്ച് ഏറ്റവും വലിയ തിരിച്ചറിവുകൾ ഉണ്ടാകുന്നത് ടോയ്‌ലറ്റിൽ വച്ചാണ്. ഏറ്റവും പ്രധാനമായി ശരീരം സങ്കീർണ്ണമായ ഒരു ഉത്പാദന, പ്രത്യുൽപാദന, വിസർജന വ്യവസ്ഥയാണ്. ക്രിസ്തുവും ഇതുതന്നെയായിരുന്നു. ദൈവം മനുഷ്യൻ ആയപ്പോൾ അവൻ ചെന്നു പതിച്ചത് ശരീരത്തിന്റെ പ്രതിസന്ധികളിലും അപകടകരമായ അവസ്ഥകളിലുമാണ്. തിന്നുന്ന, കുടിക്കുന്ന, വിയർക്കുന്ന, തുമ്മൂന്ന, ചുമക്കുന്ന, വേദനിക്കുന്ന, ക്ഷീണിക്കുന്ന, വിസർജിക്കുന്ന ഒരു ശരീരമായി ദൈവം മാറി. ഈ പ്രതിസന്ധികളിൽ വീണുഴലിയപ്പോഴാണ് പ്ലോട്ടൈനസ് പറഞ്ഞത്, “I am ashamed to have a body.” എത്രയൊക്കെ ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പറക്കാൻ ശ്രമിച്ചിട്ടും ശരീരം സമ്മതിക്കുന്നില്ല. ശരീരം സമം ഭാരം.

ലൈംഗികതയാണ് ദൈവം മനുഷ്യനിൽ സൃഷ്ടിച്ച ഏറ്റവും വലിയ സംഘർഷം എങ്കിൽ ക്രിസ്തു തീർച്ചയായും ഈ സംഘർഷത്തിലൂടെ കടന്നു പോയിരിക്കണം. ഈ സംഘർഷം അനുഭവിക്കാത്ത ഒരു വിശുദ്ധിക്കും അർത്ഥമില്ല. ക്രിസ്തുവിന്റെ ലൈംഗികതയുടെ സംഘർഷങ്ങളെ ഏറ്റവും കൂടുതൽ നമ്മൾ എവിടെയാണ് കണ്ടുമുട്ടുന്നത്.? എനിക്ക് തോന്നുന്നു അവന്റെ ലൈംഗികത കൊണ്ട് അവൻ എന്തു ചെയ്തു എന്ന് നമ്മൾ തിരിച്ചറിയുന്നത് അന്ത്യ അത്താഴത്തിലാണ്. ഒരാൾ തന്റെ ശരീരം മറ്റൊരാളുമായി പങ്കുവയ്ക്കുന്നതാണ് ലൈംഗീകതയെങ്കിൽ വിശുദ്ധ കുർബാന ക്രിസ്തുവിന്റെ ലൈംഗികതയാണ്. കാലങ്ങളെയും ദേശങ്ങളെയും ഭേദിച്ച് നിൽക്കുന്ന സ്നേഹമായി അവൻ അവന്റെ തൃഷ്ണകളെ പരിവർത്തനം ചെയ്തു. സ്പിനോസ പറയുന്നതാണ് സത്യം, “We don’t know what our body is capable of.” ക്രിസ്തുവിന്റെ ശരീരം capable ആണ്, നിരന്തരം മുറിക്കപ്പെടുവാനും പങ്കുവെക്കപ്പെടുവാനും. ഇതവന്റെ ലൈംഗികത അല്ലെങ്കിൽ മറ്റെന്താണ്?

എന്റെ പ്രൊവേക്കേഷൻസ് കഴിഞ്ഞപ്പോൾ, ഇന്റർനാഷണൽ ഫോർമേഷൻ കൗൺസിൽ അംഗമായിട്ടുള്ള ഒരു ഫ്രയർ എന്നെ കറക്ട് ചെയ്തു, എന്റെ സംസാരം അതിരുകടന്നു എന്നു പറഞ്ഞു. കുർബാനയെ ലൈംഗികതയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ചിന്തകൾ ദൈവശാസ്ത്ര വിദ്യാർഥികളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞു. ലൈംഗികത എന്ന വാക്കിന് നമ്മൾ വല്ലാതെ ഭയക്കുന്നുണ്ട്. എന്റെ ഭയത്തെ അതിജീവിക്കാൻ ഉത്തമഗീതം ഞാൻ ഒന്നുകൂടെ വായിക്കട്ടെ! ദൈവ-മനുഷ്യ ബന്ധത്തിന്റെ ആത്മീയതയായി ഈ പുസ്തകത്തെ വായിക്കാൻ എന്റെ ശരീരവും ആത്മാവും സമ്മതിക്കുന്നില്ല. തികച്ചും രതിസമ്പന്നമായ ഒരു പ്രണയ കാവ്യമാണിത്. സോളമനേക്കാൾ ഒമർഖയ്യാമിന്റെ തൂലികക്ക് ചേരുന്ന വരികൾ. ഇതെഴുതിയ പെൺകുട്ടിയെ എനിക്ക് കാണാനാകുന്നുണ്ട്. അഴിച്ചിട്ട അവളുടെ മുടിയിഴകളുടെ ഗന്ധം ഞാൻ അനുഭവിക്കുന്നു. കറുത്തിരുണ്ട അവളുടെ കണ്ണുകളുടെ ആഴങ്ങളിൽ നക്ഷത്രങ്ങൾ ഒഴുകി നടക്കുന്നു. പ്രാചീനമായ അനുഭൂതികൾ നിറഞ്ഞ അവളുടെ ശരീരത്തിന്റെ മുമ്പിൽ ദേവന്മാരും മനുഷ്യരും മുട്ടുമടക്കുന്നു. ഞാൻ ഒരേ സമയം പുരുഷനും സ്ത്രീയും ആയിത്തീരുന്നു. പ്രണയ വേലിയേറ്റത്തിന്റെ ആവേഗങ്ങളിൽ കുതിച്ചെത്തുന്ന ശരീരത്തിന്റെ തൃഷ്ണകളിൽ ആത്മാവ് ആമഗ്നമാകുന്നു.