ഒരു മടിയന്റെ സുവിശേഷം

തന്റെ കഴിവുകളെക്കുറിച്ച് വൃക്തമായ ധാരണയില്ലാത്ത, അല്ലെങ്കിൽ അതിന്റ പ്രയോജനമില്ലായ്മയെക്കുറിച്ച് ബോധ്യമുള്ള, ഉത്തരവാദിത്തങ്ങളെ പേടിക്കുന്ന, അതൃന്തികമായ മനുഷ്യന്റെ വിധി പരാജയപ്പെടാനുള്ളതാണെന്ന ഉൾവിളിയുള്ള ഒരാൾ എന്തിലാണ് അഭയം പ്രാപിക്കുക? ഞാൻ അഭയം കണ്ടെത്തിയിരിക്കുന്നത് അലസതയിലാണ്. എങ്ങിനെ അലസനായിരിക്കാം എന്നതാണ് എന്റെ അനേഷണം. മടിയന്മാരുടെ രാജ്യം വരണമേ എന്നതാണ് എന്റെ പ്രാർത്ഥന. വായനയും ചിന്തയും മാത്രം ക്രിയാത്മകമായിട്ടുള്ള ഒരു അലസ സഞ്ചാരകനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വല്ലാത്ത കാര്യപ്രാപ്തിയുള്ള മനുഷ്യരെ ഞാൻ ഭയപ്പെടുകയും അവരിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അവരെന്നെ നിസ്സാരനാക്കിക്കളയുന്നു.

മടിയന്മാർ പൊതുവേ സ്വപ്നജീവികളാണ്. സൂര്യോദയത്തെക്കാൾ അവർ സുര്യാസ്തമയത്തെ ഇഷ്ടപ്പെടുന്നു. മഴക്കാലമാണ് അവരുടെ പ്രീയപ്പെട്ട സീസൺ. രക്ഷപ്പെടാനുള്ള ഒരു മാളം അവർ എല്ലായിടത്തും അന്വേഷിക്കുന്നു. സ്വപ്നജീവിയിൽ നിന്നു ബുദ്ധിജീവിയിലേക്കുള്ള ദൂരം വളരെ ചെറുതാണ്. മടിയന്റെ തലയിൽ തേങ്ങാ വീഴാതെ സൂക്ഷിക്കുകയും ആപ്പിൾ വീഴാൻ അനുവദിക്കുകയും ചെയ്യുന്നിടത്തോളം കാലം ഇവിടെ ബുദ്ധിജീവികളുണ്ടായിരികും. 1895-ൽ ഇറ്റലിയിലെ ഒലിവ് തോട്ടത്തിൽ അലസനായി ഇരുന്നു കണ്ട ദിവാസ്വപ്നത്തിൽ നിന്നാണ് ഐൻസ്റ്റിൻ ആപേക്ഷിക സിദ്ധാന്തത്തിന്റെ ആദ്യത്തെ ശീലുകൾ മെനഞ്ഞത്.

മടിയന്മാർക്കുള്ള ഏറ്റവും വലിയ ധാർമ്മികമായ മേന്മ അവർ ചതിയന്മാർ അല്ലന്നുള്ളതാണ്. വഞ്ചനയ്ക്ക് ഒരു മിനിമം ഔത്സുക്യം ആവശ്യമാണ്. ചതിക്കപ്പെട്ടാലും ചതിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. അലസന്മാർ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. വിവാഹത്തിന്റെ ബൂർഷ്യറ്റിക് ആഘോഷങ്ങളും പ്രായോഗിക വശങ്ങളും അലസന്മാർക്ക് ഉൾക്കൊള്ളാനാവില്ല. പ്രായോഗീക ബുദ്ധിക്കാർ അറുബോറന്മാരാണെങ്കിലും, വിവാഹം അവർക്കാണ് ഏറ്റവും നന്നായിട്ട് ചേരുക.

ഉപയോഗപ്രദമായ കണ്ടുപിടിത്തങ്ങളെല്ലാം വലിയ തോതിൽ വെയ്സ്റ്റ് സൃഷ്ടിക്കുന്നുണ്ട്. വെയ്സ്റ്റുകളൊന്നും അവശേഷിപ്പിക്കാതെ സ്വയം വെയ്സ്റ്റഡ് ആയി മാറുക എന്നതാണ് ഒരു മടിയന്റെ ലക്ഷ്യം. വയലുകളൊന്നിലും അവനു അഭയം കണ്ടെത്താനാവില്ല. പിതൃസ്വത്തെല്ലാം ധൂർത്തടിച്ച് അവൻ പന്നിക്കൂട്ടിൽ അഭയം തേടുന്നു. ഒരു പന്നിക്കൂട്ടിൽ വച്ച് ധുർത്ത പുത്രനുമാത്രം മനസ്സിലാക്കാനാവുന്ന ചില സത്യങ്ങൾ ഈ ലോകത്തിലുണ്ട്.

ഭൂമി, എന്തായാലു നിറഞ്ഞിരിക്കുകയാണ്, മനുഷ്യരെ കൊണ്ടും അവന്റെ വിജയകളെക്കൊണ്ടും ചരിത്രസ്മാരകങ്ങൾ കൊണ്ടും. എന്തിനേറെ, ബഹിരാകാശം പോലും അവൻ നിക്ഷേപിച്ച റോക്കറ്റുകൾ കുന്നുകൂടാൻ തുടങ്ങിയിരിക്കുന്നു. ഭൂമി മുഴുവന് കവർന്നെടുക്കപ്പെട്ടിരിക്കുന്നു. മഞ്ഞുപാളികൾ ഉരുകി അപ്രതൃക്ഷമാകുന്നു. പുഴകളും വൃക്ഷങ്ങളും മലകളും താഴ്വാരങ്ങളും എല്ലാം മനുഷ്യന്റെ പടയോട്ടത്തിൽ പെട്ട് ഞെരിഞ്ഞമരുന്നു. ഇനി ഭൂമിയുടെ പ്രതീക്ഷ അലസന്മാരിലാണ്, യാതൊരു പടയോട്ടത്തിലും താത്പര്യമില്ലാത്ത, ഒരു സ്മാരകത്തിലും കണ്ണു വയ്ക്കാത്ത, എപ്പോൾ വേണമെങ്കിലും തന്റെ ഇടം ഒഴിഞ്ഞു കൊടുക്കാൻ തയ്യാറുള്ള മടിയന്മാരിലാണ് ഭൂമിയുടെ മുഴുവൻ പ്രതീക്ഷയും. മടിയന്റെ മരണം തികച്ചും സ്വച്ഛന്ദമായിരിക്കും . അവനെ വിട്ടു പോകാൻ അനുവദിക്കാതെ പിന്നാലെ നിലവിളിച്ചു കൊണ്ടുവരാൻ ഒന്നുമില്ല. അവന്റെത് തികച്ചും ആശയ സമ്പുഷ്ടമായ മരണമായിരിക്കും. നീഷേയുടെ സരാതുഷ്ട്ര പറയുന്നു, “I shall show you the consummating death which shall be a spur and a promise to the living.”

തൊഴിലിനെയും ഉത്പാദനത്തെയും വല്ലാതെ മാർക്സ് മഹത്ത്വവത്കരിച്ചു. എല്ലാ തൊഴിലുകളും അതേ അളവിൽ തൊഴിലില്ലായ്മയെ സൃഷ്ടിക്കുന്നുണ്ട്. ഒരുവന്റെ കട മറ്റൊരുവന്റെ കടയുടെ അടച്ചു പൂട്ടലിനു കാരണമാകുന്നുണ്ട്. തൊഴിലാളികൾ പുതിയ ജന്മികളായ മാറുന്നത് മാർക്സ് മുൻകൂട്ടി കണ്ടില്ല. തൊഴിലാളികൾ തൊഴിലിന്റെ അടിമകളായി മാറുന്ന അവസ്ഥ ഇന്ന് സംജാതമായി. മനുഷൃൻ ഒരു തൊഴിൽ ജീവിയാണെന്ന് മാർക്സ് തെറ്റിദ്ധരിച്ചു. മനുഷൃൻ തൊഴിൽ ചെയ്യേണ്ടത് അവൻ അർഹിക്കുന്ന വിനോദത്തിനു വേണ്ടിയായിരിക്കണം. ചിന്തയെ ബലപ്പെടുത്താനുള്ള ഒരു ഘടകം മാത്രമായിരിക്കണം തൊഴിൽ. പണമാണ് മനുഷ്യൻ കണ്ടു പിടിച്ച ഏറ്റവും വലിയ കള്ളം. അലസതകൊണ്ട്, നിഷ്ക്രീയത്വം കൊണ്ട്, പണത്തെ ഇല്ലായ്മ ചെയ്യാൻ പറ്റിയാൽ അതായിരിക്കും ഏറ്റവും ഉന്നതമായ വിപ്ലവം. എല്ലാ സംസ്ക്കാരങ്ങളും പണിതുയർക്കപ്പെട്ടത് ചതിയുടെയും കൊലയുടേയും പിടിച്ചു പറിയുടേയും കുടിയൊഴിപ്പക്കലിന്റെയും രക്തത്തിൽ മുങ്ങിയ കൈകൾകൊണ്ടാണ്. അലസത കൊണ്ട്, നിഷ്ക്രീയത്വം കൊണ്ട്, നമ്മുക്ക് പരിഹാരം ചെയ്യാൻ കഴിഞ്ഞിരിന്നെങ്കിൽ?

പ്രവൃത്തികൾ കുന്നു കൂടിയപ്പോൾ നമ്മുക്ക് നഷ്ടമായത് ധ്യാനാത്മകതയുടെ ചാലക ശക്തിയാണ്. വേഗതയുടെ കാലഘട്ടം ധ്യാനാത്മകമല്ലന്ന് മാർസൽ പ്രുസ്ത് കുറ്റപ്പെടുത്തുന്നു. പോയ് പോയ കാലത്തിനു തിരിച്ചു വരവ് നൽകാൻ ആവശ്യമായ ധ്യാനാത്മത നമ്മുടെ കാലത്തിന് നഷ്ടമായി എന്നദ്ദേഹം മനസ്സിലാക്കി. സൗന്ദര്യം പോലും ധ്യാനാത്മകമായ മനസ്സുകൾക്കു മാത്രം വെളിപ്പെട്ടു കിട്ടുന്ന ഒന്നാണ്. മടിയൻ ലക്ഷ്യകളുടെ മായികതയിൽപ്പെടുന്നില്ല. അവനറിയാം യാത്ര തന്നെയാണ് ലക്ഷ്യമെന്ന്. ലക്ഷ്യങ്ങളില്ലാതെയുള്ള അലച്ചിലിനും അർത്ഥമുണ്ട്. ലക്ഷ്യവും അർത്ഥവും അന്വേഷിക്കുന്നത് ജീവിതത്തിൽ വല്ലാത്ത മുഷിപ്പ് അനുഭവിക്കുന്ന മനുഷ്യരാണ്. ഈ ജീവിതത്തെ ജീവിക്കാത്തവരാണ് വരാനിരിക്കുന്ന ജീവിതത്തെ ആശ്രയിക്കുന്നത്. ജീവിതം പട്ടികളുടെ മുൻപിലേക്ക് എറിയപ്പെട്ട എല്ലിൻ കഷണകളാണ്. ചില പട്ടികൾ അതു കടിച്ചു കീറി തിന്നുമ്പോൾ മറ്റു ചില പട്ടികൾ അനേഷിക്കുന്നു, ഇതാരാണ് എന്റെ മുൻപിലേക്ക് എറിഞ്ഞിട്ടത്? അവരെ സംബദ്ധിച്ച് ജീവിതം ആസ്വദിക്കാനുള്ളതല്ല, പീഢയുടേതാണെന്ന് കസൻദ് സാക്കിസ് എഴുതുന്നു. മടിയന്മാർക്ക് ജീവിതം ജീവിക്കാനുള്ളതല്ല, പരീക്ഷിക്കാനുള്ളതാണ്.

പ്രവൃത്തി കൂടാതെയുള്ള വിശ്വാസം മരിച്ചതാണെന്ന് യാക്കോബ് ശ്ലീഹാ പറയുന്നു. വിശ്വാസം മാത്രം മതിയെന്നാണ് പോളിന്റെ വാദം. എന്തൊക്കെയായാലും ചിന്ത കൂടാതെയുള്ള പ്രവൃത്തിയാണ് ഏറ്റവും തൊന്തരവ്. ചിന്തയില്ലാത്ത മനുഷ്യർ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ പിന്നീട് വലിയ ദുരന്തങ്ങളായിത്തിരുന്നു. യാതൊരു കഥയുമില്ലാത്ത മനുഷ്യർ ചെയ്തു കൂട്ടുന്ന കാര്യങ്ങളാണ് ഭൂമിക്കുചുറ്റും കുന്നു കൂടി ശ്വാസം മുടിക്കുന്നത് . നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾക്കനുസൃതമായ ആത്മീയ ബലം നിങ്ങൾക്കില്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന നന്മ പ്രവൃത്തികൾ പോലും തിന്മയായി മാറുമെന്ന് സിമോൺ വെയിൽ പറയുന്നു. നിങ്ങൾ ചെയ്യുന്ന നന്മ പ്രവൃത്തികൾ തന്നെ നിങ്ങളുടെയും ദൈവത്തിന്റെയും ഇടയിൽ നിന്നു കൊണ്ട് ദൈവത്തിന്റെ മുഖം മറച്ചു കളയാൻ സാധ്യതയുണ്ട്. പ്രവൃത്തിയാണ് ഏറ്റവും വലിയ ഭൗതീക വസ്തു എന്ന വാദവും തെറ്റാണ്. ചിന്തയാണ് ഏറ്റവും ഭൗതീകമായ കാര്യം. ഭൗതിക ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്നതുതന്നെ മനുഷകൻ കണ്ടെത്തുന്ന പുതിയ ആശയങ്ങളാണ്. ഭൂമിയുടെ നെടുനാളത്തെ നിലനിൽപ്പിന് കാരണമാകുന്ന ആശയങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യരാണ് ഇന്നിന്റെ ആവശ്യം. അങ്ങനെയെങ്കിൽ ചിന്തയാണ് ഏറ്റവും വലിയ പ്രവൃത്തി. സൈദ്ധാന്തികതയുടെ പിൻബലമില്ലാത്ത ഏതു രാഷ്ട്രീയ സാമുഹിക മുന്നേറ്റങ്ങളും വിസ്മൃതിയുടെ ശ്മശാനങ്ങളിൽ അടക്കം ചെയ്യപ്പെടുമെന്ന് മാർക്സ് തന്നെ മനസ്സിലാക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവകാരികളായി തെരുവോരങ്ങൾ കയ്യേറിയ പതിനായിരക്കണക്കിന് മനുഷ്യർ ഇന്ന് ചരിത്രത്തിൽ മുഖമില്ലാതെ നിൽക്കുന്നു. പക്ഷെ അതിന് ആശയബലം നൽകിയ ചിന്തകന്മാരായ റുസ്സോയ്ക്കും വോൾട്ടയറിനും വൃക്തമായ മുഖമുണ്ട്. ചരിത്രത്തിന് വൃക്തത നൽകുന്നത് അതിലെ പ്രവൃത്തികളല്ല, അതു കൈവരിച്ച ആശയങ്ങളാണ്.

എസ്കേപ്പിസവും എസ്കേപ്പു തമ്മിൽ വ്യത്യാസമുണ്ടെന്ന് ചിന്തകനായ ആൻഡ്രു കുൾപ്പ് പറയുന്നു, “Escapism is the great betrayer of escape. The former is simply “withdrawing from the social,” whereas the latter learns to “eat away at [the social] and penetrate it,” everywhere setting up “charges that will explode what will explore, make fall what must fall, make escape what must escape” as a “revolutionary fore.” ഒളിച്ചോടൽ, രക്ഷപ്പെടൽ, പലായനം ചെയ്യൽ, അഞ്ജാതനായിരിക്കൽ, ഇതൊക്കെയാണ് ഇന്ന് നമ്മുടെ മുൻപിലുള്ള ധാർമ്മിക മൂല്യങ്ങൾ. നമ്മുടെ കാൽപ്പാടുകളോ തെളിവുകളോ അവശേഷിപ്പിക്കുന്ന ഒന്നും ചെയ്യരുത്. ഇന്ന് നമ്മുടെ വിരലടയാളങ്ങൾ സ്വന്തമാക്കി നമ്മളെ മോണിട്ടർ ചെയ്യുന്ന ഗവൺമെന്റുകൾ നാളെ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും മോണിട്ടർ ചെയ്ത് നമ്മളെ അടിമകളാക്കിവയ്ക്കും. ഒരിക്കലും ഒരു ഗവൺമെന്റിന്റെയും പക്ഷത്തായിരിക്കരുത്. എപ്പോഴും പ്രതിപക്ഷത്തായിരിക്കുക. ഭരണപക്ഷത്തിനേക്കാൾ സത്യവും ധാർമ്മികതയുമുള്ളത് പ്രതിപക്ഷത്തിനാണ്. ഗവൺമെന്റിന്റെ ആയുധ ഇടപാടുകളുടെ രഹസ്യങ്ങൾ ചോർത്തുക വളരെ നല്ല കാര്യമാണ്. ഒരിക്കലും പിടിക്കപ്പെടരുത്. രക്ഷപ്പെടാനും, ഓടിക്കളയാനും അഞ്‌ജാതനായിരിക്കാനുമുള്ള വിരുതുണ്ടായിരിക്കണം. സർക്കാരിന്റെ ചാരന്മാരെ എപ്പോഴും സൂക്ഷിച്ചുകൊള്ളേണം.

ക്രിസ്തുവിന്റെ പ്രശസ്തമായ ഉപമകളിലൊന്നാണ് താലന്തുകളുടെ ഉപമ. ഇതൊരു കുഴപ്പം പിടിച്ച ഉപമയാണ്. സേവകന്മാർക്കാർക്കും ഇഷ്ടമില്ലാത്ത ഒരു യജമാനൻ അദ്ദേഹത്തിന്റെ ഒരു സേവകനു അഞ്ചു താലന്ത് നൽകിയപ്പോൾ രണ്ടാമനു രണ്ടു താലന്തു മൂന്നാമന് ഒന്നും നൽകി. ഇതിൽത്തന്നെ വൃക്തമായ പക്ഷപാതം ഉണ്ട്. ഒന്നാമൻ അഞ്ചിനെ പത്താക്കുകയും രണ്ടാമൻ രണ്ടിനെ നാലാക്കുകയും ചെയ്തപ്പോൾ മൂന്നാമൻ യജമാനനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് തനിക്കു കിട്ടിയ ഒരു താലന്ത് കൊണ്ടു പോയി കുഴിച്ചിട്ടു. യജമാനൻ അവന്റെ കൈയിലിരിന്ന ഒരു താലന്ത് മേടിച്ച് അഞ്ചു കിട്ടിയവനു കൊടുത്തു എന്നിട്ടവനെ ശിക്ഷിച്ചു അന്ധകാരത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. കഥയുടെ സന്ദേശമായി ക്രിസ്തു പറയുന്നു, ഉള്ളവന് വീണ്ടും നൽകപ്പെടും ഇല്ലാത്തവനിൽ നിന്നും ഉള്ളതു കൂടി എടുക്കപ്പെടും . ദൈവരാജ്യത്തിൽ പ്രവേശിക്കാനാവശ്യമായ നന്മകളെക്കുറിച്ചാണ് ഈ കഥപറയുന്നതെങ്കിൽ ആദ്യത്തെ രണ്ടു പേർ ശരിയായിരിക്കും. പക്ഷെ ഇന്നത്തെ രാഷ്ട്രീയ സാമ്പത്തീക വ്യവസ്ഥിതിയിൽ നിന്നു കൊണ്ട് ഈ കഥയെ ചിന്തിച്ചാൽ മൂന്നാമത്തെവനാണ് ശരി. മുതലാളിഞ്ഞ, മൂലധന വ്യവസ്ഥിതിയെ ഒറ്റു കൊടുക്കുന്ന whistleblower ആണവൻ. എല്ലാ ബാങ്കിംഗ് കൊള്ളയടിക്കുമെതിരെ നിൽക്കുന്ന വിപ്ലവകാരിയാണവൻ. ദൈവരാജ്യത്തിന്റെ നന്മ ജനാധിപതൃത്തിലെ തിന്മയാണ്. ഉള്ളവനു വീണ്ടും കിട്ടുകയും ഇല്ലാത്തവനിൽ നിന്നും ഉള്ളതു പോലും എടുക്കപ്പെടുകയും ചെയ്യുന്ന ദൈവരാജ്യത്തിന്റെ നീതി, മുതലാളിത്ത വ്യവസ്ഥിതി നടത്തുന്ന വൻ അനീതിയാണ്. പാപപ്പെട്ടവൻ വീണ്ടും പാപപ്പെട്ടവനാകുകയും സമ്പന്നൻ വീണ്ടും സമ്പന്നനാവുകയ്യും ചെയ്യുന്ന രാഷ്ട്രീയ സാമ്പത്തീക വ്യവസ്ഥിതിക്കെതിരെ കലഹിക്കുന്ന മൂന്നാമത്തെ സേവകനെയാണ് നമുക്കിന്നാവശ്യം.

Advertisements

4 thoughts on “ഒരു മടിയന്റെ സുവിശേഷം

  1. Suresh Kumar says:

    Acha this is a beautiful article. Thanks for start writing again in malayalam… I love this article because of its satire and wit…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s