ദൈവം മുലപ്പാലു കുടിക്കുന്നു

 പഴയ നീയമ ദൈവത്തിന്റെ പേരു ശക്തിയെന്നായിരിന്നു. കാരണം അതു പുരുഷന്റെ ദൈവമായിരിന്നു. പുരുഷൻ ഏറ്റവും അധികം ആരാധിക്കുന്ന ശക്തിയെന്ന ഗുണത്തെ ദൈവത്തിനു ചാർത്തികൊടുക്കുകയായിരിന്നു. ഈ ദൈവം സംസാരിക്കുന്നതും ദൈവത്തോടു സംസാരിക്കുന്നതും പുരുഷന്മാരായിരിന്നു. പുരുഷന്റെ ദൈവം ആകാശത്തിലിരിന്ന് ഇടിമിന്നലിന്റെ ഭാഷയിൽ മനുഷ്യനെതിരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവൻ കുറ്റാരോപണങ്ങളുടെയും ദണ്ഡന വിധികളുടെയും ദൈവമായിരിന്നു. യുദ്ധം അവന്റെ വലിയ ആനന്ദങ്ങളിലൊന്നായിരിന്നു. ജോഷ്വയുടെ ദൈവമായിരിന്നു ഏറ്റവും ഭീകരൻ. പശു പുല്ലു തിന്നുന്നതു പോലെയാണ് ജോഷ്വ ദൈവത്തിന്റെ സഹായത്തോടെ ശത്രുക്കളെ കൊന്നു തുടച്ചു നീക്കിയത്. ശത്രുക്കളെ മുഴുവൻ വകവരുത്താൻ പാകത്തിനു ദൈവം സുര്യാസ്തമയം വൈകിപ്പിച്ചു കൊടുക്കുന്നു. ജോഷ്വയ്ക് കൊന്നു തീർക്കാനാവാത്തവരെ ദൈവം തന്നെ ആകാശത്തിൽ നിന്നും കന്മഴ വർഷിച്ചു നശിപ്പിച്ചു. എല്ലാ വിപത്തുകളിൽ നിന്നുമുള്ള ആശ്രയം എന്നു കരുതി ആരാധിച്ച ദൈവം തന്നെ മനുഷ്യനെതിരെ തിരിഞ്ഞപ്പോൾ മനുഷ്യൻ തകർന്നുപോയി. “Why is the whole sky is lost in clouds? What, Father Jupitar, are you doing to us?” എന്ന ഹോമറിന്റെ കടൽ യാത്രക്കാരുടെ കരച്ചിൽ മനുഷ്യന്റെ ദൈവനിഷേധത്തിന്റെ കാതലാണ്. യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും പകർച്ചവ്യാധികളുടെയും ഭൂമിയിൽ കിടന്നു നിലവിളിക്കുന്ന മനുഷ്യന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട് ഞാൻ സമാധാനത്തിന്റെ ദൈവമാണെന്നു പറയുമ്പോൾ നീ കള്ളം പറയുന്നു എന്ന് ദൈവത്തോടു തിരിച്ചു പറയാൻ മനുഷ്യൻ പ്രേരിതനാവുന്നു.എന്തുകൊണ്ടാണ് ദൈവം ഇത്രമാത്രം ക്രുരനായിരിക്കുന്നത്? ദൈവത്തിന്റെ ക്രുരതകളെ വിശുദ്ധ ക്രുരതകൾ എന്നു വിശേഷിപ്പിച്ച് ആരാധിക്കാനാണോ മനുഷ്യന്റെ വിധി? അഭൗമികതയാണ് ദൈവത്തിന്റെ ക്രുരതയുടെ അടിസ്ഥാനം. അഭൗമിക ദൈവം മനുഷ്യനെ നിന്ദാപമാനങ്ങൾക്കു വിധേയനാക്കുന്നു. മനുഷ്യനു അപ്രാപ്യമായ നന്മകളെ പ്രധാനം ചെയ്യുകയും അവ പാലിക്കാത്തതിന് ഈ ദൈവം നമ്മളെ അപമാനിക്കുകയും ചെയ്യുന്നു. ഈ ദൈവത്തിന്റെ മരണം നമ്മുടെ അത്യാവശ്യമാണ്. റ്റോഡ് മെയ് എഴുതുന്നു, “ദൈവത്തിന്റെ മരണവും അതിന്റെ ഫലമായ അഭൗമിക ദൈവത്തിന്റെ തിരോധാനവും നമ്മുക്ക് പുതിയ ചോദ്യങ്ങളെ തരുന്നു. ചരിത്രം നമുക്ക് നിശ്ചയിച്ച അതിരുകൾക്കപ്പുറം ജീവിതത്തെ വിശാലമാക്കാനുള്ള അനുവാദം കിട്ടുന്നു. ഈ ലോകത്ത് നമ്മുക്ക് എന്തായിത്തീരാം എന്ന ചോദ്യം ഒരിക്കൽ കൂടി ചോദിക്കാം. നമ്മുടെ വലിയ സ്വപ്നങ്ങളെയും പദ്ധതികളെയും വിധികർത്താവായ ഒരു അഭൗമിക ദൈവത്തിന്റെ പേരിൽ ഉപേക്ഷിക്കാതിരിക്കാം. പകരം നമ്മുടെ പ്രകൃതിയിൽ എന്താണോ വിശിഷ്ടമായുള്ളത് അതിനെ സ്വതന്ത്രുമാക്കാ.” അഭൗമികത ജീവനെ മരവിപ്പിക്കുന്നു, ഘനീഭവിപ്പിക്കുകയും ചലനരഹിതമാക്കുകയും ചെയ്യുന്നു. ജീവന്റെ സജീവമായ വ്യത്യസ്തതകളെ ഒരൊറ്റ വീക്ഷണകോണിലൊരുക്കി നീയന്ത്രിത ഘടകങ്ങളാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് ഡെല്യുസ് അനുമാനിക്കുന്നു. അതുകൊണ്ട്, ഭാവാവിഷ്ക്കാരം എന്ന ആശയത്തെ സ്ഥാപിച്ചുകൊണ്ട് അഭൗമികതയെ ഡെല്യുസ് നിരാകരിക്കുന്നു. ഡെല്യുസും ദരിദയും അലൻ ബദയുവും അഭൗമികതയെ നിരാകരിക്കുകയും വ്യത്യസ്തയാണ് യാഥാർത്ഥ്യം എന്നു വാദിക്കുന്നവരുമാണ്.
തന്റെ അതിഭൗമികതയെ ദൈവം തന്നെ ഉeപക്ഷിച്ചപ്പോൾ സംഭവിച്ചതാണ് ക്രിസ്തുമസ്. താൻ എന്തല്ലയോ അതായിത്തീരാൻ ദൈവം ഇറങ്ങി പുറപ്പെട്ടു. അത്യുന്നതിയുടെ ആർഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ദൈവം ഒരു നഗ്ന ശിശുവായി മാറി. ആർഭാട ദൈവങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ട ക്രിസ്തുമസ് രാവിൽ ദാരിദ്രൃത്തിന്റെ ഒരു പുൽക്കുട് ഭുമിയിലെ എല്ലാ കൊട്ടാരങ്ങൾക്കും മണിഹർമ്യങ്ങൾക്കും മുകളിൽ ഉയർന്നു നിൽക്കുന്നു. രാത്രിയുടെ മകനും നക്ഷത്രങ്ങളുടെ സഹോദരനുമായി ജനിച്ച ഈ ശിശുവിന്റെ മുൻപിൽ പകലിന്റെ പൊള്ളത്തരങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു, കോടികൾ പൊട്ടിച്ചുണ്ടാക്കിയ ദേവാലയ സമുച്ചയങ്ങൾ അശ്ലീലമാക്കപ്പെടുന്നു, പൗരോഹിത്യ ദുഷ് പ്രഭുത്വവും മുതലാളിത്ത സമ്പദ് വ്യവസ്ഥിതിയും പണക്കൊതിയും വിചാരണ ചെയപ്പെടുന്നു. “വർഷത്തിന്റെ യൗവനത്തിൽ ക്രിസ്തുവെത്തി, കടുവയായ് ” എന്നെഴുതി എലിയട്ട് തിന്മയുടെ മുൻപിൽ ഈ ശിശു കൊള്ളുന്ന രൗദ്രഭാവത്തെ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും കുഴപ്പം പിടിച്ച ദാർശനീക പ്രശ്നം ദൈവമെന്നതുകൊണ്ട് നിങ്ങൾ എന്തു അർത്ഥമാക്കുന്നു എന്നതാണ്. ദൈവത്തെ കുറിച്ചുള്ള നമ്മുടെ എല്ലാ ധാരണകളെയും ക്രിസ്തുമസ് തകിടം മറിക്കുന്നു. ക്രിസ്തുമസ് രാത്രിയുടെ പ്രകാശം അസാധാരണമായതിനെയെല്ലാം സാധാരണമാക്കുകയും സാധാരണമായതിനെയെല്ലാം അസാധാരണമാക്കുകയും ചെയ്യുന്നു. സന്മനസ്സുള്ളവർക്ക് സമാധാനം ആശംസിക്കപ്പെട്ട ഈ രാത്രിയുടെ ശിശു വളർന്നു വലുതായി കഴിയുമ്പോൾ വിളിച്ചു പറയും, സമാധാനവുമായിട്ടല്ല വാളുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. സ്വയം മുറിവേൽക്കുന്ന സഹനത്തിന്റെ വാളിനെക്കുറിച്ചാണ് അവൻ സംസാരിക്കുന്നത് ‘ ക്രിസ്തുമസിനു യോഗൃരാകണമെങ്കിൽ ഒരു കുമ്പിടൽ അത്യാവശ്യമാണ്, പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും പീഡിതന്റെയും മുൻപിൽ. ക്രിസ്തുമസിന്റെ സന്ദേശത്തിന് ഏറ്റവും അയോഗ്യരാകുന്നത് അധികാരത്തിന്റെ ധിക്കാര ചിഹ്നങ്ങൾ വഹിക്കുന്ന പൗരോഹിത്യം തന്നെയാണ്.
ഒരു സ്ത്രീ കണ്ടുപിടിച്ച ദൈവത്തിന്റെ കഥയാണ് ക്രിസ്തുമസ് പറയുന്നത്. പഴയ നീയമത്തിലെ സർവ്വശക്തൻ മുലപ്പാലു തികട്ടിയ മുഖവുമായി ഒരു സ്ത്രീയുടെ മാറിൽ കിടന്നുറങ്ങിയെന്നാണ് ക്രിസ്തുമസിന്റെ കാതലായ സത്യം. പൗരുഷം നാൾക്കു നാൾ നേടിയ എല്ലാ വിജയങ്ങളും സ്ത്രീയെ ചൂഷണം ചെയ്തുകൊണ്ടുള്ളതായിരിന്നു. സ്ത്രീയുടെ ശക്തിയെ പുരുഷൻ എന്നും ഭയപ്പെട്ടിരിന്നു. അതുകൊണ്ടാണ് അനവധി നീയമങ്ങളുടെ കുരുക്കിൽ അവളെ തളച്ചുടാൻ പുരുഷൻ ശ്രമിച്ചു കൊണ്ടിരിന്നത്. ഒരു രാജ്യം അല്ലെങ്കിൽ ഗോത്രം മറ്റൊന്നിനെ ആക്രമിക്കുമ്പോൾ ആദ്യം നോട്ടമിടുന്നത് അവിടുത്തെ സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ്. അവരെ ഇല്ലാതാക്കിയാൽ അവിടുത്തെ സംസ്ക്കാരം തന്നെ ഇല്ലാതാക്കാനാവും. അപ്പോൾ സ്ത്രീയിലേക്ക് ദൈവമെത്തി എന്നു വെച്ചാൽ ഏറ്റവും അധികം ചൂഷണം ചെക്കപ്പെടുന്നവരിലേക്ക് ദൈവമെത്തി എന്നു തന്നെയാണ്. സ്ത്രീയിലേക്കെത്തണമെങ്കിൽ ഒരു കുഞ്ഞായിത്തീരാതിരിക്കാൻ ദൈവത്തിനു തരമില്ല. അവളുടെ മുലപ്പാലായിരിക്കണം ഈ ദൈവത്തിന്റെ പോഷണം. ഒരു ശിശുവായി ദൈവം മാറി എന്നതിനർത്ഥം ഏറ്റവും അധികം പറ്റിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തിൽ ദൈവം എണ്ണപ്പെട്ടു എന്നു തന്നെയാണ്. ഒരു മിഠായി കാണിച്ചു പോലും ഈ ദൈവത്തെ ആർക്കെങ്കിലും പറ്റിക്കാനാവും, ഒരു പനിക്കു പോലും ഇല്ലാതാക്കാനാവും. ഒരു ഭാഷ പോലും സ്വന്തമായില്ലാത്ത ഈ ദൈവം തികച്ചും അശക്തനാണ്. ഒരു പേടി സ്വപ്നത്തിൽ പെട്ട് ഉറക്കത്തിൽ പലപ്പോഴും ഞെട്ടിയുണരുന്ന ഈ ദൈവത്തിന്റെ രക്ഷക ഒരു സ്ത്രീയാണ്.  ക്രിസ്തുവിന്റെ ജന്മത്തിന്റെ രഹസ്യം അനാവരണം ചെയ്യാൻ ശ്രമിക്കുന്ന ഫ്രഞ്ച് ചിന്തക സിമോൻ വെയിൽ ‘ സ്ഥാനത്യാഗം ‘ എന്നൊരു ആശയം അവതരിപ്പിക്കുന്നു. പ്രവഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചിട്ട് അതിന്റെ ആധിപത്യമെല്ലാം ഉപേക്ഷിച്ച്, പ്രവഞ്ചത്തെ അതിന്റെ നീയമങ്ങൾക്കും ജീവജാലകൾക്കുമായി നൽകിയിട്ട് ദൈവം പിൻവാങ്ങി. പിന്നീട് ദൈവത്തിന് ഈ പ്രവഞ്ചത്തിൽ പ്രവേശിക്കണമെങ്കിൽ ഒരു യാചകനായിട്ടേ സാധിക്കു. അതുകൊണ്ടാണ് ദൈവം ഒരു സ്ത്രീയുടെ ഗർഭഗൃഹ വാതിൽക്കൽ വന്നു മുട്ടുന്നത്. അപ്പോൾ ക്രിസ്തു ദൈവത്തിന്റെ യാചനയാണ്. സ്നേഹിക്കാനും കരുണ കാണിക്കാനുമുള്ള യാചന.
ഒരു മനുഷ്യനെന്ന നിലയിൽ ക്രിസ്തു ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു കാര്യം ദൈവത്തിന്റെ അനാവശ്യകതയാണ്. ഏതുതരം ദൈവത്തിന്റെ അനാവശ്യകത? കുറ്റാരോപണങ്ങളുടെ ചൂണ്ടുവിരലുമായി മനുഷ്യനെതിരെ ആക്രോശിക്കുന്ന, ദണ്ഡന വിധികളുടെ തുലാസിലിട്ട് മനുഷ്യനെ അളക്കുന്ന ദൈവത്തിന്റെ. ദൈവം നീയമമാണെങ്കിൽ ആ ദൈവത്തിനു വേണ്ടിയുള്ളവരല്ല മനുഷ്യൻ. പാപം മനുഷ്യന്റെ ഏറ്റവും വലിയ നിസ്സഹായതയാണ്.ആ നിസ്സഹായതയെ വെറുക്കുന്ന ദൈവത്തെ വെറുക്കാനുള്ള എല്ലാ അവകാശവും മനുഷ്യനുണ്ട്. അതുകൊണ്ടാണ് ക്രിസ്തു പാപികളെ സ്നേഹിക്കുകയും അവരോടൊപ്പം സഹവസിക്കുകയും ചെയ്തത്. സ്വവർഗ്ഗഭോഗത്തിന്റെ പേരിൽ കിട്ടിയ രണ്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം തിരിച്ചുവന്ന ഓസ്കർ വൈൽഡ് എഴുതിയ ‘The soul of Man under Socialism’ എന്ന ലേഖനത്തിൽ ഈ ക്രിസ്തുവിനെയാണ് ഉയർത്തിക്കാട്ടുന്നത്. വൈൽഡ് ക്രിസ്തുവിനെ ” സുന്ദരമായ ആത്മാവുള്ള യാചകൻ ‘ എന്നും “പരിശുദ്ധ ഹൃദയമുള്ള കുഷ്ഠം രോഗി” എന്നും വിശേഷിപ്പിക്കുന്നു. വേദനയിലൂടെ പരിപൂർണ്ണനാകാൻ ശ്രമിക്കുന്ന ഒരു ദൈവമാണ് ക്രിസ്തുവിലുള്ളതെന്ന് അദ്ദേഹം അനുമാനിക്കുന്നു. വൈൽഡിന്റെ ക്രിസ്തു അത്യുന്നതനായ ഒരു കാൽപ്പനിക കലാകാരനാണ്, സർഗ്ഗ ശക്തിയാൽ ആന്തരികതയെ ആവിഷ്ക്കരിക്കുന്ന ഒരു കവി. ക്രിസ്തു ഒരു കലാകാരനായി തന്നെ പുനർസൃഷ്ടിക്കുന്നത് വേദനയുടെ നിശബ്ദ ലോകത്തിന് ശബ്ദം നൽകിക്കൊണ്ടാണ്. അടിച്ചമർത്തപ്പെട്ടവനോടും പാപപ്പെട്ടവനോടുള്ള കാരുണ്യത്തിലും കഥയില്ലാത്ത സുഖാനുഭുതിയിൽ മുഴുകിക്കിടക്കുന്ന സമ്പന്നരോടുള്ള പരിതാപത്തിലും ക്രിസ്തു സർഗ്ഗ ശക്തമായ സ്നേഹത്തിന്റെ അവതാരമായി മാറുന്നു. ക്രിസ്തു പഠിപ്പിക്കുന്നത് സ്നേഹം മാത്രമാണ്. “നിങ്ങൾ എന്തിനെയെങ്കിലും യഥാർത്ഥത്തിൽ സ്നേഹിക്കാൻ ശ്രമിക്കുമ്പോൾ അതു നിങ്ങളെ കാത്തു നിൽക്കുന്നതായി നിങ്ങൾ കണ്ടെത്തും” എന്ന് വൈൽഡ് എഴുതുന്നു. ക്രിസ്തു പാപികളെ ദണ്ഡിക്കുന്നില്ല പകരം പാപത്തെയും സഹനത്തെയും അതിൽത്തന്നെ സുന്ദരമായ വിശുദ്ധ വസ്തുക്കളും പൂർണ്ണതയുടെ വഴികളുമായി കാണുന്നു.  ഇതാണ് വൈൽഡിന് സംബന്ധിച്ച് ക്രിസ്തുവിന്റെ അപകടകരമായ ആശയം.
സർവ്വശക്തനും  സർവ്വഞ്ജനുമയ ദൈവം മനുഷ്യനു സമ്മാനിച്ചത് പകർച്ചവ്യാധികളും ദുരിതങ്ങളും കോൺസൻട്രേഷൻ ക്യാമ്പും ലോകമഹായുദ്ധവുമാണ് . ഈ ദൈവം മനുഷ്യന്റെ കാര്യങ്ങളിൽ ഏതെങ്കിലും വിധത്തിൽ തത്പ്പരനാണോ? അഥവാ തത്പരനാണെങ്കിൽ നമ്മുക്കെങ്ങനെ അതു വിശ്വസിക്കാനാവും? ബോദലയർ അമ്മക്കെഴുതിയ കത്തിൽ ഈ പരിcഭാന്തിയാണ് വ്യക്തമാക്കുന്നത്: ” പൂർണ്ണ ഹൗദയത്തോടെ ഞാനാഗ്രഹിക്കുന്നു (എന്തുമാത്രം ആത്മാർത്ഥതയോടെയാണെന്നു എനിക്കു മാത്രമേ അറിയു!) ബാഹ്യനും അദൃശ്യനുമായ ഒരു ശക്തി എന്റെ വിധിയിൽ തല്പപരനാണെന്ന്. പക്ഷെ ഇതു വിശ്വസിക്കാൻ ഞാനെന്തു ചെയ്യണം?” അവനിൽ വിശ്വസിക്കാതിരിക്കാൻ മാത്രം കാര്യങ്ങളെ അസാധ്യമാക്കിയിട്ടാണ് ദൈവം മനുഷ്യനോട് വിശ്വസിക്കാൻ ആവശ്യപ്പെടുന്നത്. ഒരു പക്ഷെ, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്ന മനുഷ്യനാണു തെറ്റുപറ്റിയതെങ്കിലോ? നമ്മുടെ സഹതാപം മാത്രമാണവൻ അർഹിക്കുന്നതെങ്കിലോ? മനുഷ്യന്റെ കാലടിയിൽ പെട്ടു പോകുകയും അവിടെ കിടന്ന് കരുണക്കായ് യാചിക്കുകയും ചെയ്യുന്ന ദൈവത്തെ കുറിച്ചാണ് ലിബറേഷൻ തിയോളജി സംസാരിക്കുന്നത്.നിസ്സഹായനായ ഒരു ദൈവത്തിനു മാത്രമേ മനുഷ്യനെ ഇനി സഹായിക്കാനാകുകയുള്ളു. നിരീശ്വരനായ ദൈവത്തിനു മാത്രമേ മനുഷ്യന്റെ ഈശ്വര സങ്കൽപ്പങ്ങളെ ബലപ്പെടുത്താനാവുകയുള്ളു. നൃത്തം ചവിട്ടാനറിയാത്ത ഒരു ദൈവത്തിൽ എനിക്ക് വിശ്വസിക്കാനാവില്ലെന്ന് നീഷേ എഴുതി. നൃത്തം ചവിട്ടണമെങ്കിൽ വേദനകളുണ്ടായിരിക്കണം വേദനയ്ക് ചിലങ്ക കെട്ടിയപ്പോൾ സംഭവിച്ചതാണ് മനുഷ്യന്റെ മഹത്തായ നൃത്തങ്ങൾ. വേദനയുടെ ചിലങ്കകൾ ദൈവം അണിയുക തന്നെ വേണം.
ജെ. ജെ. അൽത്തീസർ ആണ് ആദ്യത്തെ ക്രിസ്ത്യൻ നിരീശ്വരവാദം അവതരിപ്പിക്കുന്നത്. ക്രിസ്ത്യാനികൾ ആകാശത്തിലിരിക്കുന്ന ഒരു വലിയ ദൈവത്തിൽ വിശ്വസിക്കുന്നു. നിരീശ്വരവാദികൾ പായുന്നു അങ്ങനെയൊരു ദൈവമില്ലെന്ന്. അൽത്തീസർ ഒരു മധ്യ വഴി നിർദ്ദേശിക്കുന്നു: തന്നെത്തന്നെ തുടർച്ചയായി ദൈവം ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നു. ദൈവം സ്വയം ഇല്ലാതാക്കിയപ്പോഴാണ് ക്രിസ്തു എന്ന മനുഷ്യൻ ഉണ്ടായത്. അപ്പോൾ ദൈവത്തിന്റെ നിരീശ്വര വാദമാണ് ക്രിസ്തു. കരയുകയും പേടിക്കുകയും വീണു പൊട്ടിയാൽ രക്തമൊഴുക്കുകയും എന്തിനേറെ വിസർജ്ജിക്കുകയും ചെയ്യുന്ന ഒരാളാണ് യഥാർത്ഥ ക്രിസ്തുവെന്നറിഞ്ഞാൽ അവനിൽ വിശ്വസിക്കാൻ ക്രിസ്ത്യാനികളുണ്ടാവുമോ? ദാവീദിന്റെ ഗോത്രത്തിലാണവൻ പിറന്നതെങ്കിലും രാജകീയതയുടെ യാതൊന്നും അവനില്ലായിരുന്നെന്ന് തിരിച്ചറിഞ്ഞ് അധികാരചിഹങ്ങൾ കൈവെടിയാൻ സഭ തയാറാകുമോ? ചൂഷണത്തിനും മാത്രം ഉപകരിക്കുന്ന ഗംഭീര്യചേഷ്ടകൾ കൈവെടിയാൻ പുരോഹിത വർഗ്ഗത്തിനാകുമോ? ഇവയൊക്കെ തികച്ചും ബുദ്ധിമുട്ടാണെന്ന് സഭ വീണ്ടും വീണ്ടും തെളിയിക്കുന്നു. ഈ ക്രിസ്തുമസ് കുഞ്ഞിനോളം വലുതാകാനോ ചെറുതാകാനോ സഭയ്ക്ക് എന്തുകൊണ്ടോ കഴിയുന്നില്ല. കിർക്കേഗാർഡ് പറഞ്ഞത് ശരിയാണ്: “Martin Luther had ninty nine thesis but I have only one thesis that christianity is not practiced.” ദൈവത്തിന്റെ അനുഗ്രഹങ്ങളെ സമ്പന്നർ കൗശലപൂർവ്വം തട്ടിയെടുക്കുമ്പോൾ ദൈവം മാത്രം അവശേഷിക്കുന്നു, നഗ്നനും ദരിദ്രനും വൃത്തിയില്ലാത്തനുമായി.ദൈവം സമ്പന്നനു അലങ്കാരമായിരിക്കുമ്പോൾ ദരിദ്രൻ ദൈവത്തിന്റ് അത്യാവശ്യമാണ്. ദൈവത്തിന്റെ അനുഗ്രഹങ്ങൾ വീതം വെയ്ക്കപ്പെടുന്ന ധ്യാനകേന്ദ്രങ്ങൾ കൂടിക്കൂടി വരുമ്പോൾ ദൈവമെന്ന ആശയം തന്നെ ദരിദ്രമായി പോകുന്നു. ദൈവത്തിന്റെ മനുഷ്യത്വത്തിന്റെ അറവുശാലയായി ദേവാലയങ്ങൾ അധ:പതിക്കുന്നു. മനുഷ്യന്റെ എല്ലാ ദൈവനിഷേധങ്ങളെയും ഉൾക്കൊണ്ടു ദൈവം സ്വയം നിഷേധിച്ച ക്രിസ്തുമസ് പറയുന്നത് ദൈവത്തിലേയുള്ള വഴി ഇനി മനുഷ്യനിലേക്കാണെന്നാണ്.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s